Pages

Sunday, May 24, 2015

വിശ്വേശ്വരയ്യ മ്യൂസിയത്തിൽ...( പൂന്തോട്ട നഗരത്തിലേക്ക് – 3 )

വിശ്വേശ്വരയ്യ  മ്യൂസിയത്തിനകത്ത് കയറിയതും ഒരു സയൻസ് ഷോയുടെ അനൌൺസ്മെന്റ് മുഴങ്ങി.10 രൂപ ചാർജ്ജുള്ള ഷോക്ക് അപ്പോൾ തന്നെ ടിക്കറ്റെടുത്ത് ഞാനും കുടുംബവും കയറി.ശാസ്ത്രസത്യങ്ങൾ ഉപയോഗിച്ചുള്ള നിറം മാറുന്ന ദ്രാവകങ്ങളുടെ പരീക്ഷണങ്ങളും സ്വയം കുന്ന് കയറുന്ന ചക്രവും അതിന്റെ രഹസ്യ സഹിതം ഷോയിൽ വിവരിച്ചു.

മറ്റൊരു പരീക്ഷണത്തിനായി രണ്ട് പേരെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ രണ്ടാമത്തെ മകൾ ലുഅ മോളും ഒരു ആൺകുട്ടിയും ചെന്നു.ഇവരിൽ ആരാണ് ബലവാൻ എന്ന് അവതാരകൻ ചോദിച്ചപ്പോൾ സംശയമില്ലാതെ എല്ലാവരും ആൺകുട്ടിയെ പിന്തുണച്ചു.ഒരു സിമ്പിൾ പരീക്ഷണത്തിലൂടെ നമുക്ക് തെളിയിക്കാം എന്ന് പറഞ്ഞ് ഏകദേശം ഒരു പേനയുടെ നീളവും ചൂണ്ടുവിരലിന്റെ വീതിയുമുള്ള ഓരോ ന്യൂസ്പേപ്പർ കഷ്ണങ്ങൾ കുട്ടികൾക്ക് കൊടുത്തു.ശേഷം 1, 2, 3 എന്നെണ്ണുമ്പോഴേക്കും അത് ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കീറണം എന്ന് പറഞ്ഞു (ഇംഗ്ലീഷിലുള്ള കമ്മ്യൂണിക്കേഷൻ പ്രശ്നമാവുമോ എന്നായിരുന്നു മകളെക്കുറിച്ച് ഞങ്ങളുടെ പേടി).

ഒരു പേപ്പർ കീറി അവതാരകൻ ഡമോൻസ്ട്രേഷനും നടത്തി.ഈ ലഘുപരീക്ഷണത്തിൽ ആൺകുട്ടി ജയിക്കും എന്ന് പറയുന്നവർ കൈ പൊക്കാൻ പറഞ്ഞപ്പോൾ ഭൂരിപക്ഷം പേരും കൈ പൊക്കി.അവതാരകൻ ടെസ്റ്റ് നടത്താനായി ഒരുങ്ങി.
വൺ...റ്റു...ത്രീ...!ലുഅ മോൾ ഒറ്റവലിക്ക് പേപ്പർ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കീറി! ആൺകുട്ടിയും ഒറ്റ വലി വലിച്ചെങ്കിലും സൈഡിലേക്ക് ആണ് കീറിപ്പോയത്.അവന് ഒരു അവസരം കൂടി കൊടുത്തെങ്കിലും വിജയിച്ചില്ല.മൂന്നാമത്തെ ചാൻസിലും നൊ രക്ഷ!!

കുട്ടികൾക്ക് കൊടുത്ത പേപ്പർ വ്യത്യാസമുണ്ടെന്നും സയൻസ് പരീക്ഷണമായതിനാൽ പേപ്പറിൽ എന്തോ ലായനിയോ മറ്റോ ആക്കിയിട്ടുണ്ടെന്നും ആയിരുന്നു കാണികളായ ഞങ്ങളുടെ പ്രതികരണം.പക്ഷേ സംഗതി വളരെ സിമ്പിളായിരുന്നു.കൊടുത്ത പേപ്പറുകൾ ഒന്ന് സൂക്ഷിച്ച് നോക്കൂ......



ഒന്ന് കുത്തനെയുള്ള പ്രിന്റും മറ്റൊന്ന് കുറുകെയുള്ള പ്രിന്റും! തുണിയുടെ ഊടും പാവും എന്ന പോലെ.കടലാസ് നിർമ്മിച്ചിരിക്കുന്നത് ചെടിയിൽ നിന്നാണ് – അതായത് സെല്ലുലോസ്. അതിന്റെ ക്രമീകരണ രീതി അനുസരിച്ച്  കുത്തനെയുള്ള പേപ്പർ കീറുമ്പോൾ അവയുടെ ഇടയിലുള്ള ഗ്യാപിലൂടെ എളുപ്പം കീറാൻ സാധിക്കും.കുറുകെയുള്ളത് കീറുമ്പോൾ സെല്ലുലോസിന്റെയും കുറുകെ കീറണം.അത് ഒറ്റവലിയിൽ സാധ്യമല്ല,അല്പം കൂടുതൽ ബലവും സൂക്ഷ്മതയും വേണം !ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ.

പരീക്ഷണത്തിൽ തോറ്റതിന് ശിക്ഷ ഒന്ന് വേണോ അതോ ആയിരം എണ്ണം വേണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒന്ന് മതി എന്ന് പറഞ്ഞ ആൺകുട്ടിക്ക് നേരെ 1000 ആണികൾ തറച്ച ഒരു പലക നീട്ടി അതിൽ ഇരിക്കാൻ പറഞ്ഞു! അവൻ മടിച്ചപ്പോൾ അവതാരകൻ തന്നെ അതിൽ ഇരുന്ന് കാണിച്ച് കൊടുത്തു.അങ്ങനെ ധൈര്യം അവലംബിച്ച് അവനും ഇരുന്നു.ബലം വിഭജിച്ചു പോകുന്നതിനാൽ വേദന അനുഭവപ്പെടില്ല എന്നതായിരുന്നു ഇതിന് പിന്നിലെ രഹസ്യം.ശേഷം അവൻ ആവശ്യപ്പെട്ട ഒറ്റ ശിക്ഷയായി ഒരു ആണി മാത്രം തറച്ച പലക നീട്ടി അതിൽ ഇരിക്കാൻ പറഞ്ഞു !ആണി കുത്തിക്കയറും എന്ന് തീർച്ചയുള്ളതിനാൽ അവൻ ഇരിക്കാൻ ഭാവിച്ചപ്പോഴേക്കും അവതാരകൻ പലക വലിച്ചു!

സയൻസ് ഷോ കഴിഞ്ഞ് പിന്നെ ഞങ്ങൾ യന്ത്രങ്ങളുടെ മായാലോകത്തെത്തി.അവിടെ ഒരു പ്ലാസ്റ്റിക് ബോൾ വിവിധ പാതകളിലൂടെ സഞ്ചരിച്ച് കൃത്യമായി ഒരു പീഠത്തിൽ വീണ് റീബൌണ്ട് ചെയ്ത് ഒരു കമ്പിക്കൊട്ടയിലേക്ക് ചാടിക്കയറുന്നത് കൌതുകം നിറഞ്ഞതായി. പ്ലാസ്റ്റിക് ബോൾ ഇത്രയും കൃത്യമായി റീബൌണ്ട് ചെയ്ത് മറ്റ് യാതൊരു ബാഹ്യബലപ്രയോഗവും കൂടാതെ സമീപം ഒരുക്കിവച്ച കമ്പിക്കൂട്ടിലേക്ക് തന്നെ ചാടിക്കയറുന്നത് സയൻസിലെ ഗതികോർജ്ജത്തിന്റേയും  സ്ഥിതികോർജ്ജത്തിന്റേയും ചില പ്രായോഗികതത്വങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.



രണ്ടാം നിലയിൽ സയൻസ് ഫൺ ആണ് ഒരുക്കിയിരിക്കുന്നത്.ശാസ്ത്രം ഉപയോഗിച്ചുള്ള തമാശകൾ തീർച്ചയായും സ്കൂൾ കുട്ടികൾക്ക് ശാസ്ത്രാഭിരുചി വളർത്താൻ സഹായകമാകും. 

ലൂന മോൾ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ !!




ജീവശാസ്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുന്ന  മറ്റ് നിലകളിലൂടെ കയറിയിറങ്ങിക്കഴിയുമ്പോഴേക്കും സമയം 6 മണിയായിരുന്നു !മ്യൂസിയം ക്ലോസ് ചെയ്യുന്ന സമയമായിട്ടും താഴെ നിലകളിൽ നിന്നും മറ്റ് നിലകളിലേക്ക് ജനം പ്രവഹിക്കുന്നുണ്ടായിരുന്നു.

കബ്ബൺ പാർക്കിൽ കാണാമെന്ന് പറഞ്ഞ് പോയ അഷ്‌റഫ് ഇതിനിടക്ക് തിരിച്ചെത്തിയിരുന്നു. ഞങ്ങൾ മ്യൂസിയത്തിനകത്താണെന്ന് പറഞ്ഞപ്പോൾ അവൻ അവിടെ വന്ന് കാത്തിരുന്നു. പുറത്തിറങ്ങിയപ്പോൾ ആലിപ്പഴം വീഴ്ത്തി ഗംഭീരമഴ!!റോഡെല്ലാം പുഴയായതിനാൽ ട്രാഫിക് മൊത്തം ബ്ലോക്ക് ആയി.അതിനാൽ ഞങ്ങൾ അന്നത്തെ കാഴ്ചകൾക്ക് വിരാമമിട്ട് ഫ്ലാറ്റിലേക്ക് മടങ്ങി.





( തുടരും...)

9 comments:

Areekkodan | അരീക്കോടന്‍ said...

സയൻസ് ഷോ കഴിഞ്ഞ് പിന്നെ ഞങ്ങൾ യന്ത്രങ്ങളുടെ മായാലോകത്തെത്തി.അവിടെ ഒരു പ്ലാസ്റ്റിക് ബോൾ വിവിധ പാതകളിലൂടെ സഞ്ചരിച്ച് കൃത്യമായി ഒരു പീഠത്തിൽ വീണ് റീബൌണ്ട് ചെയ്ത് ഒരു കമ്പിക്കൊട്ടയിലേക്ക് ചാടിക്കയറുന്നത് കൌതുകം നിറഞ്ഞതായി.

Pradeep Kumar said...

മഹാനായ വിശ്വേശ്വരയ്യയുടെ പേരിലുള്ള ഈ ശാസ്ത്രക്ഷേത്രം എന്റെ ബംഗളൂരു യാത്രകളിൽ ഞാൻ നഷ്ടപ്പെടുത്താറില്ല.....

ajith said...

വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ അത്ഭുതപരതന്ത്രനായി നിന്ന ഒരു കാലം!

Cv Thankappan said...

പുതിയപുതിയ അറിവുകളും,ഐഡിയകളും പ്രദാനംചെയ്യാന്‍ ഇത്തരം പഠനയാത്രകളിലൂടെ കഴിയുന്നു....
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Pradeep Mash.... ഇനി ഞാനും ഈ ക്ഷേത്രത്തിൽ കയറാതെ ബാംഗ്ലൂർ വിടില്ല

അജിത്തേട്ടാ....അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം പറയാൻ അജിത്തേട്ടൻ തന്നെ വരണം

തങ്കപ്പൻ‌ജീ...ശരിയാണ്.മക്കൾക്ക് കാഴ്ചകൾക്കപ്പുറം ശാസ്ത്രത്തെക്കുറിച്ച് ഒരുൾക്കാഴ്ച കൂടി ഇതിലൂടെ ലഭിച്ചു.

സുധി അറയ്ക്കൽ said...

രണ്ട്‌ മാസം കഴിഞ്ഞ്‌ ബാംഗ്ലൂർക്ക്‌ പോകുന്നുണ്ട്‌.സമയം ഉണ്ടാക്കി അവിടെ പോകണം..

വിനോദ് കുട്ടത്ത് said...

ഇരുപത്താറ് വര്‍ഷങ്ങള്‍ക്ക് മുൻമ്പ് ഒരു പത്തുവയസ്സുകാരന്‍ .....കണ്ണുമിഴിച്ച് വായ തുറന്ന് ...... ഈ അത്ഭുതലോകത്ത് നില്‍ക്കുന്നതിന്‍റെ ചിത്രം ഇന്നും മനസ്സിലുണ്ട് ... പീന്നീട് ഒറ്റക്കും കൂട്ടായും ഒരു പാട് തവണ പോയിട്ടുണ്ട് .....സുപ്രധാന മാറ്റം വരിന്നത് ഒരു കാര്യത്തില്‍ .,......വര്‍ത്തമാന കാലത്തിലെ സുപ്രധാന കണ്ടു പിടിത്തങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ട് ഡെമോ മാറി കൊണ്ടിരിക്കും......

ജിമ്മി ജോൺ said...

ഈ മ്യൂസിയം കൊള്ളാല്ലോ മാഷേ... അടുത്ത ബാംഗ്ലൂ‍ർ യാത്രയിൽ ഇവിടുത്തെ കാഴ്ചകൾ കണ്ടിട്ട് തന്നെ ബാക്കി കാര്യം..

(ഈ പഞ്ചായത്തിലെ പേപ്പറുകളൊക്കെ ഞാൻ കീറിക്കഴിഞ്ഞു... ഇനി അടുത്ത പഞ്ചായത്തിൽ പോയി നോക്കട്ടെ..)

Areekkodan | അരീക്കോടന്‍ said...

സുധീ....വളരെ നല്ല തീരുമാനം

വിനോദ്ജി....അപ്പോ 36 വയസ്സേ ആയിടൂള്ളൂ എന്നോ?എന്റെ അടുത്തുള്ളത് കുടുംബം മുഴുവൻ വാ തുറന്ന് നിൽക്കുന്ന ഫോട്ടോയാ!!

ജിമ്മി.....ബാംഗ്ലൂരിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും വിശ്വേശരയ്യ മ്യൂസിയം കണ്ടിരിക്കണം പ്രത്യേകിച്ചും the സയൻസ് ഫൺ വിഭാഗം.

Post a Comment

നന്ദി....വീണ്ടും വരിക