പാലക്കാട്ടെ കോട്ട മൈതാനത്തെപ്പറ്റി മുമ്പേ എനിക്ക് കേട്ടറിവുണ്ട്. എന്നാൽ ഇത് ഒരു കോട്ടയുടെ ഭാഗമായി ഉള്ള മൈതാനമാണ് എന്നത്, പാലക്കാട് അധികം പോകാത്തതിനാൽ തിരിച്ചറിഞ്ഞിരുന്നില്ല.മൂത്ത മകൾ ലുലുവിനെ ജമ്മുവിലേക്കു യാത്ര അയക്കാനായി പാലക്കാട് എത്തിയപ്പോഴാണ് പ്രസ്തുത കോട്ടയിലും ഞങ്ങൾ ആദ്യമായി സന്ദർശനം നടത്തിയത്.
പാലക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് പാലക്കാട് കോട്ട പണികഴിപ്പിച്ചത്.പിന്നീട് ബ്രിട്ടീഷുകാരും ഹൈദരാലിയും മാറി മാറി കോട്ട കീഴടക്കി വച്ചു. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പൂർണ്ണമായും അധീനപ്പെടുത്തുകയും 1790 ല്‍ പുതുക്കി പണിയുകയും ചെയ്തു. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ കോട്ട.
രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം 06.00 മണിവരെ കോട്ട സന്ദർശിക്കാം.ഇരുപത്തി അഞ്ച് രൂപയാണ് സന്ദർശന ഫീസ്. പാലക്കാട് സബ് ജയില്‍ കോട്ടയ്ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്.കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് തന്നെ ഒരു ഹനുമാൻ ക്ഷേത്രവും ഉണ്ട്.അതിന്റെ സൈഡിലൂടെയേ കോട്ടക്കകത്തേക്ക് പോകാൻ സാധിക്കൂ.
കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.ഈ തോടിന് കുറുകെയുള്ള പാലം കടന്ന് വേണം കോട്ടവാതിലിൽ എത്താൻ.പാലത്തിൽ നിന്നും താഴേക്ക് നോക്കിയാൽ നിരവധി മൽസ്യങ്ങളെയും ആമകളെയും കാണാം.ഇവയ്ക്ക് തീറ്റ ഇട്ടു കൊടുക്കുന്നത് സന്ദർശകരുടെ ഒരു ഹോബിയാണ്.
എല്ലാ കോട്ടകളിലെയും പോലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന മാവുകളും മറ്റു മരങ്ങളും കോട്ടക്കകത്ത് തണൽ വിരിക്കുന്നു.തണലിൽ വിശ്രമിക്കാനായി ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.കോട്ടക്ക് മുകളിലേക്ക് കയറി ചുറ്റും നടന്ന് കാണാനുള്ള സൗകര്യവും ഉണ്ട്.നല്ല വെയിൽ ആയതിനാൽ ഞങ്ങൾ മുഴുവൻ നടന്നില്ല.പൊള്ളുന്ന വെയിലിൽ സൊള്ളുന്ന കമിതാക്കളെ നിരവധി കാണാം.സഞ്ചാരികൾക്കായി മുതുക് വളച്ച് നിൽക്കുന്ന ഒരു മാവിൽ കയറി ഇരുന്ന് അൽപ സമയം ഞങ്ങളും പാലക്കാടൻ കാറ്റ് ആസ്വദിച്ചു.
കോട്ടക്ക് പുറത്തായി തൊട്ടടുത്ത് തന്നെ ഒരു ചിൽഡ്രൻസ് പാർക്കും ഉണ്ട്. കുട്ടികൾക്ക് ഒരു എണ്ടർറ്റെയിൻമെന്റിനായി കോട്ടക്ക് പുറത്തിറങ്ങിയ ശേഷം ഞങ്ങൾ അങ്ങോട്ട് നീങ്ങി.
പാലക്കാട് കോട്ടയിലൂടെ ...
ReplyDelete