Pages

Monday, October 12, 2009

അനുഗ്രഹമാകുന്ന സന്താനങ്ങള്‍

അന്ന് വയസ്സായ ഒരാള്‍ അടുത്തിരുന്നവര്‍ക്ക് സ്വയം പരിചയപ്പെടുത്തി.
“ഞാന്‍ ലുഖ്മാന്റെ ബാപ്പ.എന്റെ സ്വന്തം പേര് പറയുന്നതിനെക്കാളും നല്ലത് ഇങ്ങനെ പരിചയപ്പെടുത്തുന്നതായിരിക്കും...”


“അതേ അതേ....നമ്മള്‍ ആഗ്രഹിക്കേണ്ടതും അങ്ങനെ തന്നെ.നമ്മെക്കാളും നമ്മുടെ മക്കള്‍ പ്രശസ്തരാവണം....അപ്പോള്‍ നാം വീണ്ടും പ്രശസ്തി നേടും....”


*                    *                    *


മിനിഞ്ഞാന്ന് ഞാന്‍ എന്റെ മൂത്ത മകളേയും കൊണ്ട് ബാങ്കില്‍ പോയി.എന്നെ ഹൈസ്കൂളില്‍ പഠിപ്പിച്ച രമണി ടീച്ചര്‍ എന്തോ ആവശ്യത്തിന് അവിടെ ഉണ്ടായിരുന്നു.ടീച്ചര്‍ സ്വന്തം മകന് എന്നെ പരിചയപ്പെടുത്തി.
“സുമേച്ചിയുടെ ബാച്ചില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആബിദ്...”


അന്ന് വരെ ആ സ്കൂളില്‍ എല്ലാ ക്ലാസ്സിലും ടോപ് മാര്‍ക്ക് ടീച്ചറുടെ ബന്ധുവായ സുമക്കായിരുന്നു.ആ ചരിത്രം തിരുത്താന്‍ യോഗമുണ്ടായത് സുമയുടെ അച്ഛന്റെ അടുത്ത സുഹൃത്തായ എന്റെ ബാപ്പയുടെ ഈ മകന്!!!


ശേഷം ടീച്ചര്‍ എന്റെ മോളുടെ നേരെ തിരിഞ്ഞ് ചോദിച്ചു :“മോള്‍ നല്ലവണ്ണം പഠിക്കുന്നില്ലേ?”


അവള്‍ ചിരിച്ചു.


“അച്ഛന്‍ മിടുക്കനായിരുന്നു.അച്ഛനെക്കാളും മിടു മിടുക്കി ആകണം...” ടീച്ചര്‍ അവളെ ഉപദേശിച്ചു.


*                    *                    *

ഉപ്പ എന്ന നിലക്ക് അഭിമാനിക്കാന്‍ എനിക്ക് ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് എന്റെ മകള്‍ ഐശനൌറ.
കെ.ജി യില്‍ ചേര്‍ത്തിയ വര്‍ഷം തന്നെ കലാതിലകം,ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ നാലാം ക്ലാസ്സുകാരോട്‌ വരെ മത്സരിച്ച് നേടിയ കലാതിലകപ്പട്ടം , മാനന്തവാടിയില്‍ എത്തിയപ്പോള്‍ ആദ്യവര്‍ഷം തന്നെ സ്കൂളിനെ സബ്ജില്ലാ ചാമ്പ്യന്മാരാക്കിയ അവളുടെ പ്രകടനങ്ങള്‍ ,തുടര്‍ വര്‍ഷങ്ങളിലും അത് നിലനിര്‍ത്തിയ പ്രകടനങ്ങള്‍ ,ഇപ്പോള്‍ പഠിക്കുന്ന കൊടിയത്തൂര്‍  വാദിറഹ്മ സ്കൂളില്‍ പങ്കെടുത്ത ആദ്യ മത്സരമായ പോസ്റ്റര്‍ രചനയിലെ രണ്ടാം സ്ഥാനം,മറ്റു മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനങള്‍,ചെറായിയില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ മുമ്പില്‍ ഒരു കവിതാആലാപനം , എല്ലാ സ്കൂളുകളിലും ക്ലാസ് ടോപ് തുടങ്ങീ പെട്ടെന്ന് ഓര്‍മ്മ വരുന്നതും ഓര്‍മ്മ വരാത്തതുമായ അനവധി അഭിമാന മുഹൂര്‍ത്തങള്‍.


ഇന്നത്തെ മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോമാധ്യമം സപ്ലിമെന്റില്‍ എന്റെ മോള്‍ ഈയിടെ ആരംഭിച്ച ബ്ലോഗ് പരിചയപ്പെടുത്തുന്ന കുറിപ്പ്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി.ഞാന്‍ സ്വയം ആര്‍ക്കും അത് പരിചയപ്പെടുത്തേണ്ട എന്ന നിലപാടില്‍ ആയിരുന്നു.പക്ഷേ ഈ സന്തോഷം എനിക്ക് പങ്കിടാതെ വയ്യ.


സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാണ്.അവരുടെ പ്രശസ്തിയും കുപ്രസിദ്ധിയും മാതാപിതാക്കള്‍ക്കും ലഭിക്കുന്നു.അതിനാല്‍ നമ്മുടെ കുട്ടികളെ നാം നല്ല നിലയില്‍ തന്നെ വളര്‍ത്തുക.മണ്മറഞ്ഞു പോയാലും നമ്മെ മനുഷ്യമനസ്സുകളില്‍ നിലനിര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനങള്‍ ആയിരിക്കും.

23 comments:

Areekkodan | അരീക്കോടന്‍ said...

സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാണ്.അവരുടെ പ്രശസ്തിയും കുപ്രസിദ്ധിയും മാതാപിതാക്കള്‍ക്കും ലഭിക്കുന്നു.അതിനാല്‍ നമ്മുടെ കുട്ടികളെ നാം നല്ല നിലയില്‍ തന്നെ വളര്‍ത്തുക.മണ്മറഞ്ഞു പോയാലും നമ്മെ മനുഷ്യമനസ്സുകളില്‍ നിലനിര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനങള്‍ ആയിരിക്കും.

കാട്ടിപ്പരുത്തി said...

മാഷുടെ സന്തോഷത്തിലേക്കൊരു ചെറിയ പൂവ്-

ഹന്‍ല്ലലത്ത് Hanllalath said...

:)

സന്തോഷത്തില്‍ കൂടെ കൂടുന്നു.

ramanika said...

ഇത്രയും നല്ല കാര്യം വേറെ എന്തുണ്ട്

സന്തോഷത്തില്‍ പങ്കു ചേരുന്നു !

Appu Adyakshari said...

നല്ല സന്ദേശം മാഷേ. ഇനി മോളുടെ ബ്ലോഗ് നോക്കട്ടെ.

PONNUS said...

മാഷിനും മോള്‍ക്കും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു !!

വീ കെ. said...

മോൾക്കും മോളുടെ ഉപ്പ മാഷിനും ആശംസകൾ... നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു..

Anonymous said...

സന്തോഷത്തില്‍ പങ്കു ചേരുന്നു

കൂട്ടുകാരൻ said...

മാഷുടെ സന്തോഷത്തിലേക്ക് ഞാനും....മോള്‍ക്കുള്ള കമന്റ് കൊടുത്തിട്ടുണ്ട്‌.

നിഷാർ ആലാട്ട് said...

മാഷേ ...

സന്തോഷത്തില്‍ പങ്കു ചേരുന്നു,

ഇനിയും ഇനിയും മോൾ ഉയരത്തിൽ എത്തട്ടെ എന്നു

പടച്ചവനോട് പ്രാർത്ഥിക്കുന്നു


.

Sureshkumar Punjhayil said...

Molkku ella ashamsakalum...!!!

Areekkodan | അരീക്കോടന്‍ said...

ഈ സന്തോഷം എന്നോടൊപ്പം പങ്കിട്ട കാട്ടിപ്പരുത്തി,ഹന്‍ള്ളലത്ത്,രമണികചേട്ടന്‍,അപ്പു,
മുംബൈ മലയാളി,വി.കെ,കാന്താരി,കൂട്ടുകാരന്‍,
നിഷാര്‍,സുരേഷ് എന്നിവര്‍ക്കും വായിച്ചുപോയ എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി.

OAB/ഒഎബി said...

താങ്കളുടെ സന്തോഷം എത്രത്തോളമെന്നത് എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു.
ഇത് വായിച്ചപ്പോൾ എന്റെ മക്കളുടെ നല്ല നിലവാരത്തിലുള്ള പഠനവും മേശയിൽ കിടക്കുന്ന സർട്ടിഫിക്കറ്റുകളും അലമാരയിൽ നിറഞ്ഞ ട്രോഫികളും ഓർത്ത് പോയി.

അതെ മാഷെ, നലാം ക്ലാസിനപ്പുറം കാണാത്ത ഒരു ഉപ്പാക്ക് കഴിയാത്തത് മക്കൾ നേടുന്നതിലുള്ള സന്തോഷം താങ്കൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.

അത് കൊണ്ട് പടച്ചതമ്പുരാനോട് നമുക്ക് നന്ദി പറയാം. താങ്കളുടെ ഈ സന്തോഷത്തിൽ എന്റെ കണ്ണ് പോലും നിറഞ്ഞു പോയി.

.....ക്ഷമിക്കണം കുറച്ച് അധികം പറഞ്ഞ് പോയൊ?

പാവപ്പെട്ടവൻ said...

അവളെ കണ്ടാലും അറിയാം അവള്‍ മിടുക്കിയാണ് ചെറായില്‍ കവിത ചൊല്ലിയത് അവളല്ലേ ?

മാഷിനും മോള്‍ക്കും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു

Areekkodan | അരീക്കോടന്‍ said...

OAB....താങ്കളുടെ സന്തോഷം പങ്കുവച്ചതിന് നന്ദി.തീര്‍ച്ചയായും നമുക്ക് നേടാനാവാത്തത് മക്കള്‍ നേടുമ്പോള്‍ സന്തോഷവും അഭിമാനവും ഉയര്‍ന്ന നിലയില്‍ ആയിരിക്കും.കുറേ ലീഫുകള്‍ ഉള്ള ഒരു ഫയല്‍ വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ അതിനുള്ളില്‍ ഭംഗിയായി അടുക്കി വയ്പ്പിക്കുക.അതു കണ്ട് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകാന്‍....

പാവപ്പെട്ടവന്‍.....നന്ദി.അതേ അവള്‍ തന്നെയായിരുന്നു ആ കവിത ആലപിച്ചത്.

ചിന്തകന്‍ said...

മാഷെ. ഈ ഇനിയുമിനിയും ഉയരങ്ങളില്‍ എത്താന്‍ ഈ മിടുക്കിയെ ദൈവം അനുഗ്രഹിക്കട്ടെ.

മാഷുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നു.

വശംവദൻ said...

സന്തോഷത്തില്‍ പങ്കു ചേരുന്നു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാഷെ, മോള്‍ടെ ബ്ലോഗ്‌ കണ്ടു ..കമന്റും ഇട്ടു... "മകളുടെ വാപ്പ.."
".കുറേ ലീഫുകള്‍ ഉള്ള ഒരു ഫയല്‍ വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ അതിനുള്ളില്‍ ഭംഗിയായി അടുക്കി വയ്പ്പിക്കുക.അതു കണ്ട് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകാന്‍...."

പണ്ട് സ്കൂള്‍ കാലഘട്ടത്തില്‍ കുറെ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്കുണ്ടായിരുന്നു.. കഥ, കവിത, പ്രസംഗം, നാടകം. ക്വിസ് അങ്ങിനെ കുറെ..ഒരു ദിവസം വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ടത് അതില്‍ കുറെ കീറി ചുരുട്ടി കൂട്ടി അടുപ്പിന്റെ അവിടെ കിടക്കുന്നതാ..അമ്മ അടുക്കളയില്‍ പാത്രം അടുപ്പത്ത് നിന്ന് ഇറക്കിവക്കാന്‍ (കൈക്കല എന്നൊക്കെ അവിടങ്ങളില്‍ പറയും) വേണ്ടി.. അമ്മക്ക്‌ പറയത്തക്ക വിദ്യാഭ്യാസം ഇല്ല..അവരെ സംബന്ധിച്ചിടത്തോളം വൈകീട്ട് വിശന്നു വരുന്ന ഞങ്ങള്‍ക്ക് കഞ്ഞി വച്ച് തരണം..ഇതിന്റെ വില അറിയില്ല..എനിക്കതു കണ്ടപ്പോള്‍ കരയണോ ചിരിക്കണോ എന്നൊക്കെ ചിന്തിച്ചു നിന്ന് പോയി.. പിന്നീട് ഞങ്ങള്‍ പഠിച്ചതിനൊപ്പം അമ്മയും മാറി..ഇപ്പൊ ജാവയും ഇന്റര്‍നെറ്റും എന്നൊക്കെ കേട്ടാല്‍ മനസ്സിലാവുന്ന പരുവമായി.. വല്ലപ്പോഴും ഒരുമിച്ചിരിക്കുമ്പോള്‍ അമ്മക്ക് പറഞ്ഞു കരയാനുള്ള ഒരു സംഭവം ആയി അത്..

ഭൂതത്താന്‍ said...

കൂട്ടത്തില്‍ ഭൂതവും ചേരുന്നു ....ന്നാലും ചിലവുണ്ട് മാഷേ ...വെറുതെ വിടാന്‍ ഉദ്ദേശമില്ല ...നല്ല കോയിന്റെ ബിരിയാണി വേണം ....മോള്‍ക്ക്‌ എല്ലാ ആശംസകളും

ബിനോയ്//HariNav said...

ആഹാ! കൊള്ളാം മാഷേ. ഇതൊക്കെയല്ലേ വലിയ വലിയ സന്തോഷങ്ങള്‍. അച്ഛനും മകള്‍ക്കും ആശംസകള്‍ നേരുന്നു. :)

രാജീവ്‌ .എ . കുറുപ്പ് said...

സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാണ്.അവരുടെ പ്രശസ്തിയും കുപ്രസിദ്ധിയും മാതാപിതാക്കള്‍ക്കും ലഭിക്കുന്നു.അതിനാല്‍ നമ്മുടെ കുട്ടികളെ നാം നല്ല നിലയില്‍ തന്നെ വളര്‍ത്തുക.മണ്മറഞ്ഞു പോയാലും നമ്മെ മനുഷ്യമനസ്സുകളില്‍ നിലനിര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനങള്‍ ആയിരിക്കും.

ഈ വരികള്‍ക്ക് ഒരു സല്യൂട്ട്
മാഷിന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു . മാഷിനും കുടുംബത്തിനും എല്ലാ വിധ ആയുസും ആരോഗ്യവും നേരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

(പാര്‍ട്ടി ഇല്ലേ)

മൌനി said...

നൌറയുടെ "കുത്തിവരകള്" ആണു ഞാന്‍ താങ്കളുടെ ബ്ളോഗിനെക്കാളും മുമ്പെ വായിച്ചത്.ബൂലോഗത്തു പ്രത്യേകിച്ചു വലിയ ഒരു വായന ലിസ്റ്റ് ഒന്നും ഇല്ലാതെ കറങി നടക്കുന്നതാണു പതിവ്. മകളുടെ കുത്തിവരകള്‍ കണ്ടപ്പൊ, ആ മിടുക്കിക്കുട്ടിയുടെ പിതാവ് ആരെന്നു തിരഞ്ഞു. അങ്ങ്നെയാണു ഇവിടെ ആദ്യം വന്നത്.

നന്നായി വരട്ടെ. :-)

Areekkodan | അരീക്കോടന്‍ said...

പനി പിടിച്ചതുകാരണം മറുപടി ഇടാന്‍ പറ്റാത്തതില്‍ ക്ഷമാപണം.

ചിന്തകാ....പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ.നന്ദി

വശംവദാ....നന്ദി

പ്രവീണ്‍....സ്വാഗതം.അവിടേയും ഇവിടേയും വന്നതില്‍ വളരെ സന്തോഷം.താങ്കളുടെ അനുഭവത്തില്‍ നിന്ന്‌ ഇനിയുള്ള തലമുറക്ക് അങനെയൊന്ന് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എടുക്കുക.അനുഭവം പങ്കുവച്ചതിന് നന്ദി.

ഭൂതത്താനേ....തിന്നുന്നതിന്റെ ലിമിറ്റ് ആദ്യം പ്രഖ്യാപിച്ചാല്‍ കോയി ബിരിയാണി!!!

ബിനോയ്....ആശംസകള്‍ക്ക് നന്ദി

കുറുപ്പേ...നന്ദി.പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ.പിന്നെ ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല!!!

മൌനി.....സ്വാഗതം.താങ്കള്‍ വന്ന വഴി എന്നെ വളരെ സന്തോഷിപ്പിക്കുന്നു.ഈ പോസ്റ്റിന്റെ വിഷയവും അതു തന്നെയാണല്ലോ.ഇനിയും വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Post a Comment

നന്ദി....വീണ്ടും വരിക