Pages

Monday, July 29, 2019

പുസ്തകം എന്ന വെളിച്ചം

                നാഷണല്‍ സര്‍വീസ് സ്കീം എന്ന പ്രസ്ഥാനം എന്റെ ജീവിതത്തിന്റെ ഭാഗമായ അന്നു മുതല്‍, അതുമായി ബന്ധപ്പെട്ട നിരവധി പേര് വീട്ടില്‍ വരാറുണ്ടായിരുന്നു. ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാത്ത ഇക്കാലത്തും അത് അനുസ്യൂതം തുടരുന്നു.വീട്ടുകാരും ഇത്തരം അതിഥികളെ സല്‍ക്കരിക്കുന്നതില്‍ എന്നും മുന്‍‌പന്തിയില്‍ തന്നെയായിരുന്നു.

          അഞ്ച് വര്‍ഷം കോഴിക്കോട് ജില്ലയുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം വഹിച്ചിരുന്നതിനാല്‍ ആ ജില്ലയില്‍ നിന്ന് തന്നെയാണ് സന്ദര്‍ശകര്‍ കൂടുതലും. എന്റെ മുന്‍ വളണ്ടിയര്‍മാരും മറ്റു കോളേജിലെ വളണ്ടിയര്‍മാരും ഒക്കെയായി ഈ സൌഹൃദ സന്ദര്‍ശനങ്ങള്‍ എനിക്കും എപ്പോഴും ഊര്‍ജ്ജം പകരുന്നവയാണ്.

            ഇക്കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞ് ഒരു കാര്‍ എന്റെ വീട്ടുമുന്നില്‍ എത്തി. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം പോളി‌ടെക്നിക്കിലെ മുന്‍ സെക്രട്ടറിമാരായ സുല്‍ഫീക്കറും സഗീറും ആയിരുന്നു കാറില്‍.മുമ്പ് പലതവണ വീട്ടില്‍ വന്നവരുമാണ്.ഒരല്പം സമയം കിട്ടിയപ്പോള്‍ എന്റെ അടുത്ത് കയറി പഴയ ഓര്‍മ്മകള്‍ അയവിറക്കാനും പുതിയ പ്രൊജക്ടുകളെപ്പറ്റി സംസാരിക്കാനും ആയിരുന്നു അവര്‍ വന്നത്. അര മണിക്കൂര്‍ ഗ്യാപിന് വന്നവര്‍ തിരിച്ചിറങ്ങുമ്പോള്‍ ഒന്നര മണിക്കൂറോളം പിന്നിട്ടിരുന്നു.

              ഇറങ്ങുന്നതിന്റെ മുമ്പ് വീട്ടില്‍ ഒരുക്കിയ എന്റെ ഹോം ലൈബ്രറി കാണാന്‍ ഞാന്‍ രണ്ട് പേരെയും ക്ഷണിച്ചു. എന്റെ ലൈബ്രറിയില്‍ കയറി അതിന്റെ ആമ്പിയന്‍സും കൌതുകവും ഒക്കെ അല്പ നേരം ആസ്വദിച്ച ശേഷം ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് സുല്‍ഫി പുറത്തിറങ്ങി.

             കാറില്‍ വച്ചിരുന്ന ബാഗില്‍ നിന്നും, എം.ടി യുടെ വാനപ്രസ്ഥം എന്ന പുസ്തകം എടുത്താണ് സുല്‍ഫി തിരിച്ചെത്തിയത്.
“ ഈ പുസ്തകം എന്റെ വകയായി സാറിന്റെ ലൈബ്രറിയില്‍ ഇരിക്കട്ടെ. ഇനി വരുന്നവരോട് പുസ്തകം കൊണ്ടുവരാനും ഞാന്‍ പറയാം...” മൂത്ത മകള്‍ ലുലുവിന് പുസ്തകം കൈമാറിക്കൊണ്ട് സുല്‍ഫി പറഞ്ഞു.
            ഒരുപകാരത്തിനും കൊള്ളാത്ത മെമന്റോകള്‍ക്ക് പകരം തലമുറകള്‍ക്ക് വെളിച്ചമയേക്കാവുന്ന പ്രചോദനമായേക്കാവുന്ന ഒരു കുഞ്ഞ് പുസ്തകം ആകട്ടെ നമ്മുടെ ആദരവിന്റെ അടയാളങ്ങള്‍.

വാല്‍: തൃശൂര്‍ എം.പി തന്റെ സ്വീകരണ യോഗത്തില്‍ പൊന്നാടയും മെമെന്റോയും വേണ്ട എന്നും പകരം പുസ്തകം മതി എന്നും തീരുമാനിച്ചു. ഒരു മാസത്തിനകം പതിനയ്യായിരത്തോളം പുസ്തകങ്ങള്‍ കിട്ടി. അതുപയോഗിച്ച് ഒരു ഗ്രാമീണ ഗ്രന്ഥശാലയും സ്ഥാപിച്ചു.

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരുപകാരത്തിനും കൊള്ളാത്ത മെമന്റോകള്‍ക്ക് പകരം തലമുറകള്‍ക്ക് വെളിച്ചമയേക്കാവുന്ന പ്രചോദനമായേക്കാവുന്ന ഒരു കുഞ്ഞ് പുസ്തകം ആകട്ടെ നമ്മുടെ ആദരവിന്റെ അടയാളങ്ങള്‍.

മഹേഷ് മേനോൻ said...

ലോകം മുഴുവനും എഴുതുന്നവരെക്കൊണ്ടും വായിക്കുന്നവരെക്കൊണ്ടും നിറയട്ടെ.. അങ്ങനെ നന്മയുടെ പ്രകാശം പരക്കട്ടെ എന്ന് നമുക്ക് ആശിക്കാം മാഷേ ..

Areekkodan | അരീക്കോടന്‍ said...

മഹേഷ്...അതെ നന്മയുടെ പ്രകാശ ഗോപുരങ്ങള്‍ വായനയിലൂടെയും എഴുത്തിലൂടെയും ഉയര്‍ന്ന് വരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരുപകാരത്തിനും കൊള്ളാത്ത മെമന്റോകള്‍ക്ക് പകരം തലമുറകള്‍ക്ക് വെളിച്ചമയേക്കാവുന്ന പ്രചോദനമായേക്കാവുന്ന ഒരു കുഞ്ഞ് പുസ്തകം ആകട്ടെ നമ്മുടെ ആദരവിന്റെ അടയാളങ്ങള്‍...

Areekkodan | അരീക്കോടന്‍ said...

ബിലാത്തിച്ചേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക