Pages

Thursday, May 14, 2015

നാൽ‌വർ കോമൺസെൻസ്


വർഷങ്ങൾക്ക് മുമ്പൊരു വേനലവധിക്കാലം.ഞാൻ ട്രൌസർ പ്രായത്തിൽ നിന്നും ‘കാത്സറായി’ പ്രായത്തിലേക്ക് അഥവാ സൈക്കിൾചക്രം ഉരുട്ടലിൽ നിന്ന് സൈക്കിൾ ചവിട്ടലിലേക്ക് പ്രമോഷൻ ലഭിച്ച് നിൽക്കുന്ന പ്രായം.ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ സ്ലേറ്റിൽ നിന്ന് നോട്ട്ബുക്കിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ പ്രായം.

വേനലവധിയിലെ പ്രധാന ഹോബികളിലൊന്നാണ് ചാലിയാറിലെ മീൻപിടുത്തം.ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള ലൈസൻസേ ഈ പ്രായത്തിൽ ലഭിക്കൂ. തോണിയും വലയും ഉപയോഗിക്കണമെങ്കിൽ  മൂക്കിന് താഴെ രോമം വരണമത്രെ.അപ്പോഴേ തോണിയും വലയും ഒരുമിച്ച് നിയന്ത്രിക്കാൻ കഴിയൂ എന്നാണ് പോലും ഐൻസ്റ്റീനിന്റെ ആപേക്ഷികസിദ്ധാന്തം പറയുന്നത്.തോണിയെ അപേക്ഷിച്ച് വലയും വലയെ അപേക്ഷിച്ച് തോണിയും തമ്മിൽ എന്തോ ഒരു അവിഹിത ബന്ധം ഉള്ളതിനാൽ ഐൻസ്റ്റീൻ വല്ല്യാപ്പയുടെ ഈ നിയമത്തെ ചോദ്യം ചെയ്യാൻ അന്ന് ഞങ്ങളാരും മുതിർന്നില്ല.

അങ്ങനെ മൂക്കിന് താഴെ കറുത്ത ചില പൊടികൾ രൂപപ്പെടാൻ തുടങ്ങിയപ്പോഴാണ് ആപേക്ഷികസിദ്ധാന്തത്തിന്റെ പരിധിയിൽ അതിക്രമിച്ചു കയറാൻ ഞങ്ങൾ തീരുമാനിച്ചത്. വലിയ അമ്മാവന് തോണിയും വലയും ഉണ്ടായിരുന്നതിനാൽ ‘ഓപ്പറേഷൻ മത്സ്യബന്ധ’ ഞങ്ങൾക്ക് സാങ്കേതികമായി എളുപ്പമായിരുന്നു.തോണി പുഴയിൽ തന്നെ കെട്ടിയിട്ട് , വല തൊട്ടടുത്ത് തന്നെ കമുക് കൊണ്ട് കെട്ടിയ ഒരു ക്രോസ്ബാറിൽ തൂക്കിയിട്ടായിരുന്നു അമ്മാവൻ മീൻപിടുത്തം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കി വച്ചിരുന്നു.

അക്കാലത്ത് നാട്ടിൽ തന്നെ ഉല്പാദിപ്പിച്ചിരുന്ന രണ്ട് ബീഡികളായിരുന്നു ഉദയാബീഡിയും ജയാബീഡിയും. എന്തോ ഒരു സാധനം ചുരുട്ടി റോസ് നൂൽ കൊണ്ട് ഒരു കെട്ടും ഇട്ടാൽ ബീഡി ആകും എന്ന ‘കോമൺസെൻസ്’ ഞങ്ങൾക്കുണ്ടായിരുന്നു.അമ്മാവന്റെ ചുണ്ടിൽ പലപ്പോഴും കാണുന്ന ബീഡിയുടെ കമ്പനി അറിയില്ലെങ്കിലും മൂക്കിലൂടെ വരുന്ന പുകയുടെ ചുരുളുകൾ അന്തരീക്ഷത്തിൽ ചിത്രം വരയ്ക്കുന്നത് ഞങ്ങൾ കൌതുകത്തോടെ ശ്രദ്ധിച്ചിരുന്നു. ചാലിയാറിൽ മീൻപിടിക്കുന്ന വലക്കാരുടെയെല്ലാം ചുണ്ടിൽ എരിയുന്ന ഉദയാ / ജയാ ബീഡികൾ മീൻ പിടിക്കാൻ ബീഡി വലിക്കണം എന്ന മറ്റൊരു ‘കോമൺസെൻസും’ ഞങ്ങളിലുണ്ടാക്കി.

ഇനി ഈ ‘ഞങ്ങൾ’ എന്ന ചരിത്രപുരുഷന്മാരെക്കൂടി പരിചയപ്പെടുത്താം.ഡൽഹി സുൽത്താന്മാരിൽ പേര് കേൾപ്പിച്ച ബുദ്ധിമാനായവിഡ്ഡി എന്നറിയപ്പെട്ട മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പി‌ൻ‌ഗാമിയോ മുൻ‌ഗാമിയോ ആയിരുന്ന ഫിറോസ് ഷാ തുഗ്ലക്കിന്റെ സ്മരണാർത്ഥം അമ്മാവൻ കൃത്യമായി പേരിട്ട ഫിറോസ് ആയിരുന്നു ഒരാൾ.ഡൽഹി സുൽത്താന്മാർക്ക് എന്നും പേടി സ്വപ്നമായിരുന്ന രജപുത്ര രാജാക്കന്മാരുടെ ധീരനായ നേതാവ് പൃഥിരാജ് ചൌഹാനിന്റെ മച്ചുനൻ ദിലീപ് ചൌഹാനിന്റെ ഓർമ്മകൾ പേറുന്ന ദിലീപ് ആയിരുന്നു രണ്ടാമൻ.ഞങ്ങളെ എല്ലാവരേയും അമ്മാവന്മാരേ എന്ന് വിളിക്കേണ്ട അടുത്ത തലമുറയുടെ തലവനും എന്നാൽ ജന്മം കൊണ്ട് ഞങ്ങളുടെ അതേ പ്രായത്തിൽ വരുന്നതുമായ റയീസ് ആയിരുന്നു മൂന്നാമൻ.പിന്നെ ലോകം കിടുകിടാ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കഥ കടുകിട തെറ്റാതെ മനോഹരമായി വായിക്കാൻ കഴിവുള്ള ഞാനും !

അങ്ങനെ ഒരു വ്യാഴാഴ്ച വൈകിട്ട്  ‘ഓപ്പറേഷൻ മത്സ്യബന്ധ’ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.കാരണം രണ്ടാണ്.തോണിയുള്ള അമ്മാവൻ വ്യാഴാഴ്ച മീൻ പിടിക്കാൻ പോകാറില്ല. അപ്പോൾ തോണിയും വലയും ഫ്രീ ആയിരിക്കും എന്നതാണ് ഒരു കാരണം. വെള്ളിയാഴ്ച സ്കൂൾ അവധി ആയതിനാൽ , വ്യാഴാഴ്ച സന്ധ്യ കഴിഞ്ഞ് അല്പം വൈകിയാലും എനിക്കും റയീസിനും മാത്രം ബാധകമായ മാതാപിതാക്കളുടെ ശകാരത്തിന്റെ ‘ക്വഥനാങ്കം’ അല്പം കുറക്കാം എന്നതാണ് രണ്ടാം കാരണം.

അങ്ങനെ വൈകിട്ട് അഞ്ചരയോടെ ഞങ്ങൾ നാൽ‌വർ സംഘം തോണിയുടെ അടുത്തെത്തി.സന്ധ്യയായാൽ വലവിരിച്ച് മീൻപിടിക്കുന്നത് റിസ്ക് ആകും എന്നതിനാൽ വീശുവല എടുക്കാൻ ഞങ്ങളുടെ ‘നാൽ‌വർ കോമൺസെൻസ്’ ഉപദേശിച്ചു. മീൻ കൂടുതൽ ലഭിക്കാൻ ഓപ്പറേഷൻ നടത്തേണ്ടത് വെള്ളം കൂടുതലുള്ള സ്ഥലത്ത് ആകണം എന്നതിനാൽ ഞങ്ങളുടെ കടവിന്റെ മുകൾ ഭാഗത്തേക്ക് തോണി വിടാൻ തീരുമാനമായി.എന്നാൽ അമ്മാവൻ ഉപയോഗിക്കുന്ന ഒരേ ഒരു പങ്കായം മാത്രമേ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ലഭിച്ചുള്ളൂ. അതിനാൽ കൂട്ടത്തിൽ മൂത്തവനായ ഫിറോസിനെ അമരം ഏൽ‌പ്പിച്ച് , ആലിക്കുട്ട്യാക്കയുടെ പറമ്പിന്റെ വേലിയിൽ നിന്ന് മൂന്ന് കമുകിൻ തറികൾ വലിച്ചൂരി.വീശുവലയും തോണിയിലിട്ട് ഞങ്ങൾ ആ ചരിത്രദൌത്യത്തിനായി പുറപ്പെട്ടു.

കരയിലൂടെ നടന്നാൽ അരമണിക്കൂർ സമയമെടുക്കുന്ന കോലോത്തുംകടവിലേക്ക് ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് (അല്ല കുത്തി ) എത്തിക്കാൻ ഞങ്ങൾക്ക് ഒരു മണിക്കൂറിലേറെ സമയമെടുത്തു.നേരം ഇരുട്ടിത്തുടങ്ങിയതിനാൽ ഓപ്പറേഷൻ വേഗം തുടങ്ങാനായി ഞങ്ങൾ തോണി കരയോട് അടുപ്പിച്ചു നിർത്തി.വേലിത്തറിയിൽ ഒന്ന് കരയിൽ ആഴ്ത്തി തോണി അതിലേക്ക് ബന്ധിപ്പിച്ചു. വീശാനായി വലയെടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത് – വീശുവല എറിയാൻ ആർക്കും അറിയില്ല! അങ്ങനെ ‘നാൽ‌വർ കോമൺസെൻസ്’ വീണ്ടും ആക്ടീവായി.അതു പ്രകാരം പ്രായത്തിൽ മുന്നിൽ നിൽക്കുന്ന ഫിറോസ് വല എറിയണം.വല കൈ വിട്ട് പോകാതിരിക്കാൻ പ്രായത്തിൽ പിന്നിൽ നിൽക്കുന്ന റയീസ് വലയുടെ മറ്റേ അറ്റത്തെ കയറ് പിടിക്കണം. പ്രായത്തിൽ നടുവിൽ നിൽക്കുന്ന ഞാനും ദിലീപും തോണിയുടെ രണ്ടത്തും ഇരുന്ന് തോണി സ്റ്റഡി ആയി നിർത്തണം.

അങ്ങനെ ഞാനും ദിലീപും തോണി സ്റ്റഡി ആക്കി നിർത്തി.റയീസ് വലയുടെ അറ്റത്തെ കയറ് പിടിച്ചു.ഫിറോസ് വൺ റ്റൂ ത്രീ എണ്ണി വല ആഞ്ഞെറിഞ്ഞു. “ശൂ” എന്ന ശബ്ദത്തോടെ വല വായുവിൽ പൊങ്ങിയതും തോണി ഒന്നാടിയുലഞ്ഞു.
”ഉമ്മേ...!“ വെള്ളത്തിൽ വല വീഴുന്ന ശബ്ദത്തിന് പകരം റയീസിന്റെ കരച്ചിലാണ് അന്തരീക്ഷത്തിൽ ഉയർന്നത്. അന്തരീക്ഷത്തിൽ ഉയർന്ന് താഴ്ന്ന് വീണ വലക്കകത്ത് റയീസ്!!

റയീസ് വലക്കയറ്‌ പിടിച്ചതിലുള്ള പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഫിറോസ് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും അതിനെ പിന്താങ്ങി.എങ്കിൽ അടുത്തതായി എന്നോട് വലക്കയറ് പിടിക്കാൻ റയീസ് പറഞ്ഞു.കൊതുക് വലയും ചിലന്തി വലയും മാത്രം നേരിട്ട് ടച്ച് ചെയ്ത് പരിചയമുള്ള എനിക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം വന്നില്ല.വീണ്ടും ഒറ്റക്ക് വല വീശാൻ ഫിറോസിനും ധൈര്യം ഇല്ലാത്തതിനാൽ ഇനി എല്ലാവരും കൂടി വല എറിയാൻ തീരുമാനിച്ചു.

 “വൺ... റ്റൂ ....ത്രീ...ശൂ” നാല് പേരും കൂടി പിടിച്ച് വല ഒറ്റയേറ്‌ !
“ബ്ലും” വല കൃത്യമായി വെള്ളത്തിൽ വീണു.വലക്കയറ് തോണിയിൽ എവിടെയോ കൊളുത്തിയതിനാൽ ഞങ്ങൾക്ക് പിടുത്തം കിട്ടി!ഇനി അല്പ നേരം കാത്തിരിക്കണം.അപ്പോഴാണ് ഫിറോസ് തോണിയുടെ അമരത്ത് നിന്നും കിട്ടിയ ഉദയാബീഡിക്കെട്ടിൽ നിന്നും ഒന്നെടുത്ത് തീ കൊളുത്തിയത്.ബീഡി മണം അടിച്ചതോടെ എനിക്കും റയീസിനും ഓക്കാനം വന്നു.ദിലീപ് , കാക്ക വിടുന്ന പൊക നോക്കി രസിച്ചിരുന്നു.

അല്പം കഴിഞ്ഞ് ഞങ്ങൾ നാല് പേരും കൂടി വല വലിച്ചു.വലക്ക് അസാധാരണമായ കനം അനുഭവപ്പെട്ടപ്പോൾ ഞങ്ങളുടെ ആദ്യത്തെ ‘ഓപ്പറേഷൻ മത്സ്യബന്ധ’ ചരിത്രമാകാൻ പോകുന്നതിന്റെ മന്ദഹാസം ഇരുട്ടിലും ഞങ്ങൾ പരസ്പരം ദർശിച്ചു.പെട്ടെന്ന് വലക്കകത്ത് കുടുങ്ങിയ സാധനം വലയോടൊപ്പം വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങി വന്നു.

“ആരെടാ....മഗ്‌രിബിന്റെ നേരത്ത് കുളിക്കടവിൽ  വല എറിയുന്നത് ?” വലയിൽ നിന്നും പരിചയമുള്ള ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി – വ്യാഴാഴ്ചകളിൽ മീൻ പിടിക്കാൻ പോകാത്ത അമ്മാവൻ അതാ സ്വന്തം വലക്കകത്ത്!

വല വിട്ട് ഞാനും ദിലീപും കരയിലൂടെ ഓടി.റയീസ് നേരെ കണ്ട ഇടവഴിയിലൂടെ അവന്റെ വീട്ടിലേക്കും വച്ച് പിടിച്ചു.ഫിറോസ് വെള്ളത്തിൽ ചാടി മുങ്ങാംകുഴിയിട്ട് നേരെ ഞങ്ങളുടെ കടവിൽ പൊങ്ങി.ഇരുട്ടിൽ അമ്മാവന് ആരെയും പെട്ടെന്ന് മനസ്സിലാവാത്തതിനാൽ ഒരു വലിയ ആപത്തിൽ നിന്നും അന്ന് ഞങ്ങൾ രക്ഷപ്പെട്ടു.


27 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ഒരു വ്യാഴാഴ്ച വൈകിട്ട് ‘ഓപ്പറേഷൻ മത്സ്യബന്ധ’ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.കാരണം രണ്ടാണ്.തോണിയുള്ള അമ്മാവൻ വ്യാഴാഴ്ച മീൻ പിടിക്കാൻ പോകാറില്ല. അപ്പോൾ തോണിയും വലയും ഫ്രീ ആയിരിക്കും എന്നതാണ് ഒരു കാരണം.

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ചിരിപ്പിച്ചു...
ഈ അമ്മാവൻ എന്തിനാ വലക്കകത്ത്‌ വന്ന് കയറിയത്‌.??

ഈ ലിങ്ക്‌ കുറച്ച്‌ പേർക്ക്‌ അയച്ച്‌ കൊടുക്കട്ടെ.!!!

ജ്യുവൽ said...

സുധി ലിങ്ക് അയച്ചു തന്നു വന്നതാണ്. നല്ലൊരു ചിരി സമ്മാനിച്ചതിന് നന്ദി സാർ.

saifparoppady said...

ഹ ഹാ ഹാ..... പൊളിപ്പന്‍, തുടരുക......

Areekkodan | അരീക്കോടന്‍ said...

സുധീ....അമ്മാവൻ കുളിക്കുന്നിടത്താ മരുമക്കൾ വലവീശിയത്.അപ്പോ പിന്നെ വലക്കകത്ത് ആരായി ? ലിങ്ക് അയച്ചു കൊടുക്കുന്നതിൽ സന്തോഷം (ഈ കഥക്ക് പ്രചോദനം സുധിയുടെ മഴക്കാലം എന്ന പോസ്റ്റ് ആണെന്ന് കൂടി അറിയിക്കട്ടെ...)

ജ്യുവൽ.....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

സൈഫൂ.....ഉണ്ട് , ഇനിയും ഈ നാൽ‌വർ കോമൺസെൻസിൽ ഒരുപാട് കഥകൾ.കാത്തിരിക്കുക.

സുധി അറയ്ക്കൽ said...

അപ്പോ ഇതൊരു തുടരൻ ആക്കാനാ ഭാവമല്ലേ???
ഇങ്ങ്‌ പോരട്ടേ!!!!!

Pradeep Kumar said...

ബഷീറിന്റെ രാമൻ നായർ പണ്ട് ആനയെ വാരി.....
ഇവിടെയൊരാൾ പുഴയിൽ നിന്ന് അമ്മവനെ വലയിട്ട് പിടിച്ചു....

വിനോദ് കുട്ടത്ത് said...

ഓപ്പറേഷന്‍ മത്സ്യബന്ധന സക്സസ്ഫുള്‍...... കസറി.....കൈമാക്സ് പൊളിച്ചടുക്കി....എന്നാലും ആ ഓട്ടം ഭയങ്കരം തന്നെയാ അല്ലേ....... എഴുത്ത് നന്നായി മാഷേ.... ആശംസകൾ

Areekkodan | അരീക്കോടന്‍ said...

സുധീ...കുട്ടിക്കാലത്തെ കഥകൾ പറഞ്ഞാൽ തീരൊ ?

പ്രദീപ് മാഷെ....ആനവാരിക്കൊപ്പം തോമ ഉണ്ടായിരുന്നോ?എന്റെ കൂടെ വേറെ മൂന്ന് പേർ കൂടി ഉണ്ട് പ്രതികളായിട്ട്

വിനോദ്ജി....വരവിനും അഭിപ്രായത്തിനും നന്ദി

Mohammed Kutty.N said...

ഭാഷയുടെ ഒഴുക്കും പുഴയുടെ (ചാലിയാറിന്റെ )കുണുങ്ങിക്കുണുങ്ങിയുള്ള പദസ്വനവും പദസമ്പത്തായി സരസം മാറ്റുരക്കുന്നു.അഭിനന്ദനങ്ങള്‍ !

കൊച്ചു ഗോവിന്ദൻ said...

ഹഹാ, തീർത്തും അപ്രതീക്ഷിതമായ ക്ലൈമാക്സ്!
'വലയെറിഞ്ഞവൻ വലയാലേ' എന്ന പുതുമൊഴി ഉണ്ടായത് ഇങ്ങനെയാണല്ലേ?!
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ആദ്യത്തെ മൂന്ന് വരികളാണ്.
അതിമനോഹരം.

Bipin said...

ആ വലയെറിയാൽ ഇന്നും തുടരുന്നു. വള കിലുക്കിയ സുന്ദരിമാർ ആരെങ്കിലും അന്ന് ഉണ്ടായിരുന്നോ?

വലയിട്ട് അൽപ്പ നേരം, ബീഡി കത്തിച്ച് പുകയെടുത്ത്, കാത്തിരുന്ന സമയം മുഴുവൻ അമ്മാവൻ മുങ്ങി ക്കിടന്നു എന്നതിൽ ഒരു പന്തി കേട് പോലെ.

എഴുത്ത് നന്നായി.

Areekkodan | അരീക്കോടന്‍ said...

മുഹമ്മെദ് കുട്ടി ഭായ്.....ഈ നല്ല വാക്കുകൾക്ക് നന്ദി

കൊച്ചു ഗോവിന്ദാ....കുറേ പുതുമൊഴി മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ളതിനാൽ ഇതിന്റെ പിതൃത്വം ഞാൻ ഏൽക്കുന്നില്ല.

ബിപിനേട്ടാ.....സന്ധ്യാസമയത്ത് ചാലിയാറിൽ വളകിലുക്കം കേൾക്കില്ല.പിന്നെ പന്തികേട് തോന്നണ്ട,അമ്മാവൻ മുകളിൽ എവിടെയോ നിന്ന് മുങ്ങി എത്തിയത് ഞങ്ങളുടെ വലയിലാ!

Sudheer Das said...

അങ്ങനെയാണ് " ഇന്റര്‍നെറ്റ് " ഉണ്ടായത് അല്ലേ. മാഷേ.

അക്ഷരപകര്‍ച്ചകള്‍. said...

ചിരിക്കാനുള്ള വക ഏറെ തന്ന പോസ്റ്റ്‌." ഓപ്പറേഷൻ മത്സ്യബന്ധന "!! എത്ര നല്ല പേര്. കഥാ നായകന്മാരുടെ പേര് വർണ്ണിച്ചപ്പോൾ വന്ന ചരിത്ര ഭാവന എത്ര അഭിനന്ദിച്ചാലും പോരാ ട്ടോ. ഒടുവിൽ അമ്മാവൻ തന്നെ വലയ്ക്കകത്തു പെട്ടതാണ് ചിരിപ്പിച്ചു കൊന്നത്. ഏറെ ഏറെ ആസ്വദിച്ചു വായിച്ചു. ആശംസകൾ. ഇനിയും പോരട്ടെ നല്ല ചിരിപടക്കകഥകൾ

Areekkodan | അരീക്കോടന്‍ said...

സുധീർദാസ്...ഓ അങ്ങനെ ഒരു സാധ്യതയും ഉണ്ടായിരുന്നു അല്ലേ?

അക്ഷരപ്പകർച്ചകൾ....വായനക്കും ഈ നല്ല അഭിപ്രായങ്ങൾക്കും നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

“ആരെടാ....മഗ്‌രിബിന്റെ നേരത്ത് കുളിക്കടവിൽ വല എറിയുന്നത് ?”
ബലം പിടിച്ചിരുന്ന് വായിച്ചിരുന്ന ഞാന്‍ ഇവിടെ എത്തിയപ്പോള്‍ ചിരി അടക്കാനായില്ല. ബേണ്ടാത്ത പണിക്ക് പോയാല്‍ ഇമ്മാതിരി എടങ്ങേറ് അനുഭവിക്കേണ്ടി വരും . വളരെ രസകരമായി എഴുതി. ആ അമ്മാവന്‍ ഇപോ ജീവിച്ചിരിപ്പുണ്ടോ ?
( ഈ കഥയുടെ പേര് "ക്വഥനാങ്കം" എന്നാക്കുകയായിരുന്നു കൂടുതല്‍ നല്ലത് )

വീകെ said...

സ്വന്തം അമ്മാവനെത്തന്നെ വലയിട്ടു പിടിച്ച പഹയാ... അനക്കു കിട്ടിക്കാണുമല്ലൊ നല്ലൊന്നാന്തരം പുളിക്കൊമ്പ് വീശൽ...!! എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ല രാമനാരായണയെന്ന മട്ട് ശരിയല്ലാട്ടൊ... സത്യം തുറന്നു പറ മാഷേ.. അന്നത്തെ ആ പാടല്ലെ ആ തു...........!!?

വീകെ said...

സ്വന്തം അമ്മാവനെത്തന്നെ വലയിട്ടു പിടിച്ച പഹയാ... അനക്കു കിട്ടിക്കാണുമല്ലൊ നല്ലൊന്നാന്തരം പുളിക്കൊമ്പ് വീശൽ...!! എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ല രാമനാരായണയെന്ന മട്ട് ശരിയല്ലാട്ടൊ... സത്യം തുറന്നു പറ മാഷേ.. അന്നത്തെ ആ പാടല്ലെ ആ തു...........!!?

Muralee Mukundan , ബിലാത്തിപട്ടണം said...

മാമേനെ വലയെറിഞ്ഞ് പിടിച്ച പഹയനെ ആദ്യായിട്ട് കാണൂകയാണ്...

Areekkodan | അരീക്കോടന്‍ said...

തണൽ....അമ്മാവൻ ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ മരിച്ചുപോയി.നിർദ്ദേശത്തിന് നന്ദി

വീ.കെ.....ആ പാട് അതൊന്നുമല്ല.വേറെ ഒരു കോമ്മൺസെൻസ് നടത്തിയതിന്റെയാ

മുരളിയേട്ടാ.....അന്ന് കോളേജിൽ മാത്രമേ റെക്കോഡ് ബുക്കു ഉണ്ടായിരുന്നുള്ളൂ.ഇന്നലെ എന്ത് തോന്ന്യാസവും എഴുതിച്ചേർക്കാനുള്ള ലിം... റെക്കോഡ് ബുക്കു ഒക്കെ ഉണ്ടായത്.

ജിമ്മി ജോൺ said...

അമ്മാവന്റെ തോണി, അമ്മാവന്റെ വല, അമ്മാവന്റെ ബീഡി.. അവസാനം ആ പാവത്തിനെ തന്നെ വലയിലാക്കി!!

ചാലിയാർ പുഴയുടെ തീരങ്ങളെ പുളകം കൊള്ളിച്ച വീരഗാഥകൾ ഇനിയുമുണ്ടാവുമല്ലോ... പോന്നോട്ടെ... :)

mukthaRionism said...

ഹാ ഹാ ഹാാ

Cv Thankappan said...

രസകരമായി...............
ആശംസകള്‍ മാഷെ

ajith said...

കോമണ്‍സെന്‍സുണ്ടെങ്കില്‍ ആര്‍ക്കും അമ്മാവനെ വലയിട്ട് പിടിക്കാംന്ന് മനസ്സിലായി

Areekkodan | അരീക്കോടന്‍ said...

ജിമ്മി....അമ്മാവന്റെ വലയിൽ അമ്മാവൻ എന്നല്ലേ ചൊല്ല്

മുക്താർ ഭായി...ശരി ശരി

Thankappan ji... വായനക്ക് നന്ദി

Ajith ji.. അതാണ് പുതിയ കോമൺസെൻസ്

kochumol(കുങ്കുമം) said...

അമ്മാവന്റെ വലയില്‍ അമ്മാവനെ തന്നെ കുരുക്കി ‘ഓപ്പറേഷൻ മത്സ്യബന്ധ’ ചരിത്രവിജമാക്കിയ മാഷിനു അഭിനന്ദനങ്ങള്‍ ..:)

Post a Comment

നന്ദി....വീണ്ടും വരിക