എറണാകുളം ജില്ലയിലെ താമസക്കാരോ ജോലിക്കാരോ അല്ലാത്ത മലയാളികൾ കയറിയ മെട്രോ ഏതെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ഡൽഹി മെട്രോ എന്നായിരിക്കും. ഞാൻ ആദ്യമായി മെട്രോയിൽ കയറി യാത്ര ചെയ്യുന്നത് 2012 ൽ ഡൽഹിയിൽ വെച്ചാണ്. കൊച്ചിൻ മെട്രോയിലും, ഉദ്ഘാടനം കഴിഞ്ഞ് പതിനഞ്ചാം ദിവസം യാത്ര ചെയ്തു. ബാംഗ്ലൂർ മെട്രോയിലും ജയ്പൂർ മെട്രോയിലും യാത്ര ചെയ്ത് പല പല മെട്രോകളുടെയും കിതപ്പും കുതിപ്പും അറിഞ്ഞു.
2017-ൽ കൊച്ചി മെട്രോയിലെ എൻ്റെ കന്നിയാത്ര കഴിഞ്ഞപ്പോൾ, കുടുംബത്തെയും അതൊന്ന് കാണിക്കണം എന്ന് തോന്നിയിരുന്നു. മേൽ സൂചിപ്പിച്ച എല്ലാ മെട്രോയും കണ്ട അവർക്ക്, ഇതിൽ ഒരു പുതുമ തോന്നില്ല എങ്കിലും സ്വന്തം നാട്ടിലെ മെട്രോ ഇതു വരെ കണ്ടിട്ടില്ല എന്ന നാണക്കേട് വേണ്ട എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. പക്ഷേ, നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അതിന് അവസരം കിട്ടിയത്.
ആറാമത് കൊച്ചി - മുസ്രിസ് ബിനാലെ കാണാൻ തയ്യാറെടുക്കുമ്പോൾ തന്നെ കൊച്ചി മെട്രോയിലും, 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയിലും കയറണം എന്ന് ഞാൻ പദ്ധതി ഇട്ടിരുന്നു. ഇതിനായി നാട്ടിൽ നിന്നും കുടുംബ സമേതം കെ.എസ്.ആർ.ടി.സി ബസ്സിൽ ഞാൻ ആലുവയിലെത്തി. വർഷങ്ങൾക്ക് ശേഷമാണ് കുടുംബമായി അങ്ങനെ ഒരു ബസ് യാത്രയും ചെയ്യുന്നത്.
ഞങ്ങളുടെ ആതിഥേയനായ ഖൈസ് ഞങ്ങൾക്കായി റൂം ബുക്ക് ചെയ്തത് മറൈൻ ഡ്രൈവിലെ ആസ്ട്രോ മറൈനിൽ ആയിരുന്നു. അതിനാൽ കൊച്ചിൻ മെട്രോയിലെ എൻ്റെ കുടുംബത്തിൻ്റെ കന്നിയാത്ര ആലുവയിൽ നിന്ന് മറൈൻ ഡ്രൈവിൻ്റെ തൊട്ടടുത്ത മെട്രോ സ്റ്റേഷനായ മഹാരാജാസ് കോളേജ് വരെയായി. ഒരാൾക്ക് അമ്പത് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സഞ്ചരിച്ച ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹി മെട്രോയിൽ അതേ റേറ്റിൽ സഞ്ചരിക്കാവുന്ന ദൂരത്തിൽ നിന്നും തുലോം കുറവായി തോന്നി.
അന്ന് രാത്രി തന്നെ ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ പോകാൻ തീരുമാനിച്ചു കൊണ്ട് ടിക്കറ്റിനായി ക്യൂ നിന്നെങ്കിലും അത് കിട്ടിയില്ല. അതിനാൽ പിറ്റേ ദിവസമാണ് വാട്ടർ മെട്രോയിൽ കയറിയത്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അമ്പത് രൂപ തന്നെയായിരുന്നു ഒരാൾക്ക് ചാർജ്ജ് (കെ.എസ്.ഡബ്ലി.ടി.സിയുടെ സാധാരണ ബോട്ടിൽ ഒരാൾക്ക് ആറ് രൂപയായിരുന്നു ഇതേ റൂട്ടിലെ ചാർജ്ജ്). ശിതീകരിച്ച ബോട്ടിൽ നിന്നും ഇരുന്നും യാത്ര ചെയ്യാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം തൊണ്ണൂറ്റി ആറ് ആണ്.
വാട്ടർ മെട്രോ എന്ന് ആദ്യമായി കേട്ടപ്പോൾ വലിയൊരു ആകാംക്ഷയുണ്ടായിരുന്നു. അതിലൊന്ന് സഞ്ചരിക്കണം എന്ന ആഗ്രഹവും ഉടൻ മുളപൊട്ടി. പക്ഷേ, യാത്ര ചെയ്ത് കഴിഞ്ഞപ്പോഴാണ് ആ യാത്രക്ക് പ്രത്യേകിച്ച് ഒരു ത്രില്ലും ഇല്ല എന്ന് തിരിച്ചറിഞ്ഞത്. സാദാ ബോട്ടിലെ യാത്ര ഇതിലും രസകരം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകൾ കണ്ട ശേഷം മട്ടാഞ്ചേരിയിൽ നിന്നാണ് ഞങ്ങൾ തിരിച്ച് ഹൈക്കോർട്ട് ടെർമിനലിലേക്ക് വാട്ടർ മെട്രോയിൽ കയറിയത്. ചാർജ്ജിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഹൈക്കോർട്ട് ടെർമിനലിൽ, അറ്റം കാണാൻ പോലും കഴിയാത്ത വിധം വാട്ടർ മെട്രോയിൽ കയറാനുള്ളവരുടെ നിര നീണ്ടു കിടക്കുന്നുണ്ടായിരുന്നു - ന്യൂ ഇയർ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലേക്ക് പോകാനുള്ള തിരക്ക് . അവരെ നിലക്ക് നിർത്താനുള്ള പോലീസും കൂടി ആകുമ്പോൾ ഫോർട്ട് കൊച്ചിയിൽ കാല് കുത്താൻ പോലും സ്ഥലം കിട്ടില്ല എന്നുറപ്പായിരുന്നു.അതിന് മുമ്പേ കര പറ്റാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ കൊച്ചി വിട്ടു.




1 comments:
അങ്ങനെ വാട്ടർ മെട്രോയിലും കയറി.
Post a Comment
നന്ദി....വീണ്ടും വരിക