സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രം എനിക്ക് അത്ര പ്രിയപ്പെട്ടതായി തോന്നിയിരുന്നില്ല. ഒരു പക്ഷേ അത് പഠിപ്പിക്കപ്പെട്ട രീതി ആയിരിക്കാം അതിന് കാരണം. എങ്കിലും പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ എല്ലാവരെയും പോലെ ഞാനും സെക്കൻ്റ് ഗ്രൂപ്പ് എടുത്തു. ഗണിതശാസ്ത്രം അത്ര തന്നെ വഴങ്ങാത്തതിനാലായിരുന്നു ഫിസിക്സും കെമിസ്ട്രിയും ബയോളജിയും അടങ്ങുന്ന സെക്കൻ്റ് ഗ്രൂപ്പ് എടുത്തത്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് എൻ്റെ ഇഷ്ടപ്രകാരം ഫിസിക്സിനാണ് ചേർന്നത്. ശേഷം ഫിസിക്കൽ സയൻസിൽ ബി.എഡും ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടി.
പഠനത്തിനിടയിൽ തന്നെ ഞാൻ ട്യൂഷൻ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു. കണക്ക് കഴിഞ്ഞാൽ പിന്നെ മിക്ക കുട്ടികളും ഭയപ്പെടുന്ന ഫിസിക്സ് തന്നെയായിരുന്നു ഞാൻ കൈകാര്യം ചെയ്തിരുന്നത്. പഠനകാലത്ത് ഞാൻ നേരിട്ട ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, ഫിസിക്സിനെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചായിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടികളിൽ പലർക്കും ഫിസിക്സ് രസകരമായി അനുഭവപ്പെടാൻ തുടങ്ങി. സ്കൂൾ ക്ലാസുകളിൽ നിന്ന് മാറി പ്ലസ്ടു കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴും മിക്ക വിദ്യാർത്ഥികളും പേടിക്കുന്ന ഫിസിക്സിലെ കണക്കുകൾ ലളിതമാക്കാനുള്ള വഴികൾ പറഞ്ഞു കൊടുത്തുകൊണ്ട് ആ പേടി നീക്കിക്കൊടുത്തു (ഇപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ് എടുക്കാറില്ല).
യഥാർത്ഥത്തിൽ സയൻസ് പഠനം ആസ്വാദ്യകരമാകുന്നത് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്. അതുമല്ലെങ്കിൽ അതിന് ദൈനംദിന ജീവിതത്തിലുള്ള റോൾ മനസ്സിലാക്കുമ്പോഴാണ്. ഒരുദാഹരണം പറയാം.നിങ്ങളിൽ പലരും നടക്കുന്നതിനിടയിൽ വീണിട്ടുണ്ടാകും. മിക്കവാറും മുറിവോ ചതവോ ഒടിവോ പറ്റിയിട്ടുണ്ടാകും. എന്നാൽ പാതയോരത്ത് വീണു കിടക്കുന്ന മിക്ക മദ്യപാനികളുടെയും ദേഹത്ത് നാം ഇതൊന്നും കാണാറില്ല. ഞാൻ മനസ്സിലാക്കിയത് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം ആണ് ഇതിന് കാരണം എന്നാണ്.
'എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും' എന്നാണ് മൂന്നാം ചലന നിയമം പറയുന്നത്. ബോധമുള്ള ഒരാൾ വീഴുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കും. അതായത് അയാൾ ഒരു ബലം പ്രയോഗിച്ച് നോക്കും. അയാൾ എത്ര ബലം പ്രയോഗിക്കുന്നുവോ അത്രയും പ്രതിപ്രവർത്തന ബലം ഭൂമി അയാളുടെ മേൽ തിരിച്ചു പ്രയോഗിക്കും. അതിനനുസരിച്ചുള്ള ഒരു പരിക്കും പറ്റും. ഇനി ഒരു മദ്യപാനി വീഴുമ്പോൾ സ്വബോധത്തോടെയല്ല വീഴുന്നത് എന്നതിനാൽ മേൽ പറഞ്ഞ രക്ഷപ്പെടാനുള്ള ബലപ്രയോഗവും പ്രതിപ്രവർത്തന ബലവും ഉണ്ടാകില്ല. അതിനാൽ അയാൾക്ക് പരിക്കും ഉണ്ടാകാൻ സാധ്യതയില്ല.
മേൽ പറഞ്ഞ നിയമം നൂറാവർത്തി പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം നിത്യജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ വിദ്യാർത്ഥികൾ അവരുടെ നിത്യജീവിതത്തിലെ പലതിനെയും ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും. അതുവഴി സയൻസ് അവരുടെ പേടി സ്വപ്നങ്ങളിൽ നിന്നും അകലും. പകരം അവർ കിനാവുകൾ കാണാൻ തുടങ്ങും. അത് അവരുടെ പഠന പുരോഗതിയിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് എൻ്റെ വിശ്വാസം.
ഉയരത്തിൽ നിന്ന് വീഴുന്ന പൂച്ചക്ക് മുറിവ് പറ്റാത്തത് എന്തുകൊണ്ട് ? നീന്തൽ താരങ്ങൾ കൈ നീട്ടിപ്പിടിച്ച് കൂപ്പിക്കൊണ്ട് ചാടുന്നത് എന്തിന്? ഇരുമ്പാണി വെള്ളത്തിലിട്ടാൽ മുങ്ങുമ്പോൾ അതേ ഇരുമ്പ് നിർമ്മിത കപ്പലുകൾ മുങ്ങാത്തത് എന്തുകൊണ്ട് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇങ്ങനെ നിത്യ ജീവിത ഗന്ധിയായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. നിയമങ്ങൾ ഉരുവിട്ട് പഠിക്കുന്നതിലുപരി ജീവിതവുമായി ബന്ധപ്പെടുത്തി അവ വിശദീകരിച്ചാൽ ഏത് വിദ്യാർത്ഥിയും ശാസ്ത്രകുതുകിയാകും.
കുട്ടികൾക്ക് ശാസ്ത്രം ലളിതമായി മനസ്സിലാക്കാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളാണ് മേഖലാ ശാസ്ത്ര കേന്ദ്രങ്ങൾ. മലബാറിലെ മേഖലാ ശാസ്ത്ര കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. അവിടത്തെ വിശേഷങ്ങൾ മറ്റൊരു പോസ്റ്റിൽ പറയാം.

1 comments:
ഉയരത്തിൽ നിന്ന് വീഴുന്ന പൂച്ചക്ക് മുറിവ് പറ്റാത്തത് എന്തുകൊണ്ട് ?
Post a Comment
നന്ദി....വീണ്ടും വരിക