സ്‌കൂളിലേക്ക് വരുന്ന ബാബു മാസ്റ്ററെ ദൂരെ നിന്നേ കണ്ട പ്യൂൺ ബീരാനിക്ക കണ്ണിന് മുകളിൽ കൈ വച്ച് ഒന്ന് കൂടി ഉറപ്പ് വരുത്തി.ശേഷം ആകാശത്തേക്ക് നോക്കി. ഇല്ല,വെള്ളക്കാക്ക മലർന്ന് പറക്കുന്നില്ല.വീണ്ടും ബാബു മാസ്റ്ററെ നോക്കി. ബീരാനിക്കയുടെ അടുത്തെത്തിയപ്പോൾ ബാബു മാസ്റ്റർ ചോദിച്ചു.
"ബീരാനിക്ക.... എന്താ ഒരു സംശയം....? ബാബു മാസ്റ്റർ തന്നെയാ..."
"ഏയ്...ഒന്നും ല്ല മാഷേ ...."
"ന്നാലും .... ആദ്യം എന്നെയും പിന്നെ ആകാശത്തേക്കും നോക്കിയത് എന്തോ ഉറപ്പിച്ചാണല്ലോ ..."
"അത്.... അത്...." ബീരാനിക്ക തലയിൽ ചൊറിയാൻ തുടങ്ങി.
"നിങ്ങള് ധൈര്യായിട്ട് ചോദിച്ചോളിൻ ബീരാനിക്ക.... എന്താ മോളെ പ്രസവം വല്ലതും....?"
"ഏയ്...ആറ് മാസം കൂടുമ്പം പ്രസവിക്കല് പൂച്ചകളാ മാഷേ ..."
"ഉം..."
"കല്യാണം കഴിക്കാത്തതോണ്ടാ മാഷിന് അതിനെപ്പറ്റി അറിയാത്തത്..."
"ആ... പിന്നെ എന്താ ഇങ്ങനെ നോക്കാൻ കാരണം ന്ന് പറ....."
"അതോ.... മാഷ് ഇന്നലെ താലൂക്കാശുപത്രീക്ക് കേറുന്നത് കണ്ട്...."
"ആ.... പോയിരുന്നു....അതിനെന്താ?"
"വാക്സിൻ വയ്ക്കാനല്ലേ പോയത്?"
"അതെ.."
"അപ്പൊ ....ഇത്രേം കാലം വാക്സിന് എതിര് പറഞ്ഞത്....?"
"ആ .... അത് ശരിയാ..... പക്ഷെ ഒരു പേടി വന്നാൽ എന്ത് ചെയ്യാനാ ... "
"ഓ... മിമിക്രി ഇറങ്ങിയപ്പം പേടിച്ച് അല്ലെ?"
"മിമിക്രി അല്ല, ഒമിക്രോൺ... പക്ഷെ, എനിക്കല്ല പേടി..."
"പിന്നെ??"
"ഒപ്പമുള്ള 22 പേർക്ക് ....ദേ, നമ്മുടെ സ്‌കൂളിലെ ബീരാനിക്ക അടക്കമുള്ളവർക്ക്..."
"അതിന് ഞങ്ങളെല്ലാം വാക്സിൻ എടുത്തതാണല്ലോ..."
"ങാ...അത് തന്നെയാ പ്രശനം.... വാക്സിൻ എടുത്തവർക്ക് വാക്സിൻ എടുക്കാത്ത എന്നിലൂടെ അസുഖം പകരുമോ എന്ന് പേടി... ഇത്രയും കാലത്തിനിടക്ക് അസുഖം വന്നത് ആർക്കാ ? "
"അത്...ശരിയാ...എനിക്കും വന്നു...."
"ങാ....അപ്പൊ ഞാൻ വാക്സിൻ എടുത്താൽ 22 പേരുടെ പേടിയും ടെൻഷനും ആശങ്കയും ഒക്കെ മാറുമെങ്കിൽ അതങ്ങ് മാറട്ടെ ന്ന്.... എന്നിട്ട് പുതുവർഷത്തിൽ എല്ലാർക്കും പുതിയൊരു അവതാരത്തിനായി കാത്തിരിക്കാം .... ഹാപ്പി ന്യൂ ഇയർ..."
3 comments:
ഹാപ്പി ന്യൂ ഇയർ
മാഷിനും കുടുംബത്തിനും പുതുവത്സരാശംസകൾ :)
മുബീ... പുത്യ കൊല്ലാശംസകൾ.
Post a Comment
നന്ദി....വീണ്ടും വരിക