Pages

Monday, December 15, 2025

ജൈവകർഷക കുടുംബസംഗമം

ഒരു വർഷം മുമ്പാണ് കേരള ജൈവ സംരക്ഷണ സമിതി എന്നൊരു വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ അംഗമായത്.അഖില കേരളാടിസ്ഥാനത്തിൽ നൽകപ്പെടുന്ന ജൈവ കർഷക അവാർഡ് നിർണ്ണയത്തിനായി പാലക്കാട്ടുകാരൻ നാരായണേട്ടൻ്റെ നേതൃത്വത്തിലുള്ള ഒരു മൂവർ സംഘം എൻ്റെ ചെറിയ പച്ചക്കറിത്തോട്ടം സന്ദർശിച്ചതിന് പിന്നാലെയാണ് എന്നെ ഈ ഗ്രൂപ്പിൽ ചേർത്തത്. 

ബഡാ വമ്പൻ കർഷകർക്കിടയിൽ ഒരു അശു മാത്രമായ ഞാൻ പ്രസ്തുത ഗ്രൂപ്പിൽ സാന്നിദ്ധ്യം അറിയിക്കാറേ ഇല്ല. ബട്ട്, ഗ്രൂപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങൾ മിക്കവയും വായിച്ച് നോക്കും. അങ്ങനെ മാസങ്ങളായി ഞാൻ കണ്ട് കൊണ്ടിരിക്കുന്ന ഒരു മെസേജ് ആയിരുന്നു ഓരോ മാസത്തെയും ആദ്യത്തെ ഞായറാഴ്ച നടത്തുന്ന പ്രതിമാസ കർഷക കുടുംബസംഗമം. ഏതെങ്കിലും ഒരു കർഷകൻ്റെ ഫാമിൽ / തോട്ടത്തിൽ വെച്ച് ഒരു ദിവസത്തെ പ്രോഗ്രാമായാണ് ഇത് നടക്കാറ്.

സംഗമം കഴിഞ്ഞ് ഗ്രൂപ്പിൽ വരുന്ന ഫോട്ടോകളും ഒത്തുചേരലിൻ്റെ സന്തോഷ പ്രകടനങ്ങളും വിവരണങ്ങളും എല്ലാം കാണുമ്പോൾ അടുത്ത തവണ എന്തായാലും പങ്കെടുക്കണം എന്ന് തോന്നാറുണ്ട്. കറക്ട് ആ ഞായറാഴ്ച തന്നെ എന്തെങ്കിലും ഒരു പ്രോഗ്രാം തലയിൽ വീഴുകയോ മറന്ന് പോവുകയോ ചെയ്യും. ബട്ട്, ഇത്തവണ അങ്ങനെ ഒരു തടസ്സങ്ങളും ഇല്ലാതെ ഡിസംബറിലെ ആദ്യ ഞായറാഴ്ച ഒഴിഞ്ഞ് കിട്ടി.

അട്ടപ്പാടിയിലെ അബന്നൂരിൽ കുമാരേട്ടൻ്റെ സൈരന്ധ്രി ഡ്രാഗൺ ഫ്രൂട്ട് ഫാമിൽ വച്ചായിരുന്നു ഡിസംബറിലെ സംഗമം പ്ലാൻ ചെയ്തത്. ഒരു വർഷം മുമ്പ് എൻ്റെ പത്താം ക്ലാസ് ബാച്ചിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി കാരറ യു.പി സ്കൂളിൽ പോയതും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതും എൻ്റെ മനസ്സിൽ പച്ച പിടിച്ചു നിന്നിരുന്നു. 

കുടുംബത്തിനും ഒരു യാത്ര ചെയ്താൽ കൊള്ളാം എന്ന ആഗ്രഹമുള്ളതിനാൽ പ്രസ്തുത സംഗമത്തിലേക്ക് ഞാൻ അവരെയും ക്ഷണിച്ചു. വർഷങ്ങൾക്ക് മുമ്പ് സൈലൻ്റ് വാലിയിൽ പോയതിൻ്റെ മധുരിക്കുന്ന ഓർമ്മകൾ ഉള്ളതിനാൽ അവരും റെഡിയായി. അങ്ങനെ ഡിസംബർ 7 ഞായറാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെട്ട് വഴിയോരക്കാഴ്ചകളും ആസ്വദിച്ച് കൃത്യം പത്ത് മണിക്ക് ഞങ്ങൾ സൈരന്ധ്രി ഗാർഡനിൽ എത്തി.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നൂറോളം പേർ സംഗമത്തിന് എത്തിയിരുന്നു. ഇഞ്ചി നീരും കരിമ്പ് നീരും തേനും ചേർത്ത ഒരു പാനീയമായിരുന്നു വെൽകം ഡ്രിങ്ക്. സ്വയം പരിചയപ്പെടുത്തലിന് ശേഷം മുൻ കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ ഡോ.കൃഷ്ണകുമാർ സാറിൻ്റെ ക്ലാസ്സ് ആരംഭിച്ചു. "വൃക്ഷായുർവേദം" എന്ന ഇതുവരെ കേൾക്കാത്ത വിഷയത്തിൽ സാർ കത്തിക്കയറിയപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല.ക്ലാസ് കേട്ട ഏകദേശം എല്ലാവരും അതേ പേരിൽ അദ്ദേഹം എഴുതിയ പുസ്തകവും വാങ്ങി (Rs 200). കാരണം അത്രയ്ക്കും വിജ്ഞാനപ്രദമായിരുന്നു ആ ക്ലാസ്.

ഉച്ചഭക്ഷണം ശരിക്കും പൊളിച്ചു.തവിട് കളയാത്ത ചേകാടി അരി കൊണ്ടുള്ള ചോറും മുളക് പൊടിയിടാത്ത സാമ്പാറും ചീരത്തോരനും വാഴത്തട്ടത്തോരനും കയ്പ അച്ചാറും അവിയലും അടങ്ങിയ ജൈവസദ്യയായിരുന്നു കുമാരേട്ടൻ ഒരുക്കിയത്. അകമ്പടിയായി ചേകാടി അരിയുടെ തന്നെ പായസവും കൂടിയായപ്പോൾ എല്ലാവരുടെയും വയറും മനവും നിറഞ്ഞു. ഏതോ ഒരു സംരംഭകൻ്റെ ബനാന ഹൽവയും കൂടിയായപ്പോൾ ഭക്ഷണം അസ്സലായി.

ഉച്ചക്ക് ശേഷം അൽപനേരം കൂടി ക്ലാസ് തുടർന്നു. ശേഷം ഫാം വിസിറ്റിംഗ് ആയിരുന്നു. ഇരുപത്തിമൂന്ന് ഏക്കർ വരുന്ന ഫാമിൻ്റെ ചെറിയ ഒരു ഭാഗം മാത്രമാണ് കാണാൻ സാധിച്ചത്. ഇതിനിടയിൽ പലരും ചെയ്ത പോലെ ഞാനും വിവിധതരം മുളക് വിത്തുകളും ഭാര്യ വിവിധ തരം പത്ത് മണിപ്പൂച്ചെടികളും ഫാമിൽ നിന്ന് ശേഖരിച്ചു. മറ്റ് കർഷക സംരംഭകർ വിൽപനക്ക് വെച്ച സാധനങ്ങളും ഞാൻ വാങ്ങി.

സംഗമം അവസാനിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. പങ്കെടുത്ത എല്ലാവർക്കും ഫാം ഉടമ കുമാരേട്ടൻ്റെ വക കൈ നിറയെ സമ്മാനങ്ങൾ ഉണ്ടായിരുന്നു. വേര് പിടിപ്പിച്ച ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ, ആറ് വീതം തക്കാളി, പച്ചമുളക്, വഴുതന തൈകൾ,150 ഗ്രാം തേൻ, സ്വന്തം തോട്ടത്തിൽ നിന്നുള്ള ഒരു പാക്കറ്റ് കടുക് എന്നിവയായിരുന്നു സമ്മാനക്കിറ്റിൽ ഉണ്ടായിരുന്നത്. എനിക്കും കുടുംബത്തിനും കൂടി അഞ്ച് കിറ്റ് കിട്ടി! 

കൃഷ്ണകുമാർ സാറിനെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ മെല്ലെ അടുത്ത് കൂടി. കുട്ടികളെ ഇത്തരം സംഗമത്തിൽ പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മോൻ പഞ്ചായത്ത് തല കുട്ടിക്കർഷക അവാർഡ് ജേതാവാണ് എന്നറിയിച്ചപ്പോൾ അവനെ ചേർത്ത് പിടിച്ച് അദ്ദേഹം തൻ്റെ പേന സമ്മാനമായി നൽകി.

മടക്കയാത്രയിൽ അട്ടപ്പാടിയിൽ താമസക്കാരിയായ എൻ്റെ പ്രീഡിഗ്രി ക്ലാസ്മേറ്റ് സിന്ധുവിനെയും സന്ദർശിച്ചു. ഭാര്യ അവിടെ നിന്ന് പലതരം പോപ്പി ചെടികളും ആമ്പലും മറ്റും കരസ്ഥമാക്കി. അങ്ങനെ മൊത്തത്തിൽ അട്ടപ്പാടി യാത്ര അവിസ്മരണീയമായി.

വാൽ: വീട്ടിൽ തിരിച്ചെത്തിയ ശേഷം പത്ത് വയസ്സുള്ള എൻ്റെ മോൻ്റെ ചോദ്യം - "ഈ സംഗമം വർഷത്തിലാണോ നടക്കാറ്?"

"അല്ല, മാസത്തിൽ ആദ്യത്തെ ഞായറാഴ്ച"
"എങ്കിൽ അടുത്തതിനും നമുക്ക് പോകണം"

0 comments:

Post a Comment

നന്ദി....വീണ്ടും വരിക