നടന്നു വന്ന അതേ വഴിയിലൂടെ തന്നെ ഞങ്ങൾ തിരിച്ചു നടന്നു.നേരത്തെ കണ്ട വാസ്കോ ഡ ഗാമ സ്‌ക്വയറും കടന്ന് ഞങ്ങൾ മുന്നോട്ട് പോയി.ബിനാലെയുടെ ഭാഗമായി ഒരു പന്തലിൽ ഒരു വർക്‌ഷോപ് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ കോമ്പൗണ്ടിലേക്ക് കയറിയപ്പോഴാണ് അത് ബാസ്റ്റിൻ ബംഗ്ലാവ് എന്ന മ്യൂസിയം ആണെന്ന് മനസ്സിലായത്.ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് 1667 ൽ നിർമ്മിച്ച ബാസ്റ്റിയൻ ബംഗ്ലാവ്.
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട പോർട്ടുഗീസുകാരാണ് ഫോർട്ട് കൊച്ചിയിൽ സ്ഥാപിച്ചത്.ഈ കോട്ടയുടെ എല്ലാ മൂലകളിലും കൊത്തളങ്ങൾ ഉണ്ടായിരുന്നു.പിന്നീട് ഡച്ചുകാർ കൊച്ചി കീഴടക്കി ഈ കോട്ട നവീകരിച്ചു.അറബിക്കടലിലേക്ക് ഉയരക്കാഴ്ച നൽകുന്ന സ്‌ട്രോംബെർഗ് കൊത്തളം (Stromberg Bastion) ഈ കോട്ടയിലെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കോട്ട തകർക്കുകയും സ്‌ട്രോംബെർഗ് ബാസ്റ്റിയൻ നിലനിന്നിരുന്ന സ്ഥാനത്ത് ഒരു ബംഗ്ലാവ് നിർമ്മിക്കുകയും ചെയ്തു.അത് ബാസ്റ്റിൻ ബംഗ്ലാവ് എന്നറിയപ്പെട്ടു.
നിലവിൽ കേരള സർക്കാരിന്റെ കീഴിലെ പൈതൃക മ്യൂസിയമാണ് ബാസ്റ്റിൻ ബംഗ്ലാവ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് പ്രവേശന ചാർജ്ജ്.കൊച്ചിയുടെ ചരിത്രം അന്വേഷിക്കുന്നവർ ബാസ്റ്റിൻ ബംഗ്ലാവ് തീർച്ചയായും സന്ദർശിക്കണം.
ബാസ്റ്റ്യൻ ബംഗ്ലാവിൽ നിന്ന് ഏതാനും വാരകൾ മാത്രം മുന്നോട്ട് നടന്നപ്പോൾ ഞങ്ങൾ വീണ്ടും ഒരു പഴയ ചർച്ചിൻ്റെ മുന്നിലെത്തി.1503 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച സെൻ്റ് ഫ്രാൻസിസ് ചർച്ച് ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ചർച്ചുകളിൽ ഒന്നാണിത്. സഞ്ചാരികളുടെ തിരക്ക് കാരണം ഞാൻ പള്ളിയുടെ ചരിത്രം ഒന്ന് ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് ഈ ചർച്ചിൻ്റെ മറ്റു വിവരങ്ങൾ അറിഞ്ഞത്.
വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം വരവിൽ മലേറിയ ബാധിച്ച് അദ്ദേഹം മരിച്ചു (ആ യാത്രയിലെ അയാളുടെ ക്രൂരകൃത്യങ്ങളുടെ ഒരു വിവരണം ഈ യാത്രക്ക് ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു). അന്ന് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തത് ഈ പള്ളിയിലാണ്. പള്ളിക്കകത്ത് പ്രത്യേകം വേർതിരിച്ച ചെറിയ ഒരു കുഴിമാടം കാണാം. പതിനാല് വർഷങ്ങൾക്ക് ശേഷം ഭൗതികാവശിഷ്ടങ്ങൾ ഇവിടെ നിന്നും പോർച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റി എന്ന് ചരിത്രം പറയുന്നു.ചർച്ചിൻ്റെ ഗേറ്റിന് സമീപം ഒരു കരിങ്കൽ സ്തൂപം കാണാം. ഒന്നാം ലോകമഹാ യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മക്കായി സ്ഥാപിച്ചതാണ് അതെന്ന് പറയപ്പെടുന്നു.
ചർച്ചിൽ നിന്നും പുറത്തിറങ്ങി അല്പം കൂടി നടന്നപ്പോൾ പഴയ ഒരു ഇരുനില കെട്ടിടം കണ്ടു. അതിൻ്റെ മട്ടുപ്പാവിൽ ഒരു പോർച്ചുഗീസ് നാവികൻ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നതായി വെറുതെ എനിക്ക് തോന്നി. താഴെ നിലയിലുള്ള കച്ചവടക്കാരോട് ചോദിച്ചപ്പോൾ വാസ്കോഡഗാമ താമസിച്ചതായി പറയപ്പെടുന്ന വീടാണ് അതെന്ന് മനസ്സിലായി. നിലവിൽ അതൊരു ഹോം സ്റ്റേ ആയതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.
കൂടുതൽ സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും ആസ്പിൻ വാളിലേക്ക് നടന്നു. ടിക്കറ്റെടുത്ത് ബിനാലെ കണ്ട ശേഷം മട്ടാഞ്ചേരിയിലേക്ക് നടക്കാൻ തുടങ്ങി. ഇടക്ക് ഒരു പള്ളി കണ്ടതോടെ അവിടെ കയറി നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ ധാരാളം യൂത്തൻമാർ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ വന്ന അവരിൽ ഭൂരിഭാഗവും മലപ്പുറത്ത് നിന്നുള്ളവരായിരുന്നു.
നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മട്ടാഞ്ചേരിയിലേക്ക് ഒരു ഓട്ടോ കിട്ടി . അങ്ങനെ എൺപത് രൂപക്ക് ഞങ്ങൾ ഡച്ച് പാലസിന് മുന്നിലെത്തി. മുമ്പ് കണ്ടതാണെങ്കിലും ലൂന മോൾക്കും ലിദു മോനും വേണ്ടി ഡച്ച് പാലസും ജൂതത്തെരുവും സിനഗോഗും വീണ്ടും സന്ദർശിച്ചു. നേരത്തെ ഓട്ടോക്കാർ എണ്ണൂറ് രൂപ പറഞ്ഞ സ്ഥലങ്ങളിൽ മിക്കതും ഞങ്ങൾ കണ്ടു.
വീണ്ടും വാട്ടർ മെട്രോയിൽ കയറി ഞങ്ങൾ മറൈൻ ഡ്രൈവിലെത്തി. ഇന്നലെ തിരക്ക് കാരണം ഒഴിവാക്കിയ ബിരിയാണിയുടെ രുചി ഇന്നറിഞ്ഞു. റൂം രാവിലെ വെക്കേറ്റ് ചെയ്തിരുന്നെങ്കിലും ഫ്രഷ് ആവാനുള്ള സൗകര്യങ്ങൾ നിസാർക്ക ചെയ്ത് തന്നിരുന്നു.
നമസ്കാരവും ഫ്രഷ് അപ്പും കഴിഞ്ഞ് ബില്ലടക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് താമസവും ഭക്ഷണവും എല്ലാം സൗജന്യമായിരുന്നു എന്നറിഞ്ഞത്. യാത്ര പറയാനായി നിസാർക്കയെ അന്വേഷിച്ചപ്പോൾ മറൈൻ ഡ്രൈവ് വാക് വേയിലെ ടീ ഷോപ്പിൽ ഉണ്ടാകും എന്ന് പറഞ്ഞു. നിസാർക്കയെ തേടിപ്പിടിച്ച് നല്ലൊരു ടിപ്പും നൽകി ഞങ്ങൾ കൊച്ചിയോട് വിട പറഞ്ഞു. മെട്രോ ട്രെയിൻ വഴി ആലുവയിലും അവിടെ നിന്ന് അങ്കമാലിയിലും എത്തി. നേരത്തെ റിസർവ് ചെയ്ത കെ.എസ്.ആർ.ടി.സി വഴി പുതുവർഷപ്പുലർച്ചെ നാട്ടിലെത്തിയതോടെ 2025 ലെ അവസാന യാത്രയും വിജയകരമായി സമാപിച്ചു.
(അവസാനിച്ചു)






0 comments:
Post a Comment
നന്ദി....വീണ്ടും വരിക