ബാലറ്റ് പെട്ടി തൂക്കിപ്പിടിച്ചായിരുന്നു ഞാൻ ഇലക്ഷൻ ഡ്യൂട്ടിയിലെ ഹരിശ്രീ കുറിച്ചത്. ത്രിതല പഞ്ചായത്തിലേക്കുള്ള മൂന്ന് വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തുടങ്ങിയ ആ കാൽവയ്പ് ഇത്രയും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകും എന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പ്, വിവി പാറ്റ് ഉപയോഗിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള ലോകസഭാ തെരഞ്ഞെടുപ്പ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇങ്ങനെ എല്ലാ തരം തെരഞ്ഞെടുപ്പുകളിലും പോളിംഗ് ഉദ്യോഗസ്ഥനായി പിന്നീട് സേവനം അനുഷ്ടിച്ചു. ബാലറ്റ് പേപ്പർ എണ്ണിയിരുന്ന വോട്ടെണ്ണൽ ഡ്യൂട്ടിയും വോട്ടിംഗ് മെഷീനിലെ ബട്ടൺ ഞെക്കി വോട്ട് എണ്ണുന്ന ഡ്യൂട്ടിയും പോളിംഗ് ഡ്യൂട്ടിക്ക് ശേഷം കിട്ടി. ഡ്യൂട്ടിക്ക് റിസർവ് ആയാലുള്ള ടെൻഷനും വോട്ടെണ്ണലിന് റിസർവ് ആയാലുള്ള സുഖവും അറിയാനും ഇക്കാലം വരെയുള്ള സർവ്വീസിനുള്ളിൽ സാധിച്ചു.
ടെണ്ടേർഡ് വോട്ട്, ചലഞ്ച്ഡ് വോട്ട്, കള്ളവോട്ട് , വോട്ടിംഗ് യന്ത്രത്തിന്റെ പണിമുടക്ക് തുടങ്ങീ തെരഞ്ഞെടുപ്പിന്റെ എല്ലാ കുണ്ടാമണ്ടികളും നേരിടാനും ഇത്രയും കാലത്തെ പോളിംഗ് ഡ്യൂട്ടിക്കിടെ അവസരം കിട്ടി.
സ്ഥലം മാറ്റം കിട്ടിയാൽ തൊട്ടു പിന്നാലെ വരുന്ന ഇലക്ഷൻ ഡ്യൂട്ടി കൂടി നിർവ്വഹിക്കേണ്ടി വരിക എന്നത് എന്റെ തലയിലെഴുത്താണ്. ഇത്തവണയും അത് മാറിയില്ല. പാലക്കാട് ജോയിൻ ചെയ്ത് മൂന്ന് മാസം ആയപ്പഴേക്കും വന്ന പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഡ്യൂട്ടി നിർവ്വഹിക്കാനുള്ള വാറോല ദിവസങ്ങൾക്ക് മുമ്പ് കൈപ്പറ്റി. ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി അനുഭവങ്ങൾ ഇത് വരെ ഇല്ലാത്തതിനാൽ ഇതും വ്യത്യസ്തമാകും എന്ന് പ്രതീക്ഷിക്കുന്നു. അനുഗ്രഹിക്കുക ആശീർവദിക്കുക.
1 comments:
അനുഗ്രഹിക്കുക ആശീർവദിക്കുക.
Post a Comment
നന്ദി....വീണ്ടും വരിക