Pages

Sunday, February 04, 2024

കുളളൻ നാണിയുടെ ചികിത്സ

എന്റെ ജീവിതത്തിൽ 1984 എന്ന വർഷം രണ്ട് സംഭവങ്ങളാൽ ഞാൻ എന്നും ഓർമ്മിക്കും.അതിലൊന്ന്, ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരിയായ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര പ്രിയദർശിനിയുടെ രക്തസാക്ഷിത്വമാണ്. അപ്രതീക്ഷിതമായ ആ ഞെട്ടലിന് അഞ്ചാറ് മാസം മുമ്പേ തന്നെ ഞാൻ ഞെട്ടിത്തരിച്ചുപോയ ഒരു സംഭവം കൂടി നടന്നിരുന്നു. വിവിധ ഋതുക്കളിൽ ചാലിയാറിന്റെ ഭാവമാറ്റങ്ങൾ അടുത്ത് നിന്നറിഞ്ഞ ഒതായിയിലെ ഒരു പിതാവ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകനെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ ചേർത്തതായിരുന്നു പ്രസ്തുത സംഭവം.തോണിയിൽ ചാലിയാർ പുഴ കടന്ന് എടവണ്ണയിലേക്ക് പോകാൻ ഒട്ടും പേടി ഇല്ലെങ്കിലും, എവിടെയോ അല്പം ഭയം ഉണ്ട് എന്ന് ബാപ്പക്കും മകനും ശങ്ക തോന്നിയതിന്റെ അനന്തര ഫലമായിരുന്നു പ്രസ്തുത തീരുമാനം.

എന്റെ നാടായ ഒതായിയിൽ നിന്ന് മൂർക്കനാട്ടിലേക്ക് കാൽ നട മാത്രമായിരുന്നു അന്ന് ശരണം.എന്നെ സമയത്തിന് സ്കൂളിൽ പറഞ്ഞയക്കാനായി, കോഴി കൂവുന്നതിന് മുമ്പെ തന്നെ ഉമ്മ ഉണരും. സുബഹ് നമസ്കാരം നിർവ്വഹിച്ച് എനിക്കുള്ള പ്രഭാത ഭക്ഷണവും  തയ്യാറാക്കിയ ശേഷം, ഉമ്മ എന്നെ ഉണർത്തും.പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം പ്രാതൽ പെട്ടെന്ന് കഴിച്ച്  പുസ്തകകെട്ടുമായി ഞാൻ സ്‌കൂളിലേക്ക് നടത്തം തുടങ്ങും.

രാവിലെയും വൈകിട്ടുമായി പതിനാറ്  കിലോമീറ്ററോളം ദിവസേന നടക്കാനുണ്ടായിരുന്നു. എന്റെ സീനിയർ വിദ്യാർത്ഥികളായ കുള്ളൻ നാണി, ഗോപാലൻ, സമദ് എന്നിവർ  ആയിരുന്നു അന്ന് നടത്തത്തിന്റെ  ഉസ്താദുമാർ. സമദിന്റെ അനിയൻ മജീദ്,ട്രൗസർ പ്രതാപൻ, ഹരി, റസാഖ്, ലത്തീഫ് തുടങ്ങിയവരായിരുന്നു എന്റെ കൂട്ടുകാർ.

വേഗത്തിൽ നടക്കുക എന്നതിന് പുറമെ,കാലടികൾ തമ്മിലുള്ള ദൂരവും കൂടി ക്രമീകരിച്ചാലേ സ്‌കൂളിൽ കൃത്യ സമയത്ത് എത്താൻ സാധിക്കൂ.        കുള്ളൻ നാണിയും സമദും ഓരോ കാലടി വെക്കുന്നത് തന്നെ ഒരു മീറ്ററിന് തുല്യമായിരുന്നു. ഞങ്ങൾ ‘പുത്തൻ  കുട്ടികൾക്ക്’ ആ നടത്തം സാദ്ധ്യമായിരുന്നില്ല.ഹലാക്കിലെ ആ നടത്തം പഠിക്കാൻ ഞങ്ങൾ പിന്നെയും മാസങ്ങളോളം എടുത്തു.

നടത്തത്തിന്റെ ആദ്യ ദിവസങ്ങളിൽ, വീട്ടിൽ തിരിച്ചെത്തുന്നതോടെ കാലിന്റെ തുടയിൽ നിന്ന് ഒരു വേദന പുളഞ്ഞ് കയറുമായിരുന്നു. അതിനാൽ തന്നെ അന്നത്തെ വായന മുടങ്ങിക്കിട്ടും.ഇതൊരു 'പതിവായപ്പോൾ' ഉപ്പയോട് വിവരം പറഞ്ഞ്  ഉമ്മ ഒരു തൈലം വാങ്ങി വച്ചു. വേദന വരുന്ന ദിവസം ഉമ്മ അത് പുരട്ടി തരും. ക്രമേണ ആ നടത്തം ശീലമായതോടെ വേദന ഇല്ലാതായി.

ദിവസങ്ങൾ അങ്ങനെ സുന്ദരമായി കടന്നുപോയി.നടന്ന് പോകുന്ന വഴികളെല്ലാം എല്ലാവർക്കും സുപരിചിതമായി. ആളൊഴിഞ്ഞ പറമ്പേതെന്നും മാങ്ങ,ചക്ക,പുളി എന്നിത്യാദി സാധനങ്ങൾ ഏതൊക്കെ പറമ്പിലാണ് ഉള്ളതെന്നും അങ്ങോട്ട് കയറേണ്ടത് ഏത് വഴിയിലൂടെയാണെന്നും എല്ലാം ഞങ്ങൾ ഹൃദിസ്ഥമാക്കി. അങ്ങനെ, ഒരു ദിവസം ഒരു പറമ്പിലേക്ക് വേലിക്ക് മുകളിലൂടെ വലിഞ്ഞു കയറുമ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിൽ "ഒരുത്തൻ" അടിവസ്ത്രം ഇടാത്തത് കുള്ളൻ നാണിയുടെ  ശ്രദ്ധയിൽ പെട്ടത്.

"നീ കോണകം കെട്ടാറില്ല അല്ലേ?" നാണി അവനോട് ചോദിച്ചു.

"ഇന്ന് ഇട്ടിട്ടില്ല..."

"പെൺകുട്ടികളുടെ ഇടയിൽ വച്ച് നിന്റെ തുണി ആരെങ്കിലും പിടിച്ചു വലിച്ചാൽ എന്തായിരിക്കും അവസ്ഥ?" നാണിയുടെ ചോദ്യം കേട്ട് എന്റെ കൂട്ടുകാരെല്ലാം ചിരിച്ചു. നാണി സൂചിപ്പിച്ച അത്തരം ഒരു അത്യാഹിതത്തെപ്പറ്റി 'അവൻ' അതുവരെ ചിന്തിച്ചിരുന്നേ ഇല്ല.

"അത്...അത്...അലക്കിയിട്ടത് ഉണങ്ങിയിരുന്നില്ല.. അതോണ്ടാ ഇന്ന് ഇടാഞ്ഞത്... "  തൽക്കാലം ഒരു കള്ളം പറഞ്ഞ് അന്ന് 'അവൻ' രക്ഷപ്പെട്ടു.

കോണകം കെട്ടാൻ മടി ആയിരുന്ന 'അവൻ' ആ പതിവ് തുടർന്നു.പിന്നീട് എപ്പോഴും വേലിക്ക് മുകളിലൂടെ കയറുമ്പോൾ, നാണി കാണുന്നുണ്ടോ എന്ന് നോക്കിയ ശേഷം മാത്രം 'അവൻ' കയറി. പക്ഷെ ഇടക്ക് എപ്പഴോ അത് 'അവന്റെ' ശ്രദ്ധയിൽ നിന്ന് വിട്ടു പോവുകയും ചെയ്തു. 'അവൻ' സ്ഥിരമായി കോണകം കെട്ടാതെയാണ് സ്‌കൂളിൽ വരുന്നത് എന്ന് ഇതിനിടയിൽ നാണി എങ്ങനെയോ മനസ്സിലാക്കി. 'അവൻറെ' ഈ സ്വഭാവം മാറ്റാൻ നാണി തന്നെ ഒരു "മരുന്നും" മനസ്സിൽ തയ്യാറാക്കി.പിറ്റേ ദിവസം തന്നെ ആ “മരുന്ന്” പ്രയോഗിക്കാൻ നാണി തീർച്ചപ്പെടുത്തി.

ഞങ്ങൾ നടന്നു പോകുന്ന വഴിയിലുള്ള, തച്ചണ്ണ ചാലി എന്ന സ്ഥലത്ത് വഴിയരികിൽ കാട്ടുതൂവ എന്ന ചെടി കൂട്ടമായി വളർന്നു നിൽക്കുന്നത് നാണി കണ്ടു വച്ചിരുന്നു. തൂവയുടെ ഇല നിറയെ വെള്ള നിറത്തിലുള്ള രോമം ഉണ്ടായിരിക്കും. ഇത് ദേഹത്ത് തട്ടിയാൽ ചൊറിയും.തൂവ കാണുമ്പോൾ തന്നെ അത് ശരീരത്തിൽ സ്പർശിക്കാതിരിക്കാൻ ഞങ്ങളിൽ പലരും മാറി നടക്കുകയോ ഒതുങ്ങി നടക്കുകയോ ആണ് പതിവ്.

അന്നും നടന്ന് നടന്ന് ഞങ്ങൾ തൂവക്കാടിനടുത്ത്  എത്തി.നാണി തന്റെ നടത്തത്തിൻറെ വേഗത അൽപം കുറച്ച് മെല്ലെ കൂട്ടത്തിൽ നിന്ന് പിന്നിലേക്ക് വലിഞ്ഞു. ശേഷം ആരും കാണാതെ തൂവയുടെ അഞ്ചാറ് ഇലകൾ ഞെട്ടിയിൽ പിടിച്ച് പറിച്ചെടുത്തു. ഞൊടിയിടയിൽ തന്നെ നാണി ജെട്ടി ഇടാത്ത കൂട്ടുകാരന്റെ അടുത്തെത്തി. മടക്കി കുത്തിയ അവന്റെ തുണി പെട്ടെന്ന് പൊക്കി തൂവ ഇലകൊണ്ട് ഒറ്റ തേപ്പ് തേച്ചു!

അപ്രതീക്ഷിത നീക്കത്തിൽ സംഭവിച്ചത് എന്തെന്ന് ആർക്കും മനസ്സിലായില്ല. തൂവ പ്രയോഗം കിട്ടിയവൻ അടുത്തുള്ള പെട്ടി പീടികയുടെ പിന്നിലേക്ക് ഓടി. 'അവൻ' തുണി അഴിച്ച് ചൊറിയാനും മാന്താനും തുടങ്ങിയപ്പോഴാണ് എല്ലാവർക്കും കാര്യം പിടികിട്ടിയത്. കുള്ളൻ നാണിയുടെ ആ ചികിത്സക്ക് ശേഷം ഇന്നേ വരെ ‘അവൻ’ അണ്ടർവെയർ ഇടാതെ പുറത്തിറങ്ങിയിട്ടില്ല എന്ന് അനുഭവം സാക്ഷി.

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു സുഹൃത്തിൻ്റെ ഓർമ്മകളിൽ നിന്ന് ....

Post a Comment

നന്ദി....വീണ്ടും വരിക