Pages

Monday, June 01, 2020

ഓൺലൈൻ വിദ്യാരംഭം

              ഇന്ന് ജൂൺ ഒന്ന്. പുതിയ അധ്യയന വർഷത്തിലെ ആദ്യത്തെ അധ്യയന ദിനം. പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു പരസ്യം വെറുതെ ചെവിയിൽ മുഴങ്ങി.
" സ്കുളിൽ പോകാൻ എനിക്കെന്തൊക്കെ വാങ്ങി എന്നോ ... പുതിയ ബാഗ്, പുതിയ ചെരിപ്പ്, പുതിയ കുട.."

           ഞാൻ പിതാവായ ശേഷം ചരിത്രത്തിലാദ്യമായി ഈ സാധനങ്ങൾ ഒന്നും ഇല്ലാതെ, എൻ്റെ കുട്ടിക്കാലം പോലെ ഒരു വിദ്യാഭ്യാസ വർഷം ഇന്ന് ആരംഭിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ മറ്റൊരു യുഗപ്പിറവിക്കും ഇന്ന് നാന്ദി കുറിച്ചു. പതിനൊന്നാം ക്ലാസൊഴികെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ലാപ്ടോപ്പും ടാബ്‌ലറ്റും സ്മാർട്ട് ഫോണും ഒക്കെ ഉപയോഗിച്ചു കൊണ്ട് ഓൺലൈൻ ക്ലാസ് എന്ന പുതിയൊരു രീതി അനുഭവിച്ചറിഞ്ഞു.

             വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതും വിദ്യാഭ്യാസ വകുപ്പിൽ തന്നെ പലർക്കും അപരിചിതവുമായിരുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്തത്. രാവിലെ 8.30 ന് ഫസ്റ്റ് ബെൽ മുഴങ്ങുന്നതിന് മുമ്പ് തന്നെ എൻ്റെ രണ്ടാമത്തെ മകൾ ലുഅ മോൾ +2 ക്ലാസിൽ കയറി ഇരുന്നിരുന്നു. പുതിയ സ്കൂളിൽ അഞ്ചാം തരത്തിൽ ഇരിക്കേണ്ട മൂന്നാമത്തെ മകൾ ലൂനയും ഉച്ചക്ക് 2 മണിക്ക് ഓൺലൈൻ പഠനത്തിന് ഹരിശ്രീ കുറിച്ചു.

            1993 മുതൽ കമ്പ്യൂട്ടറുമായി ചങ്ങാത്തം തുടങ്ങിയ ഞാൻ ആദ്യമായി ഒരു ഓൺലൈൻ കോഴ്സ് പൂർത്തിയാക്കിയത് ഒരാഴ്ച മുമ്പായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ വികാസം പല തരത്തിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇന്നാരംഭിച്ച ഓൺലൈൻ പഠനം. ഈ സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്ത ഒരു വിഭാഗം കുട്ടികളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.  സർക്കാറിന് ചെയ്യാനാവുന്ന പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് എൻ്റെ നിഷ്പക്ഷ നിരിക്ഷണം.

               സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, വിദ്യാഭ്യാസം അവകാശമാകുമ്പോൾ ഓൺ ലൈൻ അധ്യയനം അധികകാലം മുന്നോട്ട് കൊണ്ട് പോകുന്നത് സാമൂഹ്യനീതിക്ക് എതിരാണ്. മാത്രമല്ല പരസ്പരം ഇടപഴകുന്നതിലുടെയും കൂടിക്കലരുന്നതിലൂടെയും കുട്ടികളിൽ പലതരം മാനസിക - വൈയക്തിക വികാസങ്ങളും നടക്കുന്നുണ്ട്. അവ രൂപപ്പെടേണ്ട സമയത്ത് സംഭവിച്ചില്ലെങ്കിൽ കുട്ടിയുടെ ഭാവി ജീവിതത്തിൽ ആ നഷ്ടം പ്രകടമാകുക തന്നെ ചെയ്യും. ആയതിനാൽ നീണ്ടുപോകുന്ന ഓൺലൈൻ വിദ്യാഭ്യാസം മുതിർന്ന കുട്ടികൾക്കേ അനുയോജ്യമാവു.

             വാവിട്ട് കരയുന്ന കുട്ടികളുടെ പടമില്ലാതെ നാളെ ഇറങ്ങുന്ന പത്രങ്ങളും സമീപ കാലത്തൊന്നും കാണാത്ത ഒന്നായിരിക്കും. ഇനിയും എന്തൊക്കെയാണാവോ ഈ കൊറോണ കാണിക്കാൻ പോകുന്നത്?

7 comments:

  1. ഇനിയും എന്തൊക്കെയാണാവോ ഈ കൊറോണ കാണിക്കാൻ പോകുന്നത്?

    ReplyDelete
  2. ഇത്രയും കാലം ഭൂരിഭാഗം പേർക്കും ഓൺലൈൻ പഠനം ഒക്കെ നാളെയുടെ വിദ്യാഭ്യാസ രീതിയായിരുന്നു. എത്ര പെട്ടെന്നാണ് അത് നമ്മളുടെ ജീവിതത്തിന്റെ ഭാഗമായത്. കൊറോണാനന്തര ലോകം നമുക്ക് ഒരുക്കിവെച്ചിരിക്കുന്നത് എന്തൊക്കെയാണാവോ?!

    ReplyDelete
  3. പ്രായമായവർക്കും ബാലകർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥമാറാൻ കൊറോണയെ കെട്ടുക്കെട്ടിക്കണം......
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ.. ഇപ്പോൾ ആരും ഇറങ്ങാത്തതാ നല്ലത്.

      Delete
  4. ഇനിയുള്ള കാലം സൈബർ ഇടങ്ങളിൽ
    കൂടിയുള്ള എഴുത്തുകളും , സ്ക്രോൾ വായനകളും ,
    വീഡിയോകളും മറ്റും മുഖാന്തിരമുള്ള കണ്ടറിവുകളും കേട്ടറിവുകളുമായിരിക്കും ഏറ്റവും കൂടുതൽ ആളുകൾ വിനോദത്തിനും, വിജ്ഞാനത്തിനും വേണ്ടി ഉപയോഗിക്കുക എന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്ന വസ്‌തുതകൾ .

    ആയതിനാൽ എഴുതാനും പറയാനും കഴിവുള്ളവർ
    മുഴുവൻ സൈബർ ഇടങ്ങളിൽ കൂടി അവരവരുടെ അറിവുകൾ പങ്കുവെക്കുകയാണെങ്കിൽ , ഇത്തരം അറിവുകളെ കുറിച്ച് മറ്റാരെങ്കിലും തെരഞ്ഞു നോക്കുമ്പോൾ അവർക്കൊക്കെ ആ അറിവുകൾ സൈബർ ഇടങ്ങളിൽ മനസ്സിലാക്കുവാനും കഴിയും ...

    ഒരു അദ്ധ്യാപകനെന്ന നിലയിൽ 
    ഇനി മാഷും ഒരു ലേണിങ് ബ്ലോഗ് തുടങ്ങണം കേട്ടോ 

    ReplyDelete
    Replies
    1. മുരളിയേട്ടാ.. നിർദ്ദേശം സ്വീകരിച്ചു. ഒരു ലേണിംഗ് വ്ലോഗ് ആരംഭിക്കാൻ ഞാനും തീരുമാനിച്ചു.

      Delete

നന്ദി....വീണ്ടും വരിക