Pages

Monday, January 05, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 32

ജീവിതത്തിൽ അനവധി പുതുവത്സരദിനങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. ബട്ട്, 2026 ജനുവരി 1 വളരെ വ്യത്യസ്തമായ ഒരു ദിവസമായി മാറി. കൊച്ചിൻ - മുസ്രിസ് ബിനാലെയുടെ 2025 എഡിഷൻ കുടുംബ സമേതം കണ്ട ശേഷം എറണാകുളത്ത് നിന്നും അരീക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ അങ്കമാലിയിൽ വച്ചാണ് ഈ വർഷത്തെ പ്രഥമദിനം   പിറന്നത്. പുലർച്ചെ നാലര മണിയോടെയാണ് ഞാനും കുടുംബവും അന്ന് വീട്ടിലെത്തിയത്.

വർക്കിംഗ് ഡേ ആയിരുന്നെങ്കിലും സുഹൃത്തിൻ്റെ അനിയൻ്റെ മകളുടെ വിവാഹകർമ്മത്തിൽ പങ്കെടുക്കാനുള്ളതിനാൽ വർഷത്തിൻ്റെ ആദ്യ ദിനം തന്നെ ഞാൻ ലീവാക്കി. വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിൽ കണക്ട് ചെയ്യുന്നതിൽ എനിക്ക് ചെറിയ ഒരു റോൾ ഉണ്ടായിരുന്നതിനാൽ കല്യാണത്തിന് ഞാൻ നേരത്തെ പുറപ്പെട്ടു. വരൻ്റെ കൂടെ വന്ന പ്രിഡിഗ്രി ബാച്ച് മേറ്റ് അൻവറിനെ അവിടെ വെച്ച് കണ്ടുമുട്ടി. പഴയ സുഹൃത്തുക്കളിലേക്കുള്ള ഒരു ലൈവ് യാത്രയുടെ തുടക്കം അവിടെ കുറിക്കുകയായിരുന്നു എന്ന് നിനച്ചതേയില്ല.

കല്യാണ പന്തലിൽ വെച്ച് തന്നെ പ്രൈമറി സ്കൂൾ ക്ലാസ് മേറ്റായ നാണിയെ കണ്ടുമുട്ടി. അവനുമായി സംസാരിച്ചിരിക്കെ അക്കാലത്തെ എല്ലാ "ധീര" കർമ്മങ്ങളുടെയും ആശാനായ ശുഹൈബ് എത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൻ്റെ മോന്തായത്തിൽ കയറി പട്ടികക്ക് ആണിയടിച്ച ശുഹൈബ് പിന്നീട് നല്ലൊരു ഇൻ്റീരിയർ ഡിസൈനറായി. 

ശുഹൈബ് ചോക്ക് നിർമ്മാണത്തിന് കൊണ്ടുപോയി സ്കൂൾ ഊട്ടുപുരയിലെ അമേരിക്കൻ ഉപ്പ്മാവ് റവ കൂലിയായി നൽകിയ കഥ പറയുമ്പോഴാണ് അന്ന് ആ ചോക്കിൽ വീണുപോയ മറ്റൊരു സഹപാഠി ശമീം എത്തിയത്. ഓർമ്മകൾ പലതും ഊർന്നൂർന്ന് വീഴവെ എൻ്റെ പത്താം ക്ലാസ് കൂട്ടുകാരൻ ശുക്കൂറിൻ്റെ ഫോൺ വിളി വന്നു. ഭക്ഷണ ശേഷം ഓഡിറ്റോറിയത്തിൻ്റെ തൊട്ടടുത്തുള്ള അവൻ്റെ വീട്ടിലേക്ക് ഞാൻ പോയി.

ഉള്ളവരെ തട്ടിക്കൂട്ടി എവിടേക്കെങ്കിലും ഒരു സായാഹ്ന യാത്രയോ അല്ലെങ്കിൽ ഒരു ചായ കുടിയോ ഞങ്ങളുടെ എസ്.എസ്.സി (Not SSLC) ടീമിൻ്റെ ഒരു പതിവാണ്. പക്ഷെ, അന്ന് ആരെ വിളിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. അപ്പോഴാണ് ഗ്രൂപ്പിലെ മുതിർന്ന അംഗം ഗോവിന്ദൻ ഒരു ചക്ക തിന്നുന്ന വീഡിയോ ഗ്രൂപ്പിൽ കണ്ടത്. 

ഗോവിന്ദനെ വിളിച്ച് ഞങ്ങൾ ചക്ക തിന്നാൻ വരുന്ന വിവരം അറിയിച്ചു. ഞങ്ങൾ ചുമ്മാ പറഞ്ഞതാണെന്ന ധാരണയിൽ അവൻ ഒ.കെ പറഞ്ഞു. ഞങ്ങൾ വരില്ല എന്ന തികഞ്ഞ ബോദ്ധ്യത്തിൽ അവൻ സ്ഥലം വിടുകയും ചെയ്തു. ഗോവിന്ദൻ്റെ വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് അവൻ്റെ മകനായിരുന്നു. ഞങ്ങളെത്തി എന്ന് ബോദ്ധ്യം വരാത്തതിനാൽ സ്വന്തം വീട്ടിൽ കയറി ഞങ്ങൾ ചക്ക തിന്നുന്നത് വീഡിയോ കാളിലൂടെ ഗോവിന്ദനെ കാണിച്ചു.

ഗോവിന്ദൻ്റെ വീട് സന്ദർശന ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചെങ്കിലും കാൾ എടുത്തില്ല. അങ്ങനെ ദീർഘകാലം പ്രവാസിയായി, ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയ ഉസ്മാൻ്റെ വീട്ടിലേക്ക് തിരിച്ചു. ഉസ്മാനെയും വൃദ്ധയായ ഉമ്മയെയും സന്ദർശിച്ച് ഇറങ്ങുമ്പോൾ മറ്റൊരു സഹപാഠിയെ ബന്ധപ്പെട്ട് നോക്കി. 

കക്ഷി ജോലി സ്ഥലത്തായതിനാൽ ഞങ്ങൾ അടുത്ത സഹപാഠിയെ വിളിച്ചു. അങ്ങനെ, ഞങ്ങൾ പഠിച്ച അതേ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന ബിന്ദുവിൻ്റെ വീട്ടിൽ എത്തി അവളെയും വന്ദ്യ വയോധികയായ മാതാവിനെയും കണ്ടു. ബിന്ദു സമ്മാനമായി തന്ന സപ്പോട്ടയുമായി വരുന്ന വഴിയിൽ റോഡിൽ വെച്ച് അടുത്ത സഹപാഠി ഫൈസലിനെ കണ്ടുമുട്ടി. ഇന്നത്തെ പര്യടനത്തിനിടയിൽ പണി നടന്നു കൊണ്ടിരിക്കുന്ന അവൻ്റെ വീട് ഞങ്ങൾ വെറുതെ സന്ദർശിചിരുന്നു. ശേഷം ഇന്നത്തെ പര്യടനം പൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞു.

പിറ്റേ ദിവസം ചക്ക തിന്നാൻ ഇഷ്ടമുള്ളവർക്ക് വൈകിട്ട് എൻ്റെ വീട്ടിൽ വരാം എന്ന് ഞാൻ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടെങ്കിലും ശുക്കൂർ മാത്രമാണ് എത്തിയത്. വരാം എന്ന് അറിയിച്ചവർ പെട്ടെന്ന് അസൗകര്യവും അറിയിച്ചതിനാൽ ഞാനും ശുക്കൂറും ചക്കയുടെ കഷ്ണവുമായി സഹപാഠി ആയിശയുടെ കുനിയിലുള്ള വീട്ടിലേക്ക് തിരിച്ചു. അവളുടെ വീട്ടിൽ ഞങ്ങൾ എത്തുന്നില്ല എന്ന പരാതി തീർക്കാനാണ് പോയതെങ്കിലും അവൾ സ്ഥലത്ത് ഇല്ലായിരുന്നു. ചക്ക ഭർത്താവിനെ ഏൽപിച്ച ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചു. അവളും സ്ഥലത്ത് ഇല്ല എന്ന് അറിയിപ്പ് കിട്ടി. 

അപ്പോഴാണ് നേരത്തെ വീട്ടിൽ വരാമെന്നേറ്റ് അസൗകര്യം അറിയിച്ച നാരായണൻ എൻ്റെ വീട്ടിൽ എത്തിയത്. ഞാൻ കാത്ത് വെച്ചിരുന്ന ചക്കക്കഷ്ണം ഏറ്റുവാങ്ങി തിരിച്ചു പോന്ന അവനെ ഞങ്ങൾ വഴിയിൽ വെച്ച് കണ്ടുമുട്ടി. ഒരു സൗഹൃദ ചായ കുടിച്ചു ഞങ്ങൾ യാത്ര പറഞ്ഞു. അപ്പോഴാണ്, തൊട്ടടുത്ത് തന്നെ ഞങ്ങളുടെ സഹപാഠി മെഹ്ബൂബിൻ്റെ ഭാര്യ ഒരു പുതിയ സംരംഭം തുടങ്ങിയത് ഓർമ്മ വന്നത്. അവിടെയും കയറി സാധനങ്ങൾ വാങ്ങി അന്നത്തെ പര്യടനവും അവസാനിപ്പിച്ചു.

പുതുവർഷത്തിലെ മൂന്നാം ദിവസം, എൻ്റെ പ്രീഡിഗ്രി ബാച്ച് മേറ്റ് റഹീനയുടെ മകളുടെ നിക്കാഹ് ദിനമായിരുന്നു.എൻ്റെ പിതാവിൻ്റെ നാടായ നൊച്ചാട് വച്ചായിരുന്നു പരിപാടി. നാട്ടുകാരിയും ഞങ്ങളുടെ രണ്ട് പേരുടെയും കൂട്ടുകാരിയുമായ നജീബയെയും കൂട്ടി പ്രസ്തുത പരിപാടിയിൽ ഞാൻ പങ്കെടുത്തു. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ക്ലാസ് മേറ്റായ ഡോ. സഫറുള്ളയെ അത്തോളിയിലെ അവൻ്റെ ക്ലിനിക്കിൽ പോയും കണ്ടു. 


കാർ മാവൂരിലെത്തിയപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും ചെറുവാടിക്കാരിയുമായ ഫാത്തിമ കുട്ടി നജീബയെപ്പറ്റി മുമ്പ് എന്നോട് ചോദിച്ചത് ഓർമ്മ വന്നത്.നജീബയെ നേരിട്ട് അവളുടെ മുന്നിൽ ഹാജരാക്കാൻ കിട്ടിയ അവസരം ഉപയോഗിച്ച് ഫാത്തിമ കുട്ടിയുടെ വീട്ടിലും അന്ന് സന്ദർശനം നടത്തി.
അങ്ങനെ പുതുവർഷത്തിലെ ആദ്യ മൂന്ന് ദിവസങ്ങളും പഴയ സൗഹൃദങ്ങൾ ഒരിക്കൽ കൂടി ദൃഢപ്പെടുത്താൻ ഉതകുന്നതായി - അതും നേരിട്ട് സന്ദർശിച്ച് മുഖത്തോട് മുഖം നോക്കി സംസാരിച്ചു കൊണ്ട്. ഇന്നത്തെ ചാറ്റിംഗ് സൗഹൃദത്തേക്കാളും എത്രയോ മധുരമുള്ളതും ദൃഢവും അന്നത്തെ ഓഫ് ലൈൻ സൗഹൃദങ്ങൾ തന്നെ എന്ന് വീണ്ടും അനുഭവിച്ചറിയുന്നു. ദൈവത്തിന് സ്തുതി.

The best mirror is an old friend എന്ന് ആരോ പറഞ്ഞത് എത്ര അർത്ഥവത്താണ്.

4 comments:

Areekkodan | അരീക്കോടന്‍ said...

The best mirror is an old friend (ആരോ പറഞ്ഞത്)

Anonymous said...

Waah... സൗഹൃദങ്ങൾ ഉയിർ...🥰

Anonymous said...

Waah... സൗഹൃദങ്ങൾ ഉയിർ...🥰

Anonymous said...

Ssc ഗ്രൂപ്പ്‌ എന്നും സൗഹൃദം കൂടി ഉറപ്പിക്കാൻ നമ്പർ വൺ 🥰✅

Post a Comment

നന്ദി....വീണ്ടും വരിക