Pages

Thursday, March 31, 2022

ഒരു സങ്കീർത്തനം പോലെ

"ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അർത്ഥത്തിൽ ചിന്തിച്ചു നോക്കുമ്പോൾ ജീവിതം ഒരു ചൂതുകളിതന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കു കൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്നു ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?"

എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പറഞ്ഞുപോകുന്ന അല്ലെങ്കിൽ ആലോചിച്ച് പോകുന്ന ചില കാര്യങ്ങളാണ് മേൽ സൂചിപ്പിച്ചത്. ശ്രീ പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവലിലെ ഒരു ഖണ്ഡികയാണിത്. ഒഴിവാക്കാനാവാത്ത തന്റെ ദുഃശീലങ്ങളിലൊന്നായ ചൂതുകളിയെ ദസ്തയേവ്‌സ്കി എന്ന എഴുത്തുകാരൻ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി ഒരു ദാർശനിക തലം കൊടുക്കുവാൻ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് മേൽ വരികൾ.

"ചൂതാട്ടക്കാരൻ" എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിക്ക് അത് പകർത്തിയെഴുതാനായി ഒരു സഹായിയെ ആവശ്യമായി വരുന്നു.ദസ്തയേവ്‌സ്കിയുടെ മിക്ക നോവലുകളും വായിച്ച അന്ന എന്ന യുവതി ആ ജോലിക്കെത്തുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ദസ്തയേവിസ്കിയുടെ പല സ്വഭാവങ്ങളും അന്ന തിരിച്ചറിയുന്നു. ദസ്തയേവിസ്കിയുടെ പല നോവലിലെയും കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ തന്നെ  ജീവിതത്തിൽ നിന്നുള്ളതാണെന്നും വളരെ കഷ്ടപ്പാടുള്ള ഒരു മനുഷ്യനാണ് അദ്ദേഹമെന്നും അന്ന തിരിച്ചറിയുന്നു.

തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

ദസ്തയേവ്‌സ്കി, അന്ന, ദസ്തയേവ്‌സ്കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യ, പുസ്തകപ്രസാധകൻ സ്റ്റെല്ലോവിസ്കി, ദസ്തയേവ്‌സ്കിയുടെ വീട്ടുടമസ്ഥൻ അലോൻ‌കിൻ തുടങ്ങിയവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. റഷ്യയിൽ നടക്കുന്നതായി സങ്കൽപ്പിച്ചുള്ള കഥയും കഥാപാത്രങ്ങളും എല്ലാം വായനക്കാരന്റെ മനസ്സിലേക്ക് സെന്റ് പീറ്റേഴ്സ് ബർഗിലെ തണുപ്പ് അരിച്ച് കയറ്റും. 

"ഒരു സങ്കീർത്തനം പോലെ"എന്ന പേര് കണ്ടപ്പോൾ വായനാലിസ്റ്റിൽ നിന്ന് ഞാൻ ഒഴിവാക്കിയ പുസ്തകമായിരുന്നു ഇത്. കോളേജ് ലൈബ്രറിയിൽ പുസ്തകം തിരയുന്നതിനിടെ യാദൃശ്ചികമായി കണ്ണിൽ പെടുകയും ഞാൻ മുമ്പെടുത്ത "തോട്ടിയുടെ മകനെക്കാളും" വായനക്കാർ ഇതിനുണ്ടെന്ന് ഡേറ്റ് ചാർട്ടിൽ നിന്ന് മനസ്സിലാക്കുകയും ചെയ്‍തതിനാൽ എടുത്തതായിരുന്നു ഇത്. ഇതിനിടെ നാട്ടിലെ ബുക്ക് ഷോപ്പിൽ ഒരു നോവൽ വാങ്ങാനായി ഒരാൾ ഇത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ ധൈര്യമായി റെക്കമെന്റ് ചെയ്യാനും എനിക്കായി.മലയാളികൾ വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് "ഒരു സങ്കീർത്തനം പോലെ" എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : ഒരു സങ്കീർത്തനം പോലെ
രചയിതാവ് : പെരുമ്പടവം ശ്രീധര
പ്രസാധനം : സങ്കീർത്തനം പബ്ലിക്കേഷൻസ് 
വില : 200 രൂപ 
പേജ് : 223 

5 comments:

  1. ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ?

    ReplyDelete
  2. മാഷേ...... വളരെ ആസ്വദിച്ചു വായിച്ച നോവൽ " ഒരു സങ്കീർത്തനം പോലെ " പറയുവാൻ വാക്കുകളില്ല.... 👏👏👏👏.
    നോവലിനെ കുറിച്ച് നല്ലൊരു review തന്നതിന് ഒരുപാട് നന്ദി 👍👍👍👍

    ReplyDelete

നന്ദി....വീണ്ടും വരിക