വയനാടിന്റെ പുഷ്പ വൈവിധ്യം വിളിച്ചോതുന്ന അന്താരാഷ്ട്ര പുഷ്പമേളയാണ് പൂപ്പൊലി. 2014 ൽ ആണ് പൂപ്പൊലി എന്ന പേരിൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ മേഖലാ ഗവേഷണ കേന്ദ്രത്തിൽ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. ഓരോ വർഷം കഴിയുമ്പോഴും പൂപ്പൊലിയുടെ പേരും പ്രശസ്തിയും വർദ്ധിച്ച്, ഇന്നത് ഒരു ജനകീയ മേള തന്നെയായി മാറിയിരിക്കുന്നു.
2015 ൽ കോഴിക്കോട് നിന്നും സ്ഥലം മാറ്റം കിട്ടി വയനാട് എത്തിയ ഞാൻ, 2016 ജനുവരിയിലാണ് പൂപ്പൊലിയെപ്പറ്റി ആദ്യമായി കേട്ടത്. അതിനു മുമ്പ് വയനാട് ഫ്ലവർഷൊ എന്ന പേരിൽ ഒരു പുഷ്പമേള കല്പറ്റയിൽ നടക്കാറുണ്ടായിരുന്നു. മാനന്തവാടിയിൽ കുടുംബ സമേതം താമസിച്ച കാലത്ത് അത് കാണാൻ പോയി ഒരു അടിക്കുറിപ്പ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും നേടിയിരുന്നു.പൂപ്പൊലി വിശേഷങ്ങൾ കേട്ട അന്ന് മുതൽ പോകാൻ കൊതിയുണ്ടായിരുന്നെങ്കിലും 2020ൽ അരങ്ങേറിയ ആറാമത് പൂപ്പൊലി കാണാനാണ് എനിക്ക് വിധിയുണ്ടായത് ( പ്രളയം കാരണം 2019ൽ പൂപ്പൊലി നടന്നിട്ടില്ല ).
കാർഷിക സെമിനാറുകളും, വൈവിധ്യമാർന്ന മത്സരങ്ങളും, നാടൻ ഭക്ഷണ ശാലകളും, സായാഹ്‌ന കലാസന്ധ്യകളും അമ്യൂസ്മെന്റ് പാർക്കുകളും കച്ചവട സ്റ്റാളുകളും അടങ്ങിയ ഒരു കൌതുക ലോകത്തിലേക്കാണ് ഓരോ സന്ദർശകനും ടിക്കറ്റ് എടുത്ത് കയറുന്നത്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് (6 മുതൽ 15 വയസ്സ് വരെ) 30 രൂപയും ആണ്. വർഷം തോറും ടിക്കറ്റ് നിരക്ക് കൂട്ടുന്നുണ്ട് എന്ന് യാദൃശ്ചികമായി അവിടെ വച്ച് പരിചയപ്പെടാനിടയായ ആ നാട്ടുകാരനായ ഒരാൾ പറഞ്ഞു.
ഡാലിയ പൂക്കളുടെ വർണ്ണ വൈവിവിധ്യത്തിലേക്കാണ് ഗേറ്റ് കടന്ന ഉടനെ കണ്ണുകൾ പായുന്നത്. പിന്നെ മല്ലിക അതിരിടുന്ന വഴികളിലൂടെ മുന്നോട്ട് നീങ്ങാം.സീനിയയും ജമന്തിയും ഒരുക്കുന്ന വിസ്മയവും കണ്ണിന് കുളിർമ്മ നൽകും. വിവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ഗ്ലാഡിയോലസ് തോട്ടത്തിന് മുന്നിൽ വച്ച് ഒരു സെൽഫി ആരും എടുത്തു പോകും. ശൈത്യകാല പൂകൃഷിയിൽ വയനാടിന് മികച്ചൊരു വാണിജ്യ സാധ്യതയുണ്ടെന്ന് ഈ പുഷ്പങ്ങൾ വിളിച്ചു പറയുന്നു.
കാശ്മീരിലെപ്പോലെ ഒഴുകുന്ന പുഷ്പോദ്യാനം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അത്രയും വലിയ കുളത്തിൽ അതത്ര ആകർഷകമായി തോന്നുന്നില്ല. ആയിരത്തോളം തരം പനിനീർ പൂക്കൾ ഉണ്ടെന്ന് അവകാശപ്പെടുന്ന റോസ് ഗാർഡനും അധികം പൂത്തുലഞ്ഞിട്ടില്ല. ചെടികൾക്കിടയിലൂടെ നടക്കാൻ സൌകര്യമില്ലാത്തതിനാൽ വിവിധ ഇനങ്ങൾ തിരിച്ചറിയാനും സാധ്യമല്ല.
എല്ലാ വർഷവും ജനുവരി മാസത്തിലാണ് പൂപ്പൊലി അരങ്ങേറുന്നത്. അമ്പലവയൽ ബസ് സ്റ്റാന്റിൽ നിന്ന് അമ്പത് മീറ്റർ നടന്നാൽ പൂപ്പൊലി മേളയിൽ എത്താം. മികച്ച തരം വൃക്ഷ തൈകളും പച്ചക്കറി തൈകളും വിവിധ തരം വിത്തുകളും വാങ്ങാനും പൂപ്പൊലിയിൽ സൌകര്യമുണ്ട്. ഒരു തുണി സഞ്ചി കയ്യിൽ കരുതുന്നത് നല്ലതാണ്. പ്ലാസ്റ്റിക് നിരോധനം കാരണം ചെടിയും മറ്റു തൈകളും വാങ്ങുന്നവർ തന്നെ അതു കൊണ്ടു പോവാനുള്ള ബാഗും കരുതിയിരിക്കണം. കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിലധികം പേരാണ് പൂപ്പൊലി സന്ദർശിച്ചതെന്ന് പറയപ്പെടുന്നു. ജനുവരി 1 മുതൽ 12 വരെയാണ് പൂപ്പൊലി 2020.
പൂപ്പൊലി - വയനാടിന്റെ പുഷ്പമേള.
ReplyDeleteവയനാടിന്റെ പുഷ്പമേള...
ReplyDeleteമുരളിയേട്ടാ...അതെന്നെ
ReplyDeleteകൊണ്ടുപ്പോകാൻ തുണി സഞ്ചിയൊ, മുളം കൊട്ടയൊ കൊണ്ടുവരിക വേണം! ആശംസകൾ മാഷേ
ReplyDeleteഅപ്പൊ ഇനി അടുത്ത കൊല്ലം നോക്കാം.
ReplyDeleteതങ്കപ്പേട്ടാ...അതെ.
ReplyDeleteഉട്ടോപ്പിയാ...2021 ഇനി ജനുവരിയില്‍
എന്താ വാങ്ങിയത്?
ReplyDeleteസുധി...വിത്തും വളങ്ങളും മറ്റ് ചില സാധനങ്ങളും.
ReplyDelete