Pages

Sunday, September 15, 2024

ഓണ സദ്യ

കുട്ടിക്കാലത്തെ ഓണം ഓർമ്മകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണസദ്യ. ഇന്ന് വിഭവങ്ങളുടെ എണ്ണവും രുചിയും കാരണമാണ് പലരും ഓണസദ്യയെ ഇഷ്ടപ്പെടുന്നത്. പക്ഷെ, കുട്ടിക്കാലത്ത് ഇത് തിന്ന് തീർക്കാനുള്ള പെടാപാടാണ് എന്റെ ഓർമ്മയിൽ ഓടി എത്തുന്നത്.

ഓണം അവധിക്കാലത്ത് ഒരു പ്രത്യേക ദിവസം അയൽവാസികളായ നമ്പിയേട്ടൻ്റെയും കുടുംബത്തിൻ്റെയും വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിക്കണം എന്നത് നിർബന്ധമായിരുന്നു. തിരുവോണ ദിവസമാണ്  ഈ സദ്യ എന്ന് പോലും അന്ന് അറിയില്ല എന്നതായിരുന്നു സത്യം. ഞങ്ങളുടെ കോളനിയിൽ നിന്നുള്ള എല്ലാവരും പോകുന്ന കൂട്ടത്തിൽ പോകുക,ചാണകം മെഴുകിയ മുറ്റത്ത് ചെമ്പരത്തിയും തുമ്പപ്പൂവും കാക്കപ്പൂവും മുക്കുറ്റിയും കൊണ്ട് തീർത്ത ഓണപ്പൂക്കളം കാണുക, ബുദ്ധിമുട്ടി സദ്യയും പായസവും കഴിച്ച് തിരിച്ച് പോരുക എന്നതായിരുന്നു അന്നത്തെ പതിവ് ചടങ്ങ്.

പച്ചക്കറി ഇഷ്ടമില്ലാത്ത കാലത്ത് ഓലനും കാളനും അവിയലും തോരനും കൂട്ടി ഭക്ഷണം കഴിക്കാൻ നിർബന്ധിതമാകുന്നത് തന്നെ ഒരു തരം ശിക്ഷയായിരുന്നു.വിഷ രഹിതമായ പച്ചക്കറികൾ സുലഭമായി കിട്ടിയിരുന്ന ആ നല്ല കാലം പക്ഷെ ഇന്ന് ഓർമ്മ മാത്രമാണ്. ഇന്ന് സദ്യയും മേൽ പറഞ്ഞ വിഭവങ്ങളും എല്ലാം ഇഷ്ടമാണ്, പക്ഷെ പച്ചക്കറികളിലെ അമിത രാസവള - കീടനാശിനി പ്രയോഗം ആശങ്ക പരത്തുന്നു.

പത്താം ക്ലാസ് കൂട്ടായ്മ സജീവമായതോടെ പഴയ ഓണസദ്യകൾക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങി. ഇന്ന് സഹപാഠി നാരായണൻ്റെ വീട്ടിൽ വച്ചായിരുന്നു തിരുവോണസദ്യ. 

വിഭവ സമൃദ്ധമായ സദ്യ കഴിഞ്ഞ് വാട്സാപ്പിൽ വന്ന ഒരു ഓണാശംസയിൽ കണ്ട തുമ്പപ്പൂക്കൾ കണ്ണിനെ ഈറനണിയിച്ചു.

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു  പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ...

എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
പത്ത് വർഷം മുമ്പ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കൂടി ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

1 comments:

Areekkodan | അരീക്കോടന്‍ said...

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

Post a Comment

നന്ദി....വീണ്ടും വരിക