Pages

Thursday, July 28, 2016

സൌജന്യ സേവനങ്ങൾ - ആരോഗ്യവകുപ്പ്

നാഷണൽ സർവീസ് സ്കീമിൽ പ്രോഗ്രാം ഓഫീസർ ആയതിന് ശേഷമാണ് സർക്കാറിന്റെ വിവിധ വകുപ്പുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി വ്യത്യസ്തങ്ങളായ പരിപാടികൾക്കായി അനുവദിക്കുന്ന വിവിധ ധനസഹായങ്ങളെക്കുറിച്ചും മറ്റു സാങ്കേതിക പിന്തുണകളെക്കുറിച്ചും ഞാൻ മനസ്സിലാക്കിയത്. അതിന് ശേഷം പലർക്കും ഇതിനെപ്പറ്റി സമയാസമയങ്ങളിൽ അറിയിപ്പുകൾ നൽകിയെങ്കിലും ഇന്നും പലരും അത്തരം സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നത് ഖേദകരമാണ്.ക്ഷമിക്കണം, ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് സാമൂഹ്യ സേവനത്തിന് നാഷണൽ സർവീസ് സ്കീം പോലെയുള്ള സംവിധാനത്തിലൂടെ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തുമ്പോൾ സമീപിക്കാവുന്ന വകുപ്പുകളെക്കുറിച്ചാണ്. അതിനാൽ തന്നെ പൊതുജനങ്ങളെക്കാളും അദ്ധ്യാപകർക്കാണ് ഈ കുറിപ്പ് ഏറെ പ്രയോജനപ്രദമാകുക.

പ്രോഗ്രാം ഓഫീസർ ആയ ഞാൻ ആദ്യമായി ഉപയോഗപ്പെടുത്തിയ വകുപ്പ് ആരോഗ്യവകുപ്പ് തന്നെയായിരുന്നു.എൻ.ആർ.എച്.എം ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പ് നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിഞ്ഞിരുന്നു. എന്നാൽ അവ മിക്കവയും അല്പം പോലും ബോധമില്ലാത്തവർക്കായിരുന്നതിനാൽ വെള്ളത്തിൽ വരച്ച വര പോലെ അടുത്ത നിമിഷം തന്നെ ഇല്ലാതാകുന്നതായി ഞാൻ നിരീക്ഷിച്ചു. ഇതേ പ്രവർത്തനം വിദ്യാർഥികൾക്കിടയിൽ നടത്തിയാൽ പത്ത് പേർക്കെങ്കിലും ബോധം വന്നാൽ അതിന്റെ ഫലം കാണാം എന്നതിനാൽ ഞാൻ ആരോഗ്യ വകുപ്പിലെ മാസ് മീഡിയ ഓഫീസറെ സമീപിച്ചു.

പുകവലി വിരുദ്ധ ബോധവൽക്കരണവും രക്തദാന ബോധവൽക്കരണവും ക്ലാസ്സുകളായി തന്നെ വിദ്യാർത്ഥികൾക്കും അധ്ധ്യാപക-അനദ്ധ്യാപകർക്കും നൽകി.റിസോഴ്സ് പേഴ്സണും പ്രൊജക്ടറും അടക്കമുള്ള സംവിധാനങ്ങൾ വകുപ്പ് തന്നെ ഒരുക്കിത്തന്നു. പങ്കെടുക്കുന്നവർക്ക് പരിപാടിയുടെ സമയക്രമതിനനുസരിച്ചുള്ള ഭക്ഷണവും വകുപ്പ് നൽകി.പരിപാടി നടത്താനുള്ള സ്ഥല സൌകര്യവും കേൾക്കാൻ താല്പര്യമുള്ള ശ്രോതാക്കളെയും ഞാനും നൽകി.

ഇതേ വകുപ്പിന്റെ സഹായവും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺ‌‌ട്രോൾ സൊസൈറ്റിയുടെ പിന്തുണയും ഉപയോഗിച്ച് നിരവധി രക്തദാന ക്യാമ്പുകളും കോളേജിൽ നടത്തി.രക്തം ദാനം ചെയ്യുന്നവർക്കുള്ള ലഘുപാനീയങ്ങൾ വകുപ്പ് നൽകും. രക്തം ദാനം ചെയ്യുമ്പോൾ നീണ്ടു നിവർന്ന് കിടക്കാൻ കഴിയുന്ന രൂപത്തിൽ അല്പം ഉയർന്ന ഡെസ്ക് പോലെയുള്ള സംവിധാനങ്ങളും കാറ്റും വെളിച്ചവുമുള്ള അല്പം വിശാലമായ മുറിയും ഉണ്ടായിരിക്കണം.ഡോക്ടറടക്കം ഈ പ്രവർത്തനത്തിന് എത്തിയ അഞ്ചോ ആറോ പേർക്കുള്ള ഉച്ചഭക്ഷണം മാത്രമാണ് അന്ന് എനിക്ക് ചെലവ് വന്നത്. ഒരു മഹത്തായ സാമൂഹ്യ സേവനത്തിൽ പങ്കാളികളാകാൻ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് അന്ന് സാധിച്ചു.പലർക്കും രക്തം ദാനം ചെയ്യാനുള്ള ഭയം മാറ്റാനും ഇത്തരം പ്രവർത്തനത്തിലൂടെ സാധിച്ചതിനാൽ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലായിരിക്കെ അഞ്ചോ ആറോ തവണ ഈ സംവിധാനം ഞാൻ ഉപയോഗപ്പെടുത്തി.അതിനാൽ തന്നെ ഇപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പെ അവർ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നു!മാസ്മീഡിയ ഓഫീസർമാരെ സമീപിച്ചാൽ (തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ വിവരം ശേഖരിക്കുക) യൂത്ത്ക്ലബ്ബുകൾക്കും മേല്പറഞ്ഞ രണ്ട് പരിപാടികളും സ്വന്തം നാടുകളിൽ സംഘടിപ്പിക്കാവുന്നതാണ്. ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഒന്ന് ശ്രമിച്ചാൽ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന കാൻസർ , വൃക്ക രോഗങ്ങൾക്കെതിരെ ചെറിയൊരു ബോധം സൃഷ്ടിക്കാനും നമ്മുടെ ആശുപത്രികളിൽ യാതന അനുഭവിക്കുന്ന രോഗികൾക്കായി രക്തം ദാനം ചെയ്യാനും സാധിക്കും.


യുവജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വകുപ്പാണ് കേരള സംസ്ഥാന യുവജനക്ഷേമ വകുപ്പ്.അതേ പറ്റി അടുത്ത കുറിപ്പിൽ.

5 comments:

Areekkodan | അരീക്കോടന്‍ said...

ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഒന്ന് ശ്രമിച്ചാൽ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന കാൻസർ , വൃക്ക രോഗങ്ങൾക്കെതിരെ ചെറിയൊരു ബോധം സൃഷ്ടിക്കാനും നമ്മുടെ ആശുപത്രികളിൽ യാതന അനുഭവിക്കുന്ന രോഗികൾക്കായി രക്തം ദാനം ചെയ്യാനും സാധിക്കും.

Cv Thankappan said...

രക്തദാനം,മഹാദാനം
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

Thankappettaa....Thanks

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സംവിധാനം ഫലപ്രദമായി
ഉപയോഗപ്പെടുത്താൻ ഒന്ന് ശ്രമിച്ചാൽ ഇന്ന്
വ്യാപകമായിക്കൊണ്ടിരിക്കുന്ന കാൻസർ , വൃക്ക
രോഗങ്ങൾക്കെതിരെ ചെറിയൊരു ബോധം സൃഷ്ടിക്കാനും
നമ്മുടെ ആശുപത്രികളിൽ യാതന അനുഭവിക്കുന്ന രോഗികൾക്കായി
രക്തം ദാനം ചെയ്യാനും സാധിക്കും.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതെന്നെ

Post a Comment

നന്ദി....വീണ്ടും വരിക