Pages

Thursday, January 29, 2026

മറൈൻ ഡ്രൈവ്, കൊച്ചി

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാൻ കൊച്ചി ആദ്യമായി കണ്ടത് എന്നാണ് എൻ്റെ ഓർമ്മ. മറൈൻ ഡ്രൈവ് എന്ന് കേട്ടിരുന്നു എന്നല്ലാതെ എന്താണ് അത് എന്നോ ആ പേര് എങ്ങിനെ വന്നു എന്നോ എന്നൊന്നും ചിന്തിച്ചിരുന്നേ ഇല്ല. നാവിക സേനാ ഉദ്യോഗസ്ഥന്മാരുടെ ക്വാർട്ടേഴ്സ് എന്ന് പറയപ്പെടുന്ന രണ്ട് പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കും മറൈൻ ഡ്രൈവ് എന്ന പേര് വന്നത് എന്ന് പിന്നീടെപ്പോഴോ ഞാൻ സ്വയമങ്ങ് തീരുമാനിച്ചു. പക്ഷേ, ആരോടും ആ  വിവരം വിളമ്പാൻ പോയില്ല.

പിൽക്കാലത്ത് മത്സര പരീക്ഷ എഴുതാനും ഇൻ്റർവ്യൂവിൽ പങ്കെടുക്കാനും സഞ്ചാരിയായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. കൊച്ചിയിൽ വന്നാൽ മറൈൻ ഡ്രൈവിൽ പോവുക എന്നത് ഒരു പതിവായി. കാരണം പല രാജ്യങ്ങളുടെയും സ്റ്റാമ്പുകൾ (ഒറിജിനൽ ആയിരുന്നോ എന്നറിയില്ല) അവിടെ നിന്നും വാങ്ങാൻ കിട്ടുമായിരുന്നു. സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി അന്നും ഇന്നും കൂടെയുള്ളതിനാൽ അത് വാങ്ങിയേ ഞാൻ വീട്ടിലേക്ക് തിരിക്കാറുള്ളൂ.

കല്യാണം കഴിഞ്ഞ് കുട്ടികളായ ശേഷവും കൊച്ചി കാണാനായും ബിനാലെ കാണാനായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. പക്ഷെ,മറൈൻ ഡ്രൈവിൽ സമയം ചെലവഴിക്കാൻ അധിക സമയം കണ്ടെത്തിയിരുന്നില്ല. ഇത്തവണ ബിനാലെ കാണാൻ പോകുമ്പോൾ ആ നഷ്ടം കൂടി നികത്തണം എന്ന് മനസ്സിൽ കരുതിയിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്കായി എൻ്റെ സുഹൃത്ത് ഖൈസ് ബുക്ക് ചെയ്ത ആസ്‌ട്രോ മറൈൻ ഹോട്ടൽ, മറൈൻ ഡ്രൈവിൽ തന്നെയായിരുന്നു. റൂമിലെത്തി ഫ്രഷായ ശേഷം ഞങ്ങൾ പുറത്തിറങ്ങി.

"ആദ്യം പോയി വള്ളം കളി കണ്ടോളൂ.." ഖൈസ് പരിചയപ്പെടുത്തിത്തന്ന ഹോട്ടലിലെ സ്റ്റാഫ് നിസാർക്ക ഞങ്ങളോട് പറഞ്ഞു.

"ങാ.." താല്പര്യമില്ലെങ്കിലും ഞാൻ സമ്മതം മൂളി. 

"പല തവണ മാറ്റി വച്ച് അവസാനം ഇന്ന് രണ്ടര മണിക്കാണ് അത് തുടങ്ങുന്നത്. ഇപ്പോ സമയമെത്രയായി?" നിസാർക്ക പിന്നെയും തുടർന്നു.

"മൂന്നര മണി...." ഞാൻ പറഞ്ഞു.

"അഞ്ച് മണിക്ക് തീരും.... വേഗം പൊയ്ക്കോ..''
ഞങ്ങളെ വള്ളംകളി കാണിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച പോലെ നിസാർക്ക പറഞ്ഞു.

ബ്രോഡ് വേയിലൂടെ ചുറ്റി നടന്ന് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് നീങ്ങി.

മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1980 കളിൽ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി രൂപകല്പന ചെയ്തതാണ് മറൈൻ ഡ്രൈവ് പ്രൊജക്ട്. വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനം വരെ നീളുന്ന മൂന്ന് കിലോമീറ്റർ ദൂരമാണ് മറൈൻ ഡ്രൈവ് എന്നറിയപ്പെടുന്നത്. വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസ യാത്രയും വാട്ടർ മെട്രോയും ഫെറി സർവീസും വിവിധതരം ഭക്ഷണശാലകളും ഷോപ്പിംഗ് കോംപ്ലക്സുകളും അടയ്ക്കം മറൈൻ ഡ്രൈവ് രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ സജീവമായിരിക്കും.

കായൽ തീരത്ത് കൂടിയുള്ള നടപ്പാത ഇപ്പോൾ അറിയപ്പെടുന്നത് എ.പി.ജെ അബ്ദുൽ കലാം മാർഗ്ഗ് എന്നാണ്. എ.പി.ജെയുടെ വചനങ്ങൾ വിവിധ സ്ഥലങ്ങളിൽ പലകയിൽ എഴുതിവച്ചത് കാണാം. ഈ നടപ്പാതയിൽ മൂന്ന്   പാലങ്ങളുണ്ട്. മഴവിൽ പാലം, ചീനവലപ്പാലം, കെട്ടുവള്ളപ്പാലം എന്നിവയാണവ. രാത്രിയിൽ, മഴവില്ലിലെ ഏഴ് നിറങ്ങൾ വർണ്ണ വിസ്മയം തീർക്കുന്നതിനാലാണ് മഴവിൽപ്പാലം എന്ന പേര് വന്നത്. മറ്റ് രണ്ട് പാലങ്ങൾ പേര് സൂചിപ്പിക്കുന്നത് പോലെ അതാത് ആകൃതിയിലാണ്.

നിസാർക്ക പറഞ്ഞ പോലെ മറൈൻ ഡ്രൈവ് വള്ളം കളിയുടെ ആറാം സീസൺ മത്സരങ്ങളായിരുന്നു വേമ്പനാട്ട് കായലിൽ നടക്കുന്നത്. ആലപ്പുഴ അഷ്ടമുടിക്കായലിലെ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയിലെ രാജാക്കന്മാരായ ചമ്പക്കുളം ചുണ്ടനും കാരിച്ചാൽ ചുണ്ടനും കൈനകരിയും എല്ലാമാണ് ഇവിടെയും പങ്കെടുക്കുന്നത് എന്ന് മൈക്കിലൂടെയുള്ള അറിയിപ്പിൽ നിന്ന് മനസ്സിലായി. അതോടെ നിസാർക്ക പറഞ്ഞ പോലെ വള്ളം കളി കാണാം എന്ന് തോന്നി.

ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി ഹൈകോർട്ട് ജെട്ടിക്ക് അടുത്ത് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് വള്ളംകളി മത്സര ട്രാക്ക്. കൈനകരി ടീം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തിച്ചേർന്ന ഞാനും മോനും പങ്കായം ഒന്ന് കയ്യിലെടുത്തു നോക്കി. ഒരു ചുണ്ടൻ വള്ളത്തിൽ തൊണ്ണൂറ് പേർ വരെ ഉണ്ടാകും എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. 

ഫിനിഷിംഗ് പോയിൻ്റിന് സമീപമുള്ള പവലിയനിൽ ഞങ്ങളും സ്ഥാനം പിടിച്ചു.  മത്സരം ആരംഭിച്ചതായി അനൗൺസ്മെൻ്റ് വന്നു. കൊട്ടും പാട്ടുമായി ഇഞ്ചോടിഞ്ച് പൊരുതിത്തുഴഞ്ഞ് വരുന്ന കാഴ്ച രോമാഞ്ചജനകമായിരുന്നു. അങ്ങനെ ജീവിതത്തിലാദ്യമായി കണ്ട വള്ളംകളി മത്സരം ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായി.

വൈകിട്ട് അഞ്ചര മണിക്ക് "സാഗരറാണി" യിൽ ഒരു ബോട്ടിംഗ് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. കുറഞ്ഞ റേറ്റിൽ മറ്റ് പല സ്വകാര്യ ബോട്ടുകാരും ഞങ്ങളുടെ പിന്നാലെ കൂടി ഓഫർ ചെയ്തു കൊണ്ടിരുന്നു. അവയിൽ പലതിനും കടലിലേക്ക് പോകാനുള്ള അനുമതി ഇല്ല എന്ന് പിന്നീടാണ് അറിഞ്ഞത്. റേറ്റ് കുറയുന്നതിന് ഒരു കാരണം അത് തന്നെയായിരുന്നു. രണ്ട് മണിക്കൂർ ബോട്ടിംഗ് കഴിഞ്ഞ് ഏഴരക്ക് ഞങ്ങൾ തിരിച്ചെത്തി. 

അന്ന് രാത്രി ഫോർട്ട് കൊച്ചിയിൽ പോകാൻ ശ്രമിച്ചെങ്കിലും വാട്ടർ മെട്രോയിൽ ടിക്കറ്റ് കിട്ടിയില്ല. അതും അനുഗ്രഹമായി എന്ന് രാത്രി കയറിയ ടാക്സി ഡ്രൈവർ പറഞ്ഞപ്പഴാണ് അറിഞ്ഞത്. രാത്രി ഞങ്ങൾ വീണ്ടും മറൈൻ ഡ്രൈവിൻ്റെ വൈബിൽ അലിഞ്ഞു ചേർന്നു. ആതിഥേയനായ ഖൈസും കുടുംബവും ഞങ്ങളെ കാണാനായി മറൈൻ ഡ്രൈവിൽ എത്തി. അര മണിക്കൂറിലധികം അവരുടെ കൂടെ ചെലവഴിച്ച ശേഷം ഞങ്ങൾ മറ്റൊരു സുഹൃത്തായ ജമാലിൻ്റെ ഫ്ലാറ്റിലേക്ക് പോയി. അവൻ്റെ സൽക്കാരവും കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ റൂമിൽ തിരിച്ചെത്തി.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

മറൈൻ ഡ്രൈവിൻ്റെ വൈബറിഞ്ഞ് ഒരു ദിവസം

Post a Comment

നന്ദി....വീണ്ടും വരിക