Pages

Monday, April 24, 2017

അരിപ്പാറ വെള്ളച്ചാട്ടം - 2

             അരിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേക്ക് നീങ്ങുമ്പോള്‍ മഞ്ഞ നിറത്തിലുള്ള ഒരു ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ ഒരു കുറിപ്പ് കാണാം - "പുഴയില്‍ ഇറങ്ങരുത്.പാറ വഴു വഴുപ്പുള്ളതാണ്.ഏതു സമയ്ത്തും മലവെള്ളം വരാം....പുഴയിലെ പാറയില്‍ അപകടം പതിയിരിക്കുന്നു”. സാധാരണ എല്ലാ വെള്ളച്ചാട്ടങ്ങളിലും കാണുന്ന പോലെ പഴകിത്തുരുമ്പിച്ച ആ ബോഡ് വായിച്ചുപോകാനേ ഏതു സഞ്ചാരിയും മിനക്കെടൂ. പക്ഷെ ഈ മാര്‍ച്ച് മാസത്തിലെ കൊടും വേനലില്‍ പോലും ഇവിടെ വീവന്‍ പൊലിഞ്ഞിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ അശ്രദ്ധയുടെ ആഴം കൂടി അത് വെളിവാക്കുന്നു.

            നീണ്ട് പറന്ന് കിടക്കുന്ന പാറകളും അതില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാക്കിയ ചെറിയ കുഴികളും ആണ് ഞങ്ങളെ വരവേറ്റത്. കുഴികളില്‍ എല്ലാം മലിന ജലം തളം കെട്ടി നില്‍ക്കുന്നുണ്ട്. കെട്ടി നില്‍ക്കുന്നത് കാരണം മലിനമായതാണവയില്‍ പലതും.പ്ലാസ്റ്റിക് ഇട്ട് നശിപ്പിച്ചതായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ല. അധികം സന്ദര്‍ശകര്‍ ഇല്ലാത്തതിനാലും പാറയുടെ വലിപ്പവും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
            മിനുസമേറിയ പാറയിലൂടെ “വെള്ളച്ചാട്ടം” കാണാന്‍ നീങ്ങിയെങ്കിലും ചെറിയ ഒരു നീരൊഴുക്ക് മാത്രമേ അവിടെ കാണാന്‍ സാധിച്ചുള്ളൂ. അത് ഒരു വെള്ളച്ചാട്ടമാണെന്ന് പറയാന്‍ ഞങ്ങളുടെ ഇക്കഴിഞ്ഞ മൂന്ന് യാത്രകളിലും കണ്ട വെള്ളച്ചാട്ടങ്ങള്‍ സമ്മതിച്ചില്ല. 20-25 വയസ്സിനിടക്കുള്ള കുറച്ച് പേര്‍ അല്പം മുകളില്‍ കുളിക്കുന്നത് കണ്ടു. അല്പം താഴെ വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റുന്ന ഒരു സ്ഥലം നോക്കി ബിന്‍ഷിദ് ഞങ്ങളെ നയിച്ചു. കുളിക്കാന്‍ എനിക്ക് പദ്ധതി ഇല്ലാതിരുന്നതിനാല്‍ അവിടെ ഇറങ്ങി ഞങ്ങള്‍ ഒന്ന് പോസ് ചെയ്തു.
            2015ലെ വേനലവധിക്ക് കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ പോയപ്പോള്‍ പറ്റിയ അബദ്ധം ഇവിടെയും ഉണ്ടാകരുത് എന്ന് കരുതി കുട്ടികള്‍ എക്സ്ട്ര ഡ്രെസ്സും തോര്‍ത്തും കരുതിയിരുന്നു. കുളിക്കാന്‍ പറ്റിയ ഇടം കണ്ടതോടെ വെള്ളത്തിലിറങ്ങാന്‍ ഞാന്‍ തന്നെ അവരെ നിര്‍ബന്ധിച്ചു. അവര്‍ അല്പം ഭയം കാണിച്ചപ്പോള്‍ ഞാനും അവരുടെ കൂടെ ഇറങ്ങി. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് തന്നെ പറയാം ഞാന്‍ വെള്ളത്തില്‍ മുങ്ങിക്കുളിച്ചു !
             ഞാന്‍ ഇറങ്ങിയതോടെ മക്കള്‍ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്കും പോകാനും അനിയന്റെ മക്കള്‍ക്ക് നീന്താനും ഒക്കെ ഉള്‍വിളികള്‍ ഉണ്ടായി. മാക്സിമം എന്റെ നെഞ്ചിന്റെ ഉയരത്തില്‍ വെള്ളമുള്ള സ്ഥലങ്ങളില്‍ മാത്രം ഞാന്‍ അവരെ  അനുവദിച്ചു (എന്റെ മേല്‍നോട്ടത്തില്‍ തന്നെ).പാറക്ക് മുകളില്‍ നിന്നും ചാടുമ്പോള്‍ വെള്ളത്തിനടിയിലെ പാറ ശ്രദ്ധിച്ചില്ലെങ്കില്‍ പരിക്ക് പറ്റാന്‍ സാധ്യത വളരെക്കൂടുതലാണ്.
             മുങ്ങിക്കുളി തുടങ്ങിയതോടെ ചാലിയാറില്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ കുളിച്ചിരുന്ന കാലത്ത് നടത്തിയിരുന്ന ഒരു കുഞ്ഞു മത്സരവും ഞാനും എന്റെ മക്കളും കൂടി നടത്തി.വെള്ളത്തില്‍ ശരിക്കും മുങ്ങാന്‍ പോലും അറിയാത്ത ലൂന മോളും സ്പോര്‍റ്റ്സ്മാന്‍ സ്പിരിറ്റില്‍ അതില്‍ പങ്കെടുത്തു.

             വയനാട്ടിലെ എടക്കല്‍ ഗുഹയെ അനുസ്മരിക്കുന്ന ഒരു പാറ ഇവിടെയും ഉണ്ട്. രണ്ട് പാറകള്‍ക്ക് ഇടയില്‍ കുടുങ്ങി നില്‍ക്കുന്ന പാറ അഥവാ എടക്കല്ല്. വെള്ളത്തില്‍ ഒരു വസ്തുവിന് ഭാരം കുറയും എന്നത് ആ ഭീമന്‍ പാറ ‘തലയിലേറ്റി’ ഞാന്‍ തെളിയിച്ചു.

             അഞ്ചര വരെയാണ് സമയം എന്ന് പ്രവേശിക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചിരുന്നു.വെറും അര മണിക്കൂറേ ആസ്വദിക്കാന്‍ സാ്ധിക്കുകയുള്ളൂ എന്നായിരുന്നു എന്റെ ധാരണ. പക്ഷെ അഞ്ചരക്കും അവിടെ ആളുകള്‍ വരുന്നുണ്ടായിരുന്നു. അവസാനം ആറേ കാലിനാണ് ആ വിസില്‍ മുഴങ്ങിയത്.ഗൈഡ് ബിന്‍ഷിദിന്റെ കൂടെ ഒരു ഫോട്ടോ എടുത്ത് ഞങ്ങള്‍ തിരിച്ച് നടന്നു.

           അരീക്കോട് നിന്നും 30 കിലോമീറ്ററോളം ദൂരമുണ്ട് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്.മുക്കം കഴിഞ്ഞ് അഗസ്ത്യന്‍മുഴിയില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് തിരുവമ്പാടി നിന്ന് പുല്ലൂരാം‌പാറ വഴി ആനക്കാം‌പൊയില്‍ പോകുന്ന വഴിയിലാണ് ഇത്. മാര്‍ച്ച് - ഏപ്രിലില്‍ പോയാല്‍ വെള്ളച്ചാട്ടം കാണില്ല പകരം വെള്ളത്തില്‍ ചാടാം !!പ്രത്യേകം ശ്രദ്ധിക്കേണ്ടത് അപ്രതീക്ഷിത മഴ മാത്രം.മഴ പെയ്യുമ്പോഴും തൂങ്ങി നില്‍ക്കുമ്പോഴും ഒരു വെള്ളച്ചാട്ടവും സുരക്ഷിതമല്ല എന്ന് എന്നും ഓര്‍മ്മിക്കുക.
ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോണ്‍ നമ്പര്‍ :9447278388

3 comments:

Areekkodan | അരീക്കോടന്‍ said...

മാര്‍ച്ച് - ഏപ്രിലില്‍ പോയാല്‍ വെള്ളച്ചാട്ടം കാണില്ല പകരം വെള്ളത്തില്‍ ചാടാം !!

© Mubi said...

വെള്ളച്ചാട്ടം കാണാന്‍ പോയി വെള്ളത്തില്‍ ചാടി വന്നുല്ലേ മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ, “വെള്ളം ചാടിയില്ലെങ്കില്‍ പിന്നെ വെള്ളത്തില്‍ ചാടുക“ എന്ന ശൈലിയും മലയാളത്തില്‍ നിലവില്‍ വന്നു!

Post a Comment

നന്ദി....വീണ്ടും വരിക