Pages

Friday, March 22, 2019

മരം നടൂ ... ജലം സംരക്ഷിക്കൂ.

                 ജലത്തിന്റെ അമൂല്യതയെപ്പറ്റി എല്ലാവരും നിരവധി തവണ കേട്ടിരിക്കും. എന്നാൽ കേട്ടതിനനുസരിച്ച് പ്രയോഗവൽക്കരിക്കുന്നവർ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ തുലോം വിരളമാണ്. അതിന് പ്രധാന കാരണം ജലത്തിന്റെ സൌജന്യ ലഭ്യത തന്നെയാണ്. ഭൂമിയുടെ വിവിധ ഭാഗങ്ങളിലെ ശുദ്ധജലത്തിന്റെ ദൌർലഭ്യവും മറ്റു ചിലയിടങ്ങളിലെ അമിതോപയോഗവും പാഴാക്കലും എല്ലാം കണ്ടു കൊണ്ടായിരിക്കണം എല്ലാ വർഷവും മാർച്ച് 22ന് ലോക ജലദിനമായി ആചരിക്കാൻ ആരംഭിച്ചത്.

                  നിരവധി കാര്യങ്ങൾ പറഞ്ഞുകൊണ്ട് നമുക്ക് ജലസംരക്ഷണ പ്രവർത്തനത്തിൽ വൃഥാ ഏർപ്പെടാം. എന്നാൽ അല്പമെങ്കിലും ചില കാര്യങ്ങൾ ചെയ്തുകൊണ്ടും നമുക്ക് ഈ അമൂല്യ വസ്തുവിനെ സംരക്ഷിക്കാം. അതിൽ ഏറ്റവും എളുപ്പം ചെയ്യാൻ പറ്റുന്നത് മരം നടൽ തന്നെയാണ്. മരം വളരാൻ വെള്ളം വലിച്ചെടുക്കുമ്പോൾ ജലം സംരക്ഷിക്കപ്പെടുമോ എന്ന ചോദ്യം പ്രസക്തമാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാകട്ടെ ഈ ജലദിനത്തിന്റെ സന്ദേശവും പുത്തനറിവും.

                ഒരു മരം വളർന്നു വലുതാകുമ്പോൾ അതിന്റെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നു. ഈ വേരുപടലങ്ങൾ മണ്ണിന്റെ മുറുക്കം കുറക്കാൻ കാരണമാകുന്നു. ഇത് വെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങാൻ ഏറെ സഹായിക്കുന്നു.അങ്ങനെ ഭൂഗർഭ ജലവിതാനം ഉയർത്താൻ സഹായിക്കുന്നു.  വേപ്പു മരവും വാളൻപുളി മരവും ആണ് ഈ ആവശ്യത്തിനായി നടാൻ ഏറ്റവും അനുയോജ്യം. ഈ മരങ്ങൾ ലഭ്യമല്ലെങ്കിൽ വേര് ആഴ്ന്നിറങ്ങുന്ന മറ്റേതെങ്കിലും മരം നടാവുന്നതാണ്.

                പ്രകൃതിയിലെ ജലചംക്രമണം (Water Cycle) സംരക്ഷിക്കപ്പെടാനും മരങ്ങൾ അനിവാര്യമാണ്. മരങ്ങളുടെ ഇലയിലൂടെ ബാഷ്പീകരിച്ച് പോകുന്ന വെള്ളത്തുള്ളികൾ അന്തരീക്ഷത്തിലെത്തി മേഘമായി മാറി അനുയോജ്യമായ സാഹചര്യങ്ങളിൽ മഴയും മഞ്ഞുമായി ഭൂമിയിലേക്ക് തന്നെ പതിക്കുന്നു.ഇതും ഭൂഗർഭജല പരിപോഷണത്തിന് ഉപകാരപ്പെടുന്നു. ജലചംക്രമണം ജലത്തെ ശുദ്ധീകരിക്കാൻ കൂടി ഉപയോഗപ്പെടുന്നു.

               മരം മണ്ണൊലിപ്പിനെ ഫലപ്രദമായി തടയും എന്ന് നമുക്കറിയാം. മരം വളർന്ന് കഴിഞ്ഞാൽ അത് മനുഷ്യന് മാത്രമല്ല, ഭൂമിയിലെ നിരവധി ജന്തുക്കൾക്ക് ഉപകാരപ്പെടുന്നതായി മാറുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം മരം നടൽ ‘സ്വദഖത്തും ജാരിയ’ ആണ്. അതായത് ഒരാളുടെ മരണ ശേഷവും അയാൾക്ക് പ്രതിഫലം ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രവർത്തനം.

               കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ 2011 മാർച്ച് 22 ന് കോളേജ് കാമ്പസിൽ ഒരു സ്റ്റാറാപ്പിൾ തൈ നട്ടുകൊണ്ട് ‘ജന്മദിനം ഒരു ഭൌമദിനം’ എന്ന കാമ്പയിനും ഉത്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഞാൻ ഈ ദിനാചരണം ആരംഭിച്ചത്. ‘ജന്മദിനം ഒരു ഭൌമദിനം’ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നു. അന്ന് കാമ്പസിൽ നട്ട മരം ഇന്ന് ഇത്രയും ആയി.

                ജല സംരക്ഷണത്തിന്റെ കാവലാളായി മാറാൻ നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് തന്നെ ആരംഭം കുറിക്കാം.ടാപ്പുകൾ മുറുക്കി അടക്കാം , ലീക്ക് ചെയ്യുന്ന ടാപ്പുകൾ മാറ്റി സ്ഥാപിക്കുകയും ആവാം. കുളിക്കാനുള്ള വെള്ളം ബക്കറ്റിൽ ശേഖരിച്ച് ജലോപയോഗത്തിന് ഒരു നിയന്ത്രണം കൊണ്ട് വരാം. ഒന്ന് ശ്രമിക്കൂ, സാധിക്കും.

#ലോക ജലദിനം 

7 comments:

Areekkodan | അരീക്കോടന്‍ said...

ജല സംരക്ഷണത്തിന്റെ കാവലാളായി മാറാൻ നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് തന്നെ ആരംഭം കുറിക്കാം.ടാപ്പുകൾ മുറുക്കി അടക്കാം , ലീക്ക് ചെയ്യുന്ന ടാപ്പുകൾ മാറ്റി സ്ഥാപിക്കുകയും ആവാം. ഒന്ന് ശ്രമിക്കൂ, സാധിക്കും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വന്നതൊന്നുമല്ല.. ഇനി വരാൻ പോകുന്നതാണ് വരൾച്ച...എത്ര പറഞ്ഞാലും നമ്മൾക്ക് മനസ്സിലാവില്ല..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ...എല്ലാവരും അനുഭവിക്കുക തന്നെ.അല്ലാതെന്ത് പറയാന്‍?

© Mubi said...

ജലം ദുരുപയോഗം ചെയ്താണ് കഴിയുന്നത്. ഇനിയും ശ്രദ്ധിക്കാതെ ജീവിച്ചാൽ സീറോ ഡേയിലേക്ക് അധികം കാക്കേണ്ടി വരില്ല! സൗത്ത് ആഫ്രിക്കയിലെ കേപ് ടൌൺ പോലെ കേരളവും ഒരു തുള്ളി ജലമില്ലാതെയാവും...

Areekkodan | അരീക്കോടന്‍ said...

മുബീ... സത്യം

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ഭായ് ..
ജല സംരക്ഷണത്തിന്റെ കാവലാളായി
മാറാൻ നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് തന്നെ
ആരംഭം കുറിക്കാം.ടാപ്പുകൾ മുറുക്കി അടക്കാം ,
ലീക്ക് ചെയ്യുന്ന ടാപ്പുകൾ മാറ്റി സ്ഥാപിക്കുകയും ആവാം. കുളിക്കാനുള്ള വെള്ളം ബക്കറ്റിൽ ശേഖരിച്ച് ജലോപയോഗത്തിന്
ഒരു നിയന്ത്രണം കൊണ്ട് വരാം. ഒന്ന് ശ്രമിക്കൂ, സാധിക്കും...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... സാധിക്കും

Post a Comment

നന്ദി....വീണ്ടും വരിക