ടൂർ ഡി കൊച്ചി - 2 ( Click & Read )
കൊച്ചി യാത്ര ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴേ, കൊച്ചിയിൽ താമസിക്കുന്ന എൻ്റെ സുഹൃത്ത് ഖൈസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു.എൻ്റെ സന്ദർശന സമയക്രമമനുസരിച്ച് കാണാൻ പറ്റുന്ന കാഴ്ചകൾ ഏതെല്ലാമാണെന്ന് അവനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അപ്പോൾ, കേരള സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സാഗര റാണി എന്ന ബോട്ടിൽ കടലിലേക്ക് ഒരു യാത്ര ഉണ്ടെന്നും ഒരാൾക്ക് അറുന്നൂറ് രൂപയാകുമെന്നും മനസ്സില്ലാ മനസ്സോടെ ഖൈസ് സൂചിപ്പിച്ചു. കുടുംബ സമേതം ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്രക്ക് ശ്രമിച്ചിട്ട് നടക്കാത്തതിനാൽ കടലിലൂടെയുള്ള ഈ യാത്ര ഒരു താല്കാലിക ആശ്വാസമാകും എന്ന് ഞാൻ കണക്കു കൂട്ടി.
സാഗര റാണിയിൽ യാത്ര ചെയ്യാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. മറൈൻ ഡ്രൈവിലെ ഹൈകോർട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ മുതൽ തുടങ്ങുന്ന വിവിധതരം പാക്കേജുകൾ ലഭ്യമാണ്. ഞാൻ തെരഞ്ഞെടുത്തത് വൈകിട്ട് 5.30 മുതൽ 7.30 വരെ നീളുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സൺസെറ്റ് പാക്കേജാണ്. കടലിൽ വീഴുന്ന സൂര്യനെ കടലിൽ പോയി കാണാം എന്നതാണ് ഇതിൻ്റെ പ്രത്യേകത (അത് കരയിൽ നിന്ന് കണ്ടാലും കടലിൽ നിന്ന് കണ്ടാലും പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല).
പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും അറുനൂറ് രൂപയും കുട്ടികൾക്ക് മുന്നൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും റിസർവ് ചെയ്ത ടിക്കറ്റിൽ തന്നെ തെറ്റ് തിരുത്തുന്നതിനും ഫോണിലുടെ ഒരു ഒഫീഷ്യൽ എന്നെ വളരെയധികം സഹായിച്ചു.
അഞ്ചര മണിക്ക് തുടങ്ങുന്ന യാത്രക്ക് അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണം. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ,ജെട്ടിയുടെ തൊട്ടടുത്തുള്ള കേരള സ്റ്റേറ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് ൻ്റെ കൗണ്ടറിൽ കാണിച്ച് ബോർഡിംഗ് പാസ് എടുക്കണം. ഒരു ബോട്ടിൽ നൂറോളം പേർക്ക് ടിക്കറ്റ് നൽകും. അപ്പർ ഡക്കിലാണ് യാത്ര.
ആദ്യമാദ്യം ബോർഡിംഗ് പാസ് എടുക്കുന്നവർക്ക് അരികിലെ സീറ്റ് പിടിക്കാം. എവിടെയെങ്കിലുമൊക്കെ ഇരിക്കാനുള്ള സൗകര്യം എല്ലാവർക്കും കിട്ടും. ഏറ്റവും മുന്നിൽ വശങ്ങളിലായി ഇട്ട സീറ്റ് ആർക്ക് വേണ്ടി ഒഴിച്ചിട്ടതാണെന്ന് എനിക്ക് മനസ്സിലായില്ല. മക്കളോട് അവിടെ പോയിരിക്കാൻ ഞാൻ പറഞ്ഞു. യാത്രാവസാനം വരെ ആരും ആ സീറ്റിലേക്ക് വന്നില്ല എന്ന് മാത്രമല്ല കാഴ്ചകൾ വ്യക്തമായി കാണാനും ക്യാമറയിൽ പകർത്താനും അത് വഴി അവർക്ക് സാധിച്ചു.
കൃത്യം അഞ്ചരക്ക് തന്നെ യാത്ര ആരംഭിച്ചു. ഒരു അവതാരകനും സഹായിയും രണ്ട് ഡാൻസർമാരും ആയിരുന്നു ക്രൂ അംഗങ്ങൾ. ബോട്ടും കപ്പലും അല്ലാത്ത, കൊച്ചിൻ ഷിപ്പ് യാർഡിൽ തന്നെ നിർമ്മിച്ച ഒരു ജലയാനമാണ് സാഗര റാണി.കൊച്ചി കായലിൻ്റെ ഇരു തീരങ്ങളിലുമുള്ള വിവിധ കെട്ടിടങ്ങളും നിർമ്മിതികളും പരിചയപ്പെടുത്തിക്കൊണ്ടാണ് യാത്ര തുടങ്ങിയത്. വെല്ലിംഗ്ടൻ ഐലൻ്റ്, ഫോർട്ട് കൊച്ചി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊച്ചിൻ ഷിപ്പ് യാർഡ് അങ്ങനെ നിരവധി സ്ഥലങ്ങൾ ബോട്ടിലിരുന്ന് ഞങ്ങൾ വീക്ഷിച്ചു. അതിനിടയിൽ, ഞാൻ ആദ്യമായി യാത്ര ചെയ്ത കപ്പലായ എം.വി. അറേബ്യൻ സീ ഞങ്ങളുടെ തൊട്ടടുത്ത് കൂടി കടന്നു പോയത് എൻ്റെയുള്ളിൽ ഓർമ്മകളുടെ ഒരു സുനാമി തന്നെ സൃഷ്ടിച്ചു.
താമസിയാതെ തന്നെ ഒരു ഫ്രൂട്ടിയും ചെറിയ ഒരു പെട്ടിയും എല്ലാവർക്കും കിട്ടി. KSINC വകയായുള്ള സ്നാക്സ് ആയിരുന്നു അത്. കട്ലറ്റും കേക്കും മറ്റും ആയിരുന്നു പെട്ടിയിൽ.
കായൽ വിട്ട് മൂന്നാല് കിലോമീറ്ററോളം കടലിനകത്തേക്ക് ബോട്ട് പോയി. കടലിൻ്റെ തിരയനക്കം ബോട്ടിൽ ഞങ്ങൾ അനുഭവിച്ചു. വിവിധതരം വിനോദ പരിപാടികളുമായി കാബിൻ ക്രൂ അംഗങ്ങൾ സഞ്ചാരികളെ രസിപ്പിച്ചു കൊണ്ടിരുന്നു. ലുലു മോളും ഒരു പാട്ട് പാടിക്കൊണ്ട് നല്ല കയ്യടി നേടി. DJ ഫ്ലോറിലെ എല്ലാവരും ചേർന്നുള്ള തുള്ളിക്കളി വിട പറയുന്ന വർഷത്തിലെ അവസാന കലാപരിപാടിയുമായി.
കൃത്യം ഏഴര മണിക്ക് ഞങ്ങൾ ഹൈകോർട്ട് ജെട്ടിയിൽ തിരിച്ചെത്തി. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു യാത്ര എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കടലിനെ പേടിയില്ലാത്ത, കാതടപ്പിക്കുന്ന ശബ്ദങ്ങൾ അലോസരം സൃഷ്ടിക്കാത്ത, അല്പസ്വല്പം കൂട്ടത്തിൽ തുള്ളാൻ മനസ്സുള്ള സഞ്ചാരികൾക്ക് സാഗര റാണി യാത്ര ഇഷ്ടപ്പെടും.
(തുടരും...)



1 comments:
ഒരു തവണയെങ്കിലും സാഗര റാണി യാത്ര ആസ്വദിക്കുക.
Post a Comment
നന്ദി....വീണ്ടും വരിക