Pages

Sunday, May 17, 2020

കഥകളതിസാന്ത്വനാനന്തരം - 2

കഥകളതിസാന്ത്വനാനന്തരം - 1

മോഡൽ ചോദ്യം നോക്കാനായി അത് ഡൗൺലോഡ് ചെയ്ത മകളുടെ പ്രതികരണം ഉടൻ വന്നു.
"ഇത് കറുപ്പിക്കുന്ന ചോദ്യമല്ലല്ലേ ഉപ്പച്ചി... "

"വെറുപ്പിക്കുന്ന ചോദ്യം എന്തിനാ മോളോ ....."

"കറുപ്പിക്കുന്ന ചോദ്യം ... എന്ന് വച്ചാൽ A B C D എന്ന് മാർക്ക് ചെയ്യുന്നത് ... അതല്ലേ ന്യൂ ജൻ രീതി. ഇത് നിങ്ങൾ തന്നെ എഴുതിക്കോ.. ഞാനില്ല''
അവളും പിൻ വാങ്ങിയതോടെ നാലാമത്തെ 3000വും വീണിതല്ലോ കിടക്കുന്നു ധരണിയിൽ...

"എടിയേ... മോഡൽ ചോദ്യം വന്നിട്ടുണ്ട് .. " ഞാൻ ഭാര്യയോട് പറഞ്ഞു.

"മോഡൽ ചോദ്യമോ? എന്തിൻ്റെ?" ഞാൻ പ്രതീക്ഷിച്ച ചോദ്യം തന്നെ അവളിൽ നിന്ന് കിട്ടി.

" അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൻ്റെ .." എനിക്ക് കലികയറി.

"ഓ ... അത് നിങ്ങൾക്ക് തന്നെയാ നല്ലത്... വിഡ്ഢിവേഷം കെട്ടാൻ നിങ്ങളാ സൂപ്പർ."

"കഥകളി .... കഥകളി തി .... കഥകളതിസാന്ത്വനം..... വായനാ മത്സരത്തിൻ്റെ  ചോദ്യങ്ങളാടീ വന്നത് "

" നിങ്ങളാദ്യം ആ വായനാ മത്സരത്തിൻ്റെ പേര് വായിക്കാൻ പഠിക്ക് മനുഷ്യാ.. "

"ആ... ഞാനൊരു ചോദ്യം വായിക്കാം... "

"ങാ... കേൾക്കാം... വോള്യം കുറച്ച് കുട്ടി വിട്ടോളൂ."

" കാരൂരിൻ്റെ കഥകൾ യാഥാർത്ഥ്യത്തിൻ്റെ പ്രകാശനമാണ് ....ജീവിതമെന്ന കടുത്ത വേനലിൻ്റെ ചിത്രകമാണ്. "

" എന്ത് ? എന്താക്കെ... "

" മുഴുവൻ വായിക്കട്ടെ.''

" ആ... "

"അരഞ്ഞാണം എന്ന കഥയിലെ റിക്ഷാക്കാരൻ വേലുവിൻ്റെ ജീവിതം ഈ കഥ എഴുതപ്പെട്ട കാലത്തിൻ്റെ തീക്ഷ്ണ വേദനകളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നു?"

"ചോദ്യം കഴിഞ്ഞോ ?"

"ആ ചോദ്യം കഴിഞ്ഞു ... "

"അതേയ്... ഈ മത്സരത്തിൽ പങ്കെടുക്കുന്നതിലും നല്ലത് പി ജി മലയാളത്തിന് രജിസ്റ്റർ ചെയ്യുന്നതാ.. ഒരു പി ജി കൂടി കയ്യിലാവും"

"എടീ.. അപ്പോ നീയും !! " അടുത്ത 3000 വും ഗോപി.

യുദ്ധക്കളത്തിൽ ഒറ്റക്കായാലും അവസാനം വരെ പൊരുതുന്നവനാണ് വില്ലാളി വീരൻ ചന്തു എന്ന ഡയലോഗ് (ആരും കേട്ടിട്ടുണ്ടാവില്ല ) മനസ്സിൽ വന്നതിനാൽ ഞാൻ പൊരുതാൻ തന്നെ തീരുമാനിച്ചു.

ഏപ്രിൽ 25ന് മത്സരദിനത്തിൽ ചോദ്യങ്ങളുടെ നീണ്ട നിര എത്തി. വെള്ളപ്പേപ്പറിൽ വിസ്തരിച്ച് ഉത്തരമെഴുതേണ്ട 20 ചോദ്യങ്ങൾ !! ഒന്നാമത്തെ ചോദ്യം ഞാൻ വായിച്ചു നോക്കി.

" ഇംഗ്ലീഷ് നോവലിസ്റ്റായ ഗ്രഹാം ഗ്രീൻ പറഞ്ഞിട്ടുണ്ട് - രചന ഒരു ചികിത്സയാണ്, അതൊരു രോഗശമന മാർഗ്ഗവുമാണ്. ബഷീറിൻ്റെ നീലവെളിച്ചത്തിൽ കടന്ന് വരുന്ന വിഭ്രാത്മക ദൃശ്യങ്ങളും വ്യാഖ്യാന ലളിതമല്ലാത്ത പദസംഘാതങ്ങളും മേൽ കൊടുത്ത പരാമർശത്തിൻ്റെ വെളിച്ചത്തിൽ വിശദീകരിക്കുക "

ചോദ്യങ്ങൾ എല്ലാം വായിച്ച് എനിക്ക് തോന്നിയ ഉത്തരങ്ങൾ എഴുതിയ ശേഷം സൈറ്റിലേക്ക് കയറ്റി വിട്ടു. അനന്തരം ഭാര്യ പറഞ്ഞ പോലെ  മലയാളത്തിന് രജിസ്റ്റർ ചെയ്യാൻ നേരെ അക്ഷയ സെൻ്ററിലേക്ക് പോയി. കഥകളതിസാന്ത്വനത്തിൻ്റെ 18000 രൂപ മനസ്സിൽ നിന്ന് മണ്ണിലും രജിസ്ട്രേഷൻ്റെ 1000 രൂപ കയ്യിൽ നിന്ന് യൂനിവേഴ്സിറ്റി അക്കൗണ്ടിലും പതിച്ചതോടെ സാന്ത്വനം പരിപൂർണ്ണമായി.

3 comments:

  1. കഥകളതിസാന്ത്വനത്തിൻ്റെ 18000 രൂപ മനസ്സിൽ നിന്ന് മണ്ണിലും രജിസ്ട്രേഷൻ്റെ 1000 രൂപ കയ്യിൽ നിന്ന് യൂനിവേഴ്സിറ്റി അക്കൗണ്ടിലും പതിച്ചതോടെ സാന്ത്വനം പരിപൂർണ്ണമായി.

    ReplyDelete
  2. എനിക്ക് രജിസ്സ്റ്റ്രേഷൻ ചെലവൊന്നും വന്നില്ലല്ലോ!
    ലൈബ്രറി ഭാരവാഹിയായതുകൊണ്ടും മറ്റാരും തയ്യാറാകാത്തതുകൊണ്ടും ഈ എഴുപത്തിമൂന്നാംവയസ്സിൽ മത്സരത്തിനു ഞാൻ തന്നെ പങ്കെടുക്കേണ്ടിവന്നു.. ആശംസകൾ മാഷേ!

    ReplyDelete
  3. ഇവിടെയായത് കൊണ്ട് എനിക്ക്
    ഇത്തരം മത്സരങ്ങളിലൊന്നും പങ്കെടുക്കേണ്ടി
    വന്നില്ലല്ലൊ 

    ReplyDelete

നന്ദി....വീണ്ടും വരിക