Pages

Friday, December 31, 2021

കാച്ചിലും കാന്താരിയും

ഇനി ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലത്തെപ്പറ്റി ഒരു നിമിഷമെങ്കിലും ആലോചിച്ച് നെടുവീർപ്പിടാത്ത, നാല്പത് കഴിഞ്ഞവർ ഉണ്ടാകാൻ സാധ്യതയില്ല. അന്നത്തെ സ്‌കൂളും കളിക്കൂട്ടുകാരും ഭക്ഷണവും എന്തിന് രോഗം പോലും ഒരു ദിവസത്തേക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഒന്നാഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. തിരിച്ചു വരാത്ത ആ കാലം തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്നത്തെ പല പൂർവ്വ വിദ്യാർത്ഥീ  സംഗമങ്ങൾക്കും പിന്നിലുള്ള രഹസ്യം.

പനി പിടിച്ചാൽ 'ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന കുറിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ഒരിക്കൽ കൂടി രുചിക്കണമെന്ന് തോന്നിയാൽ,ഇന്ന് പല വീടുകളിലും സാധ്യമല്ല. അടുക്കളയുടെ പരിഷ്കരണം അത്രക്കും പുരോഗമിച്ചു പോയി.രാവിലെയോ വൈകുന്നേരമോ ലഭിച്ചിരുന്ന കപ്പ  പുഴുങ്ങിയത് ഇന്ന് ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ വിഭവമായി.ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ മഥിച്ചപ്പോൾ ഞാൻ ഒരു തൂമ്പയെടുത്ത് മുറ്റത്തേക്കിറങ്ങി.

മെയ് മാസം മുതൽ പെയ്യാൻ തുടങ്ങിയ മഴയിൽ നാമ്പ് പൊട്ടി, ഫണം വിടർത്തി നിൽക്കുന്ന സർപ്പം കണക്കെ, ഉയർന്ന് നിൽക്കുന്ന വള്ളികളുള്ള കാച്ചിൽ (ഞങ്ങൾ കാവുത്ത് എന്ന് വിളിക്കും) ആയിരുന്നു എൻറെ ലക്‌ഷ്യം.നവംബർ വരെ എല്ലാ മാസവും ഞാൻ അതിനെ വെട്ടി ഇട്ടിരുന്നു.എത്ര വെട്ടിയിട്ടാലും 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്ന് വിളിച്ചോതിക്കൊണ്ട് നാലഞ്ച് ദിവസം കൊണ്ട് അവൻ വീണ്ടും ഫണം വിടർത്തും.പക്ഷെ ഇത്തവണ അവന്റെ പൊടി പോലും കണ്ടില്ല.വള്ളി നിന്നിരുന്ന സ്ഥലത്ത് കണ്ട ചെറിയ മൺകൂനയിൽ ഞാൻ തൂമ്പ കൊണ്ട് ഒന്ന് വെട്ടി.ചെറിയൊരു കഷ്ണം അടർന്ന് തെറിച്ച്, രക്തം ഒലിക്കുന്ന പോലെ കണ്ടു.നന്നായി ഒന്ന് കിളച്ചതോടെ അടിയടക്കം അത് പുറത്ത് വന്നു.

വൈകിട്ട് കട്ടൻ ചായക്കൊപ്പം കാച്ചിൽ പുഴുങ്ങിയതും മുറ്റത്ത് തന്നെ നിന്നുള്ള കാന്താരി മുളക് അരച്ച ചമ്മന്തിയും റെഡിയാക്കാൻ ഞാൻ ഭാര്യയോട് പറഞ്ഞു (വായിൽ വെള്ളമൂറുന്നുണ്ടല്ലേ ?).ഇന്നത്തെ മക്കൾ കഴിക്കുന്ന മന്തിയും പുഴുങ്ങിയ കോഴിക്കും പകരം അന്ന് ഞങ്ങൾ കഴിച്ചിരുന്ന ചമ്മന്തിയും പുഴുങ്ങിയ കിഴങ്ങും ഞാൻ ആസ്വദിച്ച് കഴിച്ചു. കാന്താരി നാവിൽ തട്ടിയ നിമിഷം ആ എരിവ് രക്തത്തിലൂടെ ശരീരത്തിൽ പാഞ്ഞു കയറുന്നത് ശരിക്കും അറിഞ്ഞു.ശരീരത്തിലെ സകല ദ്വാരങ്ങളും തുറന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞപ്പോൾ മേമ്പൊടിയായി ചെന്ന കട്ടൻ ചായയുടെ മധുരം വാക്കുകൾക്കതീതമാണ്. 

ഞാൻ തന്നെ നട്ട ചേമ്പും കാച്ചിലും കപ്പയും നനക്കിഴങ്ങും എല്ലാം കൂടി പുഴുങ്ങി പഴയ കൂട്ടുകാരെ എല്ലാം വിളിച്ച് ആ നല്ല കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ പുതുവർഷവും കുംഭ മാസവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. 

3 comments:

Areekkodan | അരീക്കോടന്‍ said...

ആ നല്ല കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ പുതുവർഷവും കുംഭ മാസവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.

© Mubi said...

ഓ... ഒറ്റയ്ക്കിരുന്ന് കഴിച്ചതും പോരാ അതിവിടെ കൊണ്ടിട്ട് എല്ലാവരെയും കൊതിപ്പിച്ചു! സമാധാനായല്ലോ...

Areekkodan | അരീക്കോടന്‍ said...

മുബീ... പുതുവർഷത്തിൽ വായിൽ കപ്പലോടിയില്ലേ ? ഒറ്റക്കല്ല, ഒരു സുഹൃത്തിനെയും കൂട്ടിയിരുന്നു. അവനാകെ വിയർത്ത് കുളിച്ചു!!

Post a Comment

നന്ദി....വീണ്ടും വരിക