Pages

Wednesday, August 06, 2014

ആഗസ്ത് ആറും കുറേ ഓഫറുകളും….

ബി.എസ്.എൻ.എൽ വരിക്കാർക്ക് പലപ്പോഴും പലയിടത്തും സൌജന്യമായി ലഭിക്കുന്ന ‘പരിധിക്ക് പുറത്താണ്’ ‘ സേവനത്തെപ്പറ്റി പത്രങ്ങളിൽ വായിച്ചിരുന്നു.പക്ഷേ അത്തരം ഒരു സേവനം ഞാൻ വിളിക്കുന്ന മിക്ക ബി.എസ്.എൻ.എൽ വരിക്കാർക്കും ലഭിക്കാറില്ല.എനിക്ക് ലഭിക്കുന്ന ഒരു മഹത്തായ ബി.എസ്.എൻ.എൽ സേവനം ഇടക്കിടക്ക് ഇന്റെർനെറ്റ് ഡിസ്കണക്ട് ആകുക എന്നത് മാത്രമാണ്. (ഇടക്കിടക്ക് എന്നു വച്ചാൽ മാസത്തിലോ ആഴ്ചയിലോ ഒരിക്കൽ എന്നല്ല , ദിവസത്തിൽ 23 മണിക്കൂർ മാത്രം കട്ട് ).ഈ പോസ്റ്റ് ഇടാൻ തിടുക്കത്തിൽ സിസ്റ്റവും നെറ്റും ഓണാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞു..(ഇന്നിനി അവൻ വരും എന്ന് തോന്നുന്നില്ല).

ഇന്നലെ വരെ എന്റെ മൊബൈലിൽ ബി.എസ്.എൻ.എൽ റേഞ്ച് കാണിക്കുന്ന ചിഹ്നം (അതേ , ചെറുവിരൽ,മോതിരവിരൽ,നടുവിരൽ എന്നിവ നിൽക്കുന്ന പോലെയുള്ള ആ സാധനം തന്നെ) നീലക്കളറിൽ ആയിരുന്നു.ഇന്ന് രാവിലെ ഞാൻ കോളേജിൽ എത്തിയപ്പോൾ അതതാ നിറം മാറിയിരിക്കുന്നുചുവപ്പ് എന്ന് പറഞ്ഞാൽ പോര, ചോര എന്ന് പറയുമ്പോൾ മനസ്സിൽ വരുന്ന ചുവപ്പ് നിറം ! കണക്ഷന് എന്തെങ്കിലും സംഭവിച്ചതാണെന്ന് കരുതി ഞാൻ കാൾ ലോഗ് നോക്കി. കാൾ  ലോഗിൽ ഓരോരുത്തരുടേയും നേരെയുള്ള ഫോൺ അടയാളവും ചോര നിറം !! ഉടനെ ഒരു നമ്പർ കുത്തി നോക്കി കാൾ പോകുന്നുണ്ടോ ഇല്ലേ എന്ന് ഉറപ്പ് വരുത്തി.നിറം മാറി എന്നല്ലാതെ ആ അപായനിറം മറ്റൊരു അപായവും ഉണ്ടാക്കിയില്ല.

എന്റെ ലാവണമായ സി.സി.എഫ് ലാബിൽ കയറി ആദ്യ പരിപാടിയായ ഇ-മെയിൽ പരിശോധിച്ചു.എന്നത്തേയും പോലെ ഇൻബോക്സ് നിറഞ്ഞ് നിൽക്കുന്നുണ്ട്.അവയിൽ ചിലത് ചില ഓഫറുകൾ ആയിരുന്നു – ഒന്നാമത്തേത് Lumosity എന്ന സൈറ്റിൽ(?) നിന്ന് (ഫിസിക്സിലെ മാസ്റ്റർ ബിരുദം കാരണം ഞാൻ അത് ഇതിനു മുമ്പെല്ലാം വായിച്ചിരുന്നത് Luminosity എന്നായിരുന്നു).അവരുടെ വാർഷിക വരിക്കാരനായാൽ 35% ഇളവ് അനുവദിക്കും പോലും. ഈ 35 എന്ന സംഖ്യയും ഞാനും തമ്മിലുള്ള ‘അമേദ്യ ബന്ധം’ എന്താണെന്ന് എനിക്ക് മനസ്സിലായില്ല.അതിനാൽ അത് ഞാൻ ഡിലീറ്റ് ചെയ്തു.

രണ്ടാമത്തെ മെയിൽ WAYN (Where Are You Now) ൽ നിന്നായിരുന്നു. 2 ആഴ്ചയിലേക്ക് എനിക്ക് ഫ്രീ ആയിട്ട് വി.ഐ.പി അപ്ഗ്രേഡ് ആയിരുന്നു അവരുടെ വാഗ്ദാനം.ഇപ്പോൾ ഞാൻ പ്രത്യേകിച്ച് ഒന്നും നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാത്ത സ്ഥിതിക്ക് എന്നെ വി.ഐ.പി ആക്കാൻ കണ്ട ഒരു സമയം...അതും ഞാൻ ഡിലീറ്റ് ആക്കി.ഇല്ലെങ്കിൽ ഗൂഗിളമ്മ  ഇനിയും കൊടി പൊക്കും!!!( WAYN  നിന്റെ മെയിൽ Vein ആയി)

അടുത്തത് നമ്മുടെ സാക്ഷാൽ ഫെഡെറൽ ബാങ്കിൽ നിന്ന്.പലതരം സേവനങ്ങളിലൂടെ ഉപഭോക്താവിനെ ധൃതരാഷ്ട്രാലിംഗനം നടത്തുന്ന നമ്മുടെ സ്വന്തം ആലുവ ബാങ്ക്. പലപ്പോഴും ലഭിക്കാറുള്ള പോലെ ഒരു വാഗ്ദാനവും ഇല്ലാത്ത ഒരു ലളിതമായ മെയിൽ മാത്രം - Wish you a happy Birthday !


അതേ , ഇന്ന് എന്റെ ജന്മദിനമായിരുന്നു ! അവരെല്ലാവരും കൂടി പറഞ്ഞപ്പോൾ എനിക്കും മനസ്സിലായി , വയസ്സ് 43 കഴിഞ്ഞു !!!.

3 comments:

Areekkodan | അരീക്കോടന്‍ said...

ഇപ്പോൾ ഞാൻ പ്രത്യേകിച്ച് ഒന്നും നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാത്ത സ്ഥിതിക്ക് എന്നെ വി.ഐ.പി ആക്കാൻ കണ്ട ഒരു സമയം…...അതും ഞാൻ ഡിലീറ്റ് ആക്കി.ഇല്ലെങ്കിൽ ഗൂഗിളമ്മ ഇനിയും കൊടി പൊക്കും!!!

ajith said...

വി.ഐ.പീ

Cv Thankappan said...

വാഗ്ദാനപ്രവാഹം.
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക