Pages

Thursday, June 04, 2020

മാപ്പിളപ്പാട്ടും മലയാള സിനിമയും

                 കൊറോണക്കാലത്തെ ലോക്ക് ഡൗൺ വിരസത അകറ്റാൻ വ്യക്തികളും സംഘടനകളും ഒക്കെ പല തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. എനിക്ക് സാധിക്കുന്ന മൽസരങ്ങളിൽ എല്ലാം ഞാൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രതിദിന മത്സരങ്ങൾ, ജനമൈത്രി പോലീസിൻ്റെ സാഹിത്യ മത്സരങ്ങൾ, ഇൻസൈറ്റ് ഫൗണ്ടേഷൻ്റെ ഉപന്യാസ രചനാ മത്സരം, ഗുഡ് എർത് ഓർഗനൈസേഷൻ്റെ ജീവലോക നിരീക്ഷണ റിപ്പോർട്ട് തയ്യാറാക്കൽ മത്സരം, റിയ ടിവീസ് യൂ ട്യൂബ് ചാനലിൻ്റെ കഥാ മത്സരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനാ മത്സരം, കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രശ്നോത്തരി മത്സരം , ഫാർമേഴ്‌സ് ക്ലബ്ബ്, കൃഷിത്തോട്ടം ഗ്രൂപ്പ് fb കൂട്ടായ്മ, അംഗനവാടി, യൂത്ത് കോൺഗ്രസ് എന്നിവയുടെ പച്ചക്കറിത്തോട്ട മത്സരം അങ്ങനെ അങ്ങനെ എല്ലാ തരത്തിലുള്ള മത്സരങ്ങളിലും ഞാൻ ഒരു കൈ നോക്കി.

                ഇതിൽ സാംസ്കാരിക വകുപ്പിന്റെ കീഴിൽ മോയിൻകുട്ടി വൈദ്യർ അക്കാദമി സംഘടിപ്പിച്ച "മാപ്പിളപ്പാട്ടും മലയാള സിനിമയും" എന്ന ഓൺലൈൻ പ്രശ്‍നോത്തരി മത്സരത്തിൽ, പ്ലാറ്റുഫോമ്  വിട്ട ട്രെയിനിൽ ചാടിക്കയറുന്ന പോലെയായിരുന്നു അവസാന മണിക്കൂറിലെ എന്റെ പ്രവേശനം. ജീവിതത്തിൽ ആകെക്കൂടി കണ്ട ഇരുപത്തഞ്ചോളം സിനിമകളും ബി എഡിന് പഠിക്കുന്ന കാലത്ത് സംഘത്തിൽ ചേർന്ന് പാടിയ "സംകൃത പമഗിരി " എന്ന മാപ്പിളപ്പാട്ടും പിന്നെ കുട്ടിക്കാലത്ത് കേട്ട ചില ഗാനങ്ങളും ആയിരുന്നു ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ആത്മധൈര്യം പകർന്നത്

               ഒരു ദിനം ഒറ്റ ചോദ്യം ആയിരുന്നു ഉണ്ടായിരുന്നത്. ചോദ്യം ടെക്സ്റ്റ്, ചിത്രം ഓഡിയോ, വീഡിയോ ഫോർമാറ്റുകളിൽ ലഭിക്കും. ഉത്തരം ടെക്സ്റ്റായി നൽകിയാൽ മതി. ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ലഭിക്കും. ഉച്ചതിരിഞ്ഞ് ഒരു മണിക്കു മുമ്പായി ഉത്തരം അയക്കണം. ഒരു മണിക്ക് ശേഷം ലഭിക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.  ഇതായിരുന്നു ആദ്യത്തെ നിർദ്ദേശം. അങ്ങനെ മെയ് 12 ന് ആദ്യത്തെ ചോദ്യം വന്നു.

 "ഉമ്മ എന്ന ചിത്രത്തിൽ പി.ഭാസ്ക്കരൻ രചിച്ച് എം.എസ് ബാബുരാജ് .സംഗീതം നൽകി എ.എം. രാജയും, പി. ലീലയും ചേർന്നു പാടിയ  എക്കാലത്തേയും ഒരു ഹിറ്റ് ഗാനമുണ്ട്.ആ  ഗാനം ഏതാണ്?"

             ഞാൻ കിട്ടിയാൽ ഉത്തരം പോയാൽ പോഴത്തരം എന്ന മട്ടിൽ ഒരു ഉത്തരം കാച്ചി. അത് ശരിയായി!! പിന്നാലെ അടുത്ത നിർദ്ദേശം വന്നു.

 "അമേരിക്ക ഉൾപ്പടെ വിവിധ രാഷ്ട്രങ്ങളിലുള്ള മലയാളികൾ പങ്കെടുക്കുന്ന
ഒറ്റ ചോദ്യം പ്രശ്നോത്തരിയിൽ ചോദ്യങ്ങൾ അയക്കുന്ന സമയത്തിൽ മാറ്റം വരുത്താൻ നിർബന്ധിതമായിരിക്കുന്നു. അതു പ്രകാരം ഇനി മുതൽ ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് ഗ്രൂപ്പിൽ ചോദ്യമെത്തും.
ഇന്ത്യൻസമയം 11 മണിക്കു മുമ്പായി ഉത്തരം അയക്കുക. മറ്റു രാജ്യങ്ങളിൽ താമസിക്കുന്നവർ ചോദ്യമെത്തി ഒരു മണിക്കൂറിന്നകം ഉത്തരം അയക്കുക "

          ഒന്നാം ഘട്ടത്തിൽ 7 ശരിയുത്തരങ്ങളിൽ കുറയാതെ ലഭിച്ചവർ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. 118ൽ നിന്ന് 21 ലേക്ക് ഒരു കൂപ്പുകുത്തൽ !പിന്നാലെ അടുത്ത നിർദ്ദേശം വന്നു.

" രണ്ടാം ഘട്ടം പഞ്ചദിന പ്രശ്നോത്തരിയാണ്.ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.30 ന് ഗ്രൂപ്പിൽ എത്തും. അര മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം ലഭിച്ചിരിക്കണം. ഓർമ്മിക്കുക: ഉത്തരത്തോടൊപ്പം സമയ കൃത്യതയും പ്രധാനമാണ്."

                 അങ്ങനെ അതും കഴിഞ്ഞു.ഒന്നാം ഘട്ടത്തിലെ കുറഞ്ഞത് 7 സ്കോറും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 5 സ്കോറും ചേർത്ത് 12 സ്കോറിൽ കുറയാത്തവർക്കാണ് മൂന്നാം ഘട്ടം യോഗ്യത.12 പേർ യോഗ്യത നേടി. 15 മാർക്കോടെ അരീക്കോടനും മൂന്നാം റൗണ്ടിൽ കയറി !

             മൂന്നാം ഘട്ടം ത്രൈ ദിന  പ്രശ്നോത്തരിയാണ്. ഉത്തരം അയക്കാൻ അനുവദിക്കുന്ന സമയം 15 മിനിറ്റ് .ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.45 ന് ഗ്രൂപ്പിൽ എത്തും. കാൽ മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം  നൽകണം.

             അതും കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ കുറഞ്ഞത് 7 സ്കോറും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 5 സ്കോറും  മൂന്നാം ഘട്ടത്തിൽ കുറഞ്ഞത് 3 സ് കോറും ചേർത്ത് 15 സ്കോറിൽ കുറയാത്തവർ ഫൈനൽ മത്സരത്തിലേക്ക് കയറി. 8 പേർ യോഗ്യത നേടിയതിൽ 17 മാർക്കോടെ ഒന്ന് ഞാനും !!

             ഫൈനൽ മത്സരത്തിൽ ഒറ്റ ചോദ്യം ആയിരുന്നു ഉണ്ടായിരുന്നത്. ഉത്തരം അയക്കാൻ അനുവദിക്കുന്ന സമയം 15 മിനിറ്റ് .ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.45 ന് ഗ്രൂപ്പിൽ എത്തും. കാൽ മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം  നൽകണം.

ചോദ്യം  ഇതായിരുന്നു -

"അനശ്വരപ്രണയത്തിൻ്റെ ഉദാത്ത ശില്പങ്ങളാണ് റോമിയോ - ജൂലിയറ്റ്, ഷാജഹാൻ - മുംതാസ്, ഹുസ്നുൽ ജമാൽ - ബദറുൽ മുനീർ, രമണൻ - ചന്ദ്രിക തുടങ്ങിയവയൊക്കെ.കളിയാക്കലെങ്കിലും യുവമിഥുനങ്ങളെ മജ്നു - ലൈലയാക്കി സമാനമായ പ്രണയം  തൻ്റെ വരികളിൽ ചാലിച്ച് മലയാളിക്ക് സമർപിച്ച പി.ഭാസ്ക്കരൻ മാഷെ നമുക്കോർമിക്കാം.
എ) ആ പാട്ടിൻ്റെ പല്ലവി എഴുതുക? ബി) ചിത്രം ഏത്? സി ) സംഗീത സംവിധായകൻ ആര്?"


           പി.ഭാസ്ക്കരൻ മാഷ് ലൈല മജ്‌നു  എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയത് ഗൂഗിളമ്മ പറഞ്ഞ് തന്നു. ഫൈനൽ മത്സരത്തിൽ അങ്ങനെ ഒരു ഡയറക്ട് ചോദ്യം വരില്ലെങ്കിലും ഞാൻ അത് കാച്ചി.പക്ഷെ ഇത്തവണ ഉത്തരം പച്ച തൊട്ടില്ല." കോളേജ് ലൈല കോളടിച്ചു ...ചേലുള്ള കണ്ണാൽ കോളടിച്ചു " എന്നതായിരുന്നു ഉത്തരം.

           ഈ അഖില ലോക  മത്സരത്തിൽ ഒന്നാം സ്ഥാനക്കാരൻ നേടിയത് 22  മാർക്ക്.. 17 മാർക്കോടെ നാലാം സ്ഥാനത്ത് ഞാനും  ഫിനിഷ് ചെയ്ത സന്തോഷവാർത്ത അറിയിക്കുന്നു.
            കേരള സർക്കാർ സാംസ്കാരിക വകുപ്പ് നിർദ്ദേശിച്ചത് പ്രകാരം കോവിഡ്- 19 ലോക് ഡൗൺ വിരസത അനുഭവിക്കുന്നവരെ സാംസ്കാരിക ഉണർവിനാൽ ശാരീരിക അകലത്തിൽ സാമൂഹിക ഒരുമ സാധ്യമാക്കാൻ വൈദ്യർ അക്കാദമി ആവിഷ്ക്കരിച്ചതായിരുന്നു ഈ പ്രശ്നോത്തരി.
സമ്മാനങ്ങളെക്കാൾ വിവരവിനിമയം സാധ്യമാകുന്ന മത്സരം ആയിരുന്നു ഇത്. പങ്കെടുക്കുന്നവർക്കെല്ലാം പുത്തൻ അറിവുകളാണ് ലഭിച്ചത്. മലയാള സിനിമയിൽ ഇത്രയും ഇമ്പമേറിയ മാപ്പിള പാട്ടുകൾ ഉണ്ടായിരുന്നു എന്ന് ഞാനും തിരിച്ചറിഞ്ഞത് ഈ  പ്രശ്നോത്തരിയിലൂടെയാണ്.

13 comments:

  1. ജീവിതത്തിൽ ആകെക്കൂടി കണ്ട ഇരുപത്തഞ്ചോളം സിനിമകളും ബി എഡിന് പഠിക്കുന്ന കാലത്ത് സംഘത്തിൽ ചേർന്ന് പാടിയ "സംകൃത പമഗിരി " എന്ന മാപ്പിളപ്പാട്ടും പിന്നെ കുട്ടിക്കാലത്ത് കേട്ട ചില ഗാനങ്ങളും ആയിരുന്നു ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ആത്മധൈര്യം പകർന്നത്

    ReplyDelete
  2. കോളേജ് ലയ്ലാ േഗേളടിച്ചു.

    ReplyDelete
    Replies
    1. കോളേജിൽ പഠിക്കുന്നതിൻ്റെ മുമ്പ് തന്നെ പല തവണ കേട്ട പാട്ടായിരുന്നു. പക്ഷേ തക്ക സമയത്ത് ഓർമ്മയിൽ വന്നില്ല.

      Delete
  3. ഒരു നിമിഷം കളയാതെ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത അരീക്കോടന് .....
    എന്ത് പറയാനാ..
    keep it up

    ഈ Spirit (BVQ അല്ല ) സമ്മതിച്ചു തരുന്നു. കൊള്ളാം

    ReplyDelete
    Replies
    1. Bipinji... അതും ചെറുപ്പം മുതലേ ഉള്ള ഒരു ശീലമാ ...

      Delete
  4. ഓ മാഷേ .. സമ്മതിച്ചു . Congrats ...

    ReplyDelete

  5. പങ്കെടുക്കുന്നവർക്കെല്ലാം പുത്തൻ അറിവുകളാണ് ലഭിച്ചത്. മലയാള സിനിമയിൽ ഇത്രയും ഇമ്പമേറിയ മാപ്പിള പാട്ടുകൾ ഉണ്ടായിരുന്നു എന്ന് ഞാനും തിരിച്ചറിഞ്ഞത് ഈ പ്രശ്നോത്തരിയിലൂടെയാണ്...

    ReplyDelete
  6. ഏതെങ്കിലും നിലയ്ക്ക് സമയം വൈകിയാൽ, പണിച്ചൂറ്റിപോവും.
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. തങ്കപ്പേ ട്ടാ... മാർക്ക് പോകും. 10 മിനുട്ട് ലേറ്റായി ഉത്തരം പറഞ്ഞത് സമ്മതിച്ചില്ല

      Delete
  7. രസകരമായ വിവരണം..പലപ്പോഴും ജിജ്ഞാസ അതിന്റെ പാരതമ്യത്തിലെത്തി. ഓരോന്നിലും ഇറങ്ങിച്ചെല്ലുമ്പോഴാണ് അതിന്റെ ആഴവും പരപ്പും ബോധ്യപ്പെടുക...

    ReplyDelete
    Replies
    1. മുഹമ്മദ് ക്കാ ... വിഷയത്തിൻ്റെ ആഴം സത്യമായും അറിഞ്ഞത് ഈ മത്സരത്തിലുടെയാ..

      Delete

നന്ദി....വീണ്ടും വരിക