Pages

Wednesday, October 23, 2019

ടിപ്പു ഓർമ്മകളിൽ ശ്രീരംഗപ്പട്ടണത്തിലൂടെ....

           കാവേരി നദിയാൽ ചുറ്റപ്പെട്ടതും മൈസൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ളതുമായ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് ശ്രീരംഗപ്പട്ടണം. രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ശ്രീരംഗപ്പട്ടണ എന്ന പേര് കിട്ടിയത്. മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം കൂടിയായിരുന്നു ശ്രീരംഗപ്പട്ടണ. കോട്ട കെട്ടി സംരക്ഷിച്ച തലസ്ഥാനം ഇന്ന് ഒരു ഗ്രാമം പോലെ ഉറങ്ങിക്കിടക്കുന്നു. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട നിരവധി ഓർമ്മ ശിലകളാണ് ശ്രീരംഗപ്പട്ടണത്തെ ആകർഷണ കേന്ദ്രമാക്കുന്നത്.

           പഴയ ശ്രീരംഗപ്പട്ടണം കോട്ടയുടെ അവശിഷ്ടങ്ങൾ അങ്ങുമിങ്ങും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത് കാണാം.  ബ്രിട്ടീഷുകാർ ഈ കോട്ട തകർത്ത് കയറിയ സ്ഥലം ഇന്നും കണ്ണീർ പൊഴിച്ച് നിൽക്കുന്ന പോലെ തോന്നും. ടിപ്പുവിന് വെടിയേറ്റ വാട്ടർഗേറ്റ് അവിടെ മാർക്ക് ചെയ്തത് ഞങ്ങൾ ബസ്സിലിരുന്ന് തന്നെ വീക്ഷിച്ചു. അല്പമകലെയായി ആ ധീര ദേശാഭിമാനിയുടെ മയ്യിത്ത് കാണപ്പെട്ട സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്.
         ദാരിയ ദൌലത്ത് ബാഗ് എന്ന പൂന്തോട്ടത്തിന് നടുവിൽ 1784ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച ദാരിയ ദൌലത്ത് എന്ന സമ്മർ പാലസ് ആണ് ശ്രീരംഗപ്പട്ടണത്തെ പ്രധാന നിർമ്മിതികളിൽ ഒന്ന്. തേക്ക് മരത്തിൽ തീർത്തതാണ് ഈ കൊട്ടാരം. ടിപ്പു സുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളും ആയുധങ്ങളും മറ്റു ചില പെയിന്റിംഗുകളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ഇന്ന് സമ്മർ പാലസ്. 25 രൂപയാണ് പ്രവേശന ഫീസ്.
             യുദ്ധത്തിലോ മറ്റോ പിടിയിലാകുന്ന ബ്രിട്ടീഷ് ഓഫീസർമാരെ തടവുകാരാക്കി വച്ചിരുന്ന സ്ഥലം വാട്ടർ ജയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ചുമരിലുള്ള കൽ‌തുറുങ്കിലേക്ക് ഇരു കൈകളും ബന്ധിപ്പിച്ച് തൊട്ടപ്പുറത്തുള്ള കാവേരി നദിയിൽ നിന്ന് ജയിലിലേക്ക് വെള്ളം കയറ്റി ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.പക്ഷേ ഈ പൈശാചിക രീതിയിൽ ജീവൻ നഷ്ടപ്പെട്ടത് കേണൽ ബെയ്‌ലിക്ക് മാത്രമാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെ ഇന്ന് വാട്ടർ ജയിൽ അറിയപ്പെടുന്നത് Bailey's Dungeon എന്നാണ്. അക്കാലത്ത് എങ്ങനെയോ അകത്തേക്ക് പതിച്ച ഒരു പീരങ്കി ഇന്നും അവിടെ കാണാം.
                  1787ൽ നിർമ്മിച്ച മസ്ജിദുൽ ജാമിയ എന്ന ജുമാ മസ്ജിദ് ആണ് മറ്റൊരാകർഷണം. പഴമ നിലനിർത്തിക്കൊണ്ട് ഇന്നും അവിടെ ആരാധനാ കർമ്മങ്ങളും മത പഠനവും നടന്നു കൊണ്ടിരിക്കുന്നു.ഉച്ച സമയമായതിനാൽ ഞങ്ങളും അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു. പള്ളിക്ക് ചുറ്റുമുള്ള കബറിടങ്ങൾ ആരുടെതാണെന്ന് ഇപ്പോഴും എനിക്കജ്ഞാതമാണ്. പള്ളിച്ചുമരിലെ പേർഷ്യൻ ലിപിയിലുള്ള എഴുത്തുകളിൽ ഒന്ന് അല്ലാഹുവിന്റെ 99 നാമങ്ങളാണ് എന്ന് പറയപ്പെടുന്നു.
              ടിപ്പു സുൽത്താനും പിതാവ് ഹൈദരാലിയും മാതാവ് ഫാത്തിമ ബീഗവും അന്ത്യ നിദ്ര കൊള്ളുന്ന മനോഹരമായ കെട്ടിടമാണ് Gumbaz. ദാരിയ ദൌലത്ത് ബാഗ്  പോലെയുള്ള വിശാലമായ ഒരു പൂന്തോട്ടത്തിലാണ് ഇതും സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിലെ മൂന്ന് മഖ്ബറകളിൽ മദ്ധ്യത്തിലുള്ളത് ഹൈദരാലിയുടെതാണ്. ഗുംബസിന് ചുറ്റും മറ്റു നിരവധി കബറുകൾ കൂടി കാണാം. ടിപ്പു സുൽത്താന്റെ മക്കളുടെയും മറ്റു ബന്ധുക്കളുടെയും ആണ് അവ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
            ശ്രീരംഗപ്പട്ടണത്തിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് ദക്ഷിണേന്ത്യയിലെ ത്രിവേണി സംഗമം എന്നറിയപ്പെടുന്ന ‘സംഗമ’ സ്ഥിതി ചെയ്യുന്നത്. കാവേരി നദിയും ലോൿപവാനി നദിയും ഹേമവതി നദിയും ഇവിടെ സംഗമിക്കുന്നു. ശേഷം തമിഴ് നാട്ടിലെ മേട്ടൂർ ഡാമിലേക്ക് ഒഴുകുന്നു. ബലിയിടൽ കർമ്മവും മറ്റു ആരാധനാ കർമ്മങ്ങളും ഇവിടെ കാണാൻ സാധിക്കും. 

6 comments:

  1. കോട്ട കെട്ടി സംരക്ഷിച്ച തലസ്ഥാനം ഇന്ന് ഒരു ഗ്രാമം പോലെ ഉറങ്ങിക്കിടക്കുന്നു. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട നിരവധി ഓർമ്മ ശിലകളാണ് ശ്രീരംഗപ്പട്ടണത്തെ ആകർഷണ കേന്ദ്രമാക്കുന്നത്.

    ReplyDelete
  2. ചരിത്ര സ്മാരകങ്ങൾ!!

    ReplyDelete
  3. മുബീ...സ്മാരകങ്ങൾ സ്മാരക ശിലകൾ ആയി മാറിക്കൊണ്ടിരിക്കുന്നു !

    ReplyDelete
  4. ടിപ്പുവിന്റെ തറവാടും ത്രിവേണി സംഗമവും

    ReplyDelete
  5. ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ....

    ReplyDelete
  6. മുരളിയേട്ടാ.... നന്ദി

    മഹേഷ്....ഇനി എത്ര കാലം ഉണ്ടാകും എന്നറിയില്ല.

    ReplyDelete

നന്ദി....വീണ്ടും വരിക