Pages

Thursday, January 30, 2020

നടത്തം കൊണ്ടുള്ള ഗുണങ്ങള്‍

              വീടിന് ചുറ്റുമുള്ള എന്റെ കാല്‍ മണിക്കൂര്‍ നടത്തം ഒന്ന് വിപുലീകരിച്ച് നാടിന് ചുറ്റുമാക്കി അര മണിക്കൂറാക്കി ഉയര്‍ത്തിയത് ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. പറയത്തക്ക ബുദ്ധിമുട്ടുകളില്ലാതെ നാടിന്റെ വിവിധ ദിശകളിലേക്ക് നടന്ന് ഞാന്‍ അത് ഒരു ശീലമാക്കി വളര്‍ത്തിക്കൊണ്ട് വരുമ്പോഴാണ് ഇന്നലെ ഒരു വീഡിയൊ വാട്‌സാപ് വഴി കിട്ടിയത്. നടത്തം കൊണ്ടുള്ള വിവിധ ഗുണങ്ങള്‍ ആയിരുന്നു അതിലെ വിഷയം. ഇത്രയേറെ ഗുണങ്ങളുള്ള നടത്തം നേരത്തെ തുടങ്ങാനുള്ള ബുദ്ധി എന്തുകൊണ്ട് നേരത്തെ തോന്നിയില്ല വിജയാ എന്ന് ഒരു ചോദ്യം മനസ്സില്‍ ഉദിച്ചതു കൊണ്ടാണ് ഇനിയും ആ ബുദ്ധി ഉദിക്കാത്തവർക്ക് വേണ്ടി ഈ പോസ്റ്റ് ഇടുന്നത്.

             ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.നടത്തം കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.

1. നടത്തം മനസ്സിനെയും തലച്ചോറിനെയും ഉദ്ദീപിപ്പിക്കും. തലച്ചോറിന്റെ ആസൂത്രണത്തെയും ഓർമ്മയുടെ ഭാഗത്തെയും ആണ് നടത്തം പ്രധാനമായും പരിപോഷിപ്പിക്കുന്നത്. അതിനാൽ അള്‍ഷിമേഴ്സ് , ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത നടത്തം എന്ന വ്യായാമം കുറക്കും.

2. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ നടത്തം ഉപകരിക്കും എന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. കണ്ണിന്റെ സ്ട്രെസ്സ് ഇല്ലാതാക്കി ഗ്ലുക്കോമക്കുള്ള സാധ്യത കുറക്കാന്‍ നടത്തം ഉപകരിക്കും.

3. പക്ഷാഘാതം പോലെയുള്ള അസുഖങ്ങള്‍ തടയാനും ഹൃദയത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കാനും നടത്തം നല്ലതാണ്. രക്തചംക്രമണം സുഗമമാക്കി കൊളസ്ടോള്‍ കുറക്കാനും രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാനും നടത്തം ഉപകരിക്കും.

4. ശരീര കലകളില്‍ കൂടുതല്‍ ഓക്സിജന്‍ എത്താന്‍ നടത്തം സഹായിക്കും. അതുവഴി നിരവധി വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കും. രോഗപ്രതിരോധ ശക്തി ഗണ്യമായി വർദ്ധിക്കാനും നടത്തം ഇടയാക്കുന്നു.

5. സ്ഥിരമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്ത് നിര്‍ത്തും.പാൻ‌ക്രിയാസിന്റെ ആരോഗ്യം നിലനിര്‍ത്തി പ്രമേഹ സാധ്യത ഇല്ലാതാക്കാനും ഉള്ളത് വരുതിയിൽ വരുത്താനും ഇതു വഴി സാധിക്കും.

6. ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താന്‍ നടത്തം സഹായിക്കും. നടക്കുമ്പോൾ വൻ‌കുടൽ അടക്കമുള്ള ദഹനേന്ദ്ര വ്യവസ്ഥയിലെ ഭാഗങ്ങൾക്ക് സംഭവിക്കുന്ന ഇളക്കം ആണ് ദഹനം ത്വരിതപ്പെടുത്തുന്നതും കാൻസർ അടക്കമുള്ള രോഗങ്ങളെ തടയുന്നതും.

7. ദിവസവും 30 മിനുട്ട് നടക്കുന്ന സ്ത്രീകളിൽ സ്തനാർബുദവും അണ്ഠാശയാർബുദവും വരാനുള്ള സാധ്യത കുറവാണ്.

8. ശരീരഭാരവും പൊണ്ണത്തടിയും കുറക്കാൻ നടത്തം കൊണ്ട് കഴിയും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും കഴിയും.

9. അസ്ഥികളിലെയും സന്ധികളിലെയും വേദന കുറക്കാനും നടത്തം നല്ലതാണ്. താരതമ്യേന പ്രയാസ രഹിതമായ വ്യായാമം ആയതിനാൽ പുറം വേദന ഇല്ലാതാക്കാനും നടത്തം ഉപകരിക്കും.

10. മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാനും നടത്തം സഹായിക്കും.എല്ലാതരം Mood Disorderകളും കുറക്കാൻ ദിവസവും അര മണിക്കൂർ നടന്നാൽ മതി. ആകാംക്ഷ , വിഷാദം പോലെയുള്ള മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് നടത്തം നല്ലതാണ്.  ചെറുപ്പകാലം മുതൽ നടത്തം ശീലമാക്കിയവർക്ക് വാർധക്യ കാലത്ത് ആരോഗ്യം കൂടും എന്ന് പഠനങ്ങൾ പറയുന്നു.

  • നീന്തലും സൈക്ലിംഗും ആണ് ഏറ്റവും നല്ല വ്യായാമങ്ങൾ എന്നായിരുന്നു നാളിതു വരെ ഞാൻ ധരിച്ചിരുന്നത്. നീന്താൻ ചുരുങ്ങിയത് ഒരു കുളവും സൈക്ലിംങ്ങിന് ഒരു സൈക്കിളും ആവശ്യമാണ്. എന്നാൽ നടത്തം ആരംഭിക്കാൻ മനസ്സിൽ ഒരു തീരുമാനം ഉണ്ടായാൽ മാത്രം മതി. അപ്പോൾ ചലോ....നമുക്ക് എന്നും അല്പ നേരം നടക്കാം, വിവിധ അനുഭവങ്ങൾ നേരിട്ടറിയാം.

5 comments:

  1. ഇത്രയേറെ ഗുണങ്ങളുള്ള നടത്തം നേരത്തെ തുടങ്ങാനുള്ള ബുദ്ധി എന്തുകൊണ്ട് നേരത്തെ തോന്നിയില്ല വിജയാ എന്ന് ഒരു ചോദ്യം മനസ്സില്‍ ഉദിച്ചതു കൊണ്ടാണ് ഇനിയും ആ ബുദ്ധി ഉദിക്കാത്തവർക്ക് വേണ്ടി ഈ പോസ്റ്റ് ഇടുന്നത്.

    ReplyDelete
  2. ചെറുപ്പത്തിൽ സൈക്കിൾച്ചവിട്ടാൻ ശീലിക്കാത്തതിനാൽ,എഴുപത്തിമൂന്നാംവയസ്സിലും നടക്കേണ്ടിവരുന്നു!വേണ്ടുവോളം നടക്കാൻ കഴിയുന്നു!!
    ആശംസകൾ മാഷേ.
    ആശംസകൾ മാഷേ

    ReplyDelete
  3. തങ്കപ്പേട്ടാ...73 ആയോ? നടക്കട്ടെ നടക്കട്ടെ...

    ReplyDelete
  4. ഓരോ നടത്ത വ്യായാമവും  ദീര്ഘായുസിന്റെ ചവിട്ടുപടികളാണ് ...

    ReplyDelete
  5. മുരളിയേട്ടാ...എങ്കില്‍ ആ ചവിട്ടുപടികള്‍ കയറാം.

    ReplyDelete

നന്ദി....വീണ്ടും വരിക