Pages

Saturday, October 22, 2016

ബ്രഹ്മഗിരി വന്യജീവി സങ്കേതം

                 അതിരാവിലെ എണീറ്റ് വെളുക്കുന്നതിന് മുമ്പേ മാനന്തവാടി നിന്നും സംസ്ഥാന അതിര്‍ത്തിയായ തോല്‍‌പെട്ടി വരെ വണ്ടിയോടിച്ചാല്‍ ആനയടക്കമുള്ള മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ കണ്ടുമുട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരുള്‍ക്കിടിലത്തോടെയാണ് കുടുംബം അത് ശ്രവിച്ചത്. കാടിനകത്തേക്കുള്ള സവാരിയില്‍ മൃഗങ്ങളെ കാണാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കും. കാരണം നിരവധി വാഹനങ്ങള്‍ മുമ്പെ പോയി മൃഗങ്ങളെയെല്ലാം കാട്ടിനകത്തേക്ക് വലിയാന്‍ പ്രേരിപ്പിച്ചിരിക്കും (മുന്‍ അനുഭവപാഠം).ട്രിപ്പിന് നല്‍കുന്ന 400 രൂപ “സ്വാഹ”.

                ആറ് മണിക്ക് ആരംഭിക്കാനുദ്ദേശിച്ച കാനനയാത്ര എല്ലാവരും ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ ഒന്നര മണിക്കൂര്‍ വൈകി. തോല്‍‌പെട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു. വഴിയില്‍ കുരങ്ങുകള്‍ക്ക് പുറമെ രണ്ട് മൂന്ന് മാനുകളെ മാത്രം കണ്ടു.
                    തോല്‍‌പെട്ടിയില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത വിധം ജനങ്ങളും വാഹനങ്ങളും തിങ്ങി നിറഞ്ഞിരുന്നു.ആ തിരക്കില്‍ സഫാരിക്ക് ടിക്കറ്റ് എടുത്താലും വണ്ടി കിട്ടാന്‍ താമസിക്കും എന്നതിനാല്‍ ഞങ്ങള്‍ തോല്‍‌പെട്ടിയില്‍ ഇറങ്ങുക പോലും ചെയ്തില്ല (പിറ്റേന്ന് പത്രത്തില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കാരണം വന്യജീവി സങ്കേതം അടച്ചതും ഈ തിരക്കിന്റെ കാരണവും മനസ്സിലാക്കിയത്).അല്പം കൂടി മുന്നോട്ട് പോയി സംസ്ഥാന അതിര്‍ത്തിയും കഴിഞ്ഞുള്ള കര്‍ണ്ണാടക ഗ്രാമമായ കുട്ടയില്‍ ഒന്ന് വെറുതെ പോയിവരാമെന്ന് തീരുമാനിച്ചു.

                  കേരള അതിര്‍ത്തി കഴിഞ്ഞതും കൃഷിഭൂമികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.  കുടക് ജില്ലയുടെ ഭാഗമാണ് കുട്ട.കുടക് എന്നാല്‍ പണ്ടു മുതലേ ഓറഞ്ചിനും കാപ്പിക്കും ഇഞ്ചിക്കും പേരു കേട്ട സ്ഥലവും. സംസാര ഭാഷ മലയാളം മാത്രവും!
കുട്ടയില്‍ നിന്ന് പ്രാതല്‍ കഴിച്ചിറങ്ങുമ്പോള്‍ കാഷ്യറോട് ഞാന്‍ വെറുതെ ഒരു ചോദ്യം ചോദിച്ചു.

“ഇവിടെ അടുത്ത് കാണാനുള്ളതായി എന്തുണ്ട്?”

“ഇരിപ്പ് വെള്ളച്ചാട്ടം” ഹോട്ടലുടമ പറഞ്ഞു.

“ഏകദേശം എത്ര ദൂരം കാണും?” ഇരുപ്പില്‍ മുമ്പ് പോയതാണെങ്കിലും ഞാന്‍ ചോദിച്ചു.

“5 കിലോമീറ്റര്‍...പിന്നെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക് - 12 കിലോമീറ്റര്‍”

“ആഹാ...എങ്കില്‍ രണ്ടും കണ്ടിട്ട് തന്നെ മടക്കം...”

“നാഗര്‍ഹോള കാട്ടിനകത്ത് സവാരിക്ക് പോകേണ്ട...റോഡില്‍ കൂടി തന്നെ 10-15 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ മിക്ക മൃഗങ്ങളെയും റോഡില്‍ തന്നെ കാണാം...”

                അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടം കാണാനായി യാത്ര തുടര്‍ന്നു. കുട്ടയില്‍ നിന്നും 3 കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ ഇടതുഭാഗത്തേക്ക് ഒരു ചൂണ്ടുപലക കാണാം.കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ പൊട്ടിപ്പൊളിഞ്ഞ ഒരു റോഡും മുന്നില്‍ പ്രത്യക്ഷപ്പെടും.ഇനി 2 കിലോമീറ്റര്‍ യാത്ര ഇതിലൂടെയാണ് (ഇത് വഴി ആരും പോകരുത്.മെയിൻ റോഡിന് തന്നെ 2 കിലോമീറ്റർ മുന്നോട്ട് പോയാൽ ഇടതുഭാഗത്തേക്ക് നല്ല റോഡുണ്ട്.തിരിച്ചു വരുമ്പോഴാണ് ഇത് മനസ്സിലായത്)

             ഇരുഭാഗത്തെയും കാപ്പിച്ചെടികള്‍ക്കിടയില്‍ അവിടെയും ഇവിടെയുമായി ഓറഞ്ച് കായ്ച്ച് നില്‍ക്കുന്നത് നയനമനോഹരവും ഉമിനീരുറവ പൊട്ടിക്കുന്നതും ആയിരുന്നു. ഇടക്ക് ഒരു സംഘം തോട്ടത്തില്‍ കയറി ഓറഞ്ച് പൊട്ടിച്ച് ഞങ്ങള്‍ക്ക് നേരെ നീട്ടി. ഏതോ കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലം കട്ടു തിന്നാന്‍ മനസ്സ് വരാത്തതിനാല്‍ ഞാന്‍ അത് നിരസിച്ചു.
               കുത്തിയും കുലുങ്ങിയും ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന ദ്വാരമായ ശ്രീ രാ‍മേശ്വര ക്ഷേത്രത്തിനടുത്ത് എത്തുമ്പോള്‍ അവിടെയും ഒരു വാഹനസമുദ്രം രൂപപ്പെട്ട് കഴിഞ്ഞിരുന്നു (തോല്പെട്ടിയില്‍ കയറാന്‍ കഴിയാത്തവര്‍ മുഴുവന്‍ ഇറുപ്പില്‍ വന്നെത്തിയിരുന്നു).

                 ഇറുപ്പ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന ഫീ ഒരാള്‍ക്ക് (12 വയസ്സ് കഴിഞ്ഞവര്‍ക്ക്) 50 രൂപയാണ്.ടിക്കറ്റില്‍ 25 രൂപയേ രേഖപ്പെടുത്തൂ.ബാക്കി ക്ഷേത്രത്തിനോ അതോ പോക്കറ്റിലേക്കോ എന്നറിയില്ല.കുപ്പായമിടാത്ത ഒരു പൂണൂല്‍ ധാരിയാണ് ടിക്കറ്റ് നല്‍കുന്നത് . വണ്ടി എവിടെ നിര്‍ത്തിയാലും പാര്‍ക്കിംഗ് ഫീ 10 രൂപയും കൊടുക്കണം. കൂടുതല്‍ അംഗങ്ങളുള്ള ഒരു സംഘത്തെ ഗേറ്റില്‍ നില്‍ക്കുന്നയാള്‍ സ്വകാര്യമായി വിളിച്ച് എന്തോ മന്ത്രിച്ചു. ആ സംഘം ടിക്കറ്റ് എടുക്കാതെ അകത്ത് കയറുകയും ചെയ്തു!

               വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കാടിനകത്ത് കൂടിയാണ് (അതോ കാവിനകത്ത് കൂടിയോ?).ഈ സ്ഥലങ്ങള്‍ ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ഇടക്കിടെയുള്ള സൂചനാബോര്‍ഡുകള്‍ പറഞ്ഞു തന്നു.അരുവിയുടെ കളകളാരവം ശ്രവിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.അരുവിയില്‍ ഇടക്ക് ഒരു സ്ഥലത്ത് ഒരു വന്‍ മരം കടപുഴകി വീണുകിടക്കുന്നതും അങ്ങോട്ട് പലരും പോയതിന്റെ ലക്ഷണങ്ങളും കണ്ടു.ഉടന്‍ എന്റെ മക്കളെയും ആ വന്യഭംഗി ആസ്വദിക്കാന്‍ ഞാന്‍ അങ്ങോട്ട് നയിച്ചു.
              അല്പനേരം ആ മരത്തില്‍ കയറിമറിഞ്ഞ ശേഷം ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അരുവിക്ക് അക്കരെ പറ്റാന്‍ ഒരു ചെറിയ തൂക്കുപാലം ഉണ്ടായിരുന്നു.
             തൂക്കുപാലവും കടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു കടുവയുടെ പടം കണ്ടു.അതോടെ ലൂന മോളുടെ ഉള്ളിലെ ഭയത്തില്‍ നിന്നുള്ള ചോദ്യം പുറത്ത് ചാടി.
“ഉപ്പച്ചീ... ഇവിടെ കടുവ ഉണ്ടാക്വോ...?”

“കാടല്ലേ....കാട്ടില്‍ നിരവധി മൃഗങ്ങള്‍ ഉണ്ടാകും ...അതില്‍ ഒരു പക്ഷേ കടുവയും ഉണ്ടാകാം...”

“നിങ്ങള്‍ കുട്ടികളെ വെറുതെ പേടിപ്പിക്കാതെ...” ലൂന മോളുടെ മുഖത്ത് ആശങ്ക പടരുന്നത് കണ്ട് എന്റെ ഭാര്യ പറഞ്ഞു.

              അല്പം കൂടി മുന്നോട്ട് നീങ്ങിയതോടെ “ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലേക്ക് സ്വാഗതം” എന്ന ആര്‍ച്ച് ഗേറ്റ് കണ്ടു. ഇങ്ങനെയൊരു വന്യജീവി സങ്കേതം ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
           ഇറുപ്പ് വെള്ളച്ചാട്ടത്തിലേക്ക് ഇനിയും കയറണം. ഇവിടെ നിന്നാല്‍ വെള്ളം മൂക്കും കുത്തി വീണുടയുന്നതിന്റെ ശബ്ദം കേള്‍ക്കാം.

8 comments:

Areekkodan | അരീക്കോടന്‍ said...

ഇരുഭാഗത്തെയും കാപ്പിച്ചെടികള്‍ക്കിടയില്‍ അവിടെയും ഇവിടെയുമായി ഓറഞ്ച് കായ്ച്ച് നില്‍ക്കുന്നത് നയനമനോഹരവും ഉമിനീരുറവ പൊട്ടിക്കുന്നതും ആയിരുന്നു.

വിനുവേട്ടന്‍ said...

യാത്ര തുടരട്ടെ...

Mubi said...

മാഷേ വേഗം പോട്ടെ...

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...തുടരും

മുബീ...ഇതാ ഡബിള്‍ ബെല്ലടിച്ചു.

Cv Thankappan said...

നേര്‍വഴിവിട്ട് പണമുണ്ടാക്കാനുള്ള ആര്‍ത്തിത്തന്നെ എങ്ങും...
യാത്രയുടെ വീരസാഹസ മുഹൂര്‍ത്തങ്ങള്‍ വരുന്നത് ഇനിയാകുമല്ലെ മാഷേ...
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

Thankappan Chettaa...Travelogue will continue soon.

shajitha said...

nalla vivaranam, thankalude kudumbathinte oru bhagyam, divasavum ingane yathra povaalo

Areekkodan | അരീക്കോടന്‍ said...

ഷാജിത...ദിവസവും യാത്ര ഇല്ല.തരം കിട്ടിയാൽ അപ്പോഴൊക്കെ യാത്ര.വർഷത്തിൽ ഒന്നെങ്കിലും ഇല്ലാതിരിക്കില്ല.ഷാനുക്കയോട് പറഞ്ഞാൽ അവിടെയും നടക്കാതിരിക്കില്ല.

ഓ.ടോ:പുനലൂർ-ചെങ്കോട്ട ട്രെയിൻ ഓടിത്തുടങ്ങിയോ?അതുവഴി ഒരു യാത്ര(ഞാൻ രണ്ട് തവണ പോയിട്ടുണ്ട്) ഉദ്ദേശിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക