Pages

Monday, August 26, 2024

അമ്മുവിൻ്റെ അച്ചമ്മ

പേരക്കുട്ടി അമ്മുവിൻ്റെ കൈ പിടിച്ചു കൊണ്ട് സ്കൂൾ ഗേറ്റ് കടന്ന പാറുക്കുട്ടിയമ്മ അൽപനേരം ഒരു മരത്തണലിൽ നിന്നു. വഴിയുടെ ഇരു വശത്ത് നിന്നും പന്തല് വിരിച്ച് നിൽക്കുന്ന മരങ്ങളിലേക്ക് നോക്കി  പാറുക്കുട്ടിയമ്മ ഒരു ദീർഘശ്വാസം വിട്ടു.

"അച്ചമ്മ എന്താ നോക്കി നിൽക്കുന്നത് ?" അമ്മു ചോദിച്ചു.

"ഞാൻ ... ഞാൻ പഴയ ഒരു കഥ ഓർത്തെടുക്കുകയായിരുന്നു മോളേ..."

"കഥയോ ... എങ്കിൽ എനിക്കും കേൾക്കണം..."

"ങാ.. ഈ തണലിൽ ഇത്തിരി നേരം ഇരിക്ക് ... അച്ചമ്മ കഥ പറഞ്ഞ് തരാം...'' 

പാറുക്കുട്ടിയമ്മയും അമ്മുവും തൊട്ടടുത്ത  മരത്തിൻ്റെ തണലിലേക്ക് ഇരുന്നു. പാറുക്കുട്ടിയമ്മ ആ കഥ പറയാൻ തുടങ്ങി.

" പണ്ട് പണ്ട് പാറു എന്നും മീനു എന്നും പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അവർ അയൽവാസികളും ഉറ്റ ചങ്ങാതിമാരുമായിരുന്നു. സമപ്രായക്കാരാണെങ്കിലും രണ്ടു പേരും വെവ്വേറെ സ്കൂളുകളിൽ ആണ് പഠിച്ചിരുന്നത്... പാറുവിൻ്റെ സ്കൂളിലേക്ക് പ്രധാന റോഡിൽ നിന്നും അൽപം കൂടി കുന്നിൻ മുകളിലേക്ക് പോകണം. മീനുവിൻ്റെ സ്കൂളിലേക്കും അതേ പോലെ തന്നെ. പക്ഷെ, മീനുവിൻ്റെ സ്കൂളിലേക്ക് പോകുന്ന വഴിക്കിരുവശത്തും ധാരാളം മരങ്ങൾ വളർന്ന് നിൽക്കുന്നതിനാൽ വഴി നീളെ തണലാണ്. തണൽ വിരിച്ച വഴിയിലൂടെ നടക്കാൻ കുട്ടികൾക്ക് ഇഷ്ടവുമാണ് "

"ഓ... അപ്പോ ആ മീനുവിൻ്റെ സ്കൂളാണ് ഇതല്ലേ ?"

"നിക്ക് ... നിക്ക് .. അച്ചമ്മ പറയട്ടെ.."

"തൻ്റെ സ്കൂളിലേക്കുള്ള വഴിയും മീനുവിൻ്റെ സ്കൂളിലേത് പോലെയാകാൻ പാറു ഏറെ കൊതിച്ചു. അതിനുള്ള വഴികൾ അവൾ ആലോചിച്ചു. അപ്പോഴാണ് പരിസ്ഥിതി ദിനത്തെപ്പറ്റിയും വിവിധ മരങ്ങൾ നടുന്നതിനെപ്പറ്റിയും പാറുവിന് ഓർമ്മ വന്നത്. "

"ങാ... നല്ല കാര്യം.."

"മറ്റൊരു കാര്യം കൂടി പാറുവിൻ്റെ ഓർമ്മയിൽ പറന്നെത്തി "

"അതെന്താ?"

"ആ വർഷത്തെ ജൂൺ അഞ്ചിന് പാറുവും  അവിടെ എവിടെയോ ഒരു തൈ വച്ചിരുന്നു. തൻ്റെ ക്ലാസിലെ രമയും ബിന്ദുവും ബാബുവും താൻ നട്ട തൈയിൽ നിന്നും ഏതാനും വാരകൾ അകലെ തൈ നട്ടതും പാറുവിൻ്റ ഓർമ്മയിലുണ്ടായിരുന്നു. അന്ന് തൈ വച്ച സ്ഥലം ഓർമ്മിച്ചെടുത്ത് പാറു അങ്ങോട്ട് നടന്നു. പക്ഷെ, താൻ തൈ നട്ടിടത്ത് ഒരു കുഴി മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.മറ്റുള്ളവർ തൈ നട്ടയിടം മുഴുവൻ പുല്ല് മൂടിക്കഴിഞ്ഞിരുന്നു ."

"അയ്യോ...പാവം..."

"പാറു ആ കുഴിയിലേക്ക് നോക്കി അൽപ നേരം ചിന്താമഗ്നയായി നിന്നു.."

"ചിന്താവിഷ്ടയായ പാറു " അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു.

"യുറേക്കാ ... യുറേക്കാ...പെട്ടെന്ന്, ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പാറു ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് ഓടിച്ചെന്നു "

"അപ്പോ നല്ല ധൈര്യശാലിയും കൂടിയാണല്ലോ പാറു..." അമ്മു പറഞ്ഞു.

"നമസ്കാരം സാർ... എൻ്റെ പേര് പാർവ്വതി... എല്ലാവരും പാറു എന്ന് വിളിക്കും... പാറു ഹെഡ്മാസ്റ്ററോട് പറഞ്ഞു."

"ങാ... പാറുമോൾ വന്ന കാര്യം പറയൂ ...".

"സാർ... ഈ സ്കൂളിലേക്ക് കയറി വരുന്ന വഴിയിൽ ഒരു മരം പോലും ഇല്ല .."

"അത് ശരിയാണ്... എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ നമ്മൾ അവിടെ തൈ വയ്ക്കാറുണ്ട്. പക്ഷെ ഒന്ന് പോലും വളർന്ന് വരാറില്ല പാറൂ .." ഹെഡ്മാസ്റ്റർ പറഞ്ഞു.

"ങാ.. കഴിഞ്ഞ വർഷം ഞാനും ഒരു തൈ നട്ടിരുന്നു. അവയൊന്നും വളരാത്തത് എന്തുകൊണ്ടാണെന്ന്  മാഷക്കറിയോ?"

"നനയ്ക്കാത്തത് കൊണ്ട്.."

"അല്ല.. നട്ട തൈകളെ ശരിയായ രീതിയിൽ പരിപാലിക്കാത്തത് കൊണ്ട്.."

" ആ... ഈ അരിയുടെയും പയറിൻ്റെയും കണക്ക് നോക്കുന്നതിനിടക്ക് ഞാൻ എന്ത് ചെയ്യാനാ പാറൂ?" ഹെഡ് മാസ്റ്റർ തൻ്റെ നിസ്സഹായത അറിയിച്ചു.

"ജൂൺ അഞ്ചിന് വൃക്ഷത്തൈ നടുന്നത് നിർത്തുക .."

"ങേ!!"ഹെഡ്മാസ്റ്റർ ഞെട്ടി.

"ജൂൺ അഞ്ചിന് പകരം, സ്കൂളിലെ ഓരോ കുട്ടിയും അവരുടെ ജന്മദിനത്തിൽ സ്കൂളിലേക്കുള്ള വഴിയോരത്ത് ഒരു തൈ നടട്ടെ..സ്വന്തം ജന്മദിനത്തിൽ നട്ട തൈ ആയതിനാൽ ഓരോരുത്തരും അതിനെ പരിപാലിക്കും സേർ.."

"വാഹ്!! വളരെ നല്ല ആശയം.." ഹെഡ്മാസ്റ്റർ പാറുവിൻ്റെ പുറത്ത് തട്ടി അഭിനന്ദിച്ചു.

"അതെ...ഗംഭീര ആശയം....." അമ്മുവും സമ്മതിച്ചു.

"അങ്ങനെ ഓരോ കുട്ടിയുടെ ജന്മദിനത്തിലും അവർ ഈ വഴിയിൽ തൈകൾ നടാൻ തുടങ്ങി. താൻ നട്ട തൈകളിൽ പുതിയ ഇലകൾ പൊട്ടുന്നതും ചെടി വളരുന്നതും എല്ലാം ഓരോ ദിവസവും അവർ ശ്രദ്ധിച്ചു. അങ്ങനെ മൂന്ന് വർഷം കൊണ്ട് പാറുവിൻ്റെ സ്കൂളിലേക്കുള്ള വഴിയും ഹരിതഭംഗി നിറഞ്ഞതായി...."

"ഇത് ഒരു സൂപ്പർ ഐഡിയ തന്നെ ... ആ പാറുവും മീനുവും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയുമോ അച്ചമ്മേ ?" അമ്മു ചോദിച്ചു.

ചോദ്യം കേട്ട് പാറുക്കുട്ടിയമ്മ ഒരു നിമിഷം മൗനത്തിലായി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ പൊടിഞ്ഞു.

"മീനു ഇപ്പോൾ ഈ ലോകത്ത് ഇല്ല. അന്നത്തെ പാറുവാണ് അമ്മുവിൻ്റെ ഈ അച്ചമ്മ.."

"വാഹ് !! ഗ്രേയ്റ്റ് ... !" അമ്മു തൻ്റെ അച്ചമ്മയെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു.

- ശുഭം -


1 comments:

Areekkodan | അരീക്കോടന്‍ said...

ചോദ്യം കേട്ട് പാറുക്കുട്ടിയമ്മ ഒരു നിമിഷം മൗനത്തിലായി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ പൊടിഞ്ഞു.

Post a Comment

നന്ദി....വീണ്ടും വരിക