നോമ്പ് കാലം വരുന്നത് കുട്ടിക്കാലത്തേ ഞങ്ങൾക്ക് വളരെ ഹരമായിരുന്നു. വലിയ മൂത്താപ്പയുട വീട്ടിലും വല്യുമ്മയുടെ വീട്ടിലും, ഞങ്ങളുടെ കോളനിയിലെ മുഴുവൻ ആൾക്കാരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള നോമ്പ് തുറ സൽക്കാരം ഉണ്ടാകും എന്നതാണ് അതിന് ഏറ്റവും പ്രധാന കാരണം. രണ്ടാമത്തെ കാരണം കോഴിക്കറി കൂട്ടി പൊറോട്ട കഴിക്കാം എന്നതാണ്. കുട്ടികളായിരുന്ന ഞങ്ങൾ എല്ലാവരും വളർന്നതും വല്യുമ്മയുടെയും മൂത്താപ്പയുടെയും മരണവും വർഷത്തിലൊരിക്കൽ നടന്നിരുന്ന ആ സംഗമങ്ങൾക്ക് അറുതി വരുത്തി.
ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഞങ്ങളിൽ പലർക്കും നോമ്പ് എടുക്കാനുള്ള സമ്മതം കിട്ടിയിരുന്നത്. റമദാനിലെ മുപ്പത് ദിവസവും നോമ്പ് എടുക്കാനുള്ള സമ്മതം ലഭിച്ചത് എന്ന് മുതലാണെന്ന് എനിക്ക് ഒരു ഓർമ്മയും ഇല്ല. അപ്പോൾ പിന്നെ ആദ്യത്തെ നോമ്പെടുത്ത ദിവസത്തെപറ്റി ഓർമ്മയുടെ ഒരു അറയിലും പരതാനില്ല.
കുട്ടികൾക്ക് നോമ്പ് പിടിക്കൽ നിർബന്ധമില്ല. പക്ഷെ, ഇസ്ലാമിലെ പ്രധാനപ്പെട്ട ഒരു ആരാധനാ കർമ്മം എന്ന നിലയിൽ കുട്ടികൾക്ക് ചില പരിശീലനങ്ങൾ നൽകാറുണ്ട്. സുബഹ് ബാങ്കിന് മുമ്പു് എന്തെങ്കിലും ഭക്ഷണം കഴിക്കാനും സുബഹ് നമസ്കാരം നിർവഹിക്കാനും ആണ് പ്രധാനമായും പരിശീലിപ്പിക്കാറ്. പകൽ മുഴുവനായുള്ള വ്രതം ബുദ്ധിമുട്ടായതിനാൽ ഉച്ചവരെ അന്നപാനീയങ്ങൾ ഒഴിവാക്കാനും ശേഷം ഭക്ഷണം കഴിക്കാനും അനുവദിക്കാറാണ് പതിവ്. ക്രമേണ ക്രമേണ ഒരു ദിവസം മുഴുവൻ വ്രതം എടുക്കാൻ അവർ സന്നദ്ധരാവും.
എന്നാൽ ഈ പതിനഞ്ചാം തിയ്യതി ആറ് വയസ്സ് പൂർത്തിയാക്കിയ എന്റെ ഏറ്റവും ചെറിയ മോൻ അതിനും പത്ത് ദിവസം മുമ്പ് യാതൊരു മുൻ പരിശീലനവും ഇല്ലാതെ അവന്റെ കടിഞ്ഞൂൽ വ്രതം പൂർത്തിയാക്കി. കൂട്ടിന് അനിയന്റെ ഏഴ് വയസ്സ്കാരനും ആദ്യ നോമ്പ് കാരനായി ഉണ്ടായിരുന്നു. ബർത്ത് ഡേക്ക് പിറ്റേന്ന്, വീണ്ടും ഒരു വ്രതം കൂടി പൂർത്തിയാക്കി ലിദു മോൻ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു.
നോമ്പ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണ്. മകൻ അതിൽ ശുഭാരംഭം കുറിച്ചതിൽ മാതാപിതാക്കളായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
വ്രതശുദ്ധിയുടെ നാളുകളിലുടെ ...
ReplyDelete