Pages

Saturday, November 16, 2019

കള്ളനും പോലീസും

          കള്ളനും പോലീസും എന്നും ഒരുമിച്ചാണ് സഹവാസം. സിനിമയുടെ പേരിലായാലും കളിയുടെ പേരിലായാലും യഥാർത്ഥ ജീവിതത്തിലായാലും കാർട്ടൂൺ-സീരിയൽ രംഗത്തായാലും ഒക്കെ ഈ വഴിപിരിയാത്ത കൂട്ടുകെട്ട് കാണാം.
            എന്റെ കുട്ടിക്കാലത്തെ ഒരു നാടൻ കളിയുടെ പേരായിരുന്നു കള്ളനും പോലീസും. കളിയിൽ ഒരു കള്ളനേ ഉണ്ടാകാറുള്ളൂ. അവനെ പിടിക്കാൻ നിരവധി പോലീസുകാരുണ്ടാകും (ഔദ്യോഗിക സംവിധാനം ഒന്നും അറിയാത്ത അന്ന് കള്ളൻ ഒന്നു മതി എന്നും അവനെ പിടിക്കാൻ കുറെ പോലീസ് വേണമെന്നും പറഞ്ഞത് ആരാണാവോ?).
            കള്ളൻ ആകാൻ പലരും താല്പര്യപ്പെടാറില്ല.കാരണം പോലീസിന്റെ അടുത്ത് നിന്ന് നല്ല തല്ല് കിട്ടും എന്നത് തന്നെ. പക്ഷേ കായബലവും വേഗതയും ഉള്ളവർ സ്വയം കള്ളന്മാരായി മുന്നോട്ട് വരാറും ഉണ്ട്. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ഒന്ന് മുതൽ പത്ത് വരെ എണ്ണിയോ വിരൽ പൊട്ടിച്ച് അതിൽ പിടിപ്പിച്ചോ മറ്റോ ഒക്കെയാണ് കള്ളനെ തീരുമാനിക്കുക.
            കള്ളൻ നിരായുധനായി എവിടെയെങ്കിലും നിൽക്കും. കമ്യൂണിസ്റ്റ് അപ്പയുടെ ഇലയോട് കൂടിയ തണ്ടുമായി കുറെ പോലീസുകാരും ഉണ്ടാകും. കള്ളന്റെ പിന്നാലെ ഓടി കയ്യിലെ തണ്ടു കൊണ്ട് കള്ളനെ തല്ലുക എന്നതാണ് പോലീസിന്റെ പണി. തല്ലി തല്ലി ഇലയെല്ലാം പൊഴിഞ്ഞ് തണ്ട് മാത്രമായാലും ചില പോലീസുകാർ വടി മാറ്റില്ല. അത്തരം വടി കൊണ്ട് അടി കിട്ടിയാൽ പിന്നെ കള്ളനും പോലീസും തമ്മിൽ വാക് തർക്കം തുടങ്ങും. അത് കയ്യാങ്കളിയിൽ എത്തുന്നതോടെ കളി പിരിച്ചു വിടും.
             യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, പുഴവയ്ക്കത്ത് മണ്ണ് തുരന്ന് ഗുഹ പോലെ ആക്കാൻ സാധിക്കുമായിരുന്നു. അത്തരം ഗുഹകളെ ജയിൽ ആയി സങ്കൽപ്പിക്കും. പിടിക്കപ്പെട്ട കള്ളന്റെ കൈ കമഴ്ത്തിപ്പിടിച്ച് അതിൽ കല്ല് കയറ്റി വയ്ക്കുന്ന ശിക്ഷാരീതിയും അന്ന് ഉണ്ടായിരുന്നു. കള്ളന് കാവൽ നിന്ന പോലീസ് നായയുടെ വേഷവും ഒരിക്കൽ കളിയിൽ എനിക്ക് കിട്ടിയിരുന്നു! കള്ളൻ എത്ര ശക്തനാണെങ്കിലും അന്ന് ജയിൽ ചാടാൻ പറ്റുമായിരുന്നില്ല.ജയിൽ ചാടിയാല്‍ കളിയിൽ നിന്നും പുറത്താക്കും.
             ഇന്നും കുട്ടികൾ കള്ളനും പോലീസും കളിക്കുന്നുണ്ട്. ഓടാനും പിടിക്കാനും ഒക്കെ മടി ആയതിനാൽ തടി അനങ്ങാത്ത കളിയാണെന്ന് മാത്രം. തുണ്ട് പേപ്പറിൽ രാജാവ് , പോലീസ്, മന്ത്രി, കള്ളൻ,ഭടൻ എന്നൊക്കെ എഴുതി അതിൽ നിന്ന് ഓരോന്ന് എല്ലാവരും എടുക്കും. പോലീസ് എന്ന നറുക്ക് കിട്ടുന്നവൻ ബാക്കി എല്ലാവരുടെയും നറുക്കുകൾ ഏതെന്ന് കൃത്യമായി പറയണം. കിട്ടിയ നറുക്കുകൾക്ക് അനുസരിച്ച് ഓരോരുത്തരുടെയും പോയന്റ് എഴുതി വയ്ക്കും. കള്ളനെ കൃത്യമായി പറഞ്ഞാൽ പോലീസിന് ബോണസ് പോയിന്റും കിട്ടും. കൃത്യമായി പറയാൻ സാധിച്ചില്ലെങ്കിൽ പോലീസിന്റെ പോയിന്റ് കള്ളന് കിട്ടും . കള്ളന്റെ “പൂജ്യം” പോലീസിനും.
                ഞങ്ങളുടെ കുട്ടിക്കാലത്ത് ഔട്ട്‌ഡോര്‍ ഗെയിം ആയിരുന്ന കള്ളനും പോലീസും ഇന്‍‌ഡോര്‍ ഗെയിം ആയതോടെ നല്ലൊരു വ്യായാമാവസരം കൂടി നഷ്ടമായി.

12 comments:

  1. മണ്മറഞ്ഞ ഒരു നാടന്‍ കളി കൂടി

    ReplyDelete
  2. Kallanum police kaliyum kettitteyulloo...athineppatti vishadhamayi ariyillayirunnu.. ennalum pandokke kuttikal kayikamaya kalikal ayirunnu kalichirunnathu. Innathe kuttikal computerinu munnilo Tv yude munnilo samayam pokkunnu. Kalathinte pokku..

    ReplyDelete
  3. ഗീതാജി...സ്കൂളില്‍ ഞങ്ങള്‍ കളിച്ചിരുന്ന പ്രധാന കളികളില്‍ ഒന്നായിരുന്നു കള്ളനും പോലീസും

    ReplyDelete
  4. ഞാനും കളിച്ചിരുന്നു കള്ളനും പോലീസും. ഇപ്പഴത്തേ കുട്ടികളും കളിക്കുന്നുണ്ട്. മൊബൈലിൽ ആണെന്ന് മാത്രം.

    ReplyDelete
  5. കാലത്തിനനുസരിച്ച് കള്ളനും പോലീസും മാറി എന്നര്‍ത്ഥം അല്ലേ?

    ReplyDelete
  6. മാഷേ ഞാൻ ആദ്യായിട്ടാണ് ഇവിടെ.
    പുഴവക്കത്തെ ഗുഹയും അതിലിരിക്കുന്ന കള്ളനെയും ഓർപാടിഷ്ടായി ട്ടാ.
    ഞാൻ കള്ളനും പോലിസും കളിച്ചിട്ടുള്ളത് അച്ഛനുമായിട്ടാണ്.
    10 രൂപ അടിച്ചു മാറ്റുന്ന കള്ളനെ
    ചന്തിയിൽ ചെമ്പരത്തി വടി വെച്ച് അടിച്ച് അച്ഛൻ എന്നും തോല്പിക്കാറാ ണ് പതിവ്.
    ഇനിയും വരാം ട്ടാ.ഫോളോ ചെയ്യാം

    ReplyDelete
  7. ഇന്നും ഈ കളി തുടരുന്നു പക്ഷെ ഫോണിൽ ഗെയിമിന്റെ രൂപത്തിൽ......
    കള്ളൻ ഓടാനും cop പിടിക്കാനും....
    പക്ഷെ കളിക്കുന്നവൻ ഫോണിൽ കുത്തി കുത്തി സായൂജ്യം അടയുന്നു.....

    ReplyDelete
  8. വഴിമരങ്ങൾ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഛ്ചനുമായുള്ള കള്ളനും പോലീസും കളി ബൂളോകത്ത് പറഞ്ഞിരുന്നോ? ഇല്ലെങ്കിൽ ഒന്ന് പറയൂ.

    രമണിക ചേട്ടാ...ഫോണിൽ നോക്കി ഇന്നത്തെ ബാല്യങ്ങൾ നേരത്തെ വൃദ്ധരാവുന്നു.

    ReplyDelete
  9. നമ്മളെല്ലാവരും കളിച്ചിട്ടുണ്ട് ഈ കളി
    നല്ല മനോഹരമായ് പറഞ്ഞു മാഷെ ..ആശംസകള്‍

    ReplyDelete
  10. Manzoor...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  11. കള്ളനെ പിടിക്കാൻ പറമ്പിലും വീടിനുച്ചുറ്റും ഓടിയഓട്ടം ഓർമ്മവരുന്നു!
    ആശംസകൾ മാഷേ

    ReplyDelete

നന്ദി....വീണ്ടും വരിക