Pages

Friday, December 29, 2017

വീണ്ടും ചില ദൈവനിശ്ചയങ്ങള്‍

                  നിങ്ങളുടെ  നാട്ടില്‍ നിന്നും പത്ത് മുപ്പത്തഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന നിങ്ങളുടെ പിതാവിന്റെ ജ്യേഷ്ടന്റെ മകന്റെ മകന്റെ ഭാര്യയുടെ പിതാവിനെ നിങ്ങള്‍ക്ക് പരിചയം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല (വായനക്കാരില്‍ പലരും ഇപ്പോള്‍ ആ ബന്ധത്തിന്റെ നീളം കണക്ക് കൂട്ടുന്ന പ്രവൃത്തിയില്‍ ആയിരിക്കും).അപ്പോള്‍ നിഷ്കളങ്കനായ ഞാനും (!) അത് അറിയാതെ പോയതില്‍ ഒരു തെറ്റും ഇല്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ തുടങ്ങട്ടെ.
                   കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സ്ഥലം മാറ്റം കിട്ടിയ ശേഷം നാഷണല്‍ സര്‍വീസ് സ്കീമിന്റെ അവിടത്തെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. സപ്തദിന ക്യാമ്പ് രണ്ടെണ്ണം കഴിഞ്ഞിരുന്നെങ്കിലും എന്റെ ക്യാമ്പും അതേ സമയങ്ങളില്‍ ആ‍യതിനാല്‍ അവയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എന്റെ ക്യാമ്പ് ഓണാവധിക്ക് നടത്തിയതിനാല്‍ ക്രിസ്മസ് അവധിക്കാലത്ത് ഞാന്‍ സ്വതന്ത്രനായിരുന്നു. അതിനാല്‍ തന്നെ ബാലുശ്ശേരിക്കടുത്ത് നന്മണ്ടയില്‍ (ആരുടെ മണ്ടയില്‍ ഉദിച്ചതാണാവോ ഈ പേര്?) നടക്കുന്ന ഈ വര്‍ഷത്തെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.
                    അങ്ങനെ ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയ്യതി നന്മണ്ടയില്‍ ഞാന്‍ കാല് കുത്തി.ക്യാമ്പ് നടക്കുന്ന നന്മണ്ട ഹൈസ്കൂളിന് മുന്നില്‍ ബസ് ഇറങ്ങിയ ഉടനെ മുന്‍ എന്‍.എസ്.എസ് വളണ്ടിയറും നന്മണ്ടക്കാരനുമായ അര്‍ഷദിനെ വിളിച്ച് ഞാന്‍ പള്ളി അന്വേഷിച്ചു. നേരെ എതിര്‍ഭാഗത്തെ കടകളുടെ പിന്നില്‍ പള്ളി ഉണ്ട് എന്ന് അറിയിച്ചെങ്കിലും എനിക്ക് കാണാന്‍ സാധിച്ചില്ല. തൊട്ടടുത്ത് നിന്നിരുന്ന സ്കൂള്‍ കുട്ടികളോട് ചോദിക്കാന്‍ മനസ്സ് തോന്നാത്തതിനാല്‍ ഞാന്‍ റോഡ് മുറിച്ച് മറുവശം കടന്നു.അവിടെ നിന്നും പോകുന്ന പോക്കറ്റ് റോഡിലേക്ക് നോക്കിയിട്ടും പള്ളി കണ്ടില്ല.തൊട്ടടുത്ത ഷോപ്പുകാരന്‍ കടയുടെ ഉള്ളില്‍ പോയി ഇരിക്കുന്നതിനാല്‍ അദ്ദേഹത്തെയും ഞാന്‍ ‘വെറുതെ’ വിട്ടു ! അടുത്ത ഷോപ്പില്‍ മുന്നില്‍ തന്നെ ഇരുന്ന താടിയും തലയും നരച്ച ഒരാളോട് ഞാന്‍ വഴി ചോദിച്ചു.അദ്ദേഹം അത് കൃത്യമായി പറഞ്ഞ് തന്നു, ഞാന്‍ പള്ളിയില്‍ കയറി സംഘമായി നമസ്കരിക്കുകയും ചെയ്തു.അദ്ദേഹവും അതേ സമയം നമസ്കരിക്കാന്‍ അവിടെ എത്തി.
                     നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി ഞാന്‍ ഷൂ ധരിക്കുമ്പോള്‍ മേല്‍ദേഹം (?) എന്റെ അടുത്തെത്തി എന്നോട് ഊരും പേരും  അവിടെ എത്താനുള്ള കാരണങ്ങളും ആരാഞ്ഞു. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാണ് ഞാന്‍ എന്നറിഞ്ഞതോടെ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ മകനെപ്പറ്റി പറഞ്ഞു.പി.ജി പഠനം പൂര്‍ത്തിയാക്കിയ മകളെപ്പറ്റിയും മരുമകന്‍ ഷമീമിനെപ്പറ്റിയും  അദ്ദേഹം പറഞ്ഞപ്പോള്‍ നിസ്സംഗനായി ഞാന്‍ അതെല്ലാം കേട്ട് നിന്നു (നല്ല കേള്‍വിക്കാരനായതിന്റെ ഒരു സമ്മാനം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു). ഷമീം ഫാറൂഖ് കോളേജിലെ റിട്ടയേഡ് അധ്യാപകന്‍ മുഹമ്മദ് സാറിന്റെ മകനാണെന്ന് കൂടി പറഞ്ഞപ്പോള്‍ എന്റെ തലച്ചോറില്‍ ഒരു സുനാമി ഉത്ഭവിച്ചു.
                   മൂന്ന് വര്‍ഷം ഫാറൂഖ് കോളേജില്‍ പഠിച്ചതിനാല്‍ അവിടത്തെ ഏകദേശം എല്ലാ റിട്ടയേഡ് അധ്യാപകരെയും എനിക്ക് അറിയാമായിരുന്നു. പക്ഷേ കോട്ടയത്തെ മത്താ‍യിമാരെപ്പോലെ കുറെ റിട്ടയേഡ് പ്രൊഫസര്‍ മുഹമ്മദുകള്‍ ഉള്ളതിനാല്‍ ഞാന്‍ അടുത്ത ക്ലൂ പ്രതീക്ഷിച്ചു. ഇസ്ലാമിക പണ്ഠിതനായ ഡോ.ഹുസൈന്‍ മടവൂരിന്റെ അയല്‍‌വാസിയാണെന്ന് കൂടി പറഞ്ഞതോടെ അശ്വമേധത്തിലെ ജി.എസ്.പ്രദീപിന്റെ ചുണ്ടിലെ ചിരി എന്റെ മുഖത്ത് പടര്‍ന്നു.
“നിങ്ങള്‍ പറയുന്ന പ്രൊഫസര്‍ മുഹമ്മദ് തറവട്ടത്ത് എന്റെ ഇക്കാക്കയാണ് ! ഞാന്‍ ആബിദ് തറവട്ടത്ത്...” കഴുത്തില്‍ തൂങ്ങിയിരുന്ന ഐ.ഡി കാര്‍ഡ് കാണിച്ച് ഞാന്‍ പറഞ്ഞു.
                 സ്വന്തം മരുമകന്റെ എളാപ്പയായ എന്നെ തിരിച്ചറിഞ്ഞതോടെ അദ്ദേഹം എന്നോട് വീണ്ടും ധാരാളം കാര്യങ്ങള്‍ സംസാരിച്ചു. ഊണിന് വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ക്യാമ്പില്‍ ഊണ്‍ ഉണ്ടെന്ന് പറഞ്ഞ് ഞാന്‍ ഊരി.പക്ഷേ എന്നെ എന്തെങ്കിലും തന്ന് സല്‍ക്കരിച്ചേ അടങ്ങൂ എന്ന വാശിക്ക് മുമ്പില്‍ ഒരു ഓറഞ്ച് ജ്യൂസ് എന്റെ വയറ്റിലെത്തി.
                  ദൈവത്തിന്റെ നിശ്ചയങ്ങള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തും. മുന്നില്‍ക്കണ്ട എല്ലാവരെയും ഒഴിവാക്കി  ഞാന്‍ അദ്ദേഹത്തോട് തന്നെ വഴി ചോദിച്ചതും പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ അദ്ദേഹം കുശലാന്വേഷണം നടത്തിയതും എല്ലാം ഇപ്പോഴും ഒരു അത്ഭുതമായി എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

പക്ഷേ കോട്ടയത്തെ മത്താ‍യിമാരെപ്പോലെ കുറെ റിട്ടയേഡ് പ്രൊഫസര്‍ മുഹമ്മദുകള്‍ ഉള്ളതിനാല്‍ ഞാന്‍ അടുത്ത ക്ലൂ പ്രതീക്ഷിച്ചു.

സുധി അറയ്ക്കൽ said...

കണ്ടോ ഈശ്വരവിശ്വാസി ആകുന്നതിന്റെ ഗുണം??!??!?!?


((((ഇതേ കമന്റ്‌ മൂന്നാം തവണയാണു ഞാൻ ഇടുന്നത്‌!അതൊക്കെ എങ്ങോട്ട്‌ പോകുന്നോ ആവോ?)))

Areekkodan | അരീക്കോടന്‍ said...

സുധീ...കമന്റ് ഒന്ന് എനിക്ക് കിട്ടി,ഒന്ന് കമന്റിയവന് , പിന്നെ ഒന്ന് ദൈവത്തിനും !!

മഹേഷ് മേനോൻ said...

ദൈവത്തിന്റെ ഓരോ കളികളെ ;-)

അരീക്കോടന്‍ said...

മഹേഷ് ജി...അതെന്നെ

Post a Comment

നന്ദി....വീണ്ടും വരിക