Pages

Saturday, August 31, 2024

പ്രിയപ്പെട്ട അംബാനിക്ക്...

മൊബൈൽ കണക്ഷനിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബി.എസ്.എൻ.എൽ തന്നെയാണ്. മൊബൈൽ യുഗം തുടങ്ങിയ അന്ന് മുതൽ ഒരു കാളവണ്ടിയുടെ വേഗതയേ അതിൻ്റെ പുരോഗതിക്ക് ഉള്ളൂവെങ്കിലും 9447 ൽ തുടങ്ങുന്ന ഒരു മൊബൈൽ നമ്പർ ഉണ്ടാകുന്നത് ഒരു അംബാസഡർ കാറിൻ്റെ മുതലാളിയാകുന്ന പ്രൗഡിയാണ് പ്രദാനം ചെയ്യുന്നത്. എന്നാലും ഒരു ബാക്കപ്പിന് വേണ്ടി ഒരു സ്റ്റെപ്പിനി കണക്ഷൻ എടുക്കുക എന്നത് സിം കാർഡ് ഫ്രീയായ അന്ന് മുതൽ പലർക്കും തുടങ്ങിയ ഒരു ദുശീലമാണ്. 

പക്ഷെ, ഞാൻ രണ്ടാമത്തെ കണക്ഷനായി അംബാനിയുടെ ജിയോ എടുത്തത് അഞ്ഞൂറ് രൂപക്ക് ഫോണും കണക്ഷനും എന്ന ഓഫർ കണ്ടിട്ടാണ്. പരസ്യത്തിൽ കാണുന്ന സ്ത്രീയെ കണ്ട് കുട്ടിക്കൂറ പൗഡർ വാങ്ങരുത് എന്ന് ആരോ പറഞ്ഞിരുന്നതിനാൽ ഞാൻ ഒരു പൗഡറും വാങ്ങിയിരുന്നില്ല. ബട്ട്, അംബാനിയുടെ പരസ്യത്തിലെ ഫോൺ കണ്ടപ്പോൾ അഞ്ഞൂറ് രൂപക്ക് അത് കരസ്ഥമാക്കുന്നത് ലാഭകരം ആണെന്ന് എനിക്ക് ഏതോ ദുർബല നിമിഷത്തിൽ തോന്നി. 

അംബാനിയുടെ കുട്ടിക്കുറയിൽ വഴുതി വീണ എനിക്ക് ഫോൺ കൈപ്പറ്റാനായി അരീക്കോട് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയുള്ള വണ്ടൂർ വരെ പോകേണ്ടി വന്നു. വീട്ടിലെത്തി കയ്യിൽ കിട്ടിയ പെട്ടി തുറന്നു നോക്കിയപ്പോൾ പഴയ നോക്കിയ 3310 നെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഫോണാണ് കിട്ടിയത്. മാസാമാസം 50 രൂപക്ക് റീചാർജ് ചെയ്താൽ മതി എന്നും രണ്ട് വർഷം കഴിഞ്ഞ് കേടുപാടുകൾ കൂടാതെ ഫോൺ തിരികെ നൽകിയാൽ കൊടുത്ത സംഖ്യ തിരിച്ച് തരുമെന്നും മറ്റോ ആയിരുന്നു അംബാനി ഓഫർ. അതിനാൽ അലമാരയുടെ ഒരു മൂലയിൽ ഞാനതിനെ ഫിക്സഡ് ഡെപ്പോസിറ്റാക്കി വച്ചു.

ഒരാഴ്ച കഴിഞ്ഞ്, ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു ജിയോ ഫോൺ അനാഥമായി കിടക്കുന്നത് കണ്ടു. ഫോൺ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ടും എനിക്കതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വേഗം പോയി അലമാര തുറന്ന് നോക്കിയ ഞാൻ ഞെട്ടി. എൻ്റെ ഫിക്സഡ് ഡെപ്പോസിറ്റ് അവിടെയില്ല!!

"എടിയേ... ഇവിടെ വല്ല നായയും വന്നിരുന്നോ?"

"ങാ... ഒന്നല്ല .... ഒരു കൂട്ടം നായകൾ ..!!" 

"എന്നിട്ടോ?"

"അവ മുറ്റത്ത് നിന്ന് കുരക്കാൻ തുടങ്ങിയപ്പോ ഞാനൊറ്റ ഏറ്"

" ങ്ങും.. എന്തെടുത്താ എറിഞ്ഞത്?" കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാകാൻ വേണ്ടി ഞാൻ ചോദിച്ചു.

"അത് ... ആ പഴയ ഫോൺ കൊണ്ട്..." എൻ്റെ ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ ഭാവി അതോടെ ഫിക്സ് ആയി. വെൻ്റിലേറ്ററിലായെങ്കിലും ഇടക്കൊക്കെ റീചാർജ്ജ് ചെയ്ത് ഞാൻ അവൻ്റെ ജീവൻ നിലനിർത്തിപ്പോന്നു.

വീട്ടിൽ വൈഫും വൈഫൈയും ഉള്ളതിനാൽ നമ്പർ നിലനിർത്താനുള്ള ഏറ്റവും ചുരുങ്ങിയ പ്ലാനുകളാണ് ഞാൻ റീചാർജ് ചെയ്യാറുള്ളത്. അത് കഴിഞ്ഞാലും മൂന്ന് മാസം ഇൻകമിംഗ് കിട്ടും എന്നതിനാൽ വർഷത്തിൽ നാല് റീചാർജ്ജ് കൊണ്ട് ഞാനും ഖുശി അംബാനിയും ഖുശി എന്ന മ്യൂച്ചൽ അഡ്ജസ്റ്റ്മെൻ്റിലായിരുന്നു ഞങ്ങളുടെ പ്രയാണം.

അതിനിടക്കാണ് അംബാനിയുടെ മകൻ്റെ കല്യാണം നടന്നത്.തിരക്ക്  കാരണം ഞാനതിന് പോയില്ല. പോയവർക്കൊക്കെ സ്പോട്ടിൽ തന്നെ നിരവധി സമ്മാനങ്ങൾ അംബാനി എല്ലാവർക്കും നൽകി. കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാത്തവർക്കും കനത്ത സമ്മാനം ഉണ്ട് എന്ന് അംബാനി പ്രഖ്യാപ്പിക്കുകയും ചെയ്തു. ആ പ്രഖ്യാപനം ഞാനടക്കമുള്ളവരെ ധൃതംഗപുളകിതരാക്കി.

അംബാനിയുടെ മകൻ്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് എനിക്ക് ഒരു ഫോൺ കാൾ വന്നു. 

"ഹലോ... ആബിദ് ?" ഒരു ഹിന്ദി ചുവയിലുള്ള മലയാളത്തിലെ കിളിനാദം കേട്ട് എൻ്റെ സകല ഞാഡീ നെരമ്പുകളും (സോറി നാഡീ ഞെരമ്പുകളും) എണീറ്റു. അംബാനിയുടെ സമ്മാനം വരുന്നതിൻ്റെ ലക്ഷണം തുടങ്ങിയപ്പോഴേക്കും ആ ഫോൺകാൾ കട്ടായി. അംബാനിയുടെ ഭാര്യയോ മരുമകളോ മറ്റോ ആയിരിക്കും ആ വിളിച്ചത്. കാരണം പിന്നീട് എനിക്ക് വിളി വന്നില്ല.സമ്മാനം വരുമ്പോൾ വരട്ടെ എന്ന് കരുതി ഞാൻ തിരിച്ച് വിളിച്ചതുമില്ല.

അടുത്ത ദിവസം, തലേ ദിവസം വിളി വന്ന നമ്പറിന് സമാനമായ ഒരു നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.

"ഹലോ ഇത് 7907297631 എന്ന ജിയോ നമ്പർ അല്ലേ?.." വീണ്ടും ഒരു പെൺശബ്ദം.

"അതെനിക്കറിയില്ല ... നിങ്ങൾ വിളിച്ച നമ്പർ ദയവായി പരിശോധിക്കുക" എൻ്റെ നമ്പർ എനിക്ക് തന്നെ അറിയാത്തതിനാൽ ഞാൻ പറഞ്ഞു.

"ആ... ഇത് ജിയോ ഓഫീസിൽ നിന്നാണ്..." 

"ഓ... അങ്ങനെ എങ്കിൽ ആ പറഞ്ഞ നമ്പർ തന്നെ ഈ നമ്പർ ... എൻ്റെ സമ്മാനം എത്തിയോ?" ബഹുമാനം കാരണം തുണിയുടെ മടക്കിക്കുത്ത് അഴിച്ചിട്ട് ഞാൻ ചോദിച്ചു.

"ഇല്ല... അത് വരുന്നുണ്ട്...നിങ്ങളുടെ പ്ലാൻ കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസമായി ..."

"ങാ... അതെനിക്കറിയാം.."

"എത്രയും പെട്ടെന്ന് റീ ചാർജജ് ചെയ്തില്ലെങ്കിൽ ഫോൺ കട്ടാവും... മാത്രമല്ല "

"അതെങ്ങിനെയാ...മൂന്ന് മാസം ഇൻകമിംഗ് ഉണ്ടല്ലോ..." അപ്പോഴേക്കും ഫോൺ കട്ടായി. 

പിറ്റേ ദിവസം രാവിലെ തന്നെ എനിക്ക് your plan expired , kindly recharge...... എന്ന ഒരു SMS വന്നു. ഉച്ചക്ക് അത് തന്നെ വീണ്ടും വന്നു. രാത്രി അത് തന്നെ കോപ്പി പേസ്റ്റ് അടിച്ച് വീണ്ടും അവർ വിട്ടു. കൊക്ക് എത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ ഞാൻ അതൊക്കെ ഡിലീറ്റ് ആക്കി. പിന്നീട് ഹോമിയോ മരുന്നിൻ്റെ കുറിപ്പടി പോലെ ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട് എന്ന തോതിൽ പ്രസ്തുത മെസേജ് വന്നുകൊണ്ടിരുന്നു. 

ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഒരു സ്ത്രീ ശബ്ദം എൻ്റെ ഫോണിൽ മുഴങ്ങി. 

"ആബിദ് അല്ലേ?"

"അതേ.."

"ജിയോ ഓഫീസിൽ നിന്നാണ്..."

"ങാ.... പറയൂ മേഡം .." കോളർ ശരിയാക്കി ഞാൻ പറഞ്ഞു.

"നിങ്ങൾക്ക് ജിയോ കണക്ഷനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

"ങാ... പുട്ടിൽ തേങ്ങ ഇടുന്ന പോലെ മെസേജ് വരുന്നത് പ്രശ്നമാണ്.."

"അതല്ല... കണക്ഷൻ ഇഷ്യൂസ് എന്തെങ്കിലും..?"

"അത് കഴിഞ്ഞ തവണ വിളിച്ച ഓളോട് ഞാൻ പറഞ്ഞുവല്ലോ.." 

"സാർ... ഫോൺ റീചാർജ്ജ് ചെയ്യാത്തത് എന്താണ്?"

"അത് എനിക്ക് സൗകര്യമുള്ളപ്പോൾ ഞാൻ ചെയ്യും.."

"ഇങ്ങനെയാണോ ഒരാളോട് സംസാരിക്കുക..."

"അല്ല പിന്നെ ... ഫോൺ നിറയെ മെസേജ് .. പിന്നെ നിന്നെപ്പോലുള്ളവരുടെ വിളി... ഇന്ന് വിളിച്ചവൾ അല്ല നാളെ വിളിക്കുന്നത്... എന്നിട്ട് ഞാൻ ഈ കഥ മുഴുവൻ വീണ്ടും പറയണം... ഭാര്യ അപ്പുറത്ത് ഈ സംസാരമൊക്കെ കണ്ട് നിൽക്കുന്നുണ്ട്..ഓള് കരുതുന്നത് എന്തോ ശൃംഗാരമാന്നാ.... നിങ്ങളെൻ്റെ കുടുംബം കലക്കരുത്."

"ങാ... അടുത്ത മാസം മുതൽ റീചാർജ്ജ് സംഖ്യ കൂടുന്നുണ്ട്. 149 രൂപയുടെത് ഇനി മുതൽ 209 രൂപയാകും. അതിന് മുമ്പ് റീചാർജ്ജ് ചെയ്യാൻ ഓർമ്മപ്പെടുത്താനാണ് ഞാൻ വിളിച്ചത്. " ഇതും പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. 

'അപ്പോ ഇതായിരുന്നു ആ കല്യാണ സമ്മാനം' ഞാൻ ആത്മഗതം ചെയ്തു.

അടുത്ത ദിവസം അംബാനി വിട്ടത് അല്പംകൂടി മാന്യമായ ഒരു മെസ്സേജ് ആയിരുന്നു. അപ്പോഴും ഒന്ന് നോക്കിയ ശേഷം ഞാനതിനെ ഡിലീറ്റാക്കിക്കൊണ്ടിരുന്നു. സ്ത്രീകളെക്കൊണ്ട് വിളിപ്പിച്ച് അംബാനി വീണ്ടും ശ്രമിച്ചെങ്കിലും കേളൻ കുലുങ്ങിയില്ല. പിന്നീട് വന്ന മെസേജ് കണ്ടപ്പോഴാണ് അംബാനി ഇത്രയും പാവമാണെന്ന് എനിക്ക് ബോധ്യമായത്. 

"ഇതൊരപേക്ഷയാണ്.. ജിയോയുമായുള്ള ബന്ധം ദയവായി നിങ്ങൾ ഉപേക്ഷിക്കരുത്. ചുരുങ്ങിയത് 209 രൂപ കൊണ്ടെങ്കിലും റീചാർജ്ജ് ചെയ്യണം" എന്നായിരുന്നു അതിൻ്റെ സാരം.

മകൻ്റെ കല്യാണം കഴിഞ്ഞ് എല്ലാവർക്കും സമ്മാനവും നൽകി ട്രൗസർ ഊരിപ്പോയ അംബാനിയാണ് അപ്പോൾ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നത്. ഏത് മുതലാളിയാണെങ്കിലും ഒരു ദിവസം ഇങ്ങനെ ഒക്കെ കൈ നീട്ടി ഇരക്കേണ്ടി വരും എന്ന് പാവം സ്വപ്നത്തിൽ പോലും നിനച്ചിട്ടുണ്ടാവില്ല. അതിനാൽ അടുത്ത മൂന്ന് മാസത്തെ ഇരക്കൽ ഒഴിവാക്കാനായി ഞാൻ 249 രൂപയ്ക്ക് തന്നെ റീചാർജ്ജ് ചെയ്തു.

പിറ്റേ ദിവസം എനിക്കു വീണ്ടും ഒരു കാൾ. സന്തോഷം അറിയിച്ച് സമ്മാനം അയക്കാനായി അംബാനി വിളിക്കുന്നതാവും എന്ന് കരുതി ഞാൻ ഓടിച്ചെന്ന് ഫോണെടുത്തു.

"ഹലോ... ജിയോ ഓഫീസിന്നാണ് ... " സന്തോഷത്തോടെയുള്ള കിളിനാദം കേട്ട് ഞാൻ രോമാഞ്ചം കൊണ്ടു.

"ആ... ഇത് ആ നമ്പർ തന്നെയാണ് ..." നമ്പർ ഇങ്ങോട്ട് പറഞ്ഞ് ബുദ്ധിമുട്ടേണ്ട എന്ന് കരുതി ഞാൻ അഡ്വാൻസായി അങ്ങോട്ട് പറഞ്ഞു.

"ങാ... നിങ്ങൾ എന്താ ജിയോ കണക്ഷൻ റീചാർജജ് ചെയ്യാത്തത് ...?"

"നിൻ്റെ ....'' ദ്വേഷ്യം കാരണം ഞാൻ ഫോൺ കട്ട് ചെയ്തു. ഇപ്പോഴും ആ അംബാനി മെസേജ് വിട്ടു കൊണ്ടേ ഇരിക്കുന്നു - പ്ലീസ് റീചാർജ്.

"പ്രിയപ്പെട്ട അംബാനി... എനിക്ക് നൂറ് മെസേജ് വിടുന്നതിനിടയിൽ ഒരൊറ്റ മെസേജ് എങ്കിലും താങ്കളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നവർക്ക് വിടണമെന്ന് വിനീതമായി അപേക്ഷിക്കുന്നു"


ആബിദ് അരീക്കോട്.


7 comments:

Areekkodan | അരീക്കോടന്‍ said...

ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷം തികയുന്നു. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിൽ ആയിരത്തി എണ്ണൂറാമത് പോസ്റ്റ് . വായനയിലൂടെ പ്രോത്സാഹനം നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

വീകെ. said...

ആയിരത്തി എണ്ണൂറോ .....!!
ആശംസകൾ എന്നു മാത്രം പറയുന്നു...

Areekkodan | അരീക്കോടന്‍ said...

സന്തോഷം വി.കെ

Thabsheer chenoli said...

സംഭവം പൊളിച്ചു 👍👍👍

Areekkodan | അരീക്കോടന്‍ said...

സന്തോഷം

Anonymous said...

ഗംഭീരം

Areekkodan | അരീക്കോടന്‍ said...

Thank You

Post a Comment

നന്ദി....വീണ്ടും വരിക