കോഴിക്കോടും പരിസരത്തും നടക്കുന്ന ഫെസ്റ്റുകളിൽ കുടുംബ സമേതം പങ്കെടുക്കുക എന്നത് ഒരു കാലത്ത് ഒരു ഹരമായിരുന്നു. സ്വന്തമായി വാഹനം ഇല്ലാതിരുന്ന അക്കാലത്ത് രണ്ട് മക്കളെയും (മൂത്തവർ രണ്ട് പേർ) എടുത്ത് എങ്ങനെ അവിടെയൊക്കെ എത്തി എന്നത് ഓർമ്മയിലില്ല. പുതിയ ഫെസ്റ്റുകൾ പലതും പഴയപോലെ പൊലിമ ഇല്ലാത്തതിനാലും എല്ലാവരുടെയും സമയവുമായി ഒത്ത് പോകാത്തതിനാലും ഞങ്ങൾ എത്തിപ്പെടുന്നത് വളരെ കുറവായിരുന്നു.
അതിനിടക്കാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് 2021 എന്ന പരസ്യം പത്രത്തിൽ കണ്ടത്. ഒന്ന് പോയി നോക്കാൻ മനസ്സ് പറഞ്ഞെങ്കിലും റേഡിയോ മാംഗോ ജോക്കികളുടെ വാക്ചാതുരി ആണ് എന്നെ വീഴ്ത്തിയത്. മറ്റൊരാവശ്യത്തിന് കുടുംബ സമേതം കോഴിക്കോട്ടെത്തിയ ഞാൻ ബാക്കി സമയം വാട്ടർ ഫെസ്റ്റിൽ ചെലവഴിക്കാം എന്ന് തീരുമാനിച്ചു.
ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട തീരദേശ സേനയുടെ ഒരു ചെറിയ യുദ്ധക്കപ്പലും അതിലെ കാഴ്ചകളും ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത്. സൗജന്യമായി കപ്പലിൽ കയറാനുള്ള അവസരമായതിനാൽ പലരും ഇത് ഉപയോഗപ്പെടുത്തി. മറ്റ് ആകർഷണീയത ഒന്നും തന്നെ അതിൽ ഉള്ളതായി എനിക്ക് തോന്നിയില്ല.
കയാക്കിംഗ് മത്സരങ്ങളും വിവിധതരം ഡെമോകളും ആണ് ഫെസ്റ്റിന്റെ പ്രധാന ഇനങ്ങൾ. പക്ഷെ അവ പലതും സമയബന്ധിതമായതിനാൽ കാണാൻ സാധിക്കില്ല. എന്തൊക്കെയോ പേരിൽ അവിടെ നടന്ന് കൊണ്ടിരിക്കുന്ന മറ്റ് പല ഇനങ്ങളും ആരും ശ്രദ്ധിക്കുന്നതായും കണ്ടില്ല.
ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരങ്ങളോട് കിടപിടിക്കുന്നതും ഇതുവരെ കാണാത്ത തരം പട്ടങ്ങൾ ഉള്ളതുമായ ഒരു കൈറ്റ് ഫെസ്റ്റും ഇതോടൊപ്പം നടക്കുന്നതായി RJ ഹരിതയുടെ വാക് വൈഭവത്തിലൂടെ അറിഞ്ഞെങ്കിലും അത് നേരിട്ട് കണ്ടപ്പോൾ ആകർഷണം തോന്നിയില്ല. എന്തൊക്കെയോ ചില രൂപങ്ങൾ നൂലിൽ കോർത്ത് ആകാശത്ത് പറത്തുന്നു എന്നതിലുപരി മറ്റൊരു പ്രത്യേകതയും എനിക്ക് അനുഭവപ്പെട്ടില്ല.
എങ്കിലും ജനങ്ങൾ എന്തൊക്കെയോ പ്രതീക്ഷിച്ച് ഒഴുകി എത്തുന്നുണ്ടായിരുന്നു. പക്ഷെ തിരിച്ച് പോവുന്ന പലരുടെയും മുഖം നിരാശ നിറഞ്ഞതായിരുന്നു. നിരാശ മാറ്റാനായി ഞങ്ങൾ ജങ്കാർ സർവ്വീസ് വഴി ചാലിയത്തെത്തി അവിടെ അൽപനേരം ചെലവഴിച്ചു. തിരിച്ച് ബീച്ചിലെത്തി "ബേപ്പൂർ സുൽത്താന്റെ " മണൽ ശില്പവും കണ്ട ശേഷം ഞങ്ങൾ സ്ഥലം വിട്ടു.
ഇതുവരെ കണ്ട ഫെസ്റ്റുകളിൽ ഏറ്റവും നിറം കെട്ടത് എന്ന സ്ഥാനം ഇതോടെ ബേപ്പൂർ വാട്ടർഫെസ്റ്റ് 2021 നേടി എടുത്തു.
1 comments:
ഇതുവരെ കണ്ട ഫെസ്റ്റുകളിൽ ഏറ്റവും നിറം കെട്ടത് എന്ന സ്ഥാനം ഇതോടെ ബേപ്പൂർ വാട്ടർഫെസ്റ്റ് 2021 നേടി എടുത്തു
Post a Comment
നന്ദി....വീണ്ടും വരിക