വർഷത്തിൽ അറുപത് പുസ്തകങ്ങൾ എങ്കിലും വായിക്കുക; അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകമായിരിക്കുക എന്ന ഒരു തീരുമാനം എൻ്റെ ഒരു ഗമണ്ടൻ തീരുമാനം തന്നെയായിരുന്നു. അത് നടപ്പിലാക്കാൻ പറ്റും എന്ന് ഞാൻ കഴിഞ്ഞ വർഷം തെളിയിച്ചു. ഈ വർഷവും ലക്ഷ്യത്തിലേക്ക് എത്താൻ ഇനി രണ്ട് പുസ്തകദൂരം മാത്രം.
എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും മക്കൾ വാങ്ങിയതാണ്. എങ്ങനെയാണ് അതിൻ്റെ തെരഞ്ഞെടുപ്പ് എന്ന് അറിയില്ല എങ്കിലും വായിച്ചാൽ ഒരു ഒന്നൊന്നര ഫീലിംഗ് കിട്ടുന്നവയാണ് ഈ പുസ്തകങ്ങൾ എന്ന് ഞാൻ അനുഭവിച്ചറിയുന്നു. പ്രസ്തുത വായനയിൽ വന്ന ഒരു പുസ്തകമാണ് ഡോ. പോൾ കലാനിധിയുടെ “When Breath Becomes Air” (പ്രാണൻ വായുവിലലിയുമ്പോൾ എന്ന പേരിൽ ഇതിൻ്റെ മലയാള പരിഭാഷ ലഭ്യമാണ്).
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ" എന്ന ഗാനം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയതും അതു കൊണ്ടായിരിക്കാം.
മേൽ സൂചിപ്പിച്ച പോലെയുള്ള ഒരു ജീവിതം കൈമുതലായുണ്ടായിരുന്ന, സ്വന്തം പ്രൊഫഷനിൽ വിജയങ്ങൾ കൊയ്ത് ഉന്നതിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഒരു ന്യൂറോ സർജനായിരുന്നു പോൾ കലാനിധി. നിനച്ചിരിക്കാതെ അർബുദമെന്ന ഭീകര രോഗത്തിന് ഡോക്ടറും അടിമപ്പെട്ടു.
മരണം മുന്നിൽ കണ്ടു കൊണ്ട് ഡോക്ടറായ പോൾ കലാനിധി എഴുതിയതാണ് When Breath Becomes Air എന്ന പുസ്തകം. ഒരു കാലത്ത് സാഹിത്യത്തെ പ്രണയിച്ച ഡോക്ടർ ജീവിതത്തെയും, മരണത്തിനുള്ള കാത്തിരിപ്പിനേയും വളരെ മനോഹരമായി കടലാസിലേക്ക് പകർത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള വായനക്കാർ ഹൃദയത്തിൽ സ്വീകരിച്ചു.
ഒരേ സമയം ഡോക്ടറും രോഗിയും ആവുന്നത് എത്ര തീവ്രമായ പരീക്ഷണമാണെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു. മരണം വിളിപ്പുറത്ത് എത്തി നിൽക്കുമ്പോഴും ഐ.വി.എഫ് ലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാനും എട്ട് മാസത്തോളം കുഞ്ഞിനൊപ്പം ജീവിക്കാനും അദ്ദേഹത്തിന്റെ മനസ്ഥൈര്യം ഒന്ന് കൊണ്ട് മാത്രം സാധിച്ച നേട്ടമാണ്. മറ്റ് അവയവങ്ങളിലേക്ക് കൂടി പടർന്ന് പിടിച്ച ശ്വാസകോശാർബുദം ( Metastatic Lung Cancer) ആണ് തൻ്റേതെന്ന് പോൾ തിരിച്ചറിയുന്നതും മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രതിപാദിക്കുന്നതും ഒരു കാര്യം വ്യക്തമാക്കുന്നു - രോഗങ്ങൾ ആർക്കും വരാം; നമ്മൾ അതിനെ എങ്ങനെ പോസിറ്റീവായി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഭാര്യ ലൂസി കലാനിധിയുടെ കുറിപ്പോടെയാണ് പുസ്തകം അവസാനിക്കുന്നത്.
മെഡിക്കൽ പദങ്ങളും പ്രക്രിയകളും വിശദീകരണമില്ലാതെ പ്രതിപാദിക്കുന്നത് വായനയുടെ ഒഴുക്കിനെ ബാധിക്കും എന്നതൊഴിച്ചാൽ When Breath Becomes Air മികച്ച ഒരു വായനാനുഭവമാണ്.
പുസ്തകം: When Breath Becomes Air
രചയിതാവ്: Paul Kalanidhi
പബ്ലിഷർ: Penguin Random House
പേജ് : 228
വില: Rs 599


1 comments:
ഒരേ സമയം ഡോക്ടറും രോഗിയും ആവുന്നത് എത്ര തീവ്രമായ പരീക്ഷണമാണെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക