Pages

Friday, February 08, 2019

പാളക്കയറ്‌

           ദിവസങ്ങൾക്ക് മുമ്പ് പച്ചക്കറി കടയിൽ നിന്നും ഒരു കിലോ പഴം വാങ്ങി. സ്ഥിരം ചെയ്യുന്നത് പോലെ ഞാൻ അത് കടലാസിൽ പൊതിഞ്ഞ് വാങ്ങി. പോതിഞ്ഞ് കഴിഞ്ഞപ്പോൾ പൊതിക്ക് ഒരു ‘ബലം’ പോര എന്ന തോന്നലിൽ പീടിക ഉടമ ഒരു കയറെടുത്ത് കെട്ടി. ആ കയറും പൊതിയും എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.
          മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നത്തിലേക്കാണ് ആ പൊതി എന്നെ കൊണ്ടു ചെന്നത്. അരീക്കോട് അങ്ങാടിയിൽ നിന്നും സുല്ലമുസ്സലാം അറബിക്കോളേജിലേക്കുള്ള റോഡ്. ആ റോട്ടിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡിലായിരുന്നു അന്ന് മീൻ കച്ചവടം. വലിയ ലോറിയിൽ വാരി ഇട്ട നിലയിൽ എത്തുന്ന മത്തി തന്നെയായിരുന്നു പ്രധാന ഇനം. ഇന്ന്, കോൺക്രീറ്റ് കൂട്ട് ചട്ടിയിലേക്ക് കോരി ഇടുന്ന പോലെ ഈറ്റ കൊണ്ടുണ്ടാക്കിയ കൊട്ടയിലേക്ക് മത്തി  കോരി ഇടും. മുകളിൽ അല്പം മാത്രം ഐസ് വിതറും. ലോറിയിൽ നിന്നും വീഴുന്ന ഐസ് കഷ്ണം കൈക്കലാക്കാൻ കുട്ടികളുടെ ഒരു പടയും ഉണ്ടായിരുന്നു.

             കൊട്ടയുടെ കൈ ഭാഗത്ത് ഒരു കയറിന്റെ കെട്ട് ഉണ്ടായിരുന്നു. കയറ്‌ എന്നാൽ കമുകിന്റെ പാള ചീന്തി ഉണ്ടാക്കിയതായിരുന്നു (ഇന്ന് എനിക്ക് കിട്ടിയ കയറ്). മത്സ്യം പൊതിഞ്ഞിരുന്നത് തേക്കിന്റെ ഇലയിലും. അതും എല്ലാ മീൻ‌കാരുടെയും ഇരിപ്പിടത്തിന് തൊട്ടടുത്ത് കൂട്ടിയിട്ടിരിക്കും. നാലഞ്ച് ഇല ഒന്നിച്ച് വച്ച് മത്സ്യം അതിലേക്കിട്ട്, ഇല മടക്കി പാളക്കയറു കൊണ്ട് വരിഞ്ഞ് മുറുക്കി ഒരു പിരിച്ച് വയ്ക്കൽ ഉണ്ട്. ചട പടെ എന്ന് കഴിയുന്നതാണെങ്കിലും കാണാൻ ചന്തമുള്ള ഒരു കല !

             ഇന്നത്തെ പോലെ കിലോ കണക്കിനായിരുന്നില്ല അന്ന് മീൻ വില. എണ്ണത്തിനായിരുന്നു വില പറഞ്ഞിരുന്നത്. ചില ദിവസം ‘ഉർപ്പ്യക്ക് പത്ത്’ ആയിരിക്കും. അതായത് ഒരു രൂപക്ക് പത്ത് എണ്ണം. മറ്റു ചില ദിവസങ്ങളിൽ ‘വാരി’ കൊടുക്കും. അതായത് കുട്ടയിൽ നിന്നും വാരി ഇങ്ങെടുക്കും.പൊതിയിൽ എത്തുമ്പോഴേക്കും അതിൽ മുക്കാലും കുട്ടയിലേക്ക് തന്നെ വീണിട്ടുണ്ടാവും !അങ്ങനെ ഒരു മൂന്നോ നാലോ വാരൽ ആണ് ഒരു രൂപക്ക്. വാരുമ്പോൾ ഉള്ള എണ്ണൽ ഇന്നും കാതിൽ അലയടിക്കുന്നു - “ഒന്നേ ഒന്ന് ഒന്ന്...രണ്ടേ രണ്ട് രണ്ട്....മൂന്നേ....”. മത്സ്യത്തിന് ചീയലോ പൊട്ടലോ നിറം മാറ്റമോ ഉണ്ടെങ്കിലാണ് ഈ വാരി കൊടുക്കൽ എന്ന് വലുതായപ്പോഴാണ് അറിഞ്ഞത്.

             ഒന്നോ രണ്ടോ രൂപക്കായിരുന്നു അന്ന് മീൻ വാങ്ങിയിരുന്നത്. മീൻ വാങ്ങാൻ ചെല്ലുമ്പോൾ തന്നെ വില്പനക്കാർ മാടി വിളിക്കും. ‘മൌലവീ’ എന്നായിരുന്നു ചില ദിവസങ്ങളിൽ എന്നെ വിളിച്ചിരുന്നത്. എന്റെ മൂത്താപ്പ അറബിക് അധ്യാപകനായിരുന്നു.വി.പി മൌലവി എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകനാണെന്ന ധാരണയിലായിരിക്കും എന്നെ മൌലവി എന്ന് വിളിച്ചിരുന്നത്. മറ്റു ചില ദിവസങ്ങളിൽ ‘മാഷെ മോൻ’ എന്നും വിളിച്ചിരുന്നു. എന്റെ കുടുംബത്തിലെ ആണുങ്ങൾ എല്ലാം മാസ്റ്റർമാർ ആണെന്ന് മീൻ കച്ചവടക്കാർക്ക് അറിയാം.അതിൽ ഏതോ ഒരു മാഷുടെ മോൻ എന്ന നിലക്കായിരുന്നു ഈ വിളി. അന്നത്തെ വില്പനക്കാരിൽ ഇന്ന് എന്റെ ഓർമ്മയിലുള്ളത് “മമ്മൈസ” കാക്ക മാത്രമാണ്. ശരിയായ പേര് എന്ത് എന്ന് ഇന്നും അറിയില്ല.

             അമോണിയ വിതറാത്ത മത്സ്യം തേക്കിന്റെ ഇലയിൽ പൊതിഞ്ഞ് പാളക്കയറു കൊണ്ട് കെട്ടി വീട്ടിലെത്തിച്ചാൽ നാടൻ മുളകിട്ട് ഉമ്മ ഉണ്ടാക്കിത്തരുന്ന ഒരു ‘മൊളൂത്തി’ യുണ്ട്. ഇപ്പോഴും വായിൽ വെള്ളമൂറുന്ന ഓർമ്മകൾ തിരിച്ചു തന്ന പച്ചക്കറിക്കാരാ നന്ദി...നന്ദി.

9 comments:

Areekkodan | അരീക്കോടന്‍ said...

പാളക്കയറിന്റെ ഓർമ്മകളിലൂടെ...

Cv Thankappan said...

പണ്ടൊക്കെ പലചരക്കുക്കടകളിലെല്ലാം സാധനസാമാഗ്രികൾ പൊതിഞ്ഞുകൊടുത്തിരുന്നത് തേക്കിലയിലും,പൊടീനിയിലയിലുമായിരുന്നു.പൊതി കെട്ടിക്കെട്ടികൊടുത്തിരുന്നത് പാളനാരുകൊണ്ടും,വാഴപ്പോളനാരുകൊണ്ടും.
പൊതി കെട്ടാനായി കടക്കാർ നാരുകൾ തയ്യാറാക്കിവെച്ചിരിക്കും. പ്ലാസ്റ്റിക്കൊന്നും അന്നു പ്രചാരത്തിലുണ്ടായിരുന്നില്ല...
ആശംസകൾ മാഷേ.

Areekkodan | അരീക്കോടന്‍ said...

തങ്കപേട്ടാ... പലചരക്ക് സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞ് ചാക്ക് നുൽ കൊണ്ട് കെട്ടിക്കൊണ്ടു വന്നത് എനിക്കോർമ്മയുണ്ട്. ആ നൂൽ ഞങ്ങൾ പന്ത് കെട്ടാൻ ശേഖരിച്ച് വച്ചിരുന്നു.

© Mubi said...

പാളക്കയറും ചാക്ക് നൂലും... ഈ ചാക്ക് നൂല് ഇവിടെ കിട്ടും. പക്ഷെ മ്മടെ സ്വന്തം പാളക്കയറ് കിട്ടൂലാ..

Areekkodan | അരീക്കോടന്‍ said...

മുബീ...ചാക്ക് നൂല് അപ്പോള്‍ അന്താരാഷ്ട്രതാരമാണല്ലേ?

Geetha said...

ഇപ്പൊ എല്ലാ പഴയപടിയിലേക്കു നീങ്ങുന്നുണ്ട്. പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടുവരികയല്ലേ....
ആ കെട്ടു പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയപ്പോൾ എന്തെല്ലാം ഓർമ്മകൾ ഓടിയെത്തി മനസ്സിൽ അല്ലേ... ചില കാര്യങ്ങൾ നമുക്ക് അങ്ങനെയാണല്ലോ...

Areekkodan | അരീക്കോടന്‍ said...

ഗീതാജി... ഇലയിൽ പൊതിഞ്ഞ് പാള നാര് കൊണ്ട് പൊതിഞ്ഞ മത്സ്യപ്പൊതി തിരിച്ചു വന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അമോണിയ വിതറാത്ത മത്സ്യം തേക്കിന്റെ ഇലയിൽ പൊതിഞ്ഞ് പാളക്കയറു കൊണ്ട് കെട്ടി വീട്ടിലെത്തിച്ചാൽ നാടൻ മുളകിട്ട് ഉമ്മ ഉണ്ടാക്കിത്തരുന്ന ഒരു ‘മൊളൂത്തി’ യുണ്ട്. ഇപ്പോഴും വായിൽ വെള്ളമൂറുന്ന ഓർമ്മകൾ തിരിച്ചു തന്ന പച്ചക്കറിക്കാരാ നന്ദി...നന്ദി.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...തിരിച്ചു തന്ന മുരളിയേട്ടാ നന്ദി...നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക