Pages

Monday, February 16, 2026

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ

ന്യൂഇയർ ഫ്രണ്ട് എന്ന ഒരു പരിപാടി സ്കൂളുകളിലും ഓഫീസുകളിലും എല്ലാം ഇപ്പോൾ സർവ്വ സാധാരണമാണ്. പുതു വർഷത്തോടനുബന്ധിച്ച് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഓരോരുത്തരും നറുക്കെടുത്ത് അവർക്ക് കിട്ടുന്ന ആൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൈമാറുന്നതാണ് പരിപാടി. പുതുവർഷത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഒരു സമ്മാനം ലഭിക്കുന്നത് ആ വർഷത്തിൽ പ്രതീക്ഷയോടെ മുന്നേറാൻ പ്രചോദനം നൽകും എന്നതായിരിക്കാം ഇത്തരം ഒരു പരിപാടിക്ക് പിന്നിലെ ഉദ്ദേശ്യം.

2026 ൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക്  ന്യൂയർ ഫ്രണ്ടായി കിട്ടിയത് അസിസ്റ്റൻ്റ് പ്രൊഫസറായ മുനീറ ടീച്ചറെയാണ്. പുതുതായി വന്ന ടീച്ചർ ആയതിനാൽ എനിക്കവരെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അതിനാൽ ഒരു കോമൺ പ്രാക്ടീസ് എന്ന നിലയിൽ  വീട്ടിൽ അതിഥി സൽക്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു ഗ്ലാസ് സെറ്റ് ഞാൻ അവർക്ക് സമ്മാനമായി നൽകി.

എന്നെ ന്യൂയർ ഫ്രണ്ടായി കിട്ടിയത് വിനോദൻ മാഷിനായിരുന്നു.എൻ്റെ എഴുത്തിനെയും വായനയെയും പറ്റി മുൻധാരണയുള്ളതിനാൽ വിനോദൻ മാഷ് എനിക്ക് തന്നത് "കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ" എന്ന പുസ്തകമായിരുന്നു. 2025 ൽ ഇറങ്ങിയ പുസ്തകത്തിൻ്റെ 42-ാം പതിപ്പാണ് എനിക്ക് കിട്ടിയത് എന്നത് തന്നെ വായനക്കാർ ആ പുസ്തകത്തെ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ തെളിവാണ്.

കമ്പിളിക്കണ്ടത്തിൽ നിന്ന് തുടങ്ങി പാരീസ് വരെ എത്തുന്ന തൻ്റെ കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള അനുഭവങ്ങളാണ് ബാബു അബ്രഹാം ഈ പുസ്തകത്തിൽ കുറിച്ച് വയ്ക്കുന്നത്. പക്ഷേ, ഈ രേഖപ്പെടുത്തലിൽ വായനക്കാരുടെ ഹൃദയത്തിൽ കയറുന്നത് മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ജീവിത പരീക്ഷണങ്ങൾ എങ്ങനെ നേരിടണം എന്ന് പ്രായോഗികമാക്കി കാണിച്ചു കൊടുത്ത മേരി എന്ന അമ്മയാണ്.

"എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് ഇതുപോലെ അറുത്ത് മുറിച്ച് പറയാൻ ഒരു സ്ത്രീക്ക് സാധിച്ചെങ്കിൽ അവരുടെ  ധൈര്യവും വീര്യവും നിർണ്ണയാതീതമാണ്. 

ഒരായുസ്സിൽ നേരിടേണ്ട മുഴുവൻ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മക്കൾക്ക് അവർ നേടിക്കൊടുത്തത് യഥാർത്ഥ ജീവിതമായിരുന്നു .തന്റെ കുഞ്ഞുമകള്‍ക്ക് നേരെ മോഷണാരോപണം വന്നപ്പോള്‍ ആ പിഞ്ചുകൈ പാറയിൽ വെച്ച് കൊയ്ത്തരിവാളിൻ്റെ മടകൊണ്ട് തള്ളവിരലിനിട്ട് അടിച്ച ആ അമ്മ, സത്യത്തിൻ്റെ മൂല്യം മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.

വിശപ്പിൻ്റെ കാഠിന്യം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും ശരിക്കും മനസ്സിലാകും.നന്നായി പണിയെടുത്താൽ മാറുന്നതാണ് ദാരിദ്ര്യമെന്ന      അമ്മയുടെ വാക്കുകളെ ആ മകൻ പിന്‍തുടർന്നു . പ്രതിസന്ധികൾ ഓരോന്നും നേരിടുമ്പോൾ അയാളെ നയിച്ച ഉള്‍വാഞ്ഛകളെ വായനക്കാർ മനസ്സിലാക്കി തന്നെ പഠിക്കേണ്ടതുണ്ട്. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്ന് ഈ കൃതിയെപ്പറ്റി പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് എൻ്റെ വായനാനുഭവം. മക്കളെ കൂടി ഈ പുസ്തകം വായിപ്പിക്കാന്‍ ഓരോ രക്ഷിതാവും മുൻകൈ എടുക്കുകയും വേണം.

പുസ്തകം: കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ
രചയിതാവ്: ബാബു അബ്രഹാം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ് : 207
വില: 300 രൂപ

1 comments:

Areekkodan | അരീക്കോടന്‍ said...

കമ്പിളിക്കണ്ടത്തെ കൽഭരണി വല്ലാത്തൊരു ഭരണി തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക