Pages

Monday, December 25, 2017

ഒരു എള്ളുണ്ട പ്രണയം - 1

                ഞാൻ കുട്ടിയായിരുന്ന കാലത്ത് രണ്ട് മാസത്തിലോ അതോ വർഷത്തില്‍ ഒരിക്കലോ എന്നോർമ്മയില്ല , ഉമ്മയും ഉപ്പയും കോഴിക്കോട് പോകും. വെറുതെ കറങ്ങാൻ പോകുന്നതല്ല. മറിച്ച്, കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറിൽ നിന്നും നിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും , കട്‌പീസ് എന്ന് ഉമ്മ പറഞ്ഞ് മാത്രം ഞാന്‍ കേട്ടിട്ടുള്ള തുണിത്തരങ്ങൾ വാങ്ങാനും ഒക്കെയായിരുന്നു ആ പോക്ക്. അന്ന് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് 40 കിലോമീറ്റർ ദൂരമുണ്ടായിരുന്നത് ഇന്ന് ഭൂമി കറങ്ങി കറങ്ങി 35 കിലോമീറ്റർ ആയി കുറഞ്ഞു ! ഇത് ഇനിയും കുറയാൻ സാധ്യതയുണ്ട് എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ ഗൌനിക്കില്ല.പക്ഷെ അതാണ് യാഥാർത്ഥ്യം!! എന്റെ കുഞ്ഞുമോന്‍ പിതാവാകുമ്പോഴേക്കും അത് സംഭവിച്ചിരിക്കും !!!

              അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞ് ഉമ്മയും ഉപ്പയും വീട്ടിൽ തിരിച്ച് എത്തുമ്പോൾ കുട്ടികളായ ഞങ്ങൾ ചുറ്റും കൂടും. പല പല കാര്യങ്ങള്‍ക്കായിരുന്നു ഞങ്ങളുടെ ആ കാത്തിരിപ്പ്.
           ഒന്ന് - കോഴിക്കോട് പോയി വരുമ്പോള്‍ മാത്രം ലഭിക്കാറുള്ള പല നിറത്തിലുള്ള ബസ് ടിക്കറ്റുകള്‍ ശേഖരിക്കാന്‍! മലപ്പുറത്തെ ബസ്സില്‍ കയറിയാല്‍ അന്നും ഇന്നും ടിക്കറ്റ് കിട്ടാറില്ല!!കുട്ടിക്കാലത്ത് തീപ്പെട്ടി ചിത്രങ്ങളും,വളപ്പൊട്ടുകളും, മിഠായിക്കടലാസും,സിനിമാ നോട്ടീസും  ശേഖരിക്കുന്നത് ഒരു ഹോബിയായിരുന്നു. ഒപ്പം ബസ് ടിക്കറ്റുകളും.പിന്നെയും എന്തൊക്കെയോ ഉണ്ട് , ഓര്‍മ്മ വരുമ്പോള്‍ പറയാം.
          രണ്ട് - ഈ ഷോപ്പിംഗില്‍, നിത്യോപയോഗ സാധനങ്ങളില്‍  സാധാരണയായി അരിയും വിവിധ പയര്‍ വര്‍ഗ്ഗങ്ങളും സര്‍ഫും  സോപ്പുകളും വാങ്ങാറുണ്ടായിരുന്നു. സോപ്പുകള്‍ എല്ലാം തന്നെ ചെറിയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലായിരുന്നു ഉണ്ടാകാറ് (ഇന്ന് മിക്കവയും കടലാസ് കവചത്തില്‍ ആണ്). ഈ സോപ്പ് പെട്ടികളും സിനിമാ തിയേറ്ററിനടുത്തെ പെട്ടിക്കടക്ക് മുമ്പില്‍ നിന്ന് കിട്ടുന്ന സോഡാ മൂടികളും ശേഖരിച്ച് അത് കൊണ്ട് ‘ബസ്’ ഉണ്ടാക്കുന്ന മെക്കാനിക്കുകള്‍ ആയിരുന്നു ഞാനും അനിയനും! റിമോട്ട് കാറും ചക്രമുള്ള മറ്റ് വാഹനങ്ങളും ഒന്നും തന്നെ അന്ന് ഞങ്ങള്‍ക്ക് ലഭ്യമല്ലായിരുന്നു. അതിനാല്‍ ഇത്തരം സ്വയം നിര്‍മ്മിത വാഹനങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരായി.
          മൂന്ന് - തുണിത്തരങ്ങളില്‍ പലതിലും പല തരത്തിലുള്ള സ്റ്റിക്കറുകള്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍ അതിന്റെ കമ്പനിയുടെ പേരായിരിക്കും , അല്ലെങ്കില്‍ ആ കടയുടെ പേരായിരിക്കും അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ആയിരിക്കും. എന്തായിരുന്നു അവ എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. അത് മത്സരിച്ച് പറിച്ചെടുത്ത് ഞങ്ങളുടെ അലമാരയുടെ വാതിലിനുള്ളില്‍ ഒട്ടിച്ച് സായൂജ്യമടയലായിരുന്നു മറ്റൊരു ഹോബി! ഇന്നത്തെപ്പോലെ നെയിം സ്ലിപ്പുകള്‍ സ്റ്റിക്കര്‍ ആയി അന്ന് കിട്ടാറില്ലായിരുന്നു.
         നാല് - ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കള്‍ ഐസ്ക്രീമും ചോൿളേറ്റും എല്ലാം കൊണ്ട് കൊടുക്കുന്ന പോലെ ഞങ്ങൾക്ക് ഉപ്പയും ഉമ്മയും കോഴിക്കോട്ട് നിന്നും കൊണ്ട് വന്നിരുന്നത് ഒരു ചെറുനാരങ്ങയോളം വലിപ്പമുള്ള എള്ളുണ്ടകൾ ആയിരുന്നു. അന്ന് നാട്ടിൽ എവിടെയും കിട്ടാത്ത സാധനമായതിനാൽ വളരെ പ്രയാസപ്പെട്ട് കടിച്ച് പൊട്ടിച്ച് അത് തിന്നുമ്പോഴുള്ള രുചി ഒന്ന് വേറെത്തന്നെയായിരുന്നു.

             കാലം ഏറെ പിന്നിട്ടു. ഇന്ന് ഞാന്‍ നാല് കുട്ടികളുടെ ബാപ്പയായി. എന്റെ ബാപ്പ എന്നെ വിട്ടു പിരിഞ്ഞിട്ട് പത്ത് കൊല്ലം ആവാറായി.ഉമ്മ റിട്ടയര്‍ ചെയ്ത് അടുക്കളത്തോട്ടം പരിപാലിച്ച് കഴിഞ്ഞ് കൂടുന്നു. അപ്പോഴാണ് പെട്ടെന്ന് എന്റെ ഉള്ളില്‍ ഒരു എള്ളുണ്ട പ്രണയം പൊട്ടിയത്.ഈ പ്രണയത്തിന് ഭാര്യയോടോ കുട്ടികളോടോ ഉമ്മയോടോ ബന്ധുമിത്രാദികളോടോ ആരോടും ഉപദേശവും സമ്മതവും ചോദിക്കേണ്ട എന്നതിനാല്‍ ഞാന്‍ നേരെ ബേക്കറിയില്‍ പോയി ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി. വീട്ടിലെത്തി ഭാര്യക്കും മക്കള്‍ക്കും വിതരണം ചെയ്തു. ഞാനും ഭാര്യയും ഓരോന്ന് വീതം മുഴുവന്‍ തിന്നുകയും ചെയ്തു. ബാപ്പ കൊണ്ടു വന്നിരുന്ന എള്ളുണ്ടയെക്കാളും ചെറുതും മൃദുവും ആയിരുന്നിട്ട് പോലും മക്കള്‍ക്ക് ഒന്ന് മുഴുവന്‍ തിന്നാന്‍ സാധിച്ചില്ല !

           പക്ഷെ ഒരു എള്ളുണ്ട പ്രണയം എന്റെയുള്ളില്‍ പെട്ടെന്ന് പൊട്ടിവിരിയാന്‍ ഒരു കാരണം ഉണ്ടായിരുന്നു. ഈ എള്ളുണ്ടകള്‍ കൂടി മുഴുവനാക്കിയിട്ട് ഞാന്‍ ആ സംഭവം പറയാം....അതു വരെ സബൂറാകിന്‍.

6 comments:

Areekkodan | അരീക്കോടന്‍ said...

ഈ പ്രണയത്തിന് ഭാര്യയോടോ കുട്ടികളോടോ ഉമ്മയോടോ ബന്ധുമിത്രാദികളോടോ ആരോടും ഉപദേശവും സമ്മതവും ചോദിക്കേണ്ട എന്നതിനാല്‍ ഞാന്‍ നേരെ ബേക്കറിയില്‍ പോയി ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി.

സുധി അറയ്ക്കൽ said...

പെട്ടെന്ന് തോന്നുന്ന കൊതി കൊണ്ട്‌ പലതും ഞാനും വാങ്ങാറുണ്ട്‌.


ആദ്യം ഭാഗം വായിച്ചുതീരുന്നതിനു മുൻപ്‌ അടുത്ത ഭാഗം ചെയ്തോ???

Mubi said...

എള്ളുണ്ട കൊതി മൂത്ത് ഇവിടെന്ന് ഒന്നുണ്ടാക്കാനുള്ള ശ്രമം വമ്പന്‍ പരാജയമായിരുന്നു... അപ്പോ ദേ മാഷ്‌ എള്ളുണ്ടയും തിന്ന് നൊസ്റ്റിയടിച്ചു കഥ പറയുന്നു.

Areekkodan | അരീക്കോടന്‍ said...

സുധീ...അങ്ങനെ സംഭവിച്ചോ?

മുബീ...ഏതായാലും ഒന്ന് കൂടി ശ്രമിക്കൂ,എന്നിട്ട് ഒരു പാക്കറ്റ് ഇങ്ങോട്ടും അയക്കൂ!!

Mahesh Menon said...

"ഈ സോപ്പ് പെട്ടികളും സിനിമാ തിയേറ്ററിനടുത്തെ പെട്ടിക്കടക്ക് മുമ്പില്‍ നിന്ന് കിട്ടുന്ന സോഡാ മൂടികളും ശേഖരിച്ച് അത് കൊണ്ട് ‘ബസ്’ ഉണ്ടാക്കുന്ന മെക്കാനിക്കുകള്‍ ആയിരുന്നു ഞാനും അനിയനും" - പഴയ റബ്ബർ ചെരുപ്പ് വട്ടത്തിൽവെട്ടി ചക്രമാക്കി വണ്ടി ഉണ്ടാക്കുന്ന കാലം ഓർത്തുപോയി

അരീക്കോടന്‍ said...

മഹേഷ്‌ജി...ആ മെക്കാനിക്കും ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അത് ബ്ലേഡും കത്തിയും ഉപയോഗിക്കേണ്ട കേസ് ആയതിനാല്‍ മുതിര്‍ന്നവരായിരുന്നു ചെയ്യാറ്‌.

Post a Comment

നന്ദി....വീണ്ടും വരിക