Pages

Thursday, October 29, 2009

ഞാന്‍ കണ്ട ആദ്യ ഐ ലീഗ്,വിവയുടെ ആദ്യ ജയവും

ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാ‍ണ് എന്റെ ഗ്രാമമായ അരീക്കോട്‌.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ലീഗില്‍ (ഐ ലീഗ്) കേരളത്തിന്റെ പ്രതിനിധിയായ വിവ കേരളയെ നയിക്കുന്നത് അരീക്കോട്ട്കാരനായ എം.പി.സക്കീര്‍ ആണ്.അതിനാല്‍ തന്നെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന വിവയുടെ ഹോം മാച്ച് കാണാന്‍ ഞാനും പോയി.ഐ ലീഗില്‍ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്ന കളിയായിരുന്നു ഇത്.


കഴിഞ്ഞ ഐ ലീഗില്‍ വളരെ നല്ല പ്രകടനം കാഴ്ച വച്ച സ്പോര്‍ട്ടിങ് ഗോവ ആയിരുന്നു ഇന്ന് വിവയുടെ എതിരാളികള്‍.പോയന്റ് നിലയില്‍ അവസാനത്തില്‍ നിന്നും എണ്ണിയാല്‍ ആദ്യം നില്‍ക്കുന്ന വിവയും രണ്ടാമത് നില്‍ക്കുന്ന സ്പോര്‍ട്ടിങും തമ്മിലുള്ള മത്സരം പൊടിപാറും എന്ന കണക്കുകൂട്ടലിലാണ് ഞാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്.കാണികള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നാലാം മിനുട്ടില്‍ തന്നെ വിവയുടെ വല കുലുങ്ങിയപ്പോള്‍ ഒന്നാമത്തെ ഹോം മാച്ചില്‍ കല്‍ക്കത്ത ചിരാഗ് യുണൈറ്റിനോട് തോല്‌വി ഏറ്റുവാങ്ങിയത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം എന്റെ ഉള്ളില്‍ മിന്നി.കാരണം അത്ര അനായാസകരമായിരുന്നു ഇന്നത്തെ ആ ആദ്യഗോള്‍.ഗോളിയുടെ തലക്ക് മുകളിലൂടെ എതിര്‍ ക്യാപ്റ്റന്റെ വക അനായാസകരമായ ഒരു പ്ലേസിങ്.

പക്ഷേ ഗോവക്കാരുടെ ആഹ്ലാദം അധികം നീണ്ടു നിന്നില്ല.മുന്നേറ്റ നിരയില്‍ അദ്ധ്വാനിച്ചു കളിച്ച ഘാന സ്ട്രൈക്കര്‍ റൂബന്‍സാന്യോ അതിമനോഹരമായ ഗോളിലൂടെ  പതിനേഴാം മിനുട്ടില്‍ വിവയ്ക്ക് സമനില നല്‍കി.ഇടവേളക്ക് പിരിയുന്നതിന് മുമ്പ് തന്നെ മറ്റൊരു മനോഹര നീക്കത്തിലൂടെ സിറാജും വിവക്ക് വേണ്ടി സ്കോര്‍ ചെയ്തു.വീണ്ടും പല സുവര്‍ണ്ണാവസരങ്ങളും ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാന്‍ വിവയ്ക്ക് സാധിച്ചില്ല.


ഇടവേളക്ക് ശേഷം ഗോവ ആഞ്ഞടിച്ചതോടെ വിവ പ്രതിരോധം ആടിയുലഞ്ഞു.പക്ഷേ അനീഷിലൂടെ വിവ ലീഡ് വര്‍ദ്ധിപ്പിച്ചു.ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും റൂബന്‍സാന്യോക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. കാരണം സന്യോയുടെ തകര്‍പ്പന്‍ അടി റീബൌണ്ട് ചെയ്തത് നല്ലൊരു ഹെഡ്ഡറിലൂടെ അനീഷ് വലക്കകത്താക്കി.വിവയുടെ പ്രതിരോധഭടന്റേയും  പ്രതിരോധനിരയുടേയും പോരായ്മകള്‍ നന്നായി മനസ്സിലാക്കിയ ഗോവക്കാര്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി.ഫലം വിവ ഗോളിയുടെ ഒരു സേവിങ് ,ഗോള്‍ വര കടന്നതിനാല്‍ ഗോളായി വിധിക്കപ്പെട്ടു.സ്കോര്‍ 3-2അവസാന നിമിഷത്തില്‍ സമനിലക്കായി രണ്ടും കല്‍പ്പിച്ച് ഗോവയുടെ പതിനൊന്ന് പേരും വിവ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറാന്‍ തുടങ്ങി.വളരെ മുന്നോട്ട് കയറി വന്ന ഗോവന്‍ ഗോളിയുടെ ഒരു ഷോട്ട് പിടിച്ചെടുത്ത് റൂബന്‍സാന്യോ ഗോളിയേയും കബളിപ്പിച്ച് വിവയുടെ നാലാമത്തെ ഗോളും നേടിയപ്പോള്‍ മുമ്പ് ഏതോ ലോകകപ്പില്‍ കൊളംബിയന്‍ ഗോളി ഹ്വിഗ്വിറ്റ ഇതേ പോലെ വഴങ്ങിയ ഗോള്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു(അന്നും ഗോളടിക്കാരന്‍ കാമറൂണ്‍കാരനായ ഒരാള്‍ ആയിരുന്നോ?).ഗോളിയുടെ നിരാശ അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.


കാണികളുടെ നിര്‍ലോഭ പിന്തുണയോടെ ഇന്നത്തെ മത്സരം 4-2ന് ജയിച്ചുകയറിയ വിവ പോയിന്റ് നിലയിലും സ്പോര്‍ട്ടിങിനെ പിന്തള്ളി.ഈ വര്‍ഷത്തെ ഐ ലീഗില്‍ വിവ സ്കോര്‍ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു.മൈതാനം നിറഞ്ഞു കളിച്ച റൂബന്‍സാന്യോ ആണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്.വിവയുടെ അടുത്ത മത്സരം ഈസ്റ്റ്ബംഗാളുമായി ഈ തിങ്കളാഴ്ച വൈകിട്ട് 6.30ന് ആണ്.വാല്‍:മത്സരം ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് ആണെങ്കിലും മൈതാനം നിറഞ്ഞു നിന്നത് രണ്ട് ടീമിലേയും ആഫ്രിക്കക്കാര്‍ ആയിരുന്നു.വിവ കേരള എന്ന ടീം പേര്  വിവ ആഫ്രിക്ക എന്നാക്കണോ എന്ന് പോലും ചിന്തിച്ചു പോയി.
9 comments:

Areekkodan | അരീക്കോടന്‍ said...

കാണികളുടെ നിര്‍ലോഭ പിന്തുണയോടെ ഇന്നത്തെ മത്സരം 4-2ന് ജയിച്ചുകയറിയ വിവ പോയിന്റ് നിലയിലും സ്പോര്‍ട്ടിങിനെ പിന്തള്ളി.ഈ വര്‍ഷത്തെ ഐ ലീഗില്‍ വിവ സ്കോര്‍ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു.മൈതാനം നിറഞ്ഞു കളിച്ച റൂബന്‍സാന്യോ ആണ് ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച്.

നിഷാർ ആലാട്ട് said...

അരീക്കോട്ടുകാർകീ ജയ്.

കൊച്ചുതെമ്മാടി said...

ഞാനും ഇന്നലെ അവിദെ ഉണ്ടാവെണ്ടത് ആയിരുന്നു....
അവസാന നിമിഷം വരാന്‍ പറ്റിയില്ല....
എന്തായാലും വിവ ജയിച്ചതില്‍ സന്തൊഷം....

OAB/ഒഎബി said...

കളിച്ച് കളിച്ച് കറുപ്പന്മാരില്ലെങ്കിലെന്ത് ഫുട്ബാൾ എന്നിടത്തേക്ക് എത്തി നമ്മൾ.

ഗ്രൌണ്ടിന് ചാരി വീടായതിനാൽ പന്ത് കളിക്കാൻ എന്റെ അത്രയും സൌകര്യമുള്ളവർ കുറവായിരിക്കും. അത് കൊണ്ട് എനിക്ക് പന്ത് കളിക്കാൻ അറിയില്ല.
കളി കാണും.
ഇവിടെ ആയപ്പൊ അതുമില്ല.
അതിനാൽ നാട്ടിലെ ഇന്നത്തെ കളിക്കാരെയുമറിയില്ല.

ramanika said...

ADUTHA KALIYUM JAYIKKATTE VIVA ennu prarthikkunnu!

കുമാരന്‍ | kumaran said...

:)‌

സങ്കുചിതന്‍ said...

റോജര്‍ മില്ലര്‍ എന്ന 40 വയസ്സായ ചുള്ളനായിരുന്നു അന്ന് ഹിഗിറ്റ്വയെ പറ്റിച്ചത്.

കൊട്ടോട്ടിക്കാരന്‍... said...

മുമ്പ് എം എസ് പി ഗ്രൌണ്ടില്‍ കളികാണാന്‍ പോയപ്പൊ 900 രൂപയുടെ കണ്ണടയാണു തല്ലിനിടയില്‍ നഷ്ടപ്പെട്ടത്. അതില്‍പ്പിന്നെ നേരിട്ടു കളികാണാന്‍ പോയിട്ടില്ല. നല്ലൊരു ദൃക്‌സാക്ഷി വിവരണത്തിനു നന്ദി..

Areekkodan | അരീക്കോടന്‍ said...

നിഷാര്‍...ഏറ്റുവിളിക്കാന്‍ പിന്നില്‍ ആരെയും കാണുന്നില്ലല്ലോ?

കൊച്ചുതെമ്മാടി...തിങ്കളാഴ്ച ഈസ്റ്റ്ബംഗാളുമായി കളിയുണ്ട്.അന്ന് സ്വാഗതം.

ഒ.എ.ബി...തൊട്ടടുത്ത് ഗ്രൌണ്ട് ഉണ്ടായിട്ട് ഫുട്ബാള്‍ കളിച്ചില്ലെങ്കില്‍ മലപ്പുറം കാക്കാമാര്‍ക്ക് സഹിക്കൂലാട്ടോ...

രമണിക ചേട്ടാ...അടുത്ത കളി ഈസ്റ്റ്ബംഗാളുമായിട്ടാണ്.എന്റെ മുന്‍ ഫേവറിറ്റു ടീം.എന്നാലും വിവ മുന്നേറട്ടെ.

കുമാരാ...

സങ്കുചിതാ...കുറേ ആലോചിച്ചു ആ പേര് കിട്ടാന്‍.അന്നത്തെ മില്ലയുടെ ഡാന്‍സ് ഇപ്പോഴും മനസ്സില്‍ തങി നില്‍ക്കുന്നു.

കൊട്ടോട്ടീ...കളി കണ്ടാല്‍ പോരേ,കയ്യാംകളിക്ക് പോകണോ?കണ്ണട മുമ്പിലുണ്ടായതുകൊണ്ട് കണ്ണ് രക്ഷപ്പെട്ടു.

Post a Comment

നന്ദി....വീണ്ടും വരിക