Pages

Thursday, April 17, 2014

പ്രകൃതി പഠന ക്യാമ്പ്

   സൈലന്റ് വാലി സന്ദർശിക്കുക എന്നത് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു.കഴിഞ്ഞ ഫെബ്രുവരി 24 ആം തീയതി എന്റെ കോളേജിലെ ഭൂമിത്രസേനക്ക് അനുവദിച്ച പ്രകൃതി പഠന ക്യാമ്പിലൂടെ ആ മോഹം സഫലമായി.

     പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും അഗളി, ആനക്കട്ടി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി ഏകദേശം അമ്പത് മിനുട്ട് സഞ്ചരിച്ചാൽ മുക്കാലി എന്ന സ്ഥലത്ത് എത്തും. ചീനി മരങ്ങൾ തണൽ വിരിച്ച മുക്കാലി അങ്ങാടിയിൽ നിന്ന് തന്നെ ഇടത്തോട്ട് പോകുന്ന റോഡിൽ അല്പം മുന്നോട്ട് നടന്നാൽ വനം വകുപ്പിന്റെ ഡോർമെട്രിയും അല്പം കൂടി മുന്നോട്ട് നടന്നാൽ ഇൻഫർമേഷൻ ഓഫീസും കാണാം.

      സ്കൂളിലേയും കോളേജിലേയും പരിസ്ഥിതി ക്ലബ്ബുകൾക്കും എൻ.എസ്.എസ്,എൻ.സി.സി പോലെയുള്ള സേവന സംഘങ്ങൾക്കും യുവജനക്ലബ്ബുകൾക്കും പരിസ്ഥിതി സംരക്ഷണ സംഘടനകൾക്കും എല്ലാം വനം വന്യജീവി വകുപ്പ് സൌജന്യമായി നടത്തുന്ന മൂന്ന് ദിവസത്തെ ക്യാമ്പാണ് പ്രകൃതി പഠന ക്യാമ്പ്.ഏത് നാഷണൽ പാർക്കിലാണോ അല്ലെങ്കിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണോ നാം ക്യാമ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് തീർച്ചപ്പെടുത്തി അതാത് വൈൽഡ്‌ലൈഫ് വാർഡനാണ് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകേണ്ടത്. അപേക്ഷ ഫോം വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാം.

       ഒരു ദിവസം വൈകിട്ട് 4 മണിക്ക് റിപ്പോർട്ട് ചെയ്ത് മൂന്നാം ദിവസം ഉച്ച ഭക്ഷണത്തോടെ അവസാനിക്കുന്നതാണ് മിക്ക പ്രകൃതി പഠന ക്യാമ്പുകളും.രണ്ട് ദിവസത്തേയും ഒരു ദിവസത്തേയും ക്യാമ്പുകളും ഉണ്ട്.ത്രിദിന ക്യാമ്പുകളിലൂടെയാണ് നമുക്ക് കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നന്നായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ അത്തരം ക്യാമ്പുകളായിരിക്കും കോളേജ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും കൂടുതൽ അഭികാമ്യം.

   പരിസ്ഥിതി പഠന ക്യാമ്പിൽ ഒന്നാം ദിവസം കാടിനെക്കുറിച്ച് തന്നെയാണ് ക്ലാസ്സ് നൽകുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥനോ പരിസ്ഥിതി പ്രവർത്തകനോ ആയിരിക്കും ഈ ക്ലാസ് കൈകാര്യം ചെയ്യുന്നത്.നമ്മുടെ ധാരണകളും വനം എന്ന പദത്തിന്റെ അർത്ഥവ്യാപ്തിയും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂർ നേരത്തെ ക്ലാസ്സിലൂടെ ഏതൊരാൾക്കും നിഷ്‌പ്രയാസം മനസ്സിലാക്കാൻ സാധിക്കും.രാത്രി ഭക്ഷണത്തിന് ശേഷം പരിസ്ഥിതി വിഷയമായിട്ടുള്ള ഒരു ഡൊക്യുമെന്ററി പ്രദർശനവും ഉണ്ടായിരിക്കും.

    രണ്ടാം ദിവസം വ്യായാമത്തിനും പ്രാതലിനും ശേഷം പ്രകൃതി സന്ദർശനം ആരംഭിക്കും. കാട്ടിലൂടെയുള്ള നടത്തമാണ് ഇതിലെ പ്രധാന പരിപാടി.പങ്കെടുക്കുന്ന ടീമിന്റെ പ്രായം,സ്വഭാവം,താല്പര്യം എന്നിവക്കനുസരിച്ച് നടത്തം നാല് മുതൽ പതിനെട്ട് കിലോമീറ്റർ വരെയാകാം. മൃഗങ്ങളെ കാണാനുള്ള സാധ്യത ഈ നടത്തത്തിനിടയിൽ വളരെ വിരളമാണ്.കാരണം ഒരു ക്യാമ്പിലെ നാല്പതോളം വരുന്ന അംഗങ്ങൾ കാട്ടിനകത്ത് കയറിയാൽ ഉണ്ടാകുന്ന ശബ്ദവ്യതിയാനം മൃഗങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകുന്നതിനാൽ അവ ഉൾക്കാട്ടിലേക്ക് പെട്ടെന്ന് വലിയും.എന്നാൽ കാട്ടിലെ സസ്യ സമ്പത്തിനെപ്പറ്റിയും ജൈവസമ്പത്തിനെപ്പറ്റിയും ജൈവവൈവിധ്യത്തെപറ്റിയും വിവിധ കാട്ടുചെടികളുടെ ഔഷധഗുണങ്ങളെക്കുറിച്ചും വളരെ നല്ലൊരു വിവരണം നമ്മുടെ കൂടെയുള്ള ഗൈഡിൽ നിന്നോ വനം വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്നോ നമുക്ക് ലഭിക്കും.ഈ വിവരണം ഏതൊരു സസ്യത്തേയും അല്ലെങ്കിൽ ജന്തുവിനേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കിത്തരും.

    ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ക്ലാസ്സോ അല്ലെങ്കിൽ ചർച്ചയോ ഉണ്ടാകും.നമ്മുടെ ജീവിതശൈലിയെപ്പറ്റിയും അത് നമ്മിൽ ഉണ്ടാക്കുന്ന വിവിധ മാറ്റങ്ങളെപ്പറ്റിയും ആധുനിക മനുഷ്യന്റെ ആരോഗ്യപ്രശ്നനങ്ങൾ അടക്കമുള്ള സംഗതികളും ഈ ക്ലാസ്സുകളിൽ വിഷയമാകും.പ്രകൃതിയിലേക്ക് മടങ്ങേണ്ട ആവശ്യകത കൃത്യമായി മനസ്സിൽ പതിപ്പിക്കുന്ന രൂപത്തിലായിരിക്കും ഈ ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാത്രിയും ഇത്തരം ക്ലാസ്സുകളും ഡൊക്യുമെന്ററി പ്രദർശനവും നടക്കും.

      മൂന്നാം ദിവസം വ്യായാമത്തിനും പ്രാതലിനും ശേഷം നാം വസിക്കുന്ന സ്ഥലവും പരിസരവും വൃത്തിയാക്കുക എന്ന ചെറിയ ഒരു ജോലി ക്യാമ്പംഗങ്ങൾക്കുണ്ട്.അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുക എന്നതാണ് മിക്ക പരിസ്ഥിതി ക്യാമ്പുകളിലും നടത്തുന്ന പ്രവൃത്തി. ഈ പ്രവൃത്തിക്ക് ശേഷം വീണ്ടും ഫീൽഡ് സന്ദർശനം നടത്തും. തലേ ദിവസം പോയ ഭാഗത്തേക്കല്ല പോകുന്നത് എന്നതിനാലും തലേ ദിവസത്തെ അനുഭവങ്ങളും എല്ലാവരേയും ഉത്തേജിപ്പിക്കും എന്ന് തീർച്ച. പക്ഷേ ഈ സന്ദർശനം ഏതാനും കിലോമീറ്ററുകൾ മാത്രമേ നീളുകയുള്ളൂ.

     സന്ദർശനം കഴിഞ്ഞ് മടങ്ങി എത്തിയാൽ ഉച്ചഭക്ഷണവും ശേഷം ചെറിയ ഒരു ക്യാമ്പ് അവലോകനവും നടക്കും.ചില ക്യാമ്പുകളിൽ സർട്ടിഫിക്കറ്റ് വിതരണം ഈ അവലോകന സമയത്ത് വിതരണം ചെയ്യും.ചില ക്യാമ്പുകളിൽ അതുവരെ നടത്തിയ ക്ലാസ്സുകളേയും ഫീൽഡ് സന്ദർശനങ്ങളേയും ഡോക്യുമെന്ററികളേയും ആസ്പദമാക്കി ക്വിസ് മത്സരമോ മറ്റോ നടത്തും.അതോടെ ക്യാമ്പ് സമാപിക്കുകയും ചെയ്യും.കുളിമുറിയും കക്കൂസും അടക്കം നാം ഉപയോഗിച്ച സ്ഥലങ്ങൾ വൃത്തിയാക്കിയ ശേഷം ഒരു പിടി നല്ല അനുഭവങ്ങളും ഓർമ്മകളും അതിലേറെ നല്ല കുറേ തിരിച്ചറിവുകളുമായി നമുക്ക് നമ്മുടെ വാസസ്ഥലങ്ങളീലേക്ക് മടങ്ങാം.

      ഇത്തരം ഒരു പ്രകൃതി പഠന ക്യാമ്പിലെങ്കിലും പങ്കെടുക്കാൻ ശ്രമിക്കണം എന്ന് മാത്രമാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.സസ്യ-ജന്തു വിഭാഗങ്ങൾ അടക്കമുള്ള, വരും തലമുറക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ഇത്തരം ക്യാമ്പുകൾ എല്ലാവർക്കും പ്രചോദനമാകും എന്ന് തീർച്ച.വനം വകുപ്പ് മൂന്ന് ദിവസം  സൌജന്യമായി കാട്ടിനകത്ത് താമസവും ഭക്ഷണവും ഒരുക്കിത്തന്ന് നടത്തുന്ന ഇത്തരം ക്യാമ്പുകളിലൂടെ വർഷത്തിൽ ഒരാളെങ്കിലും പരിസ്ഥിതി അനുകൂല തീരുമാനമെടുത്താൽ അത് മതി ആ ക്യാമ്പ് വിജയിക്കാൻ.(സൈലന്റ് വാലി അനുഭവങ്ങൾ ഉടൻ പ്രതീക്ഷിക്കാം...)

ഓർക്കുക, വനങ്ങൾ നമ്മുടെ ഭാവി തലമുറയുടെ സ്വത്താണ്.നാം അതിന്റെ സൂക്ഷിപ്പുകാർ മാത്രമാണ്.3 comments:

Areekkodan | അരീക്കോടന്‍ said...

സ്യ-ജന്തു വിഭാഗങ്ങൾ അടക്കമുള്ള, വരും തലമുറക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ഇത്തരം ക്യാമ്പുകൾ എല്ലാവർക്കും പ്രചോദനമാകും എന്ന് തീർച്ച.

വീകെ said...

“കുളിമുറിയും കക്കൂസും അടക്കം നാം ഉപയോഗിച്ച സ്ഥലങ്ങൾ വൃത്തിയാക്കിയ ശേഷം ഒരു പിടി നല്ല അനുഭവങ്ങളും ഓർമ്മകളും അതിലേറെ നല്ല കുറേ തിരിച്ചറിവുകളുമായി നമുക്ക് നമ്മുടെ വാസസ്ഥലങ്ങളീലേക്ക് മടങ്ങാം.”
അതെ,ആദ്യം നമ്മുടെ വീടുകളിൽ നിന്നുതന്നെ തുടങ്ങണം...
ആശംസകൾ...

ajith said...

ഭൂമിത്രങ്ങളേ, ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക