Pages

Wednesday, October 26, 2016

ഇര്‍പ്പ് വെള്ളച്ചാട്ടം

                 ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഗേറ്റിൽ ഇറുപ്പിന്റെ സംഗീതവും ആസ്വദിച്ച് ഞാൻ അല്പനേരം നിന്നു - കുഞ്ഞുമോനെയും എടുത്തു കൊണ്ട് അത്യാവശ്യം ദൂരം നടന്നതിനാലുള്ള ക്ഷീണം ഒന്നകറ്റാനും അല്പ നേരം ശുദ്ധമായ ഓക്സിജൻ ശ്വാസകോശത്തിലേക്ക് നിറക്കാനും.ഇവിടുന്നങ്ങോട്ട് പടികൾ തുടങ്ങുകയാണ്. തടിയന്മാരും വയസ്സായവരും ഒരു വടി കരുതിയാൽ പടി കയറൽ എളുപ്പമാകും.അല്പമൊന്ന് വിശ്രമിക്കാൻ ആകെയുള്ളത് കുറച്ച് മുകളിലായി രണ്ടേ രണ്ട് സിമന്റ് ബെഞ്ചുകൾ മാത്രമാണ്.
             ഏതാനും പടികൾ കയറിയാൽ തന്നെ അങ്ങകലെ തങ്ങളുടെ ജന്മ കർത്തവ്യം നിർവ്വഹിക്കുന്ന വെള്ളത്തുള്ളികളെ കാണാം. മലമുകളിൽ നിന്നും ഒരുമിച്ച് അരുവിയായി മാറി ആരുടെയൊക്കെയോ ദാഹവും ക്ഷീണവും അകറ്റാൻ കല്ലിലും മുള്ളിലും തലയും ശരീരവുമുരച്ച് ഒരു പരിഭവവും പറയാതെ അവ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നു.പ്രതിഫലമായി കുറെ പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും തനിക്ക് വേണ്ടാത്ത എല്ലാ സാധനങ്ങളും മനുഷ്യൻ അതിന് തിരിച്ചും നൽകുന്നു !


              കാവേരിയുടെ പോഷക നദിയായ ലക്ഷ്മണ തീർത്ഥ നദി ഇറുപ്പ് വെള്ളച്ചാട്ടത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ ഇതിന്  ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്നും പറയാറുണ്ട്.ശ്രീരാമനും ലക്ഷ്മണനും രാവണൻ തട്ടിക്കൊണ്ടുപോയ സീതയെയും അന്വേഷിച്ച് നടക്കുന്നതിനിടയിൽ ബ്രഹ്മഗിരിയിൽ എത്തിയെന്ന് പറയപ്പെടുന്നു. ക്ഷീണിച്ചവശനായ രാമൻ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ലക്ഷ്മണൻ ബ്രഹ്മഗിരി കുന്നുകളിലേക്ക് അസ്ത്രമെയ്ത് ഉറവയുണ്ടാക്കി.ആ ഉറവയാണ് ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്ന് ഐതിഹ്യം പറയുന്നു.  ഇംഗ്ലീഷിൽ  Irupu Falls ( Iruppu Falls) എന്നൊക്കെയാണ് പറയുന്നത്. രാമേശ്വര ശിവ ക്ഷേത്രം തൊട്ടടുത്ത് തന്നെ ആയതിനാൽ ഇതൊരു ഹിന്ദു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
                    മൻസൂൺ കാലത്ത് തന്നെയാണ് ഇരുപ്പ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും നല്ലത് (2013ലെ മൺസൂണിൽ ജോഗ് വെള്ളച്ചാട്ടം സന്ദർശിച്ചപ്പോൾ കോട തടസ്സം സൃഷ്ടിച്ചിരുന്നു.ഇവിടെ അങ്ങനെയുണ്ടാകുമോ എന്നറിയില്ല).വെള്ളച്ചാട്ടത്തിന് നേരെ താഴെ ചെന്ന് കുളിക്കാം എന്നതിനാൽ മൺസൂണിൽ അതല്പം അപകടം നിറഞ്ഞത് കൂടിയാണ് എന്നത് ഓർക്കണം.കുളിക്കാൻ താല്പര്യമില്ലാത്തവർക്കും വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് വരെ പോകാൻ മുമ്പ് ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു.ഇത്തവണ പോയപ്പോൾ അതിന്റെ അവശിഷ്ടങ്ങളായി കുറച്ച് ഇരുമ്പ് റെയിലുകൾ മാത്രം കണ്ടു.

               ഞങ്ങൾ എല്ലാവരും മുകളിൽ വരെ എത്തി.തിരക്ക് കൂടുതലായതിനാൽ കൊച്ചുമോനെയും കൊണ്ട് നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഭാര്യയും അവനും താഴേക്കിറങ്ങി.താനിതുവരെ കേൾക്കാത്ത കാടിന്റെയും വെള്ളത്തിന്റെയും മാസ്മര സംഗീതവും സൌന്ദര്യവും ലിദു മോനും നന്നായി ആസ്വദിച്ചു.

             മനസ്സിൽ തൽക്കാലം മറ്റു പ്ലാനുകൾ ഒന്നും ഇല്ലാത്തതിനാൽ അത്യാവശ്യം നേരം ഞാനും കുടുംബവും പ്രകൃതിയുടെ ഈ വിരുന്ന് ആസ്വദിച്ചു. കാർമേഘം ഉരുണ്ട് കൂടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ ഇരിപ്പിൽ നിന്നും എഴുന്നേറ്റു.
              വന്ന വഴി ദുർഘടമായതിനാലും ഒന്ന് രണ്ട് വാഹനങ്ങൾ മാത്രം അതിലെ തിരിച്ച് പോകുന്നത് കണ്ടതിനാലും മെയിൻ റോഡിലേക്ക് മറ്റേതെങ്കിലും വഴിയുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കി.ഗേറ്റിലെ സെക്യൂരിറ്റിയോട് ചോദിച്ച് അത് മനസ്സിലാക്കി.അത് വഴി തിരിച്ചു പോയപ്പോഴാണ് അത്രയും നല്ലൊരു റോഡ് ഉണ്ടായിട്ടും ആ ചൂണ്ടുപലക വഴി തെറ്റിച്ചത് മനസ്സിലായത്.
           തിരിച്ചുപോകുന്നതിനിടയിൽ കാറിലെ സംസാരം നാഗർഹോളെ സന്ദർശിക്കാനുള്ള തീരുമാനത്തിലെത്തിച്ചു. കുട്ടയിലെത്തി പോലീസ് സ്റ്റേഷന് മുമ്പിലൂടെ ഞങ്ങൾ നാഗർഹോളെ റോഡിലേക്ക് തിരിഞ്ഞു.

7 comments:

Areekkodan | അരീക്കോടന്‍ said...

ഇവിടുന്നങ്ങോട്ട് പടികൾ തുടങ്ങുകയാണ്. തടിയന്മാരും വയസ്സായവരും ഒരു വടി കരുതിയാൽ പടി കയറൽ എളുപ്പമാകും.

Mubi said...

ഇറുപ്പ് വെള്ളച്ചാട്ടത്തിന്‍റെ കഥയും കാഴ്ചയും മനോഹരമായിരിക്കുന്നു... :)

Areekkodan | അരീക്കോടന്‍ said...

മുബീ...വായനക്കും അഭിപ്രായത്തിനും നന്ദി

Cv Thankappan said...

ഫോട്ടോകളും വിവരണവും ഇഷ്ടപ്പെട്ടു.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Thankappanji...വായനക്കും അഭിപ്രായത്തിനും നന്ദി

ഫൈസല്‍ ബാബു said...

മാഷേ ഇങ്ങള് കൊതിപ്പിച്ചു കൊല്ലും :) എന്തായാലും അടുത്ത അവധിയില്‍ ഈ സ്ഥലം മാര്‍ക്ക് ചെയ്തു കഴിഞ്ഞു

Areekkodan | അരീക്കോടന്‍ said...

ഫൈസല്‍...ഇരുപ്പ് വഴി മടിക്കേരി,നിസര്‍ഗധാം,കുശാല്‍നഗര്‍ നല്ലൊരു ട്രിപ് ആയിരിക്കും.ഏപ്രിലില്‍ ആണെങ്കില്‍ ഞാന്‍ വീണ്ടും പ്ലാന്‍ ചെയ്യുന്നു.

Post a Comment

നന്ദി....വീണ്ടും വരിക