Pages

Sunday, January 06, 2019

എന്‍.എസ്.എസ് ക്യാമ്പുകളിലൂടെ

                ഇപ്പോള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അല്ലാത്തതിനാല്‍, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ സര്‍വീസ് സ്കീമിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും 2018 ജൂലൈ മാസത്തില്‍ ഞാന്‍ പുറത്തായി. പഴയ തട്ടകമായ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പ്രോഗ്രാം ഓഫീസര്‍  സ്ഥാനം ഒഴിവ് വന്നിട്ടും എന്തോ കാരണത്താല്‍ എന്നെ പരിഗണിച്ചില്ല. 2018 ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മൂന്നാ‍ം തവണയും മികച്ച പ്രോഗ്രാം ഓഫീസറായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും കോഴിക്കോട്ടെ പലരും ‘അറിഞ്ഞില്ല‘. അങ്ങനെ എട്ടു വര്‍ഷത്തിന് ശേഷം ഒരു ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് പല സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കള്‍ക്കും മക്കള്‍ക്കും വേണ്ടി ക്യാമ്പുകളില്‍ ചില സെഷനുകള്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്.

           21-12-18ന് ജി.ഇ സി കോഴിക്കോടില്‍  പ്രീ ക്യാമ്പ് ഓറിയെന്റേഷന്‍ ക്ലാസ് നടത്തിക്കൊണ്ടാണ് എന്റെ ഈ ക്യാമ്പ് ജീവിതം ആരംഭിച്ചത്.ക്യാമ്പ് സംബന്ധമായും മറ്റു പ്രവര്‍ത്തനങ്ങള്‍ സംബന്ധമായും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്ന വളണ്ടിയര്‍ സെക്രട്ടറിമാരുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ അത് ഏറ്റെടുത്തു.

          22-12-18. എന്റെ തൊട്ടടുത്ത പഞ്ചായത്തിലെ ജി.വി.എച്.എസ്.എസ് കീഴുപറമ്പിന്റെ ക്യാമ്പ് എന്റെ നാട്ടിലെ ഓണം കേറാ മൂലകളില്‍ ഒന്നായ മുണ്ടമ്പ്രയിലെ ജി. യു.പി സ്കൂളില്‍ വച്ചായിരുന്നു. ആറാം ക്ലാസ് വരെ എന്റെ സഹപാഠിയായിരുന്ന അഹമ്മദ് കുട്ടി എന്ന നാണിയുടെ ക്ഷണപ്രകാരമാണ് ഞാന്‍ ആ ക്യാമ്പില്‍ എത്തിയത്. അവന്റെ മകള്‍ ആ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ആദ്യ ദിനമായതിനാല്‍ “മഞ്ഞുരുക്കല്‍“ പ്രക്രിയ ഞാന്‍ നടത്തി.കുട്ടികള്‍ വളരെ ആക്റ്റീവ് ആയി തന്നെ പ്രതികരിച്ചു.
             അതേ ദിവസം തന്നെ ഞാന്‍ ഒരു വര്‍ഷം മാത്രം പഠിച്ച അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റല്‍ ഹൈസ്കൂളിന്റെ (എസ്.ഒ.എച്.എസ്.എസ്) ക്യാമ്പിലും ഒരു സെഷന്‍ എടുക്കാന്‍ ക്ഷണിക്കപ്പെട്ടു. സുഹൃത്തും സ്കൂള്‍ പ്രിന്‍സിപ്പാളും ഉമ്മയുടെ സഹപ്രവര്‍ത്തകനും ഒക്കെയായ മുനീബ് മാസ്റ്ററുടെ ക്ഷണം ആണ് എന്നെ അവിടെ എത്തിച്ചത്. ക്യാമ്പിന്റെ ആദ്യ ദിനമായതിനാല്‍ ഇവിടെയും “മഞ്ഞുരുക്കല്‍“ ആയിരുന്നു എന്റെ ഡ്യൂട്ടി. എന്റെ ഉമ്മ ഏറെക്കാലം സേവനമനുഷ്ടിച്ച  ജി.എം. യു.പി സ്കൂള്‍ മൈത്രയില്‍ ആയിരുന്നു ക്യാമ്പ്.ഇവിടെയും കുട്ടികള്‍ നന്നായി ആസ്വദിച്ചു.

         23-12-18ന്, എന്നെ NSSന്റെ അമരത്തെത്തിച്ച കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പഴയ വളണ്ടിയര്‍മാരുടെ സംഗമം ആയിരുന്നു.അതിനാല്‍ അന്ന് മറ്റൊരു ക്ലാസും ഏറ്റെടുക്കേണ്ട എന്ന് കരുതിയതായിരുന്നു. പക്ഷെ, 1993ല്‍ ഐ.എച്.ആര്‍.ഡിയില്‍ PGDCAക്ക് പഠിക്കുമ്പോള്‍ ക്ലാസ്‌മേറ്റ് ആയിരുന്ന ബീനയുടെ ക്ഷണം വന്നു- അവള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കോഴിക്കോട് ഐ.എച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ എന്‍.എസ്.എസ് ക്യാമ്പിലേക്ക്.എരഞ്ഞിക്കല്‍ പി.വി.എസ്.എച്.എസ്.എസ്‌ ല്‍ വച്ച് നടന്ന ആ ക്യാമ്പില്‍ ഞാന്‍  Be Positive എന്ന വിഷയം കൈകാര്യം ചെയ്തു. കോളേജ് കുട്ടികള്‍ ആയിരുന്നിട്ടും പ്രതികരണം തണുപ്പന്‍ മട്ടിലായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ട ബീനയെയും സാഹനയെയും കാണാനും പരിചയം പുതുക്കാനുമായി എന്നത് മാത്രമാണ് നേട്ടം.

          കൊടുങ്ങല്ലൂരില്‍, കുടുംബത്തിലെ ഒരു വിവാഹ‌സല്‍ക്കാരം  ഉണ്ടായിരുന്നതിനാല്‍ 24-12-18ന് ഞാന്‍ ഒരു ക്ലാസും ഏറ്റില്ല. 25-12-18ന്, കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസറായ ധനേഷ് സാറിന്റെ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ജോലി ചെയ്യുന്ന  എ.ഡബ്ല്യു.എച് പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ ക്യാമ്പിലും Be Positive  എന്ന സെഷന്‍ ചെയ്തു. ജി.യു.പി.എസ് തൊണ്ടിമ്മല്‍ ആയിരുന്നു ക്യാമ്പ്. പ്രതീക്ഷിച്ച പങ്കാളിത്തം കുട്ടികളുടെ ഭാഗത്ത് നിന്ന് ഇല്ലാത്തതിനാല്‍ സെഷന്‍ അരോചകമായി തോന്നി.

          25-12-18ന് തന്നെ ഒരു ക്യാമ്പ് കൂടി ഉണ്ടായിരുന്നു. എന്റെ പിതാവ് ഏറെ കാലം ജോലി ചെയ്ത  ജി.എച്.എസ്.എസ് അരീക്കോട് വച്ച് നടക്കുന്ന സെന്റ് തോമസ് എച്.എസ്.എസ് തോട്ടുമുക്കത്തിന്റെ ക്യാമ്പ്.1994ല്‍ ബി.എഡിന് എന്റെ ബാച്ചില്‍ പഠിച്ചവനും ഇപ്പോള്‍ പ്രസ്തുത സ്കൂളിന്റെ പ്രിന്‍സിപ്പളുമായ ഉമ്മറിന്റെ ക്ഷണം ആണ് എന്നെ അവിടെ എത്തിച്ചത്.എന്‍.എസ്.എസിലൂടെ ലഭിക്കുന്ന  വിവിധതരം ക്യാമ്പുകളെയും അവസരങ്ങളെയും കുറിച്ചുള്ള മോട്ടിവേഷന്‍ ക്ലാസ് ആണ് എടുത്തത്.കുട്ടികള്‍ വളരെ ആക്റ്റീവ് ആയി പ്രതികരിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് അവിടെ നിന്നായിരുന്നു.

          26-12-18ന് കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനായി നീക്കി വച്ച ദിവസമായിരുന്നു. ദീര്‍ഘകാലമായി ബന്ധമുള്ള പല പ്രോഗ്രാം ഓഫീസര്‍മാരും സെഷന്‍ കൈകാര്യം ചെയ്യാന്‍ തന്നെയായിരുന്നു ക്ഷണിച്ചിരുന്നത്.പക്ഷെ എല്ലായിടത്തും അതിന് സാദ്ധ്യമാവില്ല എന്നതിനാല്‍ എല്ലാം സന്ദര്‍ശിക്കാം എന്ന് ഏറ്റിരുന്നു.അതുപ്രകാരം  ജെ.ഡി.റ്റി ഇസ്ലാം പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ  ക്യാമ്പ്  ബീച്ച് ഹോസ്‌പിറ്റലിലും ഗവ.വനിതാ പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ  ക്യാമ്പ്  കോഴിക്കോട് ജില്ലാ ആയുര്‍വേദ ഹോസ്‌പിറ്റലിലും എന്റെ സ്വന്തം
ജി.ഇ സി കോഴിക്കോക്കോടിന്റെ  ക്യാമ്പ് കൂരാചുണ്ട് സെന്റ് തോമസ് യു.പി സ്കൂളിലും ഗവ. പോളിടെക്നിക് കോളേജ് കോഴിക്കോടിന്റെ  ക്യാമ്പ് എസ്.എന്‍ എച്.എസ്.എസ് ചേളന്നൂരിലും സന്ദര്‍ശിക്കുകയും വളണ്ടിയര്‍മാരുമായി സംവദിക്കുകയും ചെയ്തു.

           27-12-18ന് വേങ്ങര ഗവ. ബോയ്സ് എച്.എസ്.എസിന്റെ ക്യാമ്പിലേക്കായിരുന്നു ലക്ഷ്യം.1997ല്‍ എം.എസ്.സിക്ക് എന്റെ ജൂനിയറായി പഠിച്ചിരുന്നതും ഞാന്‍ പോയ പല വഴികളിലൂടെയും എന്നെ അദൃശ്യനായി പിന്തുടര്‍ന്നിരുന്നതുമായ ജലീല്‍ കോയപ്പയുടെ ക്ഷണം സ്വീകരിച്ചായിരുന്നു അത്. പക്ഷെ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് കാരണം അവിടെ പോകാന്‍ പറ്റിയില്ല.

          28-12-18ന് ഞാന്‍ വീണ്ടും എസ്.ഒ.എച്.എസ്.എസ് അരീക്കോടിന്റെ  ക്യാമ്പില്‍ എത്തി. ഞാന്‍ ക്ഷണിച്ച് എത്തിയ പ്രമുഖ ട്രെയിനര്‍ തിരുവനന്തപുരത്ത്‌കാരന്‍ ബ്രഹ്മ‌നായകം സാറിനെ കാണാനും വീട്ടിലേക്ക് കൊണ്ടുവരാനും ആയിരുന്നു അത്.
          അങ്ങനെ വിരസമായി കഴിഞ്ഞ് പോകുമായിരുന്ന ഒരു അവധിക്കാലം എന്‍.എസ്.എസ് ക്യാമ്പുകളിലൂടെ സജീവമായി ചെലവഴിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു .എന്നെ ക്ഷണിച്ച എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു.

7 comments:

Areekkodan | അരീക്കോടന്‍ said...

28-12-18ന് ഞാന്‍ വീണ്ടും എസ്.ഒ.എച്.എസ്.എസ് അരീക്കോടിന്റെ ക്യാമ്പില്‍ എത്തി. ഞാന്‍ ക്ഷണിച്ച് എത്തിയ പ്രമുഖ ട്രെയിനര്‍ തിരുവനന്തപുരത്ത്‌കാരന്‍ ബ്രഹ്മ‌നായകം സാറിനെ കാണാനും വീട്ടിലേക്ക് കൊണ്ടുവരാനും ആയിരുന്നു അത്.

© Mubi said...

ഒരവധിയും വിരസമല്ല മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...വീട്ടില്‍ കുത്തി ഇരിക്കുന്ന അവധിക്കാലം രസമല്ല എന്നാണുദ്ദേശിച്ചത്.

Cv Thankappan said...

ക്ലാസ്സുകളീൽനിന്നുള്ള വ്യത്യസ്തമായ പ്രതികരണങ്ങൾ നല്ല അനുഭവങ്ങളായി മാഷേ.
ആശംസകൾ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ക്ലാസ്സുകളീൽനിന്നുള്ള
വ്യത്യസ്തമായ പ്രതികരണങ്ങൾ

Areekkodan | അരീക്കോടന്‍ said...

ബിലാത്തിയേട്ടാ... നല്ല രസായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക