Pages

Thursday, March 21, 2019

അമ്മ

“...കീറിപ്പറിഞ്ഞ വസ്ത്രങ്ങളും അടിയേറ്റു ചോരയൊലിക്കുന്ന മുഖവുമായി വീട്ടിൽ തിരിച്ചെത്തി. അങ്ങാടിയിൽ തോറ്റതിനു പകരമെന്നോണം ഭാര്യയെയും മക്കളെയും മതിവരുവോളം തല്ലി. ചിലർ കുടിച്ചു വെളിവില്ലാതെ വോഡ്കയിൽ മുങ്ങി തെരുവോരങ്ങളിൽ തന്നെ മയങ്ങിക്കിടന്നു....” ഒരു കാലത്തെ റഷ്യയിലെ സാധരണക്കാരുടെ ജീവിതം ഈ വരികളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

മാക്സിം ഗോർക്കിയുടെ അമ്മ എന്നായിരുന്നു എൽ.എസ്.എസ് പരീക്ഷക്ക് പഠിക്കുന്ന അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നത്. ഹരിദാസന്റെ അമ്മ എന്ന് പറയുന്ന പോലെയാണ് അത് പഠിച്ച് വച്ചതെങ്കിലും മാക്സിം ഗോർക്കി എഴുതിയ ഒരു പുസ്തകത്തിന്റെ പേരാണ് ‘അമ്മ’ എന്ന് അനുഭവം എപ്പോഴോ മനസ്സിലാക്കിത്തന്നു.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വിശ്വസാഹിത്യമാല സീരീസിൽ ഞാൻ വായിച്ച രണ്ടാമത്തെ പുസ്തകമാണ് അമ്മ. ആദ്യം വായിച്ച റോബിൻ‌ഹുഡ് ഒട്ടും വായനാസുഖം തരാത്തതിനാൽ ഈ പുസ്തകത്തെയും ഞാൻ സമീപിച്ചത് അതേ മനസ്സോടെയായിരുന്നു. പക്ഷേ പുസ്തകത്തിന്റെ പ്രദിപാദ്യ വിഷയമായ തൊഴിലാളി വിപ്ലവം അവരുടെ മനസ്സിൽ എങ്ങനെ മാറ്റങ്ങൾ സൃഷ്ടിച്ചോ അതേ പോലെ വായനക്കാരനിലും ഉദ്വേഗം ജനിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്.

പാവേൽ എന്ന വിപ്ലവ നേതാവും അയാളുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായി അഭിമാനത്തോടെ മരണം വരിക്കുന്ന അദ്ദേഹത്തിന്റെ അമ്മയും ആണ് പുസ്തകത്തിലെ മുഖ്യ കഥാപാത്രങ്ങൾ. ഒരു കൂട്ടം യുവാക്കൾ തൊഴിലാളികളുടെ രക്ഷക്ക് വേണ്ടി അധികാരികളോട് പോരാടുന്നതും പ്രസംഗിക്കുന്നതും വായിച്ചപ്പോൾ അത് മുന്നിൽ നടക്കുന്ന പോലെ തോന്നിപ്പോയി. ശരിക്കും വാക്കുകൾ  വിപ്ലവം സൃഷ്ടിക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. ലഘുലേഖയിലൂടെയും പുസ്തകങ്ങളിലൂടെയും കമ്യൂണിസം പടർന്നത് ‘അമ്മ’യിലൂടെ മനസ്സിലായി.

“....അമ്മ വായിക്കാൻ പഠിക്കണം.കാരണം ഓരോ അക്ഷരവും ഒരു മഴത്തുള്ളി പോലെയാണ്.ഓരോ തുള്ളിയും ഒരു വിത്തിനെ നനക്കുന്നത് പോലെ ഓരോ അക്ഷരവും മനസ്സിനെ സ്വന്ത്രമാകാൻ സഹായിക്കുന്നു...” അക്ഷരജ്ഞാനം എത്ര മഹത്തരമെന്ന് മനോഹരമായി ആ വരികൾ പറഞ്ഞ് തരുന്നു.

“ഒരു വിപ്ലവകാരിക്ക് പ്രണയവും ദാമ്പത്യവും ഒന്നും വിധിച്ചിട്ടുള്ളതല്ല. അമ്മേ , അതയാളുടെ വിപ്ലവത്തിൽ വെള്ളം ചേർക്കും....” വായിക്കുമ്പോൾ നാം തന്നെ അറിയാതെ ഒരു വിപ്ലവകാരനായിപ്പോകുന്ന വരികൾ.

യൂറോപ്പിലെ തൊഴിലാളി വർഗ്ഗത്തിന് ഊർജ്ജം പകര്‍ന്ന ഈ കൃതി, ഒക്ടോബര്‍ വിപ്ലവത്തിനും ആക്കം കൂട്ടി എന്ന് പിന്‍‌കുറിപ്പ് പറയുന്നു. ഇന്നത്തെ വായനക്കാരന് പോലും ഇതില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുമ്പോള്‍ അന്ന് ഈ കൃതി എത്രയധികം സ്വാധീനിച്ചിരിക്കും എന്ന് ഊഹിക്കാന്‍ പറ്റുന്നില്ല.


പുസ്തകം :അമ്മ
രചയിതാവ്: മാക്സിം ഗോർക്കി
പേജ് : 119
വില: 70 രൂപ
പബ്ലിഷേഴ്സ്:ഡി സി ബുക്സ്.

9 comments:

Areekkodan | അരീക്കോടന്‍ said...

ശരിക്കും വാക്കുകൾ വിപ്ലവം സൃഷ്ടിക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. ലഘുലേഖയിലൂടെയും പുസ്തകങ്ങളിലൂടെയും കമ്യൂണിസം പടർന്നത് ‘അമ്മ’യിലൂടെ മനസ്സിലായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുസ്തകം പരിചയപ്പെടുത്തുന്ന രീതി വളരെ ഇഷ്ടമായി..ഓരോ അക്ഷരവും ഒരു മഴത്തുള്ളി പോലെയാണ്.ഓരോ തുള്ളിയും ഒരു വിത്തിനെ നനക്കുന്നത് പോലെ ഓരോ അക്ഷരവും മനസ്സിനെ സ്വന്ത്രമാകാൻ സഹായിക്കുന്നു...” എത്ര സൂക്ഷ്മമായ വിശകലനം..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ...നന്ദി

© Mubi said...

ഇടയ്ക്കിടയ്ക്ക് വായിച്ചു നോക്കും അമ്മയെ... പല കാലങ്ങളിൽ പല തെളിച്ചങ്ങളോടെ അമ്മയിലെ വരികൾ നിലനിൽക്കുന്നു!

Muralee Mukundan , ബിലാത്തിപട്ടണം said...

പുസ്തകത്തിന്റെ പ്രദിപാദ്യ വിഷയമായ തൊഴിലാളി വിപ്ലവം അവരുടെ മനസ്സിൽ എങ്ങനെ മാറ്റങ്ങൾ സൃഷ്ടിച്ചോ അതേ പോലെ വായനക്കാരനിലും ഉദ്വേഗം ജനിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്...

Areekkodan | അരീക്കോടന്‍ said...

മുബീ... വിപ്ലവം തലക്ക് പിടിക്കും ട്ടോ. കാസ്ട്രോയുടെ നാട്ടിൽ ആണ്.

മുരളിയേട്ടാ... കോപ്പി പേസ്റ്റ്

Geetha said...

നല്ല പുസ്തകപരിചയപ്പെടുത്തൽ .

Muralee Mukundan , ബിലാത്തിപട്ടണം said...

മുരളിയേട്ടാ... കോപ്പി പേസ്റ്റ് ..
വായിച്ചിട്ട് ഞാനൊക്കെ അതെങ്കിലും
ചെയ്യുന്നുണ്ടല്ലോ ഭായ് .. ? വേണമെങ്കിൽ
തിരിച്ചതും ആവാം കേട്ടോ

Areekkodan | അരീക്കോടന്‍ said...

ഗീതാജി... നന്ദി

മുരളി ചേട്ടാ... നിങ്ങളെ ലേറ്റസ്റ്റ് പോസ്റ്റിൽ എല്ലാം ഞാൻ കയറിയിട്ടുണ്ട്

Post a Comment

നന്ദി....വീണ്ടും വരിക