Pages

Tuesday, September 03, 2024

ഗോതീശ്വരം ബീച്ച്

കേരളത്തിന്റെ പടിഞ്ഞാറ് ഭാഗം മുഴുവനായും ബീച്ച് ആണ്.ഏതാനും ചില ജില്ലകൾ ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ബീച്ചുകൾ ഉണ്ട്.മലപ്പുറം ജില്ലക്കാരനായതിനാൽ കോഴിക്കോട് - മലപ്പുറം ജില്ലകളിലെ മിക്ക ബീച്ചുകളിലും ഞാൻ പോയിട്ടുമുണ്ട്.കേരളത്തിലെ പല പ്രമുഖ ബീച്ചുകളും സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.എങ്കിലും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ചില ബീച്ചുകൾ ഉണ്ട്.അതിൽ പെട്ട ഒന്നായിരുന്നു ഈയിടെ സന്ദർശിച്ച ഗോതീശ്വരം ബീച്ച്.

രണ്ടാമത്തെ മകൾ ലുഅയെ ഡൽഹിയിലേക്ക് ആദ്യമായി യാത്രയാക്കാനായിരുന്നു അന്ന് കോഴിക്കോട്ടെത്തിയത്. മോളെ യാത്രയാക്കിയ ശേഷം കുടുംബ സമേതം ഞാൻ  റഹ്മത്ത് ഹോട്ടലിൽ പോയി.കോവിഡിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സഹപാഠി മെഹ്ബൂബിന്റെ കൂടെ 2020 ൽ ആയിരുന്നു ഞാൻ ആദ്യമായി റഹ്മത്ത് ഹോട്ടലിൽ എത്തിയത്.അന്ന് റഹ്മത്തിന്റെ സ്‌പെഷൽ ആയ ബീഫ് ബിരിയാണി കഴിച്ചിരുന്നു.ബോംബെ ഹോട്ടലിലെയും ടോപ്‌ഫോമിലെയും പാരഗണിലേയും രുചികൾ അനുഭവിച്ച    കുടുംബാംഗങ്ങൾക്ക് റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി പരിചയപ്പെടുത്താൻ വേണ്ടിയാണ് ഇത്തവണ ഇവിടെ തന്നെ വീണ്ടും എത്തിയത്.

ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ബിരിയാണി കഴിച്ച ശേഷം ഞങ്ങൾ ഗോതീശ്വരം ബീച്ചിലേക്ക് യാത്ര തിരിച്ചു.കോഴിക്കോട് ബീച്ചിൽ നിന്ന് പത്ത് കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ ഗോതീശ്വരത്ത് എത്താം.കോതി ബീച്ചും മാറാട് ബീച്ചും കടന്നാണ് ഗോതീശ്വരം ബീച്ചിലേക്ക് എത്തുന്നത്. അധികമാരും എത്താത്തത് കൊണ്ടാകാം വഴിയിലെവിടെയും ദിശാസൂചക ബോർഡുകൾ ഒന്നും കണ്ടില്ല.ഗൂഗിൾ മാപ്പ് ഉള്ളതിനാൽ അതിന്റെ ആവശ്യവും ഇല്ല. റോഡും വളരെ വിജനമായിരുന്നു.

വൈകിട്ട് നാലരയോടെ ഞങ്ങൾ ബീച്ചിലെത്തി.മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി തിരക്ക് വളരെ കുറവായിരുന്നു. മാത്രമല്ല ബീച്ചിലെ മണൽപ്പരപ്പും വളരെ വളരെ കുറവാണ്.അതിനാൽ തന്നെ തിരമാലകളുമായി കളിക്കാൻ ബുദ്ധിമുട്ടാണ്.കുഴികൾ ഉള്ളതിനാൽ കടലിലേക്ക് അധികം അങ്ങോട്ട് ഇറങ്ങുന്നത് അപകടകരമാണ് എന്ന് മീൻവല എറിഞ്ഞുകൊണ്ടിരുന്ന ഒരു സ്ഥലവാസി പറയുകയും ചെയ്തു.

ബീച്ച് നവീകരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചു പോയതുപോലെയാണ് ഇപ്പോൾ ഗോതീശ്വരം ബീച്ചിന്റെ അവസ്ഥ.നിലവിലുള്ള കാറ്റാടി മരങ്ങൾ ആണ് ബീച്ചിന് സൗന്ദര്യമേകുന്ന ഏക ഘടകം.കാറ്റാടി മരങ്ങൾക്കിടയിൽ വാഹനം പാർക്ക് ചെയ്ത്, മറിഞ്ഞു വീണ മറ്റൊരു കാറ്റാടി മരത്തിന്റെ മുകളിൽ കയറി ഇരുന്ന് കടലിലേക്കും നോക്കി അങ്ങനെ ഇരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. കാറ്റാടിത്തലപ്പുകൾ കാറ്റിലാടുന്നത് നോക്കി ഇരിക്കാനും പ്രത്യേക രസമാണ്.

നവീകരണ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ മുന്നോട്ട് പോയാൽ ഭാവിയിൽ ഗോതീശ്വരം ബീച്ചിലും കൂടുതൽ സഞ്ചാരികൾ എത്തും.അധികമൊന്നും കറങ്ങാൻ സ്ഥലമില്ലാത്തതിനാൽ അഞ്ചരയോടെ ഞങ്ങൾ തിരിച്ചു പോന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

ശ്രദ്ധയിൽപ്പെടാതെ പോകുന്ന ചില ബീച്ചുകൾ ഉണ്ട്.അതിൽ പെട്ട ഒന്നായിരുന്നു ഈയിടെ സന്ദർശിച്ച ഗോതീശ്വരം ബീച്ച്.

Post a Comment

നന്ദി....വീണ്ടും വരിക