Pages

Thursday, January 17, 2019

സ്കൂൾമുറ്റം

                 ഒരിക്കൽ കൂടി കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാൻ സാധിച്ചെങ്കിൽ എന്ന് ഒരുവട്ടമെങ്കിലും മോഹിക്കാത്ത മധ്യവയസ്സ് കഴിഞ്ഞവർ ലോകത്ത് ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിൽ തന്നെ പരീക്ഷയും പിച്ചും നുള്ളും കിട്ടിയ സ്കൂൾ കാലത്തേക്ക് ഒരു ദിവസമെങ്കിലും തിരിച്ച് പോകാനുള്ള വെമ്പലാണ് ഇന്ന് കാണുന്ന മിക്ക പൂർവ്വ വിദ്യാർത്ഥീ സംഗമങ്ങളുടെയും പിന്നിലുള്ള ചാലകശക്തി. അന്ന് ശിക്ഷിച്ച അദ്ധ്യാപകരെ സ്റ്റേജിലിരുത്തി തന്നെ ആ ശിക്ഷ അയവിറക്കുമ്പോൾ നമുക്കും സഹപാഠികൾക്കും ചിരി വരും, ചെയ്ത അധ്യാപകന് അഭിമാനവും!

                മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്കൂൾ ഓർമ്മകൾ എന്ന ടാഗ് ലൈനും ബ്ലാക്ക് & വൈറ്റ് സ്കൂൾ പശ്ചാതലത്തിൽ മഴ നനഞ്ഞോടുന്ന കുട്ടിയുടെ കവർ ചിത്രവും ആണ് സത്യത്തിൽ ‘സ്കൂൾമുറ്റം‘ എന്ന പുസ്തകം വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. കുറെ സ്കൂൾ ഓർമ്മകൾ ഇവിടെ പങ്ക് വച്ചതിനാലും ഇനിയും കുറെ പങ്ക് വയ്ക്കാനുള്ളതിനാലും ഈ പുസ്തക വായന എനിക്ക് മുതൽകൂട്ടാവുമെന്നും മനസ്സിൽ ആരോ പറഞ്ഞു. 2019ലെ പുസ്തക വായന ഇവിടെ തുടങ്ങുന്നു.
              ഒ.എൻ.വി കുറുപ്പ്,സച്ചിദാനന്ദൻ,എം.കെ സാനു,സേതു, മമ്മൂട്ടി, യു.എ ഖാദർ, ശ്രീനിവാസൻ, പി.വത്സല, സത്യൻ അന്തിക്കാട്, എൻ.വി.പി ഉണിത്തിരി, ഇന്നസന്റ്, എം.എൻ കാരശ്ശേരി, കെ.എസ് ചിത്ര, കല്പറ്റ നാരായണൻ, ഡി.വിനയചന്ദ്രൻ, അക്ബർ കക്കട്ടിൽ, വി.ആർ സുധീഷ്, ഡോ.എം.കെ മുനീർ, ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി, സുഭാഷ് ചന്ദ്രൻ , ബി.മുരളി, ചന്ദ്രമതി, ബെന്യാമിൻ, റഫീക് അഹമ്മെദ്, ഗിന്നസ് പക്രു, റോസ് മേരി, സാറ തോമസ്, ഗോപിനാഥ് മുതുകാട്, കെ.ഷെരീഫ്, അർഷാദ് ബത്തേരി തുടങ്ങീ പഴയതും പുതിയതുമായ സാഹിത്യ-സാംസ്കാരിക വേദികളിലെ സ്ഥിര സാന്നിദ്ധ്യക്കാരായ ചിലരുടെ സ്കൂൾ ഓർമ്മകളാണ് ഒരു സമാഹരണമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

             “....ഇടവപ്പാതിയും കളിക്കൂട്ടുകാരും മഞ്ചാടി മണികളും പരീക്ഷകളും അവധിക്കാലവും ഒരിക്കൽ കൂടി വിരുന്നെത്തുന്ന ബാല്യത്തിന്റെ ഓർമ്മകളുടെ ഉത്സവം.ഗൃഹാതുരത്വത്തിന്റെ സ്കൂൾ മുറ്റത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുന്ന സ്കൂൾ ഓർമ്മകൾ....“ എന്ന് പിൻ‌പുറത്ത് പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.

                  കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്നസെന്റ് പങ്കുവച്ച ‘വാടകക്കൊരു ജ്യേഷ്ടൻ’ എന്ന കുറിപ്പാണ്. പലരും പയറ്റിയ അടവാണെങ്കിലും, പ്രതീക്ഷിക്കാതെ വരുന്ന ട്വിസ്റ്റ് ഇന്നസെന്റിന്റെ വാക്കുകളിൽ കൂടി കേൾക്കുമ്പോൾ ഒരു പ്രത്യേക രസം തോന്നുന്നു. എൻ.വി.പി ക്ക് ദാരിദ്ര്യം കാരണം തുടർപഠനം വഴിമുട്ടിയതും ഒരു പ്രത്യേക നിയമം വന്നതോടെ പഠനം തുടരാൻ സാധിക്കുന്നതും ദു:ഖവും പിന്നാലെ സന്തോഷവും ഉണ്ടാക്കുന്നു. മിക്ക കുറിപ്പുകളിലും പഠനത്തിനിടക്കോ പിന്നീടോ നഷ്ടപ്പെട്ടുപോയ ഉറ്റ ചങ്ങാതിമാരെപ്പറ്റിയും പരാമർശിക്കുന്നത് വായനക്കാരന്റെ മനസ്സിൽ ഒരു അലിവ് സൃഷ്ടിക്കും.

           ആദ്യത്തെ മൂന്ന്-നാലു കുറിപ്പുകൾ വായനാരസം കെടുത്തുന്നുണ്ടെങ്കിലും മുപ്പത് സാംസ്കാരിക നായികാ-നായകന്മാരുടെ കുറിപ്പുകൾ ഉള്ളത് വായന തുടരാൻ പ്രേരണ നൽകും എന്ന് തീർച്ച.പ്രതീക്ഷയോടെ വായിച്ച ചില കുറിപ്പുകൾ ആഖ്യാന ശൈലിയും കാമ്പില്ലായ്മയും കൊണ്ട് അവരുടെത് തന്നെയോ എന്ന് സംശയവും തോന്നിയേക്കാം. ചുരുങ്ങിയത് നാല്പത് വയസ്സ് പിന്നിട്ടവർക്കേ ഈ പുസ്തകത്തിന്റെ രുചി അറിയാൻ സാധിക്കൂ എന്നാണ് എന്റെ പക്ഷം.

പുസ്തകം  : സ്കൂൾമുറ്റം
എഡിറ്റർ : ഗിരീഷ് കാക്കൂർ
പ്രസാധകർ : ഒലിവ് ബുക്സ്
വില  : 175 രൂപ

പേജ്  : 178
           

11 comments:

Areekkodan | അരീക്കോടന്‍ said...

മലയാളത്തിന്റെ പ്രിയപ്പെട്ടവരുടെ സ്കൂൾ ഓർമ്മകൾ എന്ന ടാഗ് ലൈനും ബ്ലാക്ക് & വൈറ്റ് സ്കൂൾ പശ്ചാതലത്തിൽ മഴ നനഞ്ഞോടുന്ന കുട്ടിയുടെ കവർ ചിത്രവും ആണ് സത്യത്തിൽ ‘സ്കൂൾമുറ്റം‘ എന്ന പുസ്തകം വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്.

വീകെ. said...

സ്കൂൾജീവിതം മറന്നിട്ടൊരു ജീവിതം ആർക്കെങ്കിലുമുണ്ടാകുമോ.. ജീവിതത്തിലെ ഏറ്റവും നിറപ്പകിട്ടാർന്ന നാളുകൾ ജീവതത്തിൻ ആരും മറക്കില്ല. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.

Areekkodan | അരീക്കോടന്‍ said...

വി.കെ... ശരിയാണ്, സ്കൂൾ കാലം സ്മരിക്കുന്നത് തന്നെ മനസ്സിൽ ഒരു കുളിര് കോരിയിടും

Cv Thankappan said...

പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

© Mubi said...

പുസ്തകം കിട്ടിയിട്ടുണ്ട്... വായിച്ചു തുടങ്ങിയിട്ടില്ല.

Areekkodan | അരീക്കോടന്‍ said...

മുബീ... വായനാശംസകൾ

Geetha said...

" സ്കൂൾ മുറ്റം " ആ പുസ്തകം കണ്ടപ്പോൾ വായിക്കാൻ തോന്നുന്നു. സ്കൂൾ കാലങ്ങൾ ഹാ എത്ര സുന്ദരം. നല്ല
പുസ്തകപരിചയപ്പെടുത്തൽ. ആശംസകൾ മാഷേ.

Areekkodan | അരീക്കോടന്‍ said...

Geethaji...വായിക്കൂ, അഭിപ്രായം കുറിക്കൂ

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യത്തെ മൂന്ന്-നാലു കുറിപ്പുകൾ വായനാരസം കെടുത്തുന്നുണ്ടെങ്കിലും മുപ്പത് സാംസ്കാരിക നായികാ-നായകന്മാരുടെ കുറിപ്പുകൾ ഉള്ളത് വായന തുടരാൻ പ്രേരണ നൽകും എന്ന് തീർച്ച.പ്രതീക്ഷയോടെ വായിച്ച ചില കുറിപ്പുകൾ ആഖ്യാന ശൈലിയും കാമ്പില്ലായ്മയും കൊണ്ട് അവരുടെത് തന്നെയോ എന്ന് സംശയവും തോന്നിയേക്കാം. ചുരുങ്ങിയത് നാല്പത് വയസ്സ് പിന്നിട്ടവർക്കേ ഈ പുസ്തകത്തിന്റെ രുചി അറിയാൻ സാധിക്കൂ എന്നാണ് എന്റെ പക്ഷം.

Areekkodan | അരീക്കോടന്‍ said...

മുരളി ജി ...???

Post a Comment

നന്ദി....വീണ്ടും വരിക