Pages

Tuesday, October 22, 2019

കൊട്ടാരങ്ങളുടെ നാട്ടിൽ...

              ഞാൻ ആദ്യമായി വിനോദയാത്ര പോയത്  ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ.മൈസൂരിലേക്കായിരുന്നു ആ യാത്ര. താമരശ്ശേരി ചുരം കയറുമ്പോൾ ഹെയർ പിൻ വളവുകളെപ്പറ്റിയും ചങ്ങല മരത്തെപ്പറ്റിയും പറഞ്ഞ് തന്നതും മൈസൂരില്‍ ഒരു “ഓപണ്‍” ഹോട്ടലില്‍ ഭക്ഷണം കഴിച്ചതും ആ സമയത്ത് കുരങ്ങന്മാര്‍ ഇറങ്ങി വന്നതും ഇന്നും ഓര്‍മ്മയിലുണ്ട്. ആദ്യമായി ബാപ്പ യാത്രാകുറിപ്പ് എഴുതിപ്പിച്ചതും അന്നായിരുന്നു. പിന്നെ ബ്ലോഗ് തുടങ്ങിയ ശേഷമാണ് യാത്രാകുറിപ്പുകള്‍ എഴുതുന്നത്.

             പിന്നീട് ഡിഗ്ഗ്രി ഫൈനല്‍ ഇയറിന് സ്റ്റഡി ടൂറ് ആയും വിവാഹം കഴിഞ്ഞ് കുടുംബ സമേതം നാല് തവണയും മൈസൂരില്‍ എത്തിയിരുന്നു. പക്ഷെ  ഇത്തവണ എത്തിയത് ഒരു മെഗാ സംഘമായിട്ടായിരുന്നു - ഭാര്യാ കുടുംബത്തിലെ അംഗങ്ങളുമായി. പുലര്‍ച്ചെ 4 മണിക്ക് പുറപ്പെട്ട ഞങ്ങള്‍ 11 മണിയോടെ മൈസൂരെത്തി.
               കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന മൈസൂരില്‍ ഏഴ് കൊട്ടാരങ്ങള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ മിക്ക പേര്‍ക്കും അറിയാവുന്നത് വോഡയാര്‍ രാജവംശത്തിന്റെ മൈസൂര്‍ പാലസും ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസും മാത്രമാണ്. എനിക്ക് അറിയാവുന്ന മൂന്നാമത്തെ കൊട്ടാരം ഇന്ന് ആർട്ട് ഗ്യാലറി ആയി പ്രവർത്തിക്കുന്ന ജഗൻമോഹൻ പാലസ് ആണ്. മറ്റുള്ളവയെപ്പറ്റി ഗൂഗിൾ നൽകുന്ന വിവരങ്ങൾ മാത്രം.

              1897നും 1912നും ഇടയിൽ നിർമ്മിതമായതാണ് മൈസൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂർ പാലസ്. താജ്‌മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇവിടെയാണ്. വർഷത്തിൽ ഏകദേശം 6 ലക്ഷം പേർ മൈസൂർ പാലസ് സന്ദർശിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അമ്പ വിലാസ് പാലസ് എന്നും ഇതിന് പേരുണ്ടത്രെ.
             പാലസിന്റെ സൌത്ത് ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയും ആണ് പ്രവേശന ഫീസ്. ക്യാമറ ഉപയോഗിച്ചാല്‍ ഭീമമായ പിഴ ഈടാക്കിയിരുന്നു. അതിനാല്‍ കയ്യിലുണ്ടായിരുന്ന DSLR ക്യാമറ ഡ്രൈവറെ ഏല്‍പ്പിച്ചാണ്  അകത്ത് കയറിയത്. പക്ഷേ എല്ലാവരും മൊബൈലും ക്യാമറയും ഉപയോഗിച്ച് ഫോട്ടോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി. അകത്തെ ഒരു ജീവനക്കാരനോട് അന്വേഷിച്ചപ്പോഴാണ് ക്യാമറ ഉപയോഗം സൌജന്യമാക്കിയത് അറിഞ്ഞത്.

             രാജകുടുംബം ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും (ആയുധങ്ങള്‍ , വസ്ത്രങ്ങള്‍, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവ) വോഡയാര്‍  രാജാക്കന്മാരുടെ ചിത്രങ്ങളും സൈനിക നീക്കങ്ങളുടെയും യുദ്ധങ്ങളുടെയും ചുമര്‍ചിത്രങ്ങളും ആണ് പാലസിനകത്ത് കാണാനുള്ളത്. വിവിധതരം കൊത്തുപണികളും നിര്‍മ്മാണ വൈദഗ്ദ്യവും ആസ്വദിക്കാന്‍ സാധിക്കുന്നവര്‍ക്ക് മൈസൂര്‍ പാലസ് കണ്ണിന് സദ്യ ഒരുക്കും. രാജസദസ്സ് കൂടുന്ന രണ്ട് ദര്‍ബാര്‍ ഹാളുകളും കുടുംബയോഗം ചേരുന്ന ഹാളും കൊത്തുപണി വിസ്മയങ്ങള്‍ തന്നെയാണ്.
          നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് വരുന്ന ദസറയുടെ വേദിയാണ് മൈസൂര്‍ പാലസ്. ദസറയോടനുബന്ധിച്ച് ദീപാലംകൃതമായ കൊട്ടാരം നോക്കി നിന്നു പോകും എന്ന് പറയപ്പെടുന്നു. ചാമുണ്ടി മലയില്‍ കയറി കാണുന്ന സാധാരണ രാത്രിയിലെ ദീപം തെളിച്ച കൊട്ടാരം തന്നെ സ്വര്‍ണ്ണ വര്‍ണ്ണ്മാണ്. ദസറ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൌജന്യമായി കൊട്ടാരം കാണാം..
Illuminated Mysore Palace






             വോഡയാർ രാജവംശത്തിന്റെ ഇഷ്ട ദേവതയായിരുന്നു ചാമുണ്ഠേശ്വരി. മൈസൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ചാമുണ്ടി മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിൽ മഹിഷുരു എന്നതിൽ നിന്നാണ് മൈസൂർ എന്ന നാമം കിട്ടിയത് എന്ന് പറയപ്പെടുന്നു. മൈസൂർ കൊട്ടാരത്തിൽ നിന്നും നോക്കിയാൽ കാണുന്ന ഏക മലയാണ് ചാമുണ്ടി മല.

             ചാമുണ്ഠേശ്വരി ക്ഷേത്രവും നന്തി എന്ന കാള പ്രതിമയും കയ്യിൽ വാളുമായി  പാമ്പിനെ വെട്ടാനൊരുങ്ങുന്ന ഒരു പ്രതിമയും ആണ് ചാമുണ്ടിയെക്കുറിച്ച് എന്റെ കുട്ടിക്കാല ഓർമ്മയിൽ ഉള്ളത്. വളരെക്കാലത്തിന് ശേഷം ഇത്തവണത്തെ ടൂറിലാണ് ദീപാലംകൃതമായ മൈസൂർ പട്ടണത്തിന്റെ ഭംഗി ആസ്വദിക്കാൻ രാത്രി ഞങ്ങൾ ചാമുണ്ടി മല കയറിയത്. ക്ഷേത്രത്തിൽ ഒരു ഉത്സവം നടക്കുന്നതിനാൽ ക്ഷേത്ര സന്ദർശനം ഒഴിവാക്കി.ചാമുണ്ടി മലയിൽ നിന്നുള്ള മൈസൂർ പട്ടണ രാത്രിക്കാഴ്ച പതിവ് പോലെ ഹൃദ്യമായി.

(ശ്രീരംഗപ്പട്ടണത്തിലൂടെ.... ടിപ്പു സുൽത്താന്റെ ഓർമ്മകളിൽ...)


6 comments:

  1. കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന മൈസൂരില്‍ ഏഴ് കൊട്ടാരങ്ങള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ മിക്ക പേര്‍ക്കും അറിയാവുന്നത് വോഡയാര്‍ രാജവംശത്തിന്റെ മൈസൂര്‍ പാലസും ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസും മാത്രമാണ്.

    ReplyDelete
  2. ഏഴെണ്ണം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു... ആകെ കണ്ടതും അറിയുന്നതും രണ്ടേ രണ്ട് കൊട്ടാരങ്ങളാണ് :)

    ReplyDelete
  3. മുബീ...ജഗൻ മോഹൻ പാലസും ഡിഗ്രി ടൂറിന് കണ്ടിരിക്കും.

    ReplyDelete
  4. വോഡയാർ രാജവംശത്തിന്റെ ഇഷ്ട ദേവതയായിരുന്നു ചാമുണ്ഠേശ്വരി. മൈസൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ചാമുണ്ടി മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിൽ മഹിഷുരു എന്നതിൽ നിന്നാണ് മൈസൂർ എന്ന നാമം കിട്ടിയത് എന്ന് പറയപ്പെടുന്നു.

    ReplyDelete
  5. മൈസൂർ കാഴ്ചകൾ തീരുന്നേയില്ല...

    ReplyDelete
  6. മുരളിയേട്ടാ....നന്ദി

    മഹേഷ്....അതേ, ഇനിയും പലതും കാണാനിരിക്കുന്നു

    ReplyDelete

നന്ദി....വീണ്ടും വരിക