Pages

Saturday, April 25, 2020

ഇൻറർനെറ്റില്ലാ ലോകത്തെ ദാസനും വിജയനും

          ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചപ്പോൾ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ദാസനും വിജയനും.ദാസൻ സർക്കാർ ഗുമസ്തനും വിജയൻ കൂലിപ്പണിക്കാരനുമാണ്. ദാസൻ്റെ മകൻ നഗരത്തിലെ കോളജിലാണ് പഠിക്കുന്നത്. നടത്തത്തിനിടയിൽ അവർ പതിവ് സംസാരം തുടങ്ങി.

ദാസൻ: വിജയാ... ഇന്ന് മുതൽ ലോകത്തിന് പഴയ താളക്രമം ഉണ്ടായിത്തുടങ്ങും.

വിജയൻ: അതെന്താ? ലോക്ക് ഡൗൺ ഇളവ് കൊണ്ടോ?

ദാസൻ: അല്ല. ഇന്ന് മുതൽ ഇൻറർനെറ്റ് സേവനം ഇല്ലാതാവുകയാണ്. അതോടെ ലോകം തന്നെ ലോക്ക് ഡൗൺ ആകും.

വിജയൻ: അതെന്ത് നെറ്റാ ദാസാ..?

ദാസൻ: അത്... അതിപ്പം എങ്ങനാ പറഞ്ഞ് തരാ ...? ഒരു മിനുട്ട് ... ഒന്ന് ഗൂഗിൾ ചെയ്യട്ടെ... ( ഫോൺ എടുത്തതും) അയ്യോ... നെറ്റ് സേവനം ഇല്ലല്ലോ?

വിജയൻ: ഓ എനിക്ക് മനസ്സിലായി. ഫോണിൽ വാട്സാപ്പും ഫേസ്ബുക്കും നോക്കുന്നതല്ലേ ഇൻ്റർനെറ്റ്?

ദാസൻ: ആ... അങ്ങനെയെങ്കിൽ അങ്ങനെ .. വാട്സാപ്പും ഫേസ് ബുക്കും ഇല്ലാത്ത ജീവിതം... ഉപ്പില്ലാത്ത കഞ്ഞി പോലെയായിരിക്കും.

വിജയൻ: വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതെയല്ലേ നിൻ്റെ മാതാപിതാക്കൾ നിന്നെ ഇത്രേം വളർത്തിയത്? അവർ നിന്നെ ശ്രദ്ധിച്ച പോലെ നിനക്ക് നിൻ്റെ മകനെ നോക്കാൻ സാധിക്കുന്നുണ്ടോ ഇപ്പോൾ? ഇതില് തോണ്ടി തോണ്ടി മനുഷ്യരുടെ ചൂണ്ട് വിരലിൻ്റെ ആകൃതി പോലും മാറിയില്ലേ?

ദാസൻ: അത് പറഞ്ഞപ്പഴാ ഓർത്തത്. മകൻ ഇന്ന് വിളിച്ചിരുന്നു. വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാനുണ്ടത്രേ... ആ പുസ്തകം ലൈബ്രറിയിൽ ഉണ്ടോന്നറിയാൻ ഇനി അവിടെ നേരിട്ട് പോകുക തന്നെ വേണം പോലും. ഇൻറർനെറ്റില്ലാത്തതിൻ്റെ ദുരിതം.

വിജയൻ: ആ... അതോണ്ട് ഒരു നടത്തം കിട്ടിയില്ലേ? മാത്രമല്ല, ആവശ്യമുള്ള പുസ്തകം തിരയുന്നതിനിടക്ക് വേറെ വല്ല നല്ല പുസ്തകോം ശ്രദ്ധയിൽ പെട്ടാലോ?

ദാസൻ: അത് ശരിയാണല്ലാ! ഇനി ഇന്ന് അവൻ എങ്ങനെയെത്തും എന്നാ പിടി കിട്ടാത്തത്. ബസ് സമയം നെറ്റിൽ നോക്കി ഉറപ്പാക്കിയായിരുന്നു അവർ വരാറ്. ഇനിയിപ്പോ...?

വിജയൻ: ഇത് തന്നെയാ പ്രശ്നം.. നമ്മുടെ പല കഴിവുകളും നീ പറഞ്ഞ ഇൻ്റർനെറ്റിലൂടെ നഷ്ടമായി.നഗരത്തിലെ സ്റ്റാൻ്റിൻ്റെ ചുമരിൽ ബസ് സമയം മുഴുവൻ എഴുതി വച്ചത് നീയും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ കാഴ്ചയും ചിന്തയും ഒക്കെ ചുരുങ്ങിപ്പോയത് ഇപ്പോൾ മനസിലായോ?

ദാസൻ: ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാത്തത് എന്തുകൊണ്ടായിരുന്നു വിജയാ?

വിജയൻ: ഓരോന്നിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ... എല്ലാം വിരൽത്തുമ്പിൽ കിട്ടിയപ്പോ നമ്മൾ ചുറ്റുപാടും മറന്നു. നമ്മുടെ തലച്ചോറിന് വിശ്രമം നൽകി. ഒന്നും ഓർമ്മിച്ച് വയ്ക്കാതായി. നിൻ്റെ മോൻ്റെ മൊബൈൽ നമ്പർ നീ ഒന്ന് പറഞ്ഞെ...

ദാസൻ: അത്... അത് ... അവന് രണ്ട് മൂന്ന് നമ്പർ ഉണ്ട്. അതോണ്ട് എനക്കറിയില്ല.

വിജയൻ: ഹ ഹ ഹാ.. അത് തന്നെയാ പറഞ്ഞത്. അങ്ങനെയുള്ളവരൊക്കെ ഇനി കഷ്ടപ്പെടും.അവർ ലോകം അറിയാൻ പോകുന്നത് ഇന്ന് മുതലായിരിക്കും.

ദാസൻ: വിജയാ... നീ ഇന്ന് ഒന്നല്ല, ഒരു പാട് പാഠങ്ങൾ എന്നെ പഠിപ്പിച്ചു. ഇന്നത്തെ പ്രാതൽ എൻ്റെ വീട്ടിലാക്കാം.. ഞാൻ സ്നിഗ്ഗിയിലേക്ക് ഒരു ഓർഡർ കൊടുക്കട്ടെ...

വിജയൻ: അതെന്താ സ്നിഗ്ഗി?

ദാസൻ: ഭക്ഷണം വിതരണം ചെയ്യുന്നവരാ.. ഓൺലൈനിൽ ഓർഡർ ചെയ്താ മതി.

വിജയൻ: എടാ പൊട്ടാ... അതിനും വേണ്ടേ നീ നേരത്തെ പറഞ്ഞ ആ വല... വാ.... നമുക്ക് മയമാക്കാൻ്റെ ചായക്കടയിൽ നിന്ന് ഓരോ കട്ടനടിച്ച് പിരിയാം.


11 comments:

  1. ഒരു കുഞ്ഞു സാങ്കല്പിക സംഭാഷണം

    ReplyDelete
  2. ഓർമ്മകൾ നെറ്റുക്കൂട്ടിൽ സംരക്ഷിച്ചപ്പോൾ നമ്മിലെ ഓർമ്മകൾക്ക് ഉണർവ്വില്ലാതായി.നല്ല സന്ദേശമായി.
    ആശംസകൾ മാഷേ

    ReplyDelete
  3. കൊള്ളാം മാഷേ
    നെറ്റില്ലാത്ത കാലം ഒരിക്കലും നടക്കാത്ത സ്വപ്നം.

    ReplyDelete
    Replies
    1. ഉദയാ ... നെറ്റില്ലാത്ത ലോകം സാധ്യമല്ല. പക്ഷെ ഒരു പ്രകൃതിദുരന്തമോ ആഭ്യന്തര കലാപമോ മതി ഈ സൗകര്യങ്ങൾ കുറച്ച് കാലത്തേങ്കിലും തടയപ്പെടാൻ

      Delete
  4. കൊറോണയല്ല കൊറോണയുടെ
    വല്യേച്ചി വന്നാലും ലോകം പിടിച്ചു നിൽക്കും .
    പക്ഷേ ഇന്റെനെറ്റ് ഇല്ലാതായാൽ ലോകം തന്നെ
    തകർന്നുപോകുന്ന പ്രതിഭാസത്തിന് ഒരു മുന്നറിയിപ്പാണിത് ...

    ReplyDelete
  5. അതും വന്നേക്കാം.
    പ്രവചനം അസാധ്യം.

    ReplyDelete
  6. ഇന്റർനെറ്റ് വന്നപ്പോൾ നഷ്ടമായിപ്പോയ ഒരുപാട് മൂല്യങ്ങളുണ്ട്..മനുഷ്യൻ ശ്രമിച്ചാൽ അതൊക്കെ തിരിച്ചുപിടിക്കാവുന്നതെയുള്ളൂ..എന്നാൽ ഇന്റർനെറ്റ് ഇല്ലാതായാൽ നഷ്ടപ്പെടുന്നതൊന്നും ഒന്നോ രണ്ടോ പത്തോ തലമുറക്കുപോലും തിരിച്ചുപിടിക്കാനാവില്ല.. പ്രത്യേകിച്ചും മനുഷ്യ ജീവനെ..

    ReplyDelete
  7. ഇന്നത്തെ കാലഘട്ടത്തിൽ നല്ലൊരു ഓർമ്മപ്പെടുത്തൽ .

    ReplyDelete
  8. കാലനില്ലാക്കാലം പോലെ നെറ്റില്ലാക്കാലം...! സാറ് പറഞ്ഞപ്പോഴാ അതിനെക്കുറിച്ച് ആലോചിച്ചത്. പണ്ട് ഗൾഫിലെ കടയിലെ സകല സാധനങ്ങൾക്കും ആറക്കനമ്പർ ഉണ്ടായിരുന്നു. അന്ന് കമ്പ്യൂട്ടർ ഇല്ലായിരുന്നു. ബാല്ലെഴുതാൻ വേണ്ടി മാത്രം ആ നമ്പർ വേണമായിരുന്നു. അന്നതെല്ലാം കാണാതെ പറഞ്ഞു കൊടുത്തിരുന്നത് ഞാനായിരുന്നു. പിന്നീട് കമ്പ്യൂട്ടർ വന്നു, മോേബൈൽ വന്നു. എന്റെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായി. ഇപ്പോൾ എന്റെ ഫോൺ നമ്പർ വരെ എനിക്കോർമ്മയില്ലാതായി...

    ReplyDelete
  9. ദാസനും വിജയനും ലോക്ഡൗൻ കാലത്ത്... ആഹാ .പൊരിച്ചു!!!തോണ്ടി തോണ്ടി വെരലും തേഞ്ഞു,തലച്ചോറും വളിച്ചു.സംഗതി പരമ സത്യം...പെരുത്ത് ഇഷ്ടായി ട്ടാ ഇന്റർനെറ്റ് കഥ... കൊടൂരമായ ഒരു സലാം ണ്ട്.

    ReplyDelete

നന്ദി....വീണ്ടും വരിക