Pages

Sunday, March 15, 2020

ബംഗ്ലാവ് കുന്നിലെ സ്കൈ വാക്ക്

               തേക്കുകൾക്ക് പ്രശസ്തമായ നിലമ്പൂരിൽ അധികമാരും അറിയാത്ത ഒരു ബംഗ്ലാവുണ്ട്. പഴമയുടെ പ്രൌഢിയോടെ പട്ടണത്തിന്റെ ഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. ഇന്ന് വനം വകുപ്പിന്റെ അധീനതയിൽ ആയതിനാലാവാം പലരും അതിനെപ്പറ്റി അറിയാതെ പോയത്. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രകൃതി പഠന ക്യാമ്പിന് എത്തിയപ്പോഴാണ് മലപ്പുറം ജില്ലക്കാരനായ ഞാൻ ഈ ബംഗ്ലാവ് ആദ്യമായി കണ്ടത്.

            നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ നേരെ എതിര്‍വശത്തെ റോഡിലൂടെ അല്പം മുന്നോട്ട് നടന്നാൽ ബംഗ്ലാവ് കുന്നിലെത്താം. കാടിന്റെ സൌന്ദര്യം ആസ്വദിക്കാനും മറ്റാരും കാണാതെ കൌമാരത്തിന്റെ ചാപല്യങ്ങൾ തീർക്കാനും ഒരിടം എന്ന നിലക്ക് കോളേജ് കുമാരീ കുമാരന്മാർ ആയിരുന്നു ഈ സ്ഥലം നന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ പോയപ്പോൾ ആളൊന്നിന് 40 രൂപ പ്രവേശന ഫീ ഏർപ്പെടുത്തിയത് കണ്ടു. വാഹനത്തിന് 25 രൂപ വേറെയും. തിങ്കളാഴ്ച അവധിയാണ്.

               ഇടതൂര്‍ന്ന് വളരുന്ന മഹാഗണി മരങ്ങളാണ് ബംഗ്ലാവ് കുന്നിലെ മരങ്ങളില്‍ പ്രധാന ഇനം. 1928ല്‍ ബ്രിട്ടീഷുകാരാണ് ഈ ബംഗ്ലാവ് പണിതത്.ഈട്ടിയും തേക്കും ഉപയോഗിച്ചാണ് ബംഗ്ലാവിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാനന്തവാടി ഡി.എഫ്.ഒ ബംഗ്ലാവ് പോലെ വിശാലമായ റൂമുകള്‍ ഇവിടെയും കണ്ടു.വനം വകുപ്പിന്റെ കീഴിലാണെങ്കിലും പരിപാലനം കുറവാണ് എന്ന് ബംഗ്ലാവിന്റെ പല ഭാഗങ്ങളും വിളിച്ചോതുന്നു. ഭാര്‍ഗവീ നിലയം എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് പറയപ്പെടുന്നു.ഇന്ന് ഏതാണ്ട് അതേ അവസ്ഥയില്‍ തന്നെയാണ് ഈ ബംഗ്ലാവ്.  
                      നരിമട എന്ന ഒരു പാറമട അധികമാരും കാണാതെ മരങ്ങള്‍ക്കപ്പുറത്ത് ഒളിച്ചിരിപ്പുണ്ട്. ഇന്ന് അതില്‍ കുറുനരിയാണ് താമസം എന്ന് മാത്രം.മടക്കകത്തേക്ക് കയറുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. 
               അടുത്തകാലത്ത് നിര്‍മ്മിച്ച “സ്കൈ വാക്ക്” എന്ന ആകാശ നടപ്പാതയാണ്  മറ്റൊരാകര്‍ഷണം.കിളികളുടെ ശബ്ദം ആസ്വദിച്ച് ശുദ്ധമായ ഓക്സിജനും ശ്വസിച്ച് ഇതിലൂടെ നടന്നാല്‍ തന്നെ ശരീരത്തിന് ഒരുണ്ണര്‍വ്വ് കിട്ടും. വൃക്ഷത്തലപ്പുകളോട് കിന്നാരം പറഞ്ഞ് വളഞ്ഞ് പുളഞ്ഞ് പോകുന്ന ആ ഇരുമ്പ് പാതയുടെ നിര്‍മ്മാണത്തില്‍ വിനോദ് കുട്ടത്ത് എന്ന നമ്മുടെ ബൂലോക സുഹൃത്തിന്റെ കരസ്പര്‍ശം കൂടിയുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
                അപ്പോള്‍, ഇനി നിലമ്പൂര്‍ കാണാന്‍ വരുന്നവര്‍ തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും ആഢ്യന്‍പാറ വെള്ളച്ചാട്ടവും നെടുങ്കയവും കാണുന്നതിനൊപ്പം ഈ ബംഗ്ലാവ് കൂടി കാണാന്‍ ശ്രമിക്കുമല്ലോ ? 

12 comments:

  1. വൃക്ഷത്തലപ്പുകളോട് കിന്നാരം പറഞ്ഞ് വളഞ്ഞ് പുളഞ്ഞ് പോകുന്ന ആ ഇരുമ്പ് പാതയുടെ നിര്‍മ്മാണത്തില്‍ വിനോദ് കുട്ടത്ത് എന്ന നമ്മുടെ ബൂലോക സുഹൃത്തിന്റെ കരസ്പര്‍ശം കൂടിയുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.

    ReplyDelete
  2. നിലമ്പൂരൊക്കെ എന്നാണാവോ വരാൻ പറ്റുക. നല്ല വിവരണം

    ReplyDelete
  3. പ്രവാഹിനി...പറ്റും ഒരു നാൾ. സാധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.വായനക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  4. സ്കൈ വർക്കിന്റെ നിർമ്മാണ ചാതുര്യത്തിൽ ശ്രീ. വിനോദ് കുട്ടത്തിന്റെ പങ്കുണ്ടെന്നറിഞ്ഞതിൽ സന്തോഷം! വർഷങ്ങൾക്ക് മുമ്പ് നിലമ്പൂരിൽ മകന്റെ കൂട്ടുക്കാരന്റെ വീട്ടിൽ വന്ന വഴി നിലമ്പൂർക്കാടു കാണാനും പോയിരുന്നു.
    വനം കണ്ടു.
    ആശംസകൾ മാഷേ














    നിർമ്മാണ

    ReplyDelete
  5. അതും കാണാം മാഷേ

    ReplyDelete
  6. തങ്കപ്പേട്ടാ...കുട്ടത്ത് സ്ഥലം വിട്ട് ഏറെ കഴിഞ്ഞാ ഞാന്‍ അവിടെ പോയത്.

    ബിപിനേട്ടാ...ഒരു ദിവസം കാണാനുള്ളത് ഉണ്ട് നിലമ്പൂരില്‍.ഷൊര്‍ണ്ണൂരില്‍ നിന്ന് ട്രെയിന്‍ വഴി വന്നാല്‍ പുറം കാഴ്ചകള്‍ തന്നെ മനം മയക്കും. ഒന്ന് വിളിച്ചാല്‍ പറ്റുമെങ്കില്‍ ഞാനും എത്താം.വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട്.

    ReplyDelete
  7. മനോഹരമായ സ്ഥലം..അതുപോലെ മനോഹരമായ വിവരണം..നമ്മുടെയൊക്കെ സുഹൃത്ത് ആയ വിനോദ് കുട്ടമത്ത് ആണ് ആ ഇരുമ്പ് നടപ്പാത പണിതത് എന്നറിയുമ്പോൾ പരിചിതമായ ഒരിടം പോലെ തോന്നുകയാണ്

    ReplyDelete
  8. മുഹമ്മദ്ക്കാ...അതെ,മനോഹരമാണ് ആ സ്ഥലം.

    ReplyDelete
  9. മ്ടെ കുട്ടത്തിന്റെ കരസ്പർശമുള്ള ഒരു കാനന വാന നടപ്പാത 

    ReplyDelete
  10. മുരളിയേട്ടാ...എന്തോന്നറിയില്ല, കുട്ടത്ത് ഈ വഴിയും ആ വഴിയും പിന്നെ വന്നിട്ടില്ല.

    ReplyDelete
  11. മാഷേ..... കുട്ടത്തിവിടെയുണ്ട്....

    ലോകത്താരോട് പറഞ്ഞാലും ഈ സ്കൈവാക്കിന് പിന്നിൽ മുഴുവനായ എന്റെ പരിശ്രമത്തേ മനസ്സിലാക്കില്ലാരും

    ഓർത്തതിനും മറ്റുള്ളവർക്ക് മുന്നിൽ ഇതെത്തിച്ചതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.... സ്നേഹം മാഷേ....

    എഴുത്തും ഫോട്ടോയും കിടുക്കി....

    ReplyDelete
  12. കുട്ടത്ത് ...മുതലാളി എത്തിയല്ലേ? ഇനി ബൂലോകർ സ്കൈ വാക്കിൽ കയറുമ്പോഴെങ്കിലും കുട്ടത്തിനെ ഓർക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete

നന്ദി....വീണ്ടും വരിക