Pages

Friday, March 08, 2019

അന്താരാഷ്ട്ര വനിതാദിനം

             ഇന്ന് അന്താരാഷ്ട്ര വനിതാദിനം. പലരും പല വിധത്തില്‍ ആചരിക്കുന്ന ഒരു ദിനം. പക്ഷെ,  രണ്ട് വര്‍ഷമായി എനിക്ക് വനിതാ ദിനം എന്ന് കേള്‍ക്കുമ്പോള്‍ തലക്കുള്ളിലൂടെ ഒരു ആമ്പുലന്‍സ് പായാന്‍ തുടങ്ങും !

           നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസറായി വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ നിരവധി വ്യത്യസ്തമാര്‍ന്ന പ്രോഗ്രാമുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലം. അതിനിടയിലാണ് അന്താരാഷ്ട്ര വനിതാദിനം കടന്നു വരുന്നത്. വളണ്ടിയര്‍മാരുമായി ആലോചിച്ച് ഞാന്‍ ഒരു പരിപാടി തയ്യാറാക്കി. മറ്റൊന്നുമല്ല , പെണ്‍‌കുട്ടികള്‍ക്ക് മാത്രമായി ഒരു രക്തദാന ക്യാമ്പ്.ആവശ്യത്തിന് കുട്ടികളെ കിട്ടുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും പരിപാടിയുമായി മുന്നോട്ട് പോയി.

            ആയിടെ വായിച്ച ഒരു ആര്‍ട്ടിക്കിളില്‍ നിന്നും കിട്ടിയ “ഷീറോസ്” (She+Heroes) എന്ന പേര് ക്യാമ്പിന് നല്‍കി. ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളുടെ ഒരു എന്‍.ജി.ഒ ആണ് ഷീറോസ്. മലയാളത്തില്‍ വീരാംഗനകള്‍ എന്ന് വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. Every Donor is a Hero എന്ന രക്തദാനത്തിന്റെ മുദ്രാവാക്യം ആയിരുന്നു ക്യാമ്പിന് ഷീറോസ് എന്ന് പേരിടാന്‍ പ്രചോദനം.

            ക്യാമ്പ് വളരെ ഭംഗിയായി മുന്നേറി. നാല്പതിലധികം പെണ്‍കുട്ടികള്‍ രക്തം ദാനം ചെയ്തു. കഠിനമായ ജോലികള്‍ ചെയ്യരുത് എന്നും ക്ലാസില്‍ കയറിയില്ലെങ്കിലും ഡ്യൂട്ടി ലീവ് അനുവദിച്ച് തരുമെന്നും എല്ലാം രക്തം ദാനം ചെയ്ത കുട്ടികളെ തെര്യപ്പെടുത്തി.  രക്തം ദാനം ചെയ്ത് വിശ്രമിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയുടെ അവസ്ഥ ഇതിനിടക്ക് അല്പം മോശമായി. അവിടെ വച്ച് തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കി ഡ്രിപ് നല്‍കി. വീണ്ടും ചിലര്‍ കൂടി അപലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പ്രതിരോധത്തിലായി.

             അതിനിടെ ഒരു പെണ്‍‌കുട്ടി ലാബില്‍ തല കറങ്ങി വീണതായി വാര്‍ത്ത പരന്നു. അന്വേഷിച്ചപ്പോള്‍ രക്തം ദാനം ചെയ്ത കുട്ടിയാണ്. ഉടനെ കുട്ടിയെയും കൊണ്ട് ഒരു സ്റ്റാഫിന്റെ കാറ് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരു ക്ലാസിലും ഒരു കുട്ടി വീണു. അവളെയും ഉടന്‍ ആശുപത്രിയിലേക്ക് നീക്കി. നേരത്തെ ഡ്രിപ് നല്‍കിക്കൊണ്ടിരുന്നവളുടെ കണ്ടീഷനും മെച്ചപ്പെടാത്തതിനാല്‍ മൂന്നാമത്തെ വണ്ടിയും ആശുപത്രിയിലേക്ക് കുതിച്ചു.

           രക്തദാനം കഴിഞ്ഞ് എല്ലാവരെയും പിരിച്ചു വിട്ട ശേഷം ഞാനും ആശുപത്രിയിലെത്തി. അല്പ സമയം കഴിഞ്ഞ് ഒരു പെണ്‍കുട്ടിയെക്കൂടി കൊണ്ടു വന്നപ്പോള്‍ കാഷ്വാലിറ്റിയിലുള്ളവരുടെ സംസാരം ഞാന്‍ കേട്ടു - രക്തദാനം നടത്തിയതാ, കുറെ എണ്ണത്തിന് അങ്ങോട്ട് ഡ്രിപ്പും നല്‍കേണ്ടി വന്നു. അന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞാണ് അവസാനത്തെ ആളെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കോളേജ് ഹോസ്റ്റലില്‍ എത്തിച്ചത്.

          ഇന്ന് ഒരു ക്യാമ്പ് നടത്തണ്ടെ എന്ന് ചോദിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിളി വന്നിരുന്നു. അന്നത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചിരുന്നതിനാല്‍ സുല്ലിട്ട് പിന്മാറി. വനിതാ ദിനത്തില്‍ രക്തദാനം അത്ര നല്ല ആശയമല്ല എന്ന പാഠം പഠിപ്പിച്ച എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍.

7 comments:

Areekkodan | അരീക്കോടന്‍ said...

രണ്ട് വര്‍ഷമായി എനിക്ക് വനിതാ ദിനം എന്ന് കേള്‍ക്കുമ്പോള്‍ തലക്കുള്ളിലൂടെ ഒരു ആമ്പുലന്‍സ് പായാന്‍ തുടങ്ങും !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തുകൊണ്ട് അത് സംഭവിച്ചു എന്നത് പ്രത്യേകം അന്വേഷണവിധേയമാക്കേണ്ട കാര്യമായിരുന്നു..

Areekkodan | അരീക്കോടന്‍ said...

സന്ദീപ് & മുഹമ്മദ്ക്ക...പെണ്‍‌കുട്ടികള്‍ മിക്കവരും ഭക്ഷണം ശരിക്ക് കഴിച്ചിരുന്നില്ല.കൌന്‍സലര്‍ ചോദിക്കുമ്പോള്‍ അവര്‍ കഴിച്ചു എന്ന് പറയും.ഒരു കഷ്ണം പുട്ട് അല്ലെങ്കില്‍ ഒരു ദോശ ഇതൊക്കെ കഴിച്ച് രക്തദാനത്തിന് വന്നാല്‍ അല്പം കഴിഞ്ഞ് വീഴും എന്നുറപ്പാ.അതുകൊണ്ടാണ് ആരും ക്ലാസ്സില്‍ കയറണ്ട എന്നു കൂടി പറഞ്ഞത്.

Geetha said...

അപ്പൊ വനിതാദിനം എന്ന് കേൾക്കുമ്പോൾ മാഷിന്റെ ചങ്കിടിപ്പ് ഇത്തിരി വേഗത്തിലാകും ല്ലേ . എന്റെ ഒരു കസിൻ കുട്ടിയുണ്ട്. അവൾ എപ്പോ ഇങ്ങനെ ആവശ്യം വന്നാൽ അവൾ രക്തദാനത്തിനു റെഡിയായി പോകുന്നതായി അറിയാം. ഈ കുട്ടികൾക്കെല്ലാം ഒരുപോലെ അങ്ങനെയൊരു ക്ഷീണം വന്നത് അവരാരും നേരം വണ്ണം ഭക്ഷണം കഴിച്ചിരുന്നില്ലേ...

Areekkodan | അരീക്കോടന്‍ said...

ഗീതാജി...ഭക്ഷണം ശരിയായി കഴിച്ചില്ല എന്ന് മാത്രമല്ല അത് മറച്ച് വയ്ക്കുകയും ചെയ്തു.ഫലം ഞാൻ കുറച്ച് നേരത്തേക്ക് ടെൻഷനിലായി.

ആമി said...

ഇന്ന് ഒരു ക്യാമ്പ് നടത്തണ്ടെ എന്ന് ചോദിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിളി വന്നിരുന്നു. അന്നത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചിരുന്നതിനാല്‍ സുല്ലിട്ട് പിന്മാറി.
(Y) thumbs up sir.

Areekkodan | അരീക്കോടന്‍ said...

ആമി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി.പുതിയ ബ്ലോഗറാണെന്ന് തോന്നുന്നു ???

Post a Comment

നന്ദി....വീണ്ടും വരിക